Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ധനുഷ് കൃഷ്ണ മരിച്ചത് വെടിയേറ്റ് തന്നെ; ബുള്ളറ്റ് അധികം ദൂരത്ത് നിന്ന് ഉള്ളതല്ലന്നെും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; എൻസിസി ഉദ്യോഗസ്ഥരെ മദ്യവിൽപ്പനക്കും വീട്ടുജോലിക്കും ഡ്യൂട്ടിക്കിടുന്നതിന്റെ ബാക്കിപത്രം

ധനുഷ് കൃഷ്ണ മരിച്ചത് വെടിയേറ്റ് തന്നെ; ബുള്ളറ്റ് അധികം ദൂരത്ത് നിന്ന് ഉള്ളതല്ലന്നെും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; എൻസിസി ഉദ്യോഗസ്ഥരെ മദ്യവിൽപ്പനക്കും വീട്ടുജോലിക്കും ഡ്യൂട്ടിക്കിടുന്നതിന്റെ ബാക്കിപത്രം

കെ വി നിരഞ്ജൻ

കോഴിക്കോട്:വെസ്റ്റ്ഹിൽ എൻ സി സി ക്യാമ്പിലെ പരിശീലനത്തിനിടെ കേഡറ്റ് കൊല്ലം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജ് സ്വദേശി ശ്രീരാഗത്തിൽ രമാദേവിയുടെ മകൻ ധനുഷ് കൃഷ്ണ (19 ) വെടിയേറ്റ് മരിച്ച സംഭവം ക്രമക്കേടുകളുടെയും അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയുടെയും പുതിയ ഉദാഹരണമായി. അധികൃതരുടെ അനാസ്ഥയുടെ ഇരയായാണ് കഴിഞ്ഞ വർഷം എൻ സി സി ക്യാമ്പിൽ വെടിവെപ്പ് പരിശീലനത്തിനിടയിൽ വെടിയേറ്റ് മുഹമ്മദ് അനസ് എന്ന വിദ്യാർത്ഥി മരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അന്ന് പേരിന് മാത്രം ചില അന്വേഷങ്ങൾ മാത്രമാണ് നടന്നത്. അതു തന്നെയാണ് ഇപ്പോൾ മറ്റൊരു കുട്ടിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്കും കാര്യങ്ങളെ എത്തിച്ചത്.

ധനുഷ് കൃഷ്ണ മരിച്ചത് വെടിയേറ്റ് തന്നെയെന്നും ബുള്ളറ്റ് അധികം ദൂരത്ത് നിന്ന് ഉള്ളതല്ലന്നെുമാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്. വലത് വശത്ത് ഏറ്റ ഉണ്ട ശ്വാസകോശത്തിൽ തുളഞ്ഞുകയറി ഇടത് വശത്തേയ്ക്ക് മാറി സ്ഥിതിചെയ്യന്ന നിലയിലായിരുന്നു. ഒരിഞ്ച് കൂടി മുന്നോട്ട് പോയിരുന്നെങ്കിൽ ഉണ്ട ശരീരത്തിൽ നിന്ന് പുറത്തേയ്ക്ക് കടക്കുമായിരുന്നുവെന്നും പോസ്‌ററ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ എല്ലാം അവ്യക്തമാണ്. പരിശീലനത്തിനിടെ വെടിയൊച്ച കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഇരുന്ന നിലയിലുള്ള ധനുഷ് പുറകോട്ട് മറയുന്നതും തുടർന്ന് രക്തം ഛർദ്ദിക്കുന്നതാണ് കണ്ടതെന്നുമാണ് ഒപ്പമുണ്ടായിരുന്ന കേഡറ്റുകൾ മൊഴി നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അധികൃതർ നൽകിയ വിശദീകരണങ്ങളും വ്യത്യസ്ത രീതിയിൽ ഉള്ളതായിരുന്നു.

വെടിവെയ്‌പ്പ് പരിശീലന കേന്ദ്രത്തിന് സമീപമുള്ള താൽക്കാലിക ഷെഡിൽ സൂക്ഷിച്ച തോക്കുകളിൽ ഒന്നിൽ നിന്നാണ് വെടിയേറ്റത്. എൻ സി സി ഓഫീസർ ഷെഡിലുണ്ടായിരുന്നു. അയാൾക്ക് പിന്നിൽ വച്ചാണ് ധനുഷിന് വെടിയേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അബദ്ധത്തിൽ കയ്യലെടുത്ത തോക്ക് പൊട്ടിയതാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

അതേസമയം ഇത്തരം പരിശീലനങ്ങൾക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഉണ്ടാവാറില്ലെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.എൻ .സി. സിക്ക് ട്രെയിനിങ് നൽകുവാനായി വരുന്ന സൈനിക ഉദ്യോഗസ്ഥർ മദ്യവിൽപ്പനയ്ക്കായി കാന്റീൻ പ്രവർത്തനത്തിലേർപ്പെടുകയും ബാക്കിയുള്ള ഉദ്യോഗസ്ഥരെ സൈനിക ഓഫീസർമാർ സ്വന്തം വീടുകളിൽ ജോലി ചെയ്യക്കുകയുമൊക്കെയാണ് പലപ്പോഴും ചെയ്യുന്നത്. ഇതോടെ കേഡറ്റുകളുടെ കാര്യം നോക്കാൻ ആവശ്യത്തിന് ഉദ്യോഗസ്ഥരെ ലഭ്യമാവുന്നില്ല.

കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ നടന്ന എൻ. സി. സി ക്യാമ്പിൽ ഷൂട്ടിങ് പരിശീലനം നടക്കുന്നതിനിടയിൽ കഴിഞ്ഞ വർഷം സപ്തംബർ 10 നാണ് അനസ് എന്ന വിദ്യാർത്ഥിക്ക് വെടിയേറ്റത്. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അനസ് മരണപ്പെടുന്നത്. കണ്ണൂർ 31ാം ബറ്റാലിയൻ എൻ. സി. സിയുടെ വാർഷിക ദിന ക്യാമ്പിനിടയിലായിരുന്നു അനസിന് വെടിയേറ്റത്. വെടിയേറ്റതിനെക്കുറിച്ച് അവിശ്വസനീയമായ കഥകളാണ് സൈനിക ഉദ്യോഗസ്ഥർ പ്രചരിപ്പിച്ചിരുന്നത്. ടാർഗറ്റ് റിപ്പയറിംഗിനിടെ ഒരു വനിതാ കേഡറ്റിൽ നിന്നും അറിയാതെ വെടിയുതിർക്കപ്പെട്ടതെന്നും ഫയറിങ് നടക്കുന്നതിനിടെ റേഞ്ച് ക്രോസ് ചെയ്തപ്പോൾ വെടിയേറ്റുവെന്നും പ്രചരണങ്ങളുണ്ടായി. ഇതെല്ലാം തീർത്തും അവിശ്വസനീയമാണെന്ന് മുൻ സൈനികൾ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

2012 ൽ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് എറണാകുളത്ത് വച്ച് നടക്കുന്നതിനിടെ അഞ്ചു കേഡറ്റുകൾ പെരിയാറിൽ മുങ്ങി മരിച്ചതിൽ സൈനിക ഓഫീസർമാരുടെ അലംഭാവമുണ്ടായിരുന്നു എന്ന് ആരോപണം ശക്തമായിരുന്നു. എന്നാൽ ശക്തമായ അന്വേഷണവും നടപടികളും ഇക്കാര്യത്തിലുണ്ടായില്ല. തുടർന്ന് അനാസ്ഥയെ തുടർന്ന് തന്നെ അനസിന്റെ മരണവും സംഭവിച്ചു. കേസ് തേച്ച് മാച്ചുകളയാൻ സൈനിക ഉദ്യോഗസ്ഥർ ശ്രമിക്കുമെന്നതിനാൽ സർക്കാറിന്റെ അടിയന്തിര ശ്രദ്ധ എൻ. സി. സിയുടെ പ്രവർത്തനങ്ങളിൽ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യത്തിലുള്ള അലംഭാവം തന്നെയാണ് മറ്റൊരു വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെ എത്തിച്ചത്. അതീവ ജാഗ്രതയോടെ സംഘടിപ്പിക്കേണ്ട ക്യാമ്പുകളാണ് തീർത്തും നിരുത്തരവാദപരമായി കൈകാര്യം ചെയ്യപ്പടുന്നത്. പലപ്പോളും ആവശ്യത്തിന് പട്ടാളക്കാരുടെ സാന്നിദ്ധം എൻ. സി. സിയുടെ ക്യാമ്പുകളിൽ ഉണ്ടാവാറില്ല. അതുകൊണ്ട് സീനിയർ കേഡറ്റുകൾ തന്നെയാവും പലപ്പോഴും ക്യാമ്പുകൾ നിയന്ത്രിക്കുക. ഇത്തരം അവസരങ്ങളിലാണ് അപകടങ്ങൾ സംഭവിക്കുന്നതും.

ഷൂട്ടിങ് പരിശീലനത്തിന് കേഡറ്റുകൾക്ക് നൽകുന്ന അഞ്ചു വെടിയുണ്ടകളും തീർന്നതിന് ശേഷം മാത്രം ഓഫീസറുടെ അനുമതിയോടെ മാത്രമെ മറ്റ് കേഡറ്റുകൾ പ്രവേശിക്കാൻ പാടുള്ളു. എന്നാൽ ടാർഗറ്റ് എടുത്തുമാറ്റാനും മറ്റും ജൂനിയർ കേഡറ്റുകളെ നിർബന്ധിക്കുന്ന സ്ഥിതിയാണ് ഉണ്ടാവാറുള്ളത്. ക്യമ്പിന്റെ ഭാഗമായി കേഡറ്റുകൾക്ക് 0.22 തോക്കുപയോഗിച്ചുള്ള ഷൂട്ടിങ് പരിശീലനത്തിനിടെയാണ് അനസിന് വെടിയേറ്റത്.50 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച ടാർഗറ്റ് ബോക്‌സിലേക്കാണ് കേഡറ്റുകൾ വെടിവെയ്‌ക്കേണ്ടത്.

ടാർഗറ്റ് ബോക്‌സിൽ ചാർട്ട് ഒട്ടിച്ചുവെയ്‌ക്കേണ്ട ചുമതല അനസിനായിരുന്നു. ഒട്ടിച്ചുവച്ച ചാർട്ട് ഇളകിപ്പോയപ്പോൾ വീണ്ടും അത് ശരിയാക്കി തിരിച്ചുവരുന്നതിനിടയിലാണ് വെടിയേറ്റത്. നടന്നുവരുന്ന അനസിനെ ശ്രദ്ധിക്കാതെ വനിത കേഡറ്റ് നിറയൊഴിക്കുകയായിരുന്നു. ഒന്നാം വർഷ വിദ്യാർത്ഥിയായ അനസിനെ ഷൂട്ടിങ് റേഞ്ചിലേക്ക് ആരാണ് അയച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യങ്ങളിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവുണ്ടായെങ്കിലും വിവരങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP