Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരപ്പനങ്ങാടിയിലെ കാരണവന്മാരും ചുടലപറമ്പുമാണ് വളർത്തിയതെന്ന് അഭിമാനത്തോടെ പറഞ്ഞ ഹംസകോയ; കാലിക്കട്ടിൽ പന്തു തട്ടുമ്പോൾ ജോലി കിട്ടിയത് വെസ്‌റ്റേൺ റെയിൽവേയിൽ; മഹാരാഷ്ട്രയുടെ ജേഴ്‌സിയിൽ സന്തോഷ് ട്രോഫി കളിച്ചത് ഏഴ് കൊല്ലം; ഇന്ത്യൻ കുപ്പായം അണിയാൻ കഴിയാത്തത് നിർഭാഗ്യം കൊണ്ടു മാത്രം; മകനെ ഗോൾകീപ്പറാക്കിയതും കാൽപ്പന്ത് കളിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട്; കോവിഡിന് കീഴടങ്ങിയ ഹംസ കോയ 80കളിലെ മിന്നും ഫുട്‌ബോൾ താരം

പരപ്പനങ്ങാടിയിലെ കാരണവന്മാരും ചുടലപറമ്പുമാണ് വളർത്തിയതെന്ന് അഭിമാനത്തോടെ പറഞ്ഞ ഹംസകോയ; കാലിക്കട്ടിൽ പന്തു തട്ടുമ്പോൾ ജോലി കിട്ടിയത് വെസ്‌റ്റേൺ റെയിൽവേയിൽ; മഹാരാഷ്ട്രയുടെ ജേഴ്‌സിയിൽ സന്തോഷ് ട്രോഫി കളിച്ചത് ഏഴ് കൊല്ലം; ഇന്ത്യൻ കുപ്പായം അണിയാൻ കഴിയാത്തത് നിർഭാഗ്യം കൊണ്ടു മാത്രം; മകനെ ഗോൾകീപ്പറാക്കിയതും കാൽപ്പന്ത് കളിയോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ട്; കോവിഡിന് കീഴടങ്ങിയ ഹംസ കോയ 80കളിലെ മിന്നും ഫുട്‌ബോൾ താരം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളം രാജ്യത്തിന് നൽകിയ മികച്ച ഫുട്‌ബോൾ കളിക്കാരിൽ ഒരാളായിരുന്നു ഹംസ കോയ. എൺപതുകളുടെ തുടക്കത്തിൽ ഇന്ത്യയിൽ നിറഞ്ഞു കളിച്ച താരം. മഹാരാഷ്ട്രയുടെ ഗോൾ വല കാത്ത മലയാളി. 80 കളിൽ രാജ്യം കണ്ട മികച്ച ഫുട്‌ബോളർക്ക് പക്ഷേ ഇന്ത്യയുടെ ജേഴ്‌സി അണിയാൻ ഭാഗ്യമുണ്ടായില്ല.

കോഴിക്കോട് സർവ്വകലാശാല ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കെയാണ് വെസ്റ്റേൺ റെയിൽവേ ഇളയേടത്ത് ഹംസക്കോയയെ റാഞ്ചുന്നത്. സന്തോഷ് ട്രോഫിയിൽ അന്നത്തെ പ്രബലരായിരുന്ന മഹാരാഷ്ട്ര ടീമിനെ 7തവണ പ്രതിനിധീകരിക്കാൻ ഈ പറിച്ചുനടൽ അദ്ദേഹത്തിന് വാതിൽ തുറന്നു കൊടുത്തു. യൂണിയൻ ബാങ്ക്, ടാറ്റാസ്, ഒർക്കേമിൽസ് തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി ഇന്ത്യ മുഴുവൻ ഈ പരപ്പനങ്ങാടിക്കാരൻ പന്തു തട്ടി.

ടൈറ്റാനിയമടക്കം കേരളത്തിലെ നിരവധി ടീമുകൾ അദ്ദേഹത്തെ തിരിച്ചു വിളിക്കാൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം നിരസിച്ചു. ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുകയായിരുന്നു സ്വപ്‌നം. ആ സ്വപ്നത്തെ കപ്പിനും ചുണ്ടിനുമിടക്കു വച്ച് രണ്ടു തവണ തട്ടിമാറ്റി. 1983 ൽ സാഫ്ഗെയ്ഡിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും, അത്തവണ ടൂർണ്ണമെന്റിന് ഇന്ത്യ ടീമിനെ അയക്കാത്തതിനാൽ കളിക്കാനായില്ല. 84 ൽ ഇന്ത്യൻ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ടീം സെലക്ഷനിൽ തഴയപ്പെട്ടു. ഇതിന് പിന്നിൽ ഗോഡ് ഫാദർമാരില്ലാത്തതായിരുന്നു കാരണം.

അദ്ദേഹത്തിന്റെ മകനായ ലിഹാസ് കോയ ചരിത്രത്തിന്റെ ഒരു കാവ്യനീതി എന്നോണം ഇന്ത്യൻ സ്‌കൂൾ ടീമിനു വേണ്ടി ചൈനയിൽ നടന്ന ഏഷ്യൻ സ്‌കൂൾസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്ത്യൻ ഗോൾവലയം കാത്തതും ചർച്ചകളിൽ എത്തി. എന്നും പരപ്പനങ്ങാടിയിലെ ഫുട്ബോൾ കാരണവന്മാരും ചുടലപറമ്പുമാണ് എന്നെ വളർത്തിയതെന്ന് വിനയത്തോടെ അഭിമാനത്തോടെ പറയുന്ന കോയാക്ക പുത്തൻ തലമുറയ്ക്ക മാതൃകയായിരുന്നു. ഈ മാതൃകയാണ് കോവിഡിൽ മായുന്നത്.

1980 കളിലെ മിന്നുന്ന താരമായിരുന്നു ഹംസക്കോയ. കാലിക്കറ്റ് സർവകലാശാല ടീമിന്റെ പ്രതിരോധ ഭടനായിരുന്നു. 1975 ൽ വെസ്റ്റേൺ റെയിൽവേയിലും പിന്നീട് യുണിയൻ ബാങ്കിലും പിന്നീട് ടാറ്റാ പോലുള്ള ക്ളബ്ബിലും കളിച്ചു. 1986 വരെ മഹാരാഷ്ട്ര സംസ്ഥാന ടീമിൽ കളിച്ചിരുന്നു. മോഹൻബഗാൻ, മുഹമ്മദൻസ്, ടാറ്റാ ടീ അടക്കമുള്ള ഇന്ത്യയിലെ പല ക്ളബ്ബുകൾക്കായും കളിച്ചിട്ടുള്ള താരമാണ്. കായിക കുടുംബമായിരുന്നു ഹംസക്കോയയുടേത്. ഭാര്യ വോളിബോൾ താരമാണ്.

10 ദിവസം മുമ്പ് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ് ഹംസക്കോയ. ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വർഷം ബൂട്ടണിഞ്ഞിട്ടുണ്ട് ഹംസക്കോയയെ തളർത്തിയത് ന്യുമോണിയാ രോഗമാണ്. പ്ലാസ്മാ തൊറോപി ചെയ്തിട്ടും ഫലമുണ്ടായില്ല. രോഗം ഗുരുതരമായപ്പോഴാണ് പ്ലാസ്മാ തൊറോപ്പിക്ക് മെഡിക്കൽ ബോർഡ് അംഗീകാരം നൽകിയത്. എന്നാൽ അതും ഈ ഫുട്‌ബോളറുടെ ജീവൻ രക്ഷിക്കാൻ സഹായകമായില്ല. ഇന്ന് പുലർച്ചെയോടെ മരിച്ചു.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി. ഹംസക്കോയയുടെ ഭാര്യ, മകൻ, മകന്റെ ഭാര്യ, രണ്ടു കൊച്ചുമക്കൾ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഹൃദ്രോഗവും ന്യുമോണിയും ഉണ്ടായിരുന്നു. കഴിഞ്ഞ 21 നാണ് ഇവർ മുംബൈയിൽ നിന്നും റോഡ് മാർഗ്ഗം മലപ്പുറത്ത് എത്തിയത്. രോഗലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 30 ാം തീയതി മുതലാണ് ശ്വാസംമുട്ടൽ തുടങ്ങിയത്. ഉടൻ തന്നെ ക്രിട്ടിക്കൽ കെയർ സെന്ററിലേക്ക് മാറ്റി. ഇതിനിടയിൽ ന്യൂമോണിയയായി മാറുകയായിരുന്നു.

രണ്ടു ദിവസം മുമ്പാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ, മകൻ, മകന്റെ ഭാര്യ, മൂന്നു വയസ്സും മൂന്നര മാസം പ്രായവുമുള്ളതുമായ മകന്റെ കുട്ടികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP