Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏത് അപ്പൻ വന്നാലും സമാധാനം കിട്ടാത്തത് അമ്മയ്ക്ക് എന്നു പറഞ്ഞതു പോലെ വ്യാപാരികളുടെ ഗതി! ജിഎസ്ടിയിലെ ദുരിതാശ്വാസ സെസും തിരിച്ചടിയാകുന്നത് വ്യാപാരികൾക്ക്; ഒരു ശതമാനം സെസ് വ്യാപാരികൾ നൽകേണ്ടി വരുന്നത് സ്വന്തം പോക്കറ്റിൽ നിന്ന്; ഹർത്താലും പണിമുടക്കും പ്രളയവും കാരണം കുത്തുപാളയെടുത്ത കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കാതെ സർക്കാരുകൾ

ഏത് അപ്പൻ വന്നാലും സമാധാനം കിട്ടാത്തത് അമ്മയ്ക്ക് എന്നു പറഞ്ഞതു പോലെ വ്യാപാരികളുടെ ഗതി! ജിഎസ്ടിയിലെ ദുരിതാശ്വാസ സെസും തിരിച്ചടിയാകുന്നത് വ്യാപാരികൾക്ക്; ഒരു ശതമാനം സെസ് വ്യാപാരികൾ നൽകേണ്ടി വരുന്നത് സ്വന്തം പോക്കറ്റിൽ നിന്ന്; ഹർത്താലും പണിമുടക്കും പ്രളയവും കാരണം കുത്തുപാളയെടുത്ത കച്ചവടക്കാരെ ജീവിക്കാൻ അനുവദിക്കാതെ സർക്കാരുകൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മഹാപ്രളയം മഹാദുരന്തമായത് മുഴുവൻ ഇന്നാട്ടിലെ വ്യാപാരികൾക്കായിരുന്നു. മനുഷ്യ നിർമ്മിതമായ പ്രളയ ദുരന്തത്തിൽപ്പെട്ട വ്യാപാരികളിൽ പലരും ആത്മഹത്യയുടെ വഴിയിലാണ്. ഒട്ടുമിക്കവരും കച്ചവടം നിർത്തി. ഇനിയും നിർത്തേണ്ടി വരുമെന്ന ഭീതിയിലാണ് ശേഷിക്കുന്നവർ. അതിനിടെയാണ് സർക്കാരിന്റെ പിരിവ് കെങ്കേമമാക്കാൻ ജിഎസ്ടിയിൽ ഒരു ശതമാനം സെസ് ഏർപ്പെടുത്താൻ അനുവാദം നൽകിയിരിക്കുന്നത്. ആത്യന്തികമായി ഇതും വന്നു ചേരുന്നത് വ്യാപാരികളുടെ തലയിലാണ്. ഉപഭോക്താക്കളിൽ നിന്ന് സെസ് പിരിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഒരു ശതമാനം സെസ് സ്വന്തം പോക്കറ്റിൽ നിന്നു കൊടുക്കേണ്ട ഗതികേടിലാണ് വ്യാപാരികൾ.

പ്രളയവും ജിഎസ്ടിയും പണിമുടക്കും ഹർത്താലും സർക്കാരിന്റെ ശബരിമല യുവതി പ്രവേശന നിലപാടുമെല്ലാം ചേർത്ത് ഇപ്പോൾ തന്നെ വൻ പ്രതിസന്ധിയിലാണ് വ്യാപാര സമൂഹം. മുൻകാലങ്ങളിൽ മൊത്തം നികുതിയുടെ ശരാശരിയാണ് സെസ് ആയി ചുമത്തിയിരുന്നത്. അതായത്, ഒരു ലക്ഷം രൂപ വിൽപന നികുതി ഇനത്തിൽ അടയ്ക്കേണ്ടി വരുമ്പോൾ അതിന്റെ ഒരു ശതമാനമായ 1000 രൂപയാണ് സെസ് നൽകേണ്ടി വരിക. എന്നാൽ, നിലവിലെ സെസിന്റെ രീതിയനുസരിച്ച് 10 ലക്ഷം രൂപ പ്രതിമാസ വിറ്റു വരവുള്ള വ്യാപാരി 18 ശതമാനം നിരക്കിൽ ജിഎസ്ടിയായി അടയ്ക്കേണ്ടി വരുന്നത് 1.80 ലക്ഷം രൂപയാണ്.

ഇതോടൊപ്പം ഒരു ശതമാനം സെസ് ആയി 10,000 രൂപ കൂടി വ്യാപാരികൾക്ക് മേൽ ചുമത്തപ്പെടുകയാണ്. കൃത്യമായ വില ഉൽപന്നങ്ങളിൽ ചേർത്തിരിക്കുന്നതിനാൽ വ്യാപാരികൾക്ക് ഒരു ശതമാനം സെസ് ഉപഭോക്താക്കളിൽ നിന്ന് ചേർത്തു വാങ്ങാൻ കഴിയില്ല. ചുരുക്കത്തിൽ വ്യാപാരികൾ കൈയിൽ നിന്ന് വേണം സെസ് അടയ്ക്കേണ്ടി വരുന്നത്. പ്രളയം ഏറ്റവും കൂടുതൽ തകർത്തെറിഞ്ഞത് വ്യാപാര മേഖലയെയാണ്. അതിന് പുറമേയാണ് അടിക്കടിയുള്ള ഹർത്താലും പണിമുടക്കും. ഒരു നികുതിയും അടയ്ക്കേണ്ടി വരാത്ത വഴിയോര കച്ചവടം കൂടിയാകുന്നതോടെ ആത്യന്തികമായി അനുഭവിക്കേണ്ടി വരുന്നത് വ്യാപാരികൾ തന്നെയാകും.

പത്തനംതിട്ട ജില്ലയിൽ റാന്നി, കോഴഞ്ചേരി, പന്തളം, ആറന്മുള, പത്തനംതിട്ട, ഓമല്ലൂർ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, ബുധനൂർ, പാണ്ടനാട്, പരുമല, വെണ്മണി, ആലാ തുടങ്ങിയ സ്ഥലങ്ങളിൽ വ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണ്. പ്രളയത്തിന്റെ അലയൊലികൾ അടങ്ങി വരുന്നതിന് മുൻപാണ് ശബരിമല യുവതി പ്രവേശം വന്നത്. ഇതോടെ ഹർത്താലും പണിമുടക്കും കാരണം കടകൾ തുറക്കാൻ കഴിയാത്ത അവസ്ഥയായി. വിറ്റുവരവ് നിലച്ചു. സ്റ്റോക്കെടുത്ത സാധനങ്ങൾ വിൽക്കാൻ കഴിയാതെ വന്നു.

കടം വാങ്ങിയ ബാങ്കുകൾ ജപ്തി ഭീഷണിയുമായി പിന്നാലെ കൂടി. സർക്കാർ വാഗ്ദാനം ചെയ്ത മടങ്ങിയതല്ലാതെ ഒന്നും പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് ഒരു ശതമാനം സെസ് കൂടി വന്നിരിക്കുന്നത്. തങ്ങൾ എവിടെ നിന്ന് എടുത്തു കൊടുക്കുമെന്നാണ് വ്യാപാരികളുടെ ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP