Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യഭ്രാന്ത് മൂത്ത അച്ഛന്റെ ഉപദ്രവം മൂലം പലപ്പോഴും സമനില തെറ്റുന്ന അമ്മ; സിനിമയിൽ അഭിനയിച്ചും ജോലി ചെയ്തും കാശുണ്ടാക്കി അമ്മയെ നോക്കാൻ വാടകയ്ക്ക് വീടെടുത്തു; കോളേജിലേക്ക് പോയി കഴിയുമ്പോൾ അമ്മയും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും; പള്ളിക്കാർ അവളെ പഠിപ്പിച്ചപ്പോൾ അവൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാർ അധിക്ഷേപിച്ച ഹനാനയുടെ ജീവിതം ക്രൂരതകൾ നിറഞ്ഞത്

മദ്യഭ്രാന്ത് മൂത്ത അച്ഛന്റെ ഉപദ്രവം മൂലം പലപ്പോഴും സമനില തെറ്റുന്ന അമ്മ; സിനിമയിൽ അഭിനയിച്ചും ജോലി ചെയ്തും കാശുണ്ടാക്കി അമ്മയെ നോക്കാൻ വാടകയ്ക്ക് വീടെടുത്തു; കോളേജിലേക്ക് പോയി കഴിയുമ്പോൾ അമ്മയും എങ്ങോട്ടെങ്കിലും ഇറങ്ങി പോകും; പള്ളിക്കാർ അവളെ പഠിപ്പിച്ചപ്പോൾ അവൾ മറ്റുള്ളവരെ പഠിപ്പിക്കുന്നു; സോഷ്യൽ മീഡിയയിലെ സദാചാര പൊലീസുകാർ അധിക്ഷേപിച്ച ഹനാനയുടെ ജീവിതം ക്രൂരതകൾ നിറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആരാണ് ഹനാൻ. ജീവിക്കാൻ വേണ്ടി മീൻ കച്ചവടത്തിനിറങ്ങിയ ഈ ഡിഗ്രിക്കാരിക്ക് പിന്നിലെ കഥ സിനിമയെ വെല്ലുന്നതാണ്. ദുരിതങ്ങൾ മാത്രം നിറഞ്ഞ കഥ. 'എന്റെ മകൾ പറയുന്നത് സത്യമാണ്. അവൾ കള്ളിയല്ല. കൊച്ചുന്നാൾ മുതൽ അവൾ കഷ്ടപ്പെട്ടാണ് എന്നെ നോക്കുന്നത്'-അമ്മയുടെ വാക്കുകളിൽ തന്നെ ഹനാന്റെ കഥയുടെ രത്‌നചുരുക്കമുണ്ട്. ഡബിങ് ആർട്ടിസ്റ്റായതും മീൻ കച്ചവടക്കാരിയായതും ജൂനിയർ ആർട്ടിസ്റ്റായതുമെല്ലാം ഈ അമ്മയുടെ കണ്ണീരൊപ്പാനായിരുന്നു. സുഖസുന്ദരമായ ഹനാന്റെ ജീവിതത്തിലേക്ക് ദുരിതമെത്തിക്കുന്ന അച്ഛന്റെ അമിത മദ്യപാനമാണ്. മദ്യലഹരിയിൽ ഭർത്താവിന്റെ മർദ്ദനമേറ്റ് മാനസികാരോഗ്യം നഷ്ടപ്പെട്ട ഉമ്മയ്ക്ക് വേണ്ടിയാണ് കൊച്ചു നാളിലേ ഈ മിടുക്കി ജീവിതം കരുപിടിപ്പിക്കാൻ മീൻ കച്ചവടത്തിനെത്തിയത്.

ആലുവ ശിവരാത്രി നാളിൽ മണപ്പുറത്ത് കപ്പ പുഴുങ്ങിയത് വിൽപ്പന നടത്താനെത്തിയത് ജീവിത പ്രാരാബ്ദം മൂലമാണ്. അവിടെ പോയപ്പോഴാണ് കുൽക്കി സർബത്ത് വിൽപ്പനയ്ക്കെത്തിയ ബാബുവെന്ന ആളെ പരിചയപ്പെടുന്നത്. പിന്നെ രണ്ടു പേരും ഒരുമിച്ച് ബജി കച്ചവടം. പിന്നീടാണ് ബാബുവുമായി കളമശേരിയിൽ മീൻ കച്ചവടത്തിലേക്ക് തിരിഞ്ഞത്. കച്ചവടം ലാഭമാണെന്ന് കുട്ടിക്ക് മനസ്സിലായി. ഇതുകൊണ്ട് ആ മേഖലയിൽ തന്നെ ഉറച്ചു നിൽക്കാൻ തീരുമാനിച്ചു.

ഇതിനൊപ്പം പഠനം. സഹോദരനേയും പഠിപ്പിക്കണം. തനിക്ക് ചുറ്റുമുള്ളവരേയും മറന്നില്ല. പാവപ്പെട്ടവർക്കെല്ലാം താങ്ങും തണലുമായി. ഇതിനിടെയിലും ഉമ്മയായിരുന്നു ഹനാന് പ്രധാനം. ഉമ്മയ്ക്ക് വേണ്ടിയായിരുന്നു ജീവിതം. സിനിമയെ പോലും വെല്ലുന്ന ജീവിത യാഥാർത്ഥ്യങ്ങളുമായി പൊരുതി ജൂനിയർ ആർട്ടിസ്റ്റായും അവൾ വേഷപകർച്ച നടത്തി. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് സോഷ്യൽ മീഡിയക്കാരുടെ കടന്നാക്രമണം.

ആലുവയിൽ വാടക വീടെടുത്ത് ഉമ്മയുമായിട്ടായിരുന്നു കൊച്ചിയിലെത്തിയപ്പോൾ ഹനാന്റെ താമസം. കളമശ്ശേരിയിലെ മീൻ കച്ചവടത്തിന് ബാബുവിന്റെ സഹായിയായി ഒരാളുകൂടി ഉണ്ടായിരുന്നു. പെരുമാറ്റം മോശമായതോടെ കച്ചവടം നിർത്തി. ഇനി മീൻ കച്ചവടം ഒറ്റയ്ക്ക് മതിയെന്ന് ഹനാൻ തീരുമാനിച്ചു. അങ്ങനെയാണ് തമ്മനത്തേക്ക് എത്തുന്നത്. വീടൊഴിഞ്ഞ് കുസാറ്റിനടുത്ത് മറ്റൊരു വീടെടുത്തു.

അവിടെ വാടക കൂടുതലായതിനാൽ തുടരാനായില്ല. ഉമ്മയുമായി അങ്ങനെയാണ് മാടവനയിൽ വീടെടുക്കുന്നത്. എന്നും ഈ കുട്ടിക്ക് താങ്ങും തണലുമായി നിന്നത് കലാഭവൻ മണിയായിരുന്നു. മണിയുടെ സ്റ്റേജ് ഷോകളിൽ ഹനാൻ പിന്നെ അംഗമായി. ജൂനിയർ ആർട്ടിസ്റ്റായി. ഡബ്ബിങ് ആർട്ടിസ്റ്റായി. കൊച്ചിയിലെ കോൾ സെന്ററിലെ ജോലിക്കിടെ നിരന്തരമായ ഇയർ ഫോൺ ഉപയോഗം ഉണ്ടാക്കിയ ചെവി വേദന വിട്ടുമാറാതായി. കലാഭവൻ മണിയാണ് അവളെ കോതമംഗലത്തെ ഡോക്ടർക്കരികിലെത്തിച്ച് ചികിത്സ നടത്തിച്ചത്. മണിയുടെ മരണത്തോടെ അതും തീർന്നു. എന്നാൽ ഇതൊന്നും ഈ കുട്ടിയെ തളർത്തിയില്ല. ഇത് ഹനാനെ അറിയാവുന്നവർക്ക് പുറത്തു പറയാനും മടിയില്ല.

ഓർമ്മകളിലേക്ക് മടങ്ങിയെത്തുമ്പോൾ ഹനാന്റെ അമ്മയും എല്ലാം ഓർത്തെടുക്കും. 'കുഞ്ഞിലേ തുടങ്ങിയതാണ് അവളുടെ ദുരിതം. ആരൊക്കെയോ ചേർന്ന് ഇല്ലാതാക്കാൻ നോക്കുകയാണ്, അവളാണെനിക്കെല്ലാം. എന്നെ നോക്കുന്നതും എനിക്ക് ഉണ്ണാനും ഉടുക്കാനും തരുന്നതെല്ലാം അവൾ കഷ്ടപ്പെട്ടാണ്.എല്ലാരും പറയുന്നു എനിക്ക് ഭ്രാന്താണെന്ന്. എനിക്ക് ഭ്രാന്താണോ'ഹനാന്റെ ഉമ്മ സുഹറാ ബീവിയുടെ ചോദ്യത്തിൽ തന്നെയുണ്ട് എല്ലാം. തൃശൂരിലെ കേരള സാഹിത്യ അക്കാദമി മുറ്റത്താണ് രണ്ട് ദിവസമായി ഹന്നയുടെ ഉമ്മ. ഈ ഗതിക്ക് കാരണം അച്ഛന്റെ മദ്യപാനമാണ്. ബിസിനസിലെ നഷ്ടങ്ങൾക്ക് കാരണമായ മദ്യം പിതാവിനെ ദുഷ്ടനാക്കി മാറ്റുകയായിരുന്നു പിന്നീട്. ഒരു ദിവസം രാത്രി മുറിക്കകത്തിരുന്ന ഫാനിന്റെ ഹാൻഡിൽ കൊണ്ട് അച്ഛൻ ഉമ്മയുടെ തലയ്ക്കടിച്ചു. അവിടെ തകർന്നത് ഹന്നയുടെ ജീവിതമാണ്.

ഏറെകാലത്തെ ആശുപത്രിയിൽ നിന്നിറങ്ങിയപ്പോൾ ഉമ്മയുടെ ഓർമ്മയും മങ്ങി. ഉമ്മയെ ഒപ്പം നിർത്താനാണ് ഹനാൻ എന്നും ആഗ്രഹിച്ചത്. ഉമ്മയെ സഹോദരൻ കൂടെ കൂട്ടിയതോടെ ഹനാന് പഠനത്തിലേക്കും ജോലിയിലേക്കും തിരിയാനായി. എങ്കിലും ഉമ്മയുടെ കാര്യങ്ങളോർത്ത് തനിച്ചൊരു വീടെടുത്ത് താമസിക്കാൻ അവൾ തീരുമാനിച്ചു. വൈറ്റിലയിലെ കുട്ടുകാരിയുടെ അയൽക്കാരൻ വഴിയാണ് തൃശൂരിലെ മാടവനയിൽ വാടക വീടൊപ്പിച്ചത്.

പിന്നീട് ഉമ്മയെ തൃശൂരിലെ കൂർക്കഞ്ചേരിയലെത്തിച്ചു. പക്ഷേ വീട്ടിൽ നിന്ന് ഇടയ്ക്കിടയ്ക്ക് ഇവർ ഇറങ്ങി പോകും. അങ്ങനെയാണ് ഇപ്പോൾ തൃശൂരിലെ സാഹിത്യ അക്കാഡമി പരിസരത്ത് എത്തിയത്. ഇവിടെ എത്തിയപ്പോഴാണ് മകളെ വിവാദങ്ങളിൽ കുടുക്കിയത് അറിയുന്നത്. സോഷ്യൽ മീഡിയയെ കുറിച്ച് ഈ അമ്മയ്ക്ക് ഒന്നും അറിയില്ല. പക്ഷേ മകളെ തെറ്റുകാരിയാക്കുന്നവരോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് അവർ.

'വീട്ടിൽ നിന്ന് ഒരിടത്തും പോകരുതെന്ന് പറഞ്ഞാണ് അവൾ എന്നെ ഇവിടെ ആക്കിയിട്ടുള്ളത്. തനിച്ചെന്തോരം ഒരാൾക്കിരിക്കാൻ പറ്റും?. ഇവിടെയൊക്കെ വന്നാൽ നിങ്ങളെയെല്ലാം കാണാല്ലോ. സുഹറ ബീവി ആർക്കും ദ്രോഹമാകില്ല. സ്വന്തമായി വീടൊന്നുമില്ല, വീടൊക്കെ വീതം വച്ചപ്പോൾ തന്നെ ഇല്ലാതായി. എനിക്കും മോൾക്കും ഒന്നും തന്നില്ല. അവൾ ചെയ്യാത്ത പണികളൊന്നുമില്ല. മീൻ വിറ്റത് ആണോ ഇപ്പോ പ്രശ്നം. പിന്നെ അവളെന്ത് ചെയ്യണം?-ഓർമ്മയുടെ തുരുത്തിലിരുന്നുള്ള അമ്മയുടെ ഈ ചോദ്യത്തിലുണ്ട് ആ കുട്ടിയുടെ കഷ്ടപാടെല്ലാം. 'അവൾക്ക് പാട്ടും ഡാൻസും ഒക്കെ ഇഷ്ടമാണ്. സ്‌കൂളീന്നൊക്കെ സമ്മാനം കിട്ടാറുണ്ട്-അമ്മ പറയുന്നു.

തൃശൂരിലെ കേച്ചേരിയിൽ ആയിരുന്നു ഹനാന്റെ പഠനം. പള്ളിക്കാരാണ് പഠിപ്പിച്ചത്. പഠിക്കാൻ പോകുന്നതിനിടയിലും അവൾ വേറെ കുട്ടികളെ പഠിപ്പിച്ചിരുന്നു. ഇന്നും അത് ചെയ്യുന്നു. തൃശൂരിലെ സാഹിത്യ അക്കാദമി പരിസരം ഹനാന്റെ ഒഴിവുകാല കേന്ദ്രങ്ങളിലൊന്നാണ്. ഹനാൻ ഒരുപാട് കഷ്ടപ്പെടുന്ന കുട്ടിയാണെന്ന് സംവിധായകൻ പ്രിയനന്ദനനും പറയുന്നു.

ലോകം പെരുന്നാളാഘോഷിക്കുന്ന നേരത്ത് ഹനാൻ ഉണ്ണാനൊന്നുമില്ലാതെ ക്ഷീണിതയായി തളർന്നുറങ്ങുകയായിരുന്നുവെന്ന് ഹനാന്റെ അയൽകാരും തുറന്നു പറയുന്നു. ഇത് മനസ്സിലാക്കിയാണ് രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയൻ സംവിധാനം ചെയ്ത് സൗബിൻ നായകനാകുന്ന അരക്കള്ളൻ മുക്കാൽക്കള്ളൻ എന്ന ചിത്രത്തിലും അഭിനയിക്കാൻ ഹനാന് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇതിന് പുറമെ വൈറൽ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ട്. നൗഷാദ് ആലത്തൂർ, അസീഫ് ഹനീഫ് എന്നിവരാണ് ഈ ചിത്രങ്ങൾ നിർമ്മിക്കുന്നത്. ഇതിന് പുറമെ പ്രണവ് മോഹൻലാൽ നായകനാകുന്ന അരുൺ ഗോപി ചിത്രത്തിലും ഹനാൻ വേഷമിടും. ഉപജീവനത്തിനുവേണ്ടി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന വിദ്യാർത്ഥിനി ഹനാനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതോടെയാണ് വാർത്ത ലോകമറിയുന്നത്.

തൊടുപുഴ അൽ അസർ കോളജിലെ രസതന്ത്രം മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ഹനാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം സമ്പാദിച്ചിരുന്നത്. മുൻപു സിനിമകളിൽ ചില ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഹനാനു പലരും പുതിയ റോളുകൾ വാഗ്ദാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP