Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലാപ്പറമ്പ് എയുപി സ്‌കൂൾ 15 കോടി നൽകി ഏറ്റെടുത്തേക്കും; പൂട്ടാൻ വിധി നേടിയ നാല് സ്‌കൂളുകളും സമാന മാർഗ്ഗത്തിൽ ഏറ്റെടുക്കാൻ ആലോചന; കെഇആർ പരിഷ്‌കരിച്ച് സ്‌കൂൾ പൂട്ടലിന് പൂട്ടിടാൻ ഒരുങ്ങി സർക്കാർ; പൊതുവിദ്യാഭ്യാസം രക്ഷിച്ച് ഇമേജ് കൂട്ടാൻ പുതിയ വിപ്ലവ നയവുമായി എൽഡിഎഫ്

മലാപ്പറമ്പ് എയുപി സ്‌കൂൾ 15 കോടി നൽകി ഏറ്റെടുത്തേക്കും; പൂട്ടാൻ വിധി നേടിയ നാല് സ്‌കൂളുകളും സമാന മാർഗ്ഗത്തിൽ ഏറ്റെടുക്കാൻ ആലോചന; കെഇആർ പരിഷ്‌കരിച്ച് സ്‌കൂൾ പൂട്ടലിന് പൂട്ടിടാൻ ഒരുങ്ങി സർക്കാർ; പൊതുവിദ്യാഭ്യാസം രക്ഷിച്ച് ഇമേജ് കൂട്ടാൻ പുതിയ വിപ്ലവ നയവുമായി എൽഡിഎഫ്

ബി രഘുരാജ്‌

തിരുവനന്തപുരം: മലാപ്പറമ്പ് എയുപി സ്‌കൂൾ പൂട്ടുന്നതിന് കോടതി നൽകിയ സമയം ഇന്നവസാനിക്കാനിരിക്കെ 15 കോടി നൽകി സ്‌കൂൾ കെട്ടിടവും വസ്തുവും ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നു. പൂട്ടുന്നതിന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ച മറ്റ് നാല് സ്‌കൂളുകൾകൂടി സമാനരീതിയിൽ ഏറ്റെടുത്തേക്കും. പൂട്ടലിന് തയ്യാറെടുക്കുന്ന മറ്റ് സ്‌കൂളുകളുടെ നീക്കം മുളയിലേ നുള്ളുന്നതിന് കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെഇആർ) സമഗ്രമായി ഭേദഗതി ചെയ്യാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രാഥമിക ധാരണയുണ്ടാകുമെന്നാണ് സൂചനകൾ. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗം അടിമുടി പരിഷ്‌കരിക്കുന്ന ഒരു പുതിയ വിദ്യാഭ്യാസവിപഌവമാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. പൂട്ടുന്ന സ്‌കൂളുകൾ എന്തുവിലകൊടുത്തും സംരക്ഷിക്കുന്നത് പുതിയ സർക്കാരിന്റെ ഇമേജ് വർദ്ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് എൽഡിഎഫ്.

മലാപ്പറമ്പ് സ്‌കൂൾ പൂട്ടാതിരിക്കാൻ സുപ്രീംകോടതിയിൽ വരെ പോയിട്ടും അനുകൂല തീരുമാനം നേടാൻ കഴിയാതിരുന്ന സാഹചര്യത്തിൽ എന്തുവില നൽകിയും സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും ഏറ്റെടുക്കാനാവുമോ എന്നാണ് സർക്കാർ നോക്കുന്നത്. ഇക്കാര്യം ഇന്ന് സർക്കാർ നിലപാടായി അഡ്വക്കേറ്റ് ജനറൽതന്നെ നേരിട്ട് കോടതിയെ അറിയിക്കും. സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും വിട്ടുനൽകണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സ്‌കൂൾ മാനേജരുമായി ഇന്നലെ തിരക്കിട്ട ചർച്ചകൾ നടത്തിയിരുന്നു. പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇക്കാര്യം ഉറപ്പിക്കുന്ന തിരക്കിലായിരുന്നു.

ഇങ്ങനെ മലാപ്പറമ്പ് സ്‌കൂൾ ഏറ്റെടുത്താൽ പൂട്ടാനൊരുങ്ങുന്ന മറ്റ് സ്‌കൂളുകളും ഇതേ പാത പിൻതുടരില്ലേ എന്നും ചർച്ചകളുണ്ടായി. വേണ്ടിവന്നാൽ പൂട്ടുന്നതിന് കോടതിവിധി നേടിയ മറ്റ് സ്‌കൂളുകളും ഇത്തരത്തിൽ ഏറ്റെടുക്കാനും സർക്കാർ തീരുമാനിച്ചേക്കുമെന്നാണ് സൂചനകൾ. പൂട്ടൽ ഭീഷണിയുള്ള മറ്റ് സ്‌കൂളുകൾക്ക് തടയിടാൻ കേരള വിദ്യാഭ്യാസ ചട്ട ഭേദഗതി സർക്കാർ കൊണ്ടുവരും. ഇതിനുപുറമെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ ഒരു സമഗ്രപദ്ധതി ഉടൻ കൊണ്ടുവരാനും ഉദ്ദേശിക്കുന്നു. സ്‌കൂളുകളുടെ അടച്ചുപൂട്ടൽ തടയുന്നതിലൂടെ പുതിയ സർക്കാർ ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം നൽകാനാകുമെന്നും കണക്കുകൂട്ടുന്നുണ്ട്.

എയ്ഡഡ് സ്‌കൂളുകൾ പൂട്ടുന്നതിന് മാനേജർമാർ അനുകൂല വിധി സമ്പാദിക്കുന്നത് കെഇആർ ചട്ടത്തിൽ ഇപ്പോഴുള്ള പഴുതുപയോഗിച്ചാണ്. സ്‌കൂൾ തുടർന്ന് നടത്തിക്കൊണ്ടുപോകാനാവില്ലെന്നും സ്ഥലവും കെട്ടിടവും വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് മാനേജർ നോട്ടീസ് നൽകിയാൽ ഒരുവർഷം പിന്നിട്ടാൽ സ്‌കൂൾ പൂട്ടാമെന്നാണ് ചട്ടം. അതിനകം സർക്കാർ വേറെ വഴി നോക്കണമെന്ന് ചുരുക്കം. കൂട്ടികൾ കുറയുന്നതോടെ അദ്ധ്യാപക-അനധ്യാപക നിയമനം നടക്കാതാവുന്ന സാഹചര്യത്തിൽ മാനേജർമാർക്ക് പിന്നെ സ്‌കൂൾ നടത്തുന്നതിൽ താൽപര്യമുണ്ടാവില്ല. നിയമനം വഴി ലഭിക്കുന്ന പണം ഇനി കിട്ടില്ലെന്ന ഉറപ്പാകുമ്പോൾ പൂട്ടുന്നതാകും മാനേജർമാർക്ക് ഗുണകരം.

മിക്ക സ്‌കൂളുകളും റോഡരികിൽ കണ്ണായ സ്ഥലങ്ങളിലാണെന്നതിനാൽ സ്ഥലംവിറ്റാൽ മാത്രം കോടികൾ കയ്യിൽവരും. ഈ ലക്ഷ്യത്തിലാണ് സ്‌കൂളുകൾ പൂട്ടാനും സ്ഥലം വിട്ടുനൽകാനും ആവശ്യപ്പെട്ട് ഒട്ടുമിക്ക മാനേജർമാരും സർക്കാരിന് നോട്ടീസ് നൽകുന്നത്. ഇപ്പോൾ പൂട്ടാനൊരുങ്ങുന്ന സ്‌കൂളുകളുടെ കാര്യത്തിലെല്ലാം ഇതാണ് സംഭവിച്ചത്. പക്ഷേ, ഒരു വർഷംമുമ്പ് നോട്ടീസ് നൽകിയ സ്‌കൂളുകളെ തടയാനോ മാനേജർമാരുമായി ചർച്ചനടത്താനോ പോലും കഴിഞ്ഞ സർക്കാർ ശ്രമിച്ചില്ലെന്ന് വ്യാപകമായി ആക്ഷേപമുയരുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അബ്ദുറബ്ബിനെതിരെ മുസ്‌ളിം ലീഗിന്റെ യുവജന വിഭാഗമായ യൂത്ത് ലീഗ് തന്നെ രംഗത്തുവന്നുകഴിഞ്ഞു. റിയൽ എസ്റ്റേറ്റ് മാഫിയക്ക് അദ്ദേഹം കീഴ്‌പ്പെട്ടോ എന്ന് അന്വേഷിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ സർക്കാർ സ്‌കൂൾ പൂട്ടൽ വിഷയത്തിൽ മാനേജർമാർക്കൊപ്പം നിന്നെന്ന വിഷയം ഉന്നയിച്ച് മുന്മന്ത്രി അബ്ദുറബ്ബിനും ലീഗിനുമെതിരെ പ്രചരണം ശക്തമാകുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ ഏതുവിധേനയും സംരക്ഷിക്കാനായാൽ അത് പിണറായി സർക്കാരിന്റെ പ്രതിച്ഛായ കൂട്ടാൻ ആദ്യമേ പ്രയോജനം ചെയ്യും. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞുപോകുന്നത് തടയാനായി വിദ്യാഭ്യാസരംഗം സിലബസ് ഉൾപ്പെടെ അടിമുടി പരിഷ്‌കരിക്കുന്നതിനുള്ള നയവും തൊട്ടുപിന്നാലെ അവതരിപ്പിക്കാനാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ധനമന്ത്രി ഡോ. തോമസ് ഐസക്, മുൻ വിദ്യാഭ്യാസമന്ത്രി എംഎ ബേബി എന്നിവർക്ക് ചുമതല നൽകി ഇതിനായുള്ള നയം ദിവസങ്ങൾക്കകം രൂപീകരിക്കാനാണ് സിപിഎമ്മിന്റെ ആലോചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP