Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജിഷ്ണുവിനെ 'കൊന്ന' പ്രവീൺ വെറും ഡിപ്‌ളോമക്കാരൻ; മിക്ക അദ്ധ്യാപകർക്കും വേണ്ടത്ര യോഗ്യതകൾ ഇല്ല; നെഹ്‌റു കോളേജിന്റെ സെർവർ ഹാക്ക് ചെയ്ത് രഹസ്യങ്ങൾ പുറത്തുവിട്ടപ്പോൾ വെളിയിലാവുന്നത് കേരളത്തിലെ സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ കൊള്ളരുതായ്മകളുടെ വിവരങ്ങൾ

ജിഷ്ണുവിനെ 'കൊന്ന' പ്രവീൺ വെറും ഡിപ്‌ളോമക്കാരൻ; മിക്ക അദ്ധ്യാപകർക്കും വേണ്ടത്ര യോഗ്യതകൾ ഇല്ല; നെഹ്‌റു കോളേജിന്റെ സെർവർ ഹാക്ക് ചെയ്ത് രഹസ്യങ്ങൾ പുറത്തുവിട്ടപ്പോൾ വെളിയിലാവുന്നത് കേരളത്തിലെ സ്വാശ്രയ മേഖലയിലെ വിദ്യാഭ്യാസ കൊള്ളരുതായ്മകളുടെ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പാമ്പാടി നെഹ്‌റു കോളേജിൽ ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ ആത്മഹത്യയിലേക്ക് നയിച്ച പീഡനങ്ങളിൽ ഉൾപ്പെട്ട പ്രവീൺ എന്ന അദ്ധ്യാപകൻ വെറും എൻജിനീയറിങ് ഡിപ്‌ളോമയുമായാണോ കോളേജിൽ ജോലിക്ക് കയറിയതെന്ന് സംശയം. ജിഷ്ണു കോപ്പിയടിച്ചെന്നാരോപിച്ച് പരിഹസിക്കുകയും പീഡനത്തിന് നേതൃത്വം നൽകുകയും ചെയ്ത പ്രവീണിന് അടിസ്ഥാന വിദ്യാഭ്യാസ യോഗതകളില്ലെന്ന് വെളിപ്പെടുത്തുന്നത് കോളേജിന്റെ സെർവറിൽ നുഴഞ്ഞുകയറിയ ഹാക്കർമാരാണ്.

സൈബർ ഫ്രണ്ടിയർ ഗ്രൂപ്പ് എന്ന ഹാക്കർ സംഘമാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ മിക്ക കോളേജുകളിലും യോഗ്യതയില്ലാത്ത അദ്ധ്യാപകരാണ് പ്രവർത്തിക്കുന്നതെന്ന വിവരം പങ്കുവയ്ക്കുന്നത്. ഇൻഫെയ്മസ് കേരളയെന്ന കൂട്ടായ്മയിലൂടെ എൻജിഐ ഗ്രൂപ്പിന്റെ സെർവരിൽ നുഴഞ്ഞുകയറിയാണ് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഉൾപ്പെടെ സകല വിവരങ്ങളും ഇവർ ചോർത്തിയിട്ടുള്ളതെന്നാണ് വിവരം.

ഇതോടൊപ്പം ലഭിച്ച പ്രവീണിന്റെ യോഗ്യതസംബന്ധിച്ച വിവരങ്ങൾ ഇവർ പുറത്തുവിടുകയും ചെയ്തു. ഇതിന് പുറമെ ഗ്രൂപ്പിന്റെ എല്ലാ കോളജുകളിലെയും അദ്ധ്യാപകരടക്കമുള്ള ജീവനക്കാരുടെ പേര്, വിലാസം, മാതാപിതാക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയ്ൽ, ശമ്പള വിവരങ്ങൾ, പാൻകാർഡ് നമ്പർ എന്നിവയാണു സംഘം പുറത്തുവിട്ടിരിക്കുന്നത്.

വാട്‌സ് ആപ് സന്ദേശമായാണ് ഈ വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഇതുപ്രകാരം സിപി പ്രവീൺ എന്ന അദ്ധ്യാപകന് എഐസിടിഇ നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയില്ല. അസോസിയേറ്റ് പ്രൊഫസറായി ജോലിചെയ്യുന്ന പ്രവീണിന് മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്‌ളോമ മാത്രമാണ് യോഗ്യതയായി കാണിച്ചിട്ടുള്ളത്.

അതേസമയം ഡിപ്‌ളോമ നേടിയ ശേഷം ലാറ്ററൽ എൻട്രി വഴി പ്രവീൺ ഉയർന്ന ബിരുദങ്ങൾ നേടിയിരിക്കാമെന്ന വാദവും ഉയരുന്നുണ്ട്. എൻജിനീയറിങ്് കോളേജുകൾ എഐസിടിഇക്ക് അംഗീകാരത്തിന് നൽകുന്ന അദ്ധ്യാപകരുടെ പട്ടികയിലെ യോഗ്യത പരിശോധിക്കാറില്ലെന്നത് ഇക്കൂട്ടർക്ക് അരെയും അദ്ധ്യാപകരാക്കി വയ്ക്കാൻ സൗകര്യമൊരുക്കുന്നു എന്ന ആക്ഷേപവും ശക്തമാകുന്നുണ്ട്.

മാത്രമല്ല പ്രവീൺ കേരളാ സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ മേൽനോട്ട സമിതിയിലും അംഗമാണ്. അതിനാൽ നിരീക്ഷകനായി മറ്റു കോളേജുകളിലും എത്താനാകും. ബിടെക്കും എംടെക്കും അസോസിയേറ്റ് പ്രൊഫസറാകാൻ നിർബന്ധമാണെന്നിരിക്കെ ആരെല്ലാമാണ് ഇത്തരത്തിൽ യഥാർത്ഥ യോഗ്യതകളുമായി സ്വാശ്രയ കോളേജുകളിൽ ജോലിചെയ്യുന്നതെന്ന് കണ്ടെത്തേണ്ട സാഹചര്യമാണ് ഇതോടെ ഉണ്ടാവുന്നത്.

എട്ടുവർഷമെങ്കിലും പ്രവൃത്തി പരിചയമുള്ളവർക്കേ അസോസിയേറ്റ് പ്രൊഫസർ ആകാനാകൂ. പുതുതായി ബിടെക് കോവ്‌സിന് അംഗീകാരം ലഭിക്കാൻ ഒരു പ്രൊഫസർ, മൂന്ന് അസോസിയേറ്റ് പ്രൊഫസർമാർ, ആറ് അസിസ്റ്റന്റ് പ്രൊഫസർമാർ എന്നിവരുണ്ടാവണമെന്നാണ് നിഷ്‌കർഷ. പലപ്പോഴും കോഴ്‌സിന് അംഗീകാരം കിട്ടാനായി ഇത്തരത്തിൽ യോഗ്യതയുള്ള സ്റ്റാഫ് ഉണ്ടെന്ന് വരുത്തിത്തീർക്കുന്ന പ്രവണതയുണ്ടെന്ന് ബന്ധപ്പെട്ടവർ ആരോപിക്കുന്നു.

പരിശോധനാ സമയത്ത് യോഗ്യതയുള്ളവരെ ഹാജരാക്കി കോഴ്‌സിന് അംഗീകാരം നേടുകയും പിന്നീട് യോഗ്യതയില്ലാത്തവരെ പഠിപ്പിക്കാൻ നിയോഗിക്കുകയും ചെയ്യുന്ന സമ്പ്രദായം കാലങ്ങളായി പല കോളേജുകളിലും ഉണ്ടെന്ന ആരോപണവും ശക്തമാണ്. നെഹ്‌റു ഗ്രൂപ്പിന്റെ കോളേജുകളിൽ മറ്റൊരു ഹാക്കർ ഗ്രൂപ്പായ സൈബർ വാരിയേഴ്‌സും ഹാക്കിങ് നടത്തിയിട്ടുണ്ട്. ഇതോടെ സൈറ്റ് ഇപ്പോൾ ഡൗണാണ്. ഇപ്പോൾ ചോർത്തിയ വിവരങ്ങൾ ഇ-മെയിലായി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തതായി അവർ വിദ്യാർത്ഥികളുടെ ഫേസ്‌ബുക്ക് കൂട്ടായ്മയായ ട്രോൾ കെടിയുവിലും വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസിലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, എപ്പോഴും ഹാക്കിങ് വാർത്തകളിൽ ശ്രദ്ധനേടുന്ന മെഗാ എന്ന അധോലോക സൈറ്റിലാണ് ഇപ്പോൾ ചോർത്തപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. ഇതിന്റെ നിജസ്ഥിതി ഇപ്പോഴും വെളിവാക്കപ്പെട്ടില്ലെങ്കിലും പല കോളേജുകളിലും യോഗ്യതയില്ലാത്ത അദ്ധ്യാപകരാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ മുതലേ ആരോപണം ശക്തമായിരുന്നു. ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓരോ കോളേജിന്റെയും നിലവാരം വിലയിരുത്താനും യഥാർത്ഥ യോഗ്യതകൾ ഉള്ളവർ തന്നെയാണോ പഠിപ്പിക്കുന്നതെന്ന് വിലയിരുത്താനും നടപടിയുണ്ടാവണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP