Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആദ്യ രാത്രി സൈനബ ടീച്ചറുടെ കോട്ടക്കലിലെ വീട്ടിൽ; മധുവിധു കൊല്ലത്തും; സ്വപ്നം കാണുന്നത് വിവാദങ്ങളുടെ അകമ്പടിയില്ലാത്ത വിവാഹ ജീവിതം; സിറിയൻ റിക്രൂട്ട്മെന്റ് കെട്ടിച്ചമച്ചതെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ആവേശത്തോടെ പറഞ്ഞ് നവദമ്പതികൾ; ഹാദിയയും ഷെഫിൻ ജെഹാനും ഡബിൾ ഹാപ്പി; പ്രണയപുഷ്പങ്ങളെ ഒരുമിപ്പിച്ച ആവേശത്തിൽ പോപ്പുലർ ഫ്രണ്ടും

ആദ്യ രാത്രി സൈനബ ടീച്ചറുടെ കോട്ടക്കലിലെ വീട്ടിൽ; മധുവിധു കൊല്ലത്തും; സ്വപ്നം കാണുന്നത് വിവാദങ്ങളുടെ അകമ്പടിയില്ലാത്ത വിവാഹ ജീവിതം; സിറിയൻ റിക്രൂട്ട്മെന്റ് കെട്ടിച്ചമച്ചതെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ആവേശത്തോടെ പറഞ്ഞ് നവദമ്പതികൾ; ഹാദിയയും ഷെഫിൻ ജെഹാനും ഡബിൾ ഹാപ്പി; പ്രണയപുഷ്പങ്ങളെ ഒരുമിപ്പിച്ച ആവേശത്തിൽ പോപ്പുലർ ഫ്രണ്ടും

എംപി റാഫി

കോഴിക്കോട്: സുപ്രീംകോടതി വിവാഹം സാധുവായി പ്രഖ്യാപിച്ചതിനു പിന്നാലെ സേലത്തെ സ്വകാര്യ ഹോമിയോ മെഡിക്കൽ കോളജിലെത്തിയ ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ഹാദിയ മധുവിധു ആഘോഷിക്കാനായി നാട്ടിലെത്തിയത് പുതിയ പ്രതീക്ഷകളോടെയായിരുന്നു. വിവാദങ്ങളുടെ അകമ്പടിയില്ലാത്ത വിവാഹ ജീവിതമാണ് ഹാദിയയുടെ സ്വപ്നം. ആരോടും വെറുപ്പില്ലെന്നും തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഹാദിയയുടെ അപേക്ഷ.

ഇസ്ലാം മതം സ്വീകരിച്ച ശേഷം തനിക്ക് സംരക്ഷണം നൽകിയ വ്യുമൺസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് സൈനബ ടീച്ചറുടെ വീട്ടിലേക്കായിരുന്നു ഭർത്താവ് ഷെഫിൻ ജഹാനൊപ്പം ഹാദിയ ആദ്യമെത്തിയത്. സേലത്ത് നിന്ന് പുറപ്പെടുമ്പോൾ ഏതാനും സുഹൃത്തുക്കളും പോപ്പുലർ ഫ്രണ്ട് നേതാക്കളും ഇവരോടൊപ്പമുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ മലപ്പുറം കോട്ടക്കലിലെ സൈനബ ടീച്ചറുടെ വീട്ടിലെത്തി. ഈ സമയം നവദമ്പതികളെ സ്വീകരിക്കാനായി കോട്ടക്കലിലെ വീട് ഒരുങ്ങിക്കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്ന് കേരളത്തിലെത്തിയ നവദമ്പതികളുടെ ആദ്യ രാത്രിയും സൈനബ ടീച്ചറുടെ വീട്ടിലായിരുന്നു. മധുവിധു ആഘോഷം കൊല്ലത്തും.

ശനിയാഴ്ച അതിരാവിലെ കോഴിക്കോട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനമായ യൂണിറ്റി ഹൗസിൽ എത്തി. തനിക്ക് നൽകിയ പിന്തുണയിൽ ചെയർമാൻ ഇ.അബൂബക്കറിനെയും മറ്റ് പി.എഫ്.ഐ നേതാക്കളെയും നേരിൽ കണ്ട് നന്ദി അറിയിക്കാനായിരുന്നു ഹാദിയ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയത്. ശക്തമായ പൊലീസ് അകമ്പടിയും പി.എഫ്.ഐ പ്രവർത്തകരുടെ സാന്നിദ്ധ്യവും യൂണിറ്റി ഹൗസിലും പരിസരത്തുമുണ്ടായിരുന്നു. യാത്രാ ക്ഷീണത്തിൽ നിന്നും ഇരുവരും മുക്തരായിരുന്നില്ല. സന്ദർശകർ ഒന്നിനു പിന്നാലെ യൂണിറ്റി ഹൗസിലെത്തുന്നുണ്ടായിരുന്നു. അഭിഭാഷകരുടെ നിയന്ത്രണമുണ്ടായിരുന്നിട്ടും മറുനാടൻ മലയാളി ലേഖകനുമായി സംസാരിക്കാൻ ഇരുവരും സമയം അനുവദിച്ചു.

സേലത്തെ കോളേജിൽ ഹാദിയയെ ചെന്ന് കാണുന്നതിന് പോലും പ്രശ്നങ്ങളുണ്ടായിരുന്നു ഷെഫിന് ഇത്രയും നാൾ. കോടതി വിധിക്ക് ശേഷം ഹാദിയയെ ചെന്ന് കണ്ട ഷെഫിൻ ഭാര്യയുമൊത്ത് നാളുകൾക്ക് ശേഷം സ്വന്തം നാട്ടിലെത്തിയ സന്തോഷം ഇരുവരുടെ മുഖത്തും തെളിഞ്ഞു കാണാം. വിവാഹ ശേഷം ആദ്യമായി ഭർത്താവിന്റെ കൊല്ലത്തുള്ള വീട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഇവർ. ഈ സമയം പോപ്പുലർ ഫ്രണ്ട് പ്രസിഡന്റ് നസറുദ്ദീൻ എളമരം, അഡ്വ.കെ.സി നസീർ, സൈനബ ടീച്ചർ അടക്കമുള്ള വനിതാ നേതാക്കളും ഇവിടെയുണ്ടായിരുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഹാദിയയ്ക്ക് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്. കനത്ത സുരക്ഷയാണ് സേലത്തെ കോളേജിലും ഹോസ്റ്റലിലും ഹാദിയയ്ക്ക് ഏർപ്പെടുത്തിയിരുന്നത്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ട ശേഷം ഇരുവരും മാധ്യമങ്ങളോട് അൽപനേരം സംസാരിച്ചു. പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

ഹാദിയ വിഷയത്തിൽ തുടക്കത്തിൽ സംരക്ഷകരായി എത്തി പിന്നീട് ഉപേക്ഷിച്ചു പോയ ജമാഅത്തേ ഇസ്ലാമിയെ പരോക്ഷമായി കുത്താനും മറന്നില്ല. ഹാദിയാ കേസിലെ അനുകൂല വിധിയുടെ കുത്തകാവകാശം പോപ്പുലർ ഫ്രണ്ടിന്റേതു മാത്രമാണെന്ന് വ്യക്തമാക്കുകയായിരുന്നു യൂണിറ്റി ഹൗസ് സന്ദർശനത്തിന്റെയും ശേഷമുള്ള മാധ്യമ കൂടിക്കാഴ്‌ച്ചയിലൂടെയും വിശദമായ വാർത്താ സമ്മേളനം നാളെ കോഴിക്കോട് വെച്ച് നടക്കും

തുടക്കം മുതൽ തനിക്കൊപ്പം നിന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഒരുപാട് ജനങ്ങളും മുസ്ലിം സംഘടനകളും ഉള്ളപ്പോഴും തനിക്ക് സഹായത്തിന് ഉണ്ടായത് പോപ്പുലർ ഫ്രണ്ടാണ്. മറ്റുള്ളവരുടെ സഹായത്തിന് പരിമിതികളുണ്ടായിരുന്നു. സുപ്രീം കോടതി വരെയുള്ള നിയമസഹായത്തിന് പോപ്പുലർ ഫ്രണ്ടാണ് കൂടെ ഉണ്ടായിരുന്നതെന്നും അതിനാലാണ് സംഘടനയുടെ ചെയർമാനെ കണ്ട് നന്ദി അറിയിച്ചിതെന്നും ഷെഫിൻ ജഹാൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ഷെഫിൻ പറഞ്ഞു. സിറിയൻ റിക്രൂട്ട്‌മെന്റ് അടക്കം ഈ കേസുമായി ബന്ധപ്പെട്ട് ഒരു പാട് ആരോപണങ്ങൾ എനിക്കെതിരെ ഉണ്ടായി. ഇതിനെതിരെ നിയമ പരമായി തന്നെ നേരിടും. വിവാഹം കഴിഞ്ഞെങ്കിലും ജീവിക്കാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. കോടതി വിധിയുടെ ഈ സാഹചര്യത്തിൽ നിറഞ്ഞ സന്തോഷമുണ്ടെന്നും കൊല്ലത്തുള്ള തന്റെ വീട്ടിലും ബന്ധു വീടുകളിലും പോകുമെന്നും ഷെഫിൻ ജഹാൻ മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP