Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുമ്മനത്തിന് പണം നൽകുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുടുംബം; അയ്യപ്പന്റെ ഉറക്ക് പാട്ട് എഴുതിയ ജാനകിയമ്മയുടെ മകളെ എത്തിക്കുന്നത് ശബരിമല വിഷയം ആളിക്കത്തിക്കാൻ തന്നെ; സിപിഎം നേതാവ് പത്മകുമാറിന്റെ കുടുംബത്തിന്റെ പിന്തുണ ചർച്ചയാക്കാൻ ഉറച്ച് ബിജെപി; കുമ്മനം രാജശേഖരന്റെ പത്രികാ സമർപ്പണത്തിൽ നിറയുന്നത് ഹരിവരാസനം

കുമ്മനത്തിന് പണം നൽകുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കുടുംബം; അയ്യപ്പന്റെ ഉറക്ക് പാട്ട് എഴുതിയ ജാനകിയമ്മയുടെ മകളെ എത്തിക്കുന്നത് ശബരിമല വിഷയം ആളിക്കത്തിക്കാൻ തന്നെ; സിപിഎം നേതാവ് പത്മകുമാറിന്റെ കുടുംബത്തിന്റെ പിന്തുണ ചർച്ചയാക്കാൻ ഉറച്ച് ബിജെപി; കുമ്മനം രാജശേഖരന്റെ പത്രികാ സമർപ്പണത്തിൽ നിറയുന്നത് ഹരിവരാസനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിലും ചർച്ചയാക്കുന്നത് ശബരിമല വിഷയം തന്നെ. കുമ്മനം നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഹരിവരാസനം രചിച്ച കൊന്നനാകത്ത് ജാനകിയമ്മയുടെ മകൾ ബാലാമണിയമ്മയാണ് കുമ്മനത്തിന് കെട്ടി വെക്കാനുള്ള പണം നൽകുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ കുടുംബത്തിലെ കാരണവരാണ് ബാലാമണിയമ്മ. പത്മകുമാറിന്റെ മാതാവിന്റെ പിതൃസഹോദരിയാണ് കോന്നകത്ത് ജാനകിയമ്മ. പത്മകുമാറും അഭിമാനത്തോടെ ഈ കുടുംബ ബന്ധം പറയാറുണ്ട്. ശബരിമലയിലെ വിശ്വാസ സംരക്ഷണം ചർച്ചയാക്കാനാണ് ജാനകിയമ്മയുടെ കുടുംബത്തിൽ നിന്ന് കുമ്മനം തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള പണം വാങ്ങുന്നത്.

കവടിയാർ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പ്രകടനമായാണ് പത്രിക സമർപ്പിക്കാൻ കുമ്മനം പോവുക. ഉച്ചയ്ക്ക് 12നും ഒരു മണിക്കും ഇടയിലാകും പത്രികാ സമർപ്പണം. ബിജെപിക്ക് കേരളത്തിൽ ഏറെ അനുകൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ശബരിമല സമരം തിരഞ്ഞെുപ്പിൽ ഗു?ണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നിങ്ങനെ മൂന്ന് സീറ്റുകളാണ് ഇത്തവണ കേരളത്തിൽ ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് ഇത്തവണ വിജയത്തിൽ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. പലതവണയായി വഴുതിപ്പോയ മണ്ഡലത്തിൽ ഇത്തവണ കുമ്മനം രാജശേഖരന്റെ വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇതിന് വേണ്ടിയാണ് ശബരിമല വിഷയം സജീവമാക്കി നിർത്തുന്നത്.

ഹരിവരാസനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇപ്പോഴും സജീവമാണ്. ജാനകിയമ്മയാണ് ഹരിവരാസനം രചിച്ചതെന്ന വാദവുമായി 2007-ൽ അവരുടെ ചെറുമകൻ എത്തുകയായിരുന്നു. പ്രശസ്ത പത്രപ്രവർത്തകൻ എം. ശിവറാമിന്റെ സഹോദരിയായിരുന്നു ജാനകിയമ്മ. 1923-ലാണ് കൃതി രചിച്ചതെന്നാണ് അവരുടെ അവകാശവാദം. 1930 മുതൽ തന്നെ ഭജനസംഘക്കാർ ഈ പാട്ടു പാടി മലകയറിയിരുന്നെന്നും അവർ അവകാശപ്പെടുന്നു. ജാനകിയമ്മയുടെ കൊച്ചുമകനായ പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായതോടെയാണ് ചർച്ചകൾക്ക് വീണ്ടും തുടക്കമാകുന്നത്. 1975-ൽ ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'സ്വാമി അയ്യപ്പൻ' സിനിമ പുറത്തിറങ്ങിയതോടെയാണ് 'ഹരിവരാസനം' ആസ്വാദക ശ്രദ്ധയാകർഷിച്ചത്.

ദേവരാജന്റെ സംഗീതവും യേശുദാസിന്റെ ശബ്ദവും ചേർന്ന് ഈ വരികൾക്ക് നാദരൂപം കൈവന്നു. എന്നാൽ അതിനും മുമ്പുതന്നെ ശബരിമലയിൽ അത്താഴപൂജയ്ക്കുശേഷം നടയടയ്ക്കുംമുമ്പായി ഉടുക്കുകൊട്ടി പാടുന്ന കീർത്തനമായി ഈ വരികൾ മാറിയിരുന്നു. ശബരിമലയിലെ അവസാനത്തെ വെളിച്ചപ്പാടായിരുന്ന അനന്തകൃഷ്ണയ്യരുടെ മകളാണ് ശാസ്താംകോട്ട മനക്കര മേച്ചിറയിൽവീട്ടിൽ ജാനകിയമ്മ.തികഞ്ഞ അയ്യപ്പഭക്തയായ അവർ ഗർഭിണിയായിരക്കെ തന്റെ മുപ്പതാം വയസ്സിലെഴുതിയ 'ഹരിവരാസനം വിശ്വമോഹനം' എന്ന് തുടങ്ങുന്ന കീർത്തനം കാണിക്കയായി ശബരിമലനടയ്ക്കുവയ്ക്കാൻ അച്ഛന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നെന്ന് മകൾ ബാലാമണിയമ്മ പറയുന്നു.

കാണിക്കയായതിനാൽ സ്വന്തം പേര് എഴുതിച്ചേർത്തില്ല. പിറന്ന കുഞ്ഞിന് അയ്യപ്പൻ എന്ന് ജാനകിയമ്മ പേരിടുകയും ചെയ്തു. ഇതിനിടെ പുറക്കാട് ക്ഷേത്രത്തിലെ ഭജനസംഘവും 'കല്ലട സംഘ'വുമൊക്കെ ഈ പാട്ട് ജാനകിയമ്മയിൽനിന്ന് പകർത്തിയെടുത്ത് പല താളങ്ങളിൽ പാടി.1963-ൽ തിരുവനന്തപുരം ജയചന്ദ്രാ ബുക്ക് ഡിപ്പോയിൽനിന്ന് ഇറങ്ങിയ കീർത്തന സമാഹാരത്തിലാണ് 'ഹരിഹരാത്മജാഷ്ടകം' എന്ന തലക്കെട്ടിൽ ഈ കീർത്തനം ആദ്യമായി അച്ചടിച്ചത്.

ഇതിൽ സമ്പാദകൻ എന്നാണ് കമ്പക്കുടി കുളത്തൂർ അയ്യരുടെ പേര് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് സമ്പാദകൻ എങ്ങിനെയോ കർത്താവായി മാറിയതാകാമെന്ന് ജാനകിയമ്മയുടെ ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ ശബരിമലയുമായി ഏറെ അടുപ്പമുള്ള കുടുംബമാണ് കോമലഴേത്ത് ജാനകിയമ്മയുടെത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP