Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചർച്ച് ആക്റ്റിന്റെ പേരിൽ സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവർ രംഗത്തിറങ്ങിയതോടെ പേടിച്ച് വിറച്ച് സർക്കാർ; എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടം പിൻവലിച്ച് മാനേജ്‌മെന്റുകളുടെ തോന്ന്യാസത്തിന് ഓശാന പാടി സർക്കാർ; ശബരിമലയുടെ കാര്യത്തിൽ അനങ്ങാത്ത സർക്കാർ വിരളുന്നതുകൊണ്ട് ഊറിച്ചിരിച്ച് സഭാ നേതൃത്വം; മുത്തലാഖ് ബില്ലിന്റെ കാര്യം അറിഞ്ഞില്ലെന്ന് നടിച്ചും ചർച്ച് ആക്റ്റിൽ സഭകളെ പിണക്കാതെ വെള്ളംചേർത്തും പിണറായി സർക്കാരിന്റെ പ്രീണനം ഇങ്ങനെ

ചർച്ച് ആക്റ്റിന്റെ പേരിൽ സഭാ വ്യത്യാസമില്ലാതെ ക്രൈസ്തവർ രംഗത്തിറങ്ങിയതോടെ പേടിച്ച് വിറച്ച് സർക്കാർ; എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടം പിൻവലിച്ച് മാനേജ്‌മെന്റുകളുടെ തോന്ന്യാസത്തിന് ഓശാന പാടി സർക്കാർ; ശബരിമലയുടെ കാര്യത്തിൽ അനങ്ങാത്ത സർക്കാർ വിരളുന്നതുകൊണ്ട് ഊറിച്ചിരിച്ച് സഭാ നേതൃത്വം; മുത്തലാഖ് ബില്ലിന്റെ കാര്യം അറിഞ്ഞില്ലെന്ന് നടിച്ചും ചർച്ച് ആക്റ്റിൽ സഭകളെ പിണക്കാതെ വെള്ളംചേർത്തും പിണറായി സർക്കാരിന്റെ പ്രീണനം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊട്ടിഘോഷിച്ച് നടപ്പിലാക്കാനൊരുങ്ങുന്ന ചർച്ച് ആക്റ്റ് ഒടുവിൽ ജലരേഖയാകുമെന്ന് ഉറപ്പായി. നിയമത്തിന്റെ കരട് പുറത്തുവിട്ടശേഷം അഭിപ്രായം തേടിയതോടെ ഇക്കാര്യത്തിൽ വലിയ എതിർപ്പാണ് സഭാ നേതൃത്വങ്ങളിൽ നിന്ന് ഉണ്ടാകുന്നത്. ഇതോടെ തിരഞ്ഞെടുപ്പ് കാലത്ത് സഭാ നേതൃത്വത്തെ പിണക്കാതെ നോക്കാനാണ് പിണറായിയും സിപിഎമ്മും ശ്രമിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടം പിൻവലിച്ച് സഭാ നേതൃത്വത്തെ പിണക്കാതെ നോക്കാനാണ് ഇപ്പോൾ സിപിഎം ശ്രമം.

ശബരിമല വിഷയത്തിൽ ഹിന്ദു സമൂഹത്തിന്റെ താൽപര്യങ്ങൾക്ക് എതിരെ നീങ്ങിയ സർക്കാർ അതേസമയം, ക്രൈസ്തവരെ പ്രീണിപ്പിക്കാൻ ഒരുങ്ങുകയാണിപ്പോൾ. കേന്ദ്രം നടപ്പിൽ വരുത്തിയ മുത്തലാഖ് ബില്ലിലും കടുംപിടിത്തം ഒഴിവാക്കിയ സർക്കാർ മുസ്‌ളീം പ്രീണനത്തിനും ശ്രമിക്കുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഇപ്പോൾ എയ്ഡഡ് സ്‌കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ചർച്ച് ആക്റ്റിന്റെ കാര്യത്തിൽ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട ചട്ട ഭേദഗതി ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

എയ്ഡഡ് സ്‌കൂൾ മാനേജർമാരുടെ നിയമനാധികാരം പരിമിതപ്പെടുത്തുന്ന കേരള വിദ്യാഭ്യാസച്ചട്ട ഭേദഗതിയാണ് സർക്കാർ പിൻവലിച്ചത്. ഏറ്റവും വലിയ എതിർപ്പ് ഇക്കാര്യത്തിൽ ഉണ്ടായത് ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്നായിരുന്നു. ഇതോടെയാണ് ചട്ടം പിൻവലിച്ചത്. അദ്ധ്യാപകരുടെ രാജി, വിരമിക്കൽ, മരണം, സ്ഥാനക്കയറ്റം തുടങ്ങിയവ മൂലമുണ്ടാകുന്ന ഒഴിവുകളിൽ ഒന്നിൽ മാത്രം അദ്ധ്യാപക ബാങ്കിൽ നിന്നു സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചാൽ മതി എന്ന നിലയിൽ ആണ് പുതിയ മാറ്റം. ബാക്കി ഒഴിവുകളിൽ നിലവിലുള്ള നിബന്ധനപ്രകാരം മാനേജർമാർക്കു തന്നെ നിയമനം നടത്താമെന്നും വ്യക്തമാക്കുന്നതോടെ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി എന്ന് വ്യക്തമാകുന്നു.

1979 നു ശേഷം നിലവിൽ വന്ന സ്‌കൂളുകളിലെ മുഴുവൻ ഒഴിവുകളിലും നിയമനം അദ്ധ്യാപക ബാങ്കിൽ നിന്നായിരിക്കുമെന്ന ഭേദഗതിയാണു സർക്കാർ പിൻവലിച്ചത്. കുട്ടികളുടെ എണ്ണം കൂടിയാലുണ്ടാകുന്ന തസ്തികകളിൽ ഒന്നിൽ സംരക്ഷിത അദ്ധ്യാപകരെ നിയമിച്ചാൽ അടുത്തതിൽ മാനേജർക്കും നിയമനം നടത്താം എന്ന നിലയിലാണ് പുതിയ മാറ്റം. അതേസമയം ഹെഡ്‌മാസ്റ്ററെ ക്ലാസ് ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതു മൂലവും ദീർഘകാലാവധി മൂലവുമുണ്ടാകുന്ന ഒഴിവിലേക്ക് അദ്ധ്യാപക ബാങ്കിൽ നിന്നു തന്നെയായിരിക്കും നിയമനം. ഭേദഗതിക്കെതിരെ മാനേജ്‌മെന്റുകൾ നിയമനടപടിയിലേക്കു നീങ്ങിയതിനെത്തുടർന്ന് 3 വർഷത്തോളമായി നിയമനം നൽകിയ അദ്ധ്യാപകർക്ക് അംഗീകാരം നൽകിയിട്ടില്ല. ഭേദഗതി വന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തലുകൾ.

വിഷയം കോടതിയിലെത്തിയതോടെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ചട്ടഭേദഗതിയും വിജ്ഞാപനവും മാനേജ്‌മെന്റുകളുടെ നിയമനാവകാശങ്ങൾ കവരുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി ഒരുകൂട്ടം എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളാണു കോടതിയിലെത്തിയത്. 1979 മെയ്‌ 22നു ശേഷം പുതുതായി വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ ഭാവി ഒഴിവുകളിൽ അദ്ധ്യാപക ബാങ്കിൽ നിന്നു നിയമനം നടത്തണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. 1979നു മുൻപുവന്ന സ്‌കൂളുകളിലുണ്ടാകുന്ന രണ്ട് അധിക തസ്തികകളിൽ ഒന്നിലേക്കു സർക്കാർ അദ്ധ്യാപക ബാങ്കിൽനിന്ന് നിയമനം നടത്തുമ്പോൾ ശേഷിക്കുന്നതിൽ മാനേജർക്കു നിയമനം നടത്ത വിജ്ഞാപനത്തിന് 2016 ജനുവരി 29 മുതൽ മുൻകാല പ്രാബല്യം നൽകുകയും ചെയ്തിരുന്നു.

ഇതുമൂലം എയ്ഡഡ് സ്‌കൂളുകളിൽ കഴിഞ്ഞ അധ്യയന വർഷം വിരമിക്കൽ, രാജി, മരണം എന്നിവ മൂലമുണ്ടായ ഒഴിവുകളിൽ മാനേജർമാർ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം ലഭിക്കാൻ ഈ ഭേദഗതിയും വിജ്ഞാപനവും തടസ്സമാകുമെന്ന ആക്ഷേപമാണ് ഉയർന്നത്. ഇതര മാനേജ്‌മെന്റുകൾ നിയമിച്ച് പിന്നീട് അദ്ധ്യാപക ബാങ്കിൽ ഉൾപ്പെട്ടവരെ നിർബന്ധപൂർവം മറ്റ് മാനേജ്‌മെന്റുകൾ സ്വീകരിക്കേണ്ടിവരുന്ന സ്ഥിതി നിയമത്തിനും ചട്ടത്തിനും നിരക്കുന്നതല്ലെന്ന വാദം ഉയർത്തിയാണ് ക്രൈസ്തവ മാനേജ്‌മെന്റുകൾ പ്രതിഷേധം ഉയർത്തിയത്.

2016 ഡിസംബറിലെ കേരള വിദ്യാഭ്യാസച്ചട്ട ഭേദഗതികൾ പ്രകാരം 1979 നു മുമ്പ് സ്ഥാപിതമായ എയ്ഡഡ് വിദ്യാലയങ്ങളിലെ അധിക തസ്തികകളിൽ 50 ശതമാനം നിയമനങ്ങളും 1979 നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവൻ നിയമനങ്ങളും സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ഇത് ഒരു നല്ല തീരുമാനമെന്ന നിലയിലാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. എന്നാൽ ക്രൈസ്തവ മാനേജ്‌മെന്റുകൾ എതിർപ്പുമായി എത്തിയതോടെ ഇതിൽ വെള്ളം ചേർക്കുകയായിരുന്നു സർക്കാർ.

സമാന രീതിയിലാണ് ചർച്ച് ആക്റ്റിലും ചർച്ചകൾ പുരോഗമിക്കുന്നത്. ആക്ടിനെതിരെ സിറോ മലബാർ സഭയുടെയും മലങ്കര ഓർത്തഡോക്സ് സഭയുടെയും ദേവാലയങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു. കെസിബിസി ബില്ലിനെതിരെ തയാറാക്കിയ സർക്കുലർ കുർബാനമധ്യേ സിറോ മലബാർ പള്ളികളിൽ വായിച്ചിരുന്നു. കറുത്ത ബാഡ്ജ് ധരിച്ചു പ്രതിഷേധ യോഗങ്ങളും ധർണകളും സംഘടിപ്പിച്ചു. ഓർത്തഡോക്സ് പള്ളികളിൽ പ്രതിഷേധ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിശ്വാസികളുടെ ഒപ്പുശേഖരണം നടത്തി. അതു മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ചുകൊടുക്കും. സി എസ് ഐക്കാരും പ്രതിഷേധത്തിലാണ്. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സാന്നിധ്യത്തിൽ കുന്നംകുളം പഴഞ്ഞി സെന്റ് മേരീസ് പള്ളിയിലും പ്രതിഷേധ പ്രമേയം അവതരിപ്പിച്ചിരുന്നു.

ചർച്ച് ബിൽ നിയമമായാൽ സഭാസ്വത്തുക്കളുടെയും സ്ഥാപനങ്ങളുടെയും നിയന്ത്രണം സർക്കാരിന്റെ കൈവശമാകുമെന്നാണ് കെ.സി.ബി.സി. സർക്കുലർ. ബില്ലിനെതിരായ സർക്കുലർ ഞായറാഴ്ച സിറോ മലബാർ, ലത്തീൻ, മലങ്കര കത്തോലിക്കാ സഭകളിലെ പള്ളികളിൽ വായിച്ചു. എല്ലാ പള്ളകളിലും ഒരേ സർക്കുലറാണ് വായിച്ചത്. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം, ഭാരവാഹികളായ ബിഷപ്പ് ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റം, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ ബില്ലിനെതിരേ ജാഗ്രതയോടെ പ്രവർത്തിക്കാൻ വിശ്വാസികളെ ആഹ്വാനംചെയ്തു. പ്രത്യക്ഷത്തിൽ ഉപദ്രവമില്ലാത്തത് എന്നു തോന്നുമെങ്കിലും, പരിണതഫലങ്ങൾ അതീവഗുരുതരമാണെന്ന് സർക്കുലറിൽ പറയുന്നു. നിയമനിർമ്മാണശ്രമത്തിൽനിന്ന് നിയമപരിഷ്‌കരണ കമ്മിഷൻ പിന്മാറണം എന്ന ആവശ്യമാണ് ഉയർന്നത്. ഇതോടെ ഈ വിഷയത്തിലും സർക്കാർ മൃദു സമീപനം സ്വീകരിച്ചേക്കുമെന്ന സൂചകളാണ് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP