Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ 8 മണിക്ക് സ്‌കൂൾ വാഹനത്തിൽ തലങ്ങു വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്‌കൂളിലെത്തി പഠിപ്പിക്കണം; ആയമാരില്ലാത്തതുകൊണ്ട് പ്രാഥമിക കൃത്യങ്ങളിലും കുട്ടികളെ സഹായിക്കണം; കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് കൂടണയുമ്പോഴേക്കും ഇരുട്ടും; എല്ലുമുറിയെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് പാലും ബിസ്‌കറ്റും പോലും വാങ്ങാൻ ശമ്പളം തികയില്ല; ലോക് ഡൗണിൽ സർക്കാർ മറന്നത് പ്രീ-പ്രൈമറി അദ്ധ്യാപികമാരെ

രാവിലെ 8 മണിക്ക് സ്‌കൂൾ വാഹനത്തിൽ തലങ്ങു വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്‌കൂളിലെത്തി പഠിപ്പിക്കണം; ആയമാരില്ലാത്തതുകൊണ്ട് പ്രാഥമിക കൃത്യങ്ങളിലും കുട്ടികളെ സഹായിക്കണം; കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് കൂടണയുമ്പോഴേക്കും ഇരുട്ടും; എല്ലുമുറിയെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് പാലും ബിസ്‌കറ്റും പോലും വാങ്ങാൻ ശമ്പളം തികയില്ല; ലോക് ഡൗണിൽ സർക്കാർ മറന്നത് പ്രീ-പ്രൈമറി അദ്ധ്യാപികമാരെ

ആർ പീയൂഷ്

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഭാഗത്തിലുള്ളവർക്കും സർക്കാർ സഹായം അനുവദിച്ചു. എന്നാൽ കേരളത്തിലെ പ്രീ - പ്രൈമറി വിഭാഗത്തിലെ അദ്ധ്യാപികമാരുടെ കാര്യം മാത്രം പരിഗണിച്ചില്ല. തുല്യ ജോലിക്ക് തുല്യവേതനം എന്ന വ്യവസ്ഥ രാജ്യത്ത് നിലവിലുണ്ടെങ്കിലും വളരെ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന വിഭാഗമാണ് പ്രീ - പ്രൈമറി അദ്ധ്യാപികമാർ. അർഹമായ വേതനം കിട്ടാതിരുന്നിട്ടും ഏറ്റവും ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഒരേ ഒരു വിഭാഗമാണ് ഇക്കൂട്ടർ. ഇവർക്ക് യാതൊരു സഹായവും സർക്കാർ നൽകിയില്ല. അതിനാൽ വളരെ അധികം ദുരിതത്തിൽ തന്നെയാണ് ഇവർ.

രാവിലെ 8 മണിക്ക് വീട്ടിൽ നിന്നിറങ്ങി സ്‌കൂൾ വാഹനത്തിൽ തലങ്ങും വിലങ്ങുമോടി കുട്ടികളെയും കൂട്ടി സ്‌കൂളിലെത്തി പഠിപ്പിക്കുക മാത്രമല്ല, ആയമാരില്ലാത്ത സ്‌കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യത്തിലും സഹായിക്കണം. അതിനിടയിൽ കുട്ടികൾ തമ്മിൽ തട്ടലോ, മുട്ടലോ, പോറലോ ഉണ്ടായാൽ പിന്നെ രക്ഷിതാക്കളുടെ ശകാരം പറയുകയും വേണ്ട. വൈകുന്നേരം കുട്ടികളെ തിരിച്ച് വീട്ടിലെത്തിച്ച് 5 മണിക്ക് ശേഷമാകും പലപ്പോഴും സ്വന്തം വീട്ടിലെത്തുക. ഇങ്ങനെ പണിയെടുത്താലും സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു പാക്കറ്റ് പാലും,ബിസ്‌ക്കറ്റും പോലും വാങ്ങാൻ തികയാറില്ല ഒരു ദിവസത്തെ കൂലി. എന്നാലും എല്ലാ അദ്ധ്യാപികമാരും ആത്മാർത്ഥത ഒട്ടും കുറയാതെയും ലീവ് പോലും എടുക്കാതെയും ജോലി ചെയ്ത് ഈ മേഖല ശക്തിപ്പെടുത്തിയതുകൊണ്ടാണ് പല പൊതു വിദ്യാലയങ്ങളും അടച്ച് പൂട്ടലിന്റെ വക്കിൽ നിന്ന് രക്ഷപ്പെട്ടത്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസിൽ കുട്ടികൾ വർധിക്കുന്നതിൽ സംസ്ഥാനത്തെ പ്രീ - പ്രൈമറി ക്ലാസുകൾ നിർണായകമായ പങ്ക് വഹിക്കുന്നുണ്ട്. സ്ത്രീകളുടെയും, കുട്ടികളുടെയും ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ തയ്യാറാക്കിയ സർക്കാർ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ഈ തൊഴിൽ മേഖലയിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കണം.

എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറികൾ കുട്ടികളിൽ നിന്ന് ചെറിയ ഒരു ഫീസ് വാങ്ങിയാണ് അദ്ധ്യാപികമാർക്ക് ശമ്പളം കൊടുക്കുന്നത്. അപ്രതീക്ഷിതമായി സ്‌കൂൾ അടച്ചതുകൊണ്ട് മാർച്ച് മാസത്തിലെ ഫീസ് കിട്ടാത്തതിനാൽ തന്നെ ശമ്പളവുമില്ല. പക്ഷിമൃഗാധികൾ മുതൽ ഇതരസംസ്ഥാന തൊഴിലാളികളെ വരെ മാന്യമായി പരിഗണിക്കുന്ന സർക്കാരിനോട് ഈ ലോക് ഡൗൺ കാലയളവിൽ എന്തെങ്കിലുമൊരു സമാശ്വാസ ബത്ത പ്രീപ്രൈമറി അദ്ധ്യാപകർക്കുംഅനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പി.ടി.എയോട് പറയൂ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി. എന്നാൽ ഇത് കേട്ട് കൈമലർത്തിയ പി.ടി.എയെയാണ് പലർക്കും കാണാൻ കഴിഞ്ഞത്. പി.ടി.എ കമ്മറ്റികളെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. പി.ടി.എ നടത്തുന്നവ എന്നാണ് ഭാഷ്യമെങ്കിലും മാസാമാസം കുട്ടികളിൽ നിന്നും ഫീസ് വാങ്ങിയാണ് പ്രീപ്രൈമറി അദ്ധ്യാപകർക്ക് ശമ്പളം നൽകുന്നത്.

പൊതുവിദ്യാഭ്യാസ സംവിധാനം നിലനിർത്തുന്നതിൽ അനിഷേധ്യമായ പങ്കാണ് പ്രീപ്രൈമറി മേഖല നിർവഹിക്കുന്നത്. എന്നാൽ ഈ മേഖലയിലെ അദ്ധ്യാപകരും ജീവനക്കാരും വലിയ തൊഴിൽ ചൂഷണമാണ് അനുഭവിക്കുന്നത്. പൊതുവിദ്യാലയങ്ങളുടെ ഭാഗമായ ഗവൺമെന്റ്-എയ്ഡഡ് മേഖലയിലെ പ്രീപ്രൈമറി അദ്ധ്യാപകർക്ക് ജീവൻ നിലനിർത്താൻ പോലുമുള്ള ശമ്പളമില്ല എന്നതാണ് പ്രാഥമികമായ പ്രശ്‌നം. യാതൊരുവിധ സേവന- വേതന വ്യവസ്ഥകളും ഈ മേഖലയിൽ നിലവിലില്ല. എയ്ഡഡ് സ്‌കൂളുകളിൽ കുട്ടികളിൽനിന്ന് മാനേജുമെന്റ് ഭീമമായ ഫീസ് പിരിക്കുമ്പോഴും അദ്ധ്യാപകർക്കും ആയമാർക്കും തുച്ഛമായവേതനം മാത്രമാണ് നൽകുന്നത്. ഇ.പി.എഫ്, ഇ.എസ്‌ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള അവധിയും ഗവൺമെന്റ്-എയ്ഡഡ് സ്‌കൂളുകളിലെ പ്രീ-പ്രൈമറി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അക്കാദമിക് യോഗ്യതകളോടെ ജോലി ചെയ്യുന്ന ഇവർക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്.

എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, മാനേജരോ പിടിഎയോ നൽകുന്നതാണു പ്രീ പ്രൈമറിയിലെ ശമ്പളം. 2012നു മുൻപു നിയമിതരായവർക്കു സർക്കാർ സ്‌കൂളുകളിലേതിനു തുല്യമായ ഓണറേറിയം നൽകണമെന്ന 2015ലെ ഹൈക്കോടതി വിധിക്കു പോലും പുല്ലുവില. പി.ടി.എയോ മാനേജ്മെന്റോ ഇതു നൽകുന്നുവെന്ന് ഉറപ്പുവരുത്താൻ മൂന്നു മാസത്തെ സമയമാണ് അന്നു ഹൈക്കോടതി സർക്കാരിനു നൽകിയത്. എന്നാൽ ഇന്നും, 25 വർഷമായി ജോലി ചെയ്യുന്ന പലരുടെയും ശമ്പളം 5000 രൂപ മാത്രം. മറ്റുള്ളവരുടേത് അതിൽ പകുതി; 1500 രൂപ മാത്രം കിട്ടുന്നവരുമുണ്ട്. അൺ എയ്ഡഡ് സ്‌കൂളുകളിൽ മാനേജർ നിശ്ചയിക്കുന്നതാണു ശമ്പളം

മതിയായ വേതനമോ ആനുകൂല്യങ്ങളോ ഇല്ലാതെ സർക്കാർ-എയ്ഡഡ് മേഖലയിലെ പ്രീ-പ്രൈമറി അദ്ധ്യാപകർ. 15 വർഷമായി ജോലിചെയ്യുന്നവർക്കുപോലും 1000 രൂപ മുതൽ 4500 രൂപ വരെയാണ് ലഭിക്കുന്നതെന്നാണ് അദ്ധ്യാപകർ പറയുന്നത്. സർക്കാർ സ്‌കൂളുകളിലുള്ള ഒരു വിഭാഗം അദ്ധ്യാപകർക്ക് 10,000 രൂപ വേതനം ലഭിക്കുന്നുണ്ട്. എന്നാൽ, 2012-നുശേഷമുള്ള പലർക്കും ഇത് ലഭിക്കുന്നില്ല. എയ്ഡഡ് മേഖലയിൽ മാനേജ്‌മെന്റോ പി.ടി.എ. കമ്മിറ്റിയോ നൽകുന്ന വേതനം മാത്രമാണ് ആശ്രയം. കുട്ടികളുടെ ഫീസിൽനിന്നാണ് പലപ്പോഴും ഇത് കണ്ടെത്തുന്നത്. ഇപ്പോൾ സ്‌കൂളുകളുടെ ഭാഗമാണ് പ്രീ-പ്രൈമറി. ചില സ്‌കൂളുകളിൽ മൂന്നു നാല് ഡിവിഷൻ തന്നെ പ്രീ-പ്രൈമറിയുടെ ഭാഗമായുണ്ട്. എന്നാൽ, ഇവർക്ക് ജീവിക്കാനാവശ്യമായ വരുമാനംപോലും കിട്ടാത്ത സ്ഥിതിയാണ്. പി.എസ്.സി. വഴി നിയമിക്കപ്പെടുന്ന പ്രീ-പ്രൈമറി അദ്ധ്യാപകർക്ക് സർക്കാർ ശമ്പള സ്‌കെയിൽ അനുസരിച്ചാണ് വേതനം. അതുപോലെ പ്രീ-പ്രൈമറിക്ക് ഏകീകൃത സിലബസില്ലാത്തതും ബുദ്ധിമുട്ടാകുന്നുണ്ട്. കുട്ടികൾക്ക് നിലവിൽ ഉച്ചഭക്ഷണം നൽകുന്നുണ്ട്. എന്നാൽ, എല്ലായിടത്തും യൂണിഫോമില്ല.

അർഹമായ അക്കാദമിക് യോഗ്യതകളുള്ളവരെയാണ് പ്രീ-പ്രൈമറി അദ്ധ്യാപകരാക്കുന്നത്. ഇപ്പോൾ ഡിപ്ലോമയും പ്ലസ്ടുവും യോഗ്യതയാക്കി ഉത്തരവ് വന്നതോടെ പലരും ജോലി പോകുമോയെന്ന ആശങ്കയിലാണ്. കുട്ടികളെ അക്ഷരങ്ങൾ പഠിപ്പിച്ചു തുടങ്ങുന്നവരാണ് പ്രീ-പ്രൈമറി അദ്ധ്യാപകർ. എന്നാൽ, കിട്ടുന്ന ശമ്പളം ജീവിക്കാൻപോലും തികയില്ല. ഈ സ്ഥിതിക്ക് മാറ്റംവരേണ്ടത് അത്യാവശ്യമാണ്. പ്രൈമറി സ്‌കൂളുകളിലെല്ലാം അങ്കണവാടിയും പ്രീ-പ്രൈമറിയും തുടങ്ങുന്നതാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. അങ്ങനെവരുമ്പോൾ ഈ അദ്ധ്യാപകരുടെ കാര്യത്തിൽ അനുകൂലമായ നിലപാടുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഏതു നിമിഷവും ജോലി നഷ്ടപ്പെടാമെന്ന അരക്ഷിതാവസ്ഥയിലാണ് ഇവർ ജോലി ചെയ്യുന്നത്. സ്ത്രീകൾ മാത്രമുള്ള തൊഴിൽമേഖല. പഠിപ്പിച്ചാൽ മാത്രം പോരാ; ആയ ഇല്ലാത്ത സ്‌കൂളുകളിൽ കുട്ടികളുടെ പ്രാഥമിക കാര്യങ്ങളിലടക്കം സഹായിക്കണം. ചിലയിടങ്ങളിൽ രാവിലെയും വൈകിട്ടും സ്‌കൂൾ ബസിൽ പോകണം. ലീവെടുത്താൽ സ്വന്തം കയ്യിൽനിന്നു പണം മുടക്കി പകരം ആളെ വയ്ക്കണം. പല എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ശമ്പളവുമില്ല. എന്നാൽ, ആ സമയത്തും വീട്ടിലിരിക്കാൻ പറ്റില്ല. പുതിയ കുട്ടികളെ കണ്ടെത്താൻ വീടുകൾ കയറിയിറങ്ങണം.

ചില സ്‌കൂളുകളിൽ രേഖാമൂലമുള്ള നിയമന ഉത്തരവില്ല. നിയമന മാനദണ്ഡങ്ങളും വിചിത്രം. പത്താം ക്ലാസും സർക്കാർ അംഗീകൃത പ്രീ പ്രൈമറി അദ്ധ്യാപക പരിശീലന കോഴ്സും ജയിച്ചവരെ നിയമിക്കണമെന്നാണു വയ്പ്. എന്നാൽ, മിക്കയിടത്തും അതൊന്നും വിഷയമല്ല. യോഗ്യതയുള്ളവരെവിടെ എന്നാണു മറുചോദ്യം. അതിൽ ന്യായമില്ലാതെയുമില്ല. സർക്കാർ പരിശീലന സ്ഥാപനങ്ങൾ മൂന്നെണ്ണം മാത്രമാണുള്ളത്. അംഗീകാരമുള്ള എയ്ഡഡ്, സ്വകാര്യസ്ഥാപനങ്ങളും വിരലിലെണ്ണാവുന്നവ. അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന മറ്റു സ്ഥാപനങ്ങൾ പരിശോധിക്കാൻ സംവിധാനവുമില്ല. എല്ലാ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളിലും (ഡയറ്റ്) പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് തുടങ്ങാനെങ്കിലും സർക്കാർ മുൻകയ്യെടുക്കേണ്ടതല്ലേ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP