Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം; ചാത്തന്നൂരിൽ നിന്ന് പമ്പാ സ്‌പെഷ്യൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു; കോഴിക്കോട് കെഎസ്ആർടിസി സർവീസ് നടത്തുന്നത് കനത്ത പൊലീസ് കാവലിൽ; പാലക്കാട് ഡിപ്പോയിൽ ബസിന്റെ പുറക് വശത്ത് ടയറിൽ അജ്ഞാതർ പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഹർത്താലിൽ വിറച്ച് കേരളം

സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം; ചാത്തന്നൂരിൽ നിന്ന് പമ്പാ സ്‌പെഷ്യൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു; കോഴിക്കോട് കെഎസ്ആർടിസി സർവീസ് നടത്തുന്നത് കനത്ത പൊലീസ് കാവലിൽ; പാലക്കാട് ഡിപ്പോയിൽ ബസിന്റെ പുറക് വശത്ത് ടയറിൽ അജ്ഞാതർ പെട്രോൾ ഒഴിച്ച് തീ കൊളുത്തി: ഹർത്താലിൽ വിറച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഹർത്താലിൽ വിറച്ച് കേരളം. സംസ്ഥാനത്ത് ഉടനീളം വ്യാപക അക്രമണമാണ് നടക്കുന്നത്. കെഎസ്ആർടിസി ബസുകൾക്ക് നേരെ സംസ്ഥാനത്തുട നീളം വ്യാപക ആക്രമണമാണ്. ശബരിമല കർമസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉച്ചയാകുമ്പോൾ വൻ നാശനഷ്ടമാണ് കെഎസ്ആർടിസിക്ക് വരുത്തി വെച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആർടിസി ബസുകൾക്കു നേരെ അക്രമികൾ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആർടിസി ബസിനു നേരെ അക്രമമുണ്ടായത്.

നിലക്കലിൽ മാത്രം 13 കെഎസ്ആർടിസി ബസുകൾക്കാണ് ആക്രമണത്തില് നാശനഷ്ടം ഉണ്ടായത്. കേരളത്തിലുട നീളം 33ഓളം ബസുകൾക്കാണ് ഇതുവരെ നാശനഷ്ടം സംഭവിച്ചത്. ഇതോടെ പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സർവീസ് നടത്താനാകൂ എന്നു ജീവനക്കാർ അറിയിച്ചു. ഇതേത്തുടർന്നു സർവീസ് നിർത്തി. കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് സർവീസിന് കനത്ത പൊലീസ് കാവലുണ്ട്. ചാത്തന്നൂരിൽനിന്ന് പമ്പാ സ്‌പെഷൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു. അടൂർ ഡിപ്പോയിലെ ബസ് കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് പാറയ്ക്കൽ എന്ന സ്ഥലത്തു വച്ച് കല്ലേറു കൊണ്ടു.

പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നെരെ വ്യാപക ആക്രമണമാണ്. പാലക്കാട് ഡിപ്പോയിലെ RAE 431 ഓർഡിനറി ബസിന് ആക്രമികൾ തീകൊളുത്തി. ഡിപ്പോക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ബസിന്റെ പുറക് വശത്ത് ടയറിൽ അജ്ഞാതർ പെട്രോൾ ഒഴിച്ച് തീ കൊളുത്തിുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യൂണിറ്റോഫീസർ കൃത്യ സമയത്ത് വിവരം അറിയിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ നാശനഷ്ടങ്ങൾ 'ഉണ്ടാകാതെ തീ അണയ്ക്കാൻ കഴിഞ്ഞു. മണ്ണാർക്കാട് ഡിപ്പോയിലെ RSE 560 S/FP ശക്തികുളങ്ങര വച്ചുണ്ടായ കല്ലേറിൽ ചില്ലുകൾ പൊട്ടി.

കോട്ടയത്തും പത്തനംതിട്ടയിലും അടൂരും ഗുരുവായൂരുമെല്ലാം കെഎസ്ആർടിസി ബസുകൾ ആക്രമികൾ തല്ലിത്തകർത്തു. അതേസമയം, കഴിഞ്ഞദിവസം പമ്പയിലും നിലയ്ക്കലിലുമുണ്ടായ അക്രമത്തിൽ 300 പേർക്കെതിരെ കേസെടുത്തു. 16 കേസുകളാണു രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വറിനും പ്രയാർ ഗോപാലകൃഷ്ണനുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രാഥമികമായി രജിസ്റ്റർ ചെയ്ത കേസുകളാണെന്നും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നിരോധനാജ്ഞയെത്തുടർന്നു ശബരിമലയിൽ സുരക്ഷ ശക്തമാക്കി. പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.

അതേസമയം പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് മലകയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി നാരായണൻ, കെഎപി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് കെ ജി സൈമൺ, പൊലീസ് ആസ്ഥാനത്തെ സ്‌പെഷ്യൽ സെൽ എസ്‌പിവി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണർ ആർ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്‌പിമാർ, നാല് ഡിവൈഎസ്‌പിമാർ, ഒരു കമാൻഡോ ടീം എന്നിവരെ ഉടൻതന്നെ ഇവിടെ നിയോഗിക്കും. സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സിഐമാർ, 33 എസ്ഐമാർ, വനിതകൾ ഉൾപ്പെടെ 300 പൊലീസുകാർ എന്നിവരെയും ഉടൻതന്നെ നിയോഗിക്കും. കൂടാതെ ലോക്കൽ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിന് ബിജെപി പിന്തുണ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹർത്താൽ പൂർണ്ണമാകുമെന്നാണ് കരുതുന്നത്. അതേസമയം ഹർത്താലിനെ പിന്തുണയ്ക്കുന്നില്ലെന്ന് യുഡിഎഫ് അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട ഇന്നലെ തുറന്നതോടെ പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ ഇന്ന് കാര്യമായ പ്രതിഷേധക്കാരെ ഒന്നും ശബരിമലയിൽ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഭക്തർ ശബരിമലയിലേക്ക് രാവിലെ തന്നെ എത്തി തുടങ്ങിയിട്ടുണ്ട്.

ഇന്നലെ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് നടത്തിവന്ന എട്ട് ബസ്സുകൾ അടക്കമുള്ളവയാണ് എറിഞ്ഞു തകർത്തത്. ഇതോടെ പമ്പ - നിലയ്ക്കൽ ചെയിൻ സർവീസ് രാത്രിയോടെ നിലച്ചു. അതിനുശേഷം ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് നിലയ്ക്കലിലേക്ക് നടന്നു പോകേണ്ടിവന്നു. രാത്രി വൈകിയാണ് ബസ് സർവീസ് പുനരാരംഭിച്ചത്. കെ.എസ്.ആർ.ടി.സി ബസ്സുകൾക്ക് പുറമെ പൊലീസ് ജീപ്പുകൾക്കുനേരെയും വ്യാപക കല്ലേറുണ്ടായി. നിലയ്ക്കലിൽ കല്ലേറിനെത്തുടർന്ന് പൊലീസ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കേറ്റു.

അതേസമയം സംഘർഷസാധ്യത കണക്കിലെടുത്തു പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിൽ പത്തനംതിട്ട കലക്ടർ വ്യാഴാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി 12 വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള പ്രതിഷേധങ്ങളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നു കലക്ടർ വ്യക്തമാക്കി. പൊലീസ് നടപടിക്കെതിരെ ശബരിമല കർമസമിതി വ്യാഴാഴ്ച നടത്തുന്ന ഹർത്താലിനു ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) പിന്തുണ പ്രഖ്യാപിച്ചു. ഹർത്താൽ തികച്ചും സമാധാനപരമായിരിക്കണം എന്ന് എൻഡിഎ ചെയർമാൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണു ഹർത്താൽ. നിലയ്ക്കലിൽ ബുധനാഴ്ച പലതവണ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. സമരക്കാർ നിർത്താതെ കല്ലെറിഞ്ഞതോടെ പൊലീസും തിരിച്ചെറിഞ്ഞു. മാധ്യമങ്ങളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ തകർത്തു.

മൂന്ന് പൊലീസുകാർക്കും അഞ്ച് പ്രതിഷേധക്കാർക്കും ഗുരുതര പരുക്കേറ്റു. അയ്യപ്പ ധർമസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്ത് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. അതേസമയം, അക്രമം കാട്ടിയത് അയ്യപ്പഭക്തരാണെന്നു ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. അയ്യപ്പഭക്തരുടെ പ്രവൃത്തിയുടെ ഉത്തരവാദിത്തം ബിജെപിക്കും ആർഎസ്എസിനുമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ന്യൂസ്18, റിപ്പബ്ലിക് ടിവി, ഇന്ത്യ ടുഡെ തുടങ്ങിയ മാധ്യമങ്ങളുടെ സംഘങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. വാഹനങ്ങൾ അടിച്ചുതകർത്തു. വനിതാ മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. ന്യൂസ്18 റിപ്പോർട്ടർ പൂജ പ്രസന്ന എത്തിയ കാർ തകർത്തു. ദ് ന്യൂസ്മിനിറ്റ് റിപ്പോർട്ടർ സരിതയെ ബസിൽനിന്ന് ഇറക്കിവിട്ടു. കെഎസ്ആർടിസി ബസിനു നേരെയും കല്ലേറുണ്ടായി. കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങൾ സമരക്കാർ പരിശോധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP