Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടതു യൂണിയൻ നേതാവിന്റെ ഭാര്യയുടെ ഓഫീസിൽ നിന്ന് ഇൻഷ്വറൻസ് പോളിസി എടുത്തില്ല; നാറ്റ്പാക് ഡയറക്ടറായ ശ്രീദേവിയോട് പ്രതികാരം തീർത്തത് സ്ഥാനം തെറിപ്പിച്ച്; രാജ്യത്തെ അറിയപ്പെടുന്ന ടെക്‌നോക്രാറ്റിനെ മാറ്റിയതിനെ ശക്തമായി വിമർശിച്ച് കോടതി; പുനർ നിയമനത്തിനുള്ള കോടതി ഉത്തരവ് മറികടന്ന് പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താനൊരുങ്ങി സർക്കാർ; നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ നിയമന നീക്കം പിണറായിക്ക് തന്നെ പുലിവാലാകും

ഇടതു യൂണിയൻ നേതാവിന്റെ ഭാര്യയുടെ ഓഫീസിൽ നിന്ന് ഇൻഷ്വറൻസ് പോളിസി എടുത്തില്ല; നാറ്റ്പാക് ഡയറക്ടറായ ശ്രീദേവിയോട് പ്രതികാരം തീർത്തത് സ്ഥാനം തെറിപ്പിച്ച്; രാജ്യത്തെ അറിയപ്പെടുന്ന ടെക്‌നോക്രാറ്റിനെ മാറ്റിയതിനെ ശക്തമായി വിമർശിച്ച് കോടതി; പുനർ നിയമനത്തിനുള്ള കോടതി ഉത്തരവ് മറികടന്ന് പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താനൊരുങ്ങി സർക്കാർ; നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പിലെ നിയമന നീക്കം പിണറായിക്ക് തന്നെ പുലിവാലാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം സ്ത്രീസൗഹൃദ സംസ്ഥാനമെന്നാണ് സർക്കാർ ആവർത്തിച്ച് ഓരോ വേളയിലും വ്യക്തമാക്കുന്നത്. എന്നാൽ ചിലകാര്യങ്ങളിൽ സ്ത്രീവിരോധം വച്ചുപുലർത്തുന്നു സർക്കാർ എന്നത് ഇടയ്ക്കിടെ ചർച്ചയാവുകയും ചെയ്തിരുന്നു. വിദേശവനിത കൊല്ലപ്പെട്ട സംഭവത്തിൽ അവർക്ക് നീതിതേടി രംഗത്തിറങ്ങിയ അശ്വതി ജ്വാലയുടെ കാര്യത്തിലും നെഹ്‌റു കോളേജിൽ മരിച്ചുവീണ ജിഷ്ണുവിന്റെ അമ്മയോട് കാണിച്ച നീതിയിലുമെല്ലാം ഇത് ചർച്ചയായി. ഇപ്പോഴിതാ നാറ്റ് പാക് ഡയറക്ടറുടെ നിയമനക്കാര്യത്തിൽ കോടതി ഉത്തരവിന് പോലും പുല്ലുവില കൽപിച്ച് സർക്കാർ നടത്തുന്ന നീക്കം വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്നു.

നാറ്റ്പാർക്ക് ഡയറക്ടർ ശ്രീദേവിയെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 4 മാസം കഴിഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച വനിതാ ടെക്നോക്രാറ്റിനെ തിരിച്ചെടുക്കാതെ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി എൻവയൺമെന്റ് നടത്തുന്ന നീക്കത്തിന് സർക്കാരും പിന്തുണ നൽകുന്നു എന്നതാണ് വലിയ ചർച്ചയാകുന്നത്. വനിതാ വിരുദ്ധ നീക്കം മുഖ്യമന്ത്രി നേരിട്ടു നിയന്ത്രിക്കുന്ന വകുപ്പിലാണെന്നതാണ് മറ്റൊരു കാര്യം.

ഗതാഗത എഞ്ചിനീയറിങ് വിദഗ്ദ്ധയായ ശ്രീദേവിക്കു പകരം നാറ്റ്പാർക്ക് ഡയറക്ടററായി ബോട്ടണി ബിരുദധാരിയെ നിയമിച്ചത് നിയമത്തെ വ്യഭിചരിക്കുന്നതിന് തുല്യമാണെന്നായിരുന്നു കോടതി വിലയിരുത്തിയത്. ശ്രീദേവിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാതെ പുതിയ ഡയറക്ടറെ നിയമിക്കാൻ നാളെ ഇന്റർവ്യൂ നടത്താൻ ഒരുങ്ങുകയാണ് സർക്കാർ. ഇതോടെ സംഭവത്തിൽ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വെട്ടിലാവുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇക്കാര്യത്തിൽ പിണറായിയുടെ പ്രതിഛായ കളയാനുള്ള നീക്കത്തിനു പിന്നിൽ സർവ്വീസ് സംഘടനതന്നെയാണ് ചരടുവലികൾ നടത്തുന്നതും.

രാജ്യത്തെ തന്നെ അറിയപ്പെടുന്ന, ഗതാഗത മേഖലയിലെ ഗവേഷണ സ്ഥാപനമായ നാറ്റ്പാക്ക് ഡയറക്ടറായി 2010 മുതൽ സേവനം അനുഷ്്ഠിക്കുന്നയാളാണ് ഡോ. ബി ജി ശ്രീദേവി. സംസ്ഥാനത്തെ വനിതാ സാങ്കേതിക വിദഗ്ദ്ധരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പ്രതിഭ. രാജ്യത്തു തന്നെ അറിയപ്പെടുന്ന ഗതാഗത എഞ്ചിനീയറിങ് വിദഗ്ധയുമായ ബി.ജി ശ്രീദേവിക്ക് എതിരെ വിരോധം തീർക്കുന്നതിന്റെ പിന്നിലെ ചേതോവികാരമാകട്ടെ യൂണിയൻ നേതാവിന്റെ സ്വാർത്ഥ താൽപര്യവും. യൂണിയൻ നേതാവിന്റെ സ്വന്തക്കാരൻ പറഞ്ഞിട്ടും ഇൻഷുറൻസ് പോളിസി എടുത്തില്ല എന്നതിന്റെ വൈരാഗ്യം മൂലം തൽസ്ഥാനത്തു നിന്ന് കഴിഞ്ഞവർഷം ഏപ്രിൽ 11ന് ശ്രീദേവിയെ ചരടുവലികളിലൂടെ പദവിയിൽ നിന്ന് നീക്കുകയായിരുന്നു. ഈ നടപടി തികച്ചും തെറ്റാണെന്ന് ബോധ്യമായതോടെ ഹൈക്കോടതി റദ്ദാക്കി.

സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉൾക്കൊള്ളുന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്ത് പുനഃസ്ഥാപിക്കണമെന്ന് കേരള ഹൈക്കോടതി WP (c) 1470200-2017 കേസിൽ ഈ വർഷം ഫെബ്രുവരി ആറിന് വിധി പ്രസ്താവിച്ചു. വിധിയെ ധിക്കരിച്ച് പുതിയ ഡയറക്ടറെ കണ്ടെത്താനുള്ള ഇൻർവ്യൂ നാളെ നടത്താൻ നിശ്ചിയിച്ചിരിക്കുകയാണ് നാറ്റ് പാക്. ഈയൊരു തീരുമാനം മുഖ്യമന്ത്രിയെ തന്നെ വെട്ടിലാക്കുമെന്ന് നിയമജ്ഞർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജൻ പോലും അറിയാതെയാണ് നാറ്റ്പാക്ക് ഡയറക്ടർ നിയമന നീക്കം നടക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.

ബി. ജി. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടറർ സ്ഥാനത്തു പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി നിർദ്ദേശം പിണറായി വിജയൻ തന്നെ പ്രസിഡന്റായ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി എൻവയോൺമെന്റ് ആണ് നടപ്പിലാക്കേണ്ടത് എന്നതിനാൽ ഇക്കാര്യത്തിൽ വന്ന വൻവീഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനത്തെ തന്നെ സംശയത്തിലാക്കുന്നു.

എല്ലാം കണിശമായി നിയമാനുസൃതം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ നേരിട്ടു കൈകാര്യം ചെയ്യുന്ന ഒരു വകുപ്പിൽ എങ്ങനെ ഇങ്ങനെ ഒരു സ്ത്രീ വിരുദ്ധ നീക്കം നടന്നു എന്നതാണ് സ്ത്രീ സൗഹൃദ സംഘടനയായ കേരളത്തെ അലട്ടുന്നത്. അതും അത്യുന്നത സ്ഥാനത്തിലിരിക്കുന്ന പ്രശസ്തയായ ടെക്‌നോക്രാറ്റിനെതിരെ. 

കൊച്ചി മെട്രോ തിരുവനന്തപുരം കോഴിക്കോട് മോണോ റെയിൽ, തീരദേശ പാത മലയോര ഹൈവേ നിരവധി ഹൈ ഓഫറുകൾ അടക്കം കഴിഞ്ഞ 7 വർഷങ്ങളിൽ സംസ്ഥാനത്തെ നിരവധി അഭിമാനകരമായ ഗതാഗത എഞ്ചിനീയറിങ് പദ്ധതികൾക്കുള്ള പഠനം നടത്തി ദേശീ കലത്തിൽ ശ്രദ്ധിക്കപ്പെട്ട ഈ മേഖലയിലെ പ്രശസ്തയായ സാങ്കേതിത വിദഗ്ദ്ധയാണ് ശ്രീദേവി എന്ന ഹൈക്കോടതി തന്നെ വിധി ന്യാത്തിൽ വ്യക്തമാക്കുന്നു. സർക്കാരിന്റെ തന്നെ ചില സ്ഥാപനങ്ങളിലും ഇവർ ഡയറക്ടറാണ്.

സിവിൽ എഞ്ചിനീയറിംഗിൽ ഡിഗ്രി, ഐഐറ്റി ചെന്നൈയിൽ നിന്നും എംടെക്ക് കൊച്ചിയിൽ യൂണിവേഴ്സിറ്റിയിൽ നിന്നും റോഡ് എഞ്ചിനീയറിംഗിൽ ഡോക്ടരേറ്റ് അർബൻ ആൻഡ് ഹൈവേ എഞ്ചിനായരിംഗിൽ മറ്റൊരു ബിരുദാനന്തരബിദുകം ശാസ്ത്രജ്ഞ എന്ന നിലയിൽ 32 വർഷത്തെ സേവനം അതിൽ 22 വർഷം നാറ്റ്പാക്കിൽ തന്നെ വിശിഷ്ട സേവനം നാളിതുവരെ സർവ്വീസിൽ യാതൊരുവിധ ബ്ലാക്ക്മാർക്കുമില്ലാത്ത ചുരുക്കം ചില ഉന്നത സാങ്കേതിക വിദഗ്ധരിൽ ഒരാൾ. ഇത്തരത്തിൽ കഴിവു തെളിയിച്ചയാളാണ് ശ്രീദേവി എന്ന് കോടതി തന്നെ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ അഞ്ചുവർഷം ശ്രീദേവിയുടെ സേവനം ഏറ്റവും മികച്ചതാണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് പിണറായിയുടെ തൊട്ടുതാഴെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന കെഎസ്‌സിഎസ്ടിഇ സെക്രട്ടറി തന്നെ. പിന്നെന്തിന് ശ്രീദേവിയെ മാറ്റി എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ആർക്കും ഉത്തരം നൽകാനായില്ല. കോടതിയുടെ അഞ്ചാമത്തെ പേജിലെ അഞ്ചാമത്തെ ഖണ്ഡികയിൽ കോടതി ഇതു വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു.

ഗതാഗത എഞ്ചിനീയറിങ് വിദഗ്ദ്ധർ നേതൃത്വം നൽകേണ്ട നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്തേയ്ക്ക് സർക്കാർ നിയമിച്ചത് പ്രകാശ് ദയാറിനെയാണ്. ഗതാഗതത്തെപ്പറ്റിയും എഞ്ചിനീയറിംഗിനെപ്പറ്റിയും ഒന്നും അറിയില്ല ഇദ്ദേഹത്തിന് എന്നു മാത്രമല്ല അദ്ദേഹം വെറുമൊരു ബയോളജിക്കാരൻ മാത്രമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു നിയമനം സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾക്ക് ചേർന്നതല്ല എന്നും വിധിന്യായത്തിന്റെ 11-മാത്തെ ഖണ്ഡികയിൽ കോടതി കണ്ടെത്തി. നിയമത്തെ വ്യഭിചരിക്കുന്നതിനു തുല്യമാണിതെന്നാണ് കോടതി പറഞ്ഞത്.

ശ്രീദേവിയുടെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചോ പ്രവർത്തന മികവിനെ സംബന്ധിച്ചോ കഴിവുകളെ സംബന്ധിച്ചോ ആർക്കും പരാതിയില്ലാത്ത സാഹചര്യത്തിൽ അവരെ നാറ്റ്പാക്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും ഏകപക്ഷീയമായി നീക്കിയത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണത്തിനും വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കൊക്കെ ഒന്നാം സ്ഥാനം നൽകുന്നുണ്ടെന്നവകാശപ്പെട്ട് കോടികൾ മുടക്കി പത്രപരസ്യം നൽകുന്ന പിണറായി സർക്കാരിന്റെ മുഖത്തേറ്റ വലിയ അടിയാണ് നാറ്റ്പാക്ക് ഡയറക്ടറായി ശ്രീദേവിയെ പുനർ നിയമിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ്.

നടപ്പിലാക്കാതെ വനിതാ സാങ്കേതിക വിദഗ്ദയെ അപമാനിക്കുന്ന നടപടി സർക്കാരിനെതിരെ വലിയ വിമർശനത്തിന് കാരണമാകുകയാണ്. മികച്ച സേവന റിക്കോർഡുള്ള ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വനിതയുടെ സ്ഥിതി ഇതാണെങ്കിൽ എന്തായിരിക്കും സാധാരണക്കാരായ വനിതാ ജീവനക്കാരുടെ സ്ഥിതിയെന്ന ചോദ്യമാണ് ഉയരുന്നത്. വനിതാകമ്മിഷനോ മറ്റു വനിതാ നേതാക്കളോ ഒന്നും ഇക്കാര്യം അറിഞ്ഞിട്ടു പോലുമില്ല.

നാറ്റ്പാക്കിലെ യൂണിയൻ നേതാവ് ഇൻഷുറൻസ് പോളിസി എടുക്കണമെന്ന് ശ്രീദേവിയെ നിർബന്ധിച്ചിരുന്നു. നേതാവിന്റെ ഭാര്യയുടെ പേരിലുള്ള ഇൻഷുറൻസ് ഏജൻസിയിലൂടെ ഭീഷണി മുഴക്കി ഇൻഷുറൻസ് എടുപ്പിക്കുന്നത് നേതാവിന്റെ സ്ഥിരം ശൈലിയായിരുന്നു. ഇതിനെ നാറ്റ്പാക്ക് ഡയറക്ടറായിരുന്ന ശ്രീദേവി എതിർത്തതാണ് ശ്രീദേവിയുടെ സ്ഥാനം തെറിപ്പിക്കുന്ന കരുനീക്കങ്ങളിലേക്ക് എത്തിയത്.

ഇപ്പോൾ കോടതി അടിയന്തിരമായി പുനർ നിയമനം നടത്താൻ നിർദ്ദേശം നൽകിയിട്ടും അതിന് നടപടി ഉണ്ടാവാത്തത് സംസ്ഥാനത്തെ നിരവധി റോഡുവികസന പദ്ധതികളെ തന്നെ ബാധിച്ചിരിക്കുന്നു. നാറ്റ്പാക്കിന്റെ തലപ്പത്ത് വേണ്ടത് ഗതാഗത എഞ്ചിനീയറിങ് വിദഗ്ധരാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്.

 

അവകാശ ലംഘനവും നീതനിഷേധവും ഉള്ളതിനാൽ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സമ്മർദ്ദം മൂലമാണ് ശ്രീദേവി ഹൈക്കോടതിയെ സമീപിച്ചത്. ശ്രീദേവിയെ നാറ്റ്പാക്ക് ഡയറക്ടറായി പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് 3 മാസങ്ങൾ കഴിഞ്ഞെങ്കിലും അതൊക്കെ ചെയ്യേണ്ടത് സർക്കാരാണ് എന്ന നിലപാടിലാണ് ശ്രീദേവി.

ശ്രീദേവി തലപ്പത്തില്ലാത്തതിനാൽ ഏറെ സാങ്കേതിക വൈദഗധ്യവും നേതൃത്വം നൽകലും ആവശ്യമുള്ള നിരവധി ഗതാഗത എഞ്ചിനീയറിങ് പദ്ധതികൾ നാറ്റ്പാക്കിൽ അലമാരയിൽ വശ്രമിക്കുന്നു. നാറ്റ്പാക്കിൽ നിന്നും ശ്രീദേവിയെ മാറ്റിയിട്ട് 13 മാസങ്ങൾ കഴിഞ്ഞു. 11-4-2017ലാണ് അടിയന്തിര ഉത്തരവിലൂടെ ശ്രീദേവിയെ നീക്കം ചെയ്തത്. അന്നു മുതൽ ഇന്നു വരെ ഗൗരവമേറിയ പണികളൊന്നും നാറ്റ്പാക്കിൽ നടക്കുന്നില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം ഉണ്ടാകുമ്പോഴും അത് ചർച്ചയാക്കാതെ മൗനത്തിലാണ് സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി വീറോടെ പ്രസംഗിക്കുന്ന വനിതാ നേതാക്കളൊക്കെ തന്നെ. ഇത്തരം ഗൗരവമേറിയ അടിച്ചമർത്തൽ വിഷയങ്ങളിൽ ഇവരുടെ പ്രതികരണം ഇല്ലാത്തതും കരളത്തിന്റെ ശാപം തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP