Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്മ കൊണ്ടു വരുന്ന ചോറും ചമ്മന്തിയും തൈരും ഏറെ പ്രിയം; ഇരുമ്പഴിക്കപ്പുറത്ത് നിന്ന് വാരിക്കൊടുത്താൽ സ്‌നേഹത്തോടെ കഴിക്കും; വിഷമം വരുന്നത് അമ്മ കരയുന്നത് കണ്ടാൽ; സങ്കടമേറെയുണ്ടെങ്കിലും മകനെ അമ്മ വീട്ടിലെ തടവറയ്ക്കുള്ളിൽ പൂട്ടിയിട്ടിട്ട് എട്ടുവർഷം; തനിയെ ചിരിയും പാട്ടുമായി തുടങ്ങിയ രോഗത്തിന് മറുമരുന്നില്ലാതെ വന്നതോടെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ട് ഈ 38 കാരൻ; മകനൊപ്പം കഴിയാൻ സ്വന്തമായി ഒരു വീട് മാത്രം മോഹിക്കുന്ന ഗോമതിയുടെ സങ്കടം കേട്ടാൽ നെഞ്ചുപിളരും

അമ്മ കൊണ്ടു വരുന്ന ചോറും ചമ്മന്തിയും തൈരും ഏറെ പ്രിയം; ഇരുമ്പഴിക്കപ്പുറത്ത് നിന്ന് വാരിക്കൊടുത്താൽ സ്‌നേഹത്തോടെ കഴിക്കും; വിഷമം വരുന്നത് അമ്മ കരയുന്നത് കണ്ടാൽ; സങ്കടമേറെയുണ്ടെങ്കിലും മകനെ അമ്മ വീട്ടിലെ തടവറയ്ക്കുള്ളിൽ പൂട്ടിയിട്ടിട്ട് എട്ടുവർഷം; തനിയെ ചിരിയും പാട്ടുമായി തുടങ്ങിയ രോഗത്തിന് മറുമരുന്നില്ലാതെ വന്നതോടെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ട് ഈ 38 കാരൻ; മകനൊപ്പം കഴിയാൻ സ്വന്തമായി ഒരു വീട് മാത്രം മോഹിക്കുന്ന ഗോമതിയുടെ സങ്കടം കേട്ടാൽ നെഞ്ചുപിളരും

ആർ പീയൂഷ്

തിരുവനന്തപുരം: സ്വന്തം മകനെ ഒരമ്മ വീട്ടിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ പൂട്ടിയിട്ടിട്ട് എട്ട് വർഷം. കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമുള്ളവർ വട്ടപ്പാറയ്ക്ക് സമീപമുള്ള പേഴുംമൂട് പിലാത്തറയിലെ മുക്കം പാലവിള വീട്ടിൽ വരെ പോകണം. വീട്ടിനുള്ളിലെ തടവറയിൽ കിടക്കുന്ന 38 കാരന്റെ ദയനീയാവസ്ഥ കണ്ടാൽ നിങ്ങളുടെ ഹൃദയം നുറുങ്ങും. ആ അമ്മയുടെ സങ്കടം കേട്ടാൽ നെഞ്ചു പിളരും. നെടുമങ്ങാട് താലൂക്കിലെ കരകുളം പഞ്ചായത്തിലെ താമസക്കാരിയായ ഗോമതിയുടെ മകനായ വിനോദിനെയാണ് വീടിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ അടച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ 21 വർഷമായി മാനസിക രോഗിയാണ് വിനോദ്. അക്രമാസക്തനായതു കൊണ്ടാണ് വിനോദിനെ അമ്മ പൂട്ടിയിട്ടിരിക്കുന്നത്. സ്വന്തമായി വീടില്ലാത്ത ഗോമതിയും മകൻ വിനോദും ഒരു വാടക വീട്ടിലാണ് കഴിയുന്നത്.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മകന് സുഖമില്ലാതാകുന്നത് എന്ന് ഗോമതി
പറയുന്നു. ആദ്യമൊന്നും വലിയ കുഴപ്പമില്ലായിരുന്നു. എന്നാൽ പതിനാലു വയസ്സായപ്പോഴേക്കും അസുഖം കൂടി. അസുഖം കൂടിയതോടെ ചികിത്സയ്ക്കായി ഉണ്ടായിരുന്നു രണ്ടു സെന്റ് സ്ഥലം വിറ്റു. ശാസ്തമംഗലത്തെ ആശുപത്രിയിലായിരുന്നു ചികിത്സ. പക്ഷേ ഒരു ഫലവുമുണ്ടായില്ല. അവിടെ ചികിത്സിച്ച് പണമൊക്കെ തീർന്നതോടെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ട്‌പോയി. 1997 മുതൽ ഇന്നുവരെയും അവിടെയാണ് ചികിത്സിക്കുന്നത്. എന്ന് അവർ പറഞ്ഞു.

ആദ്യമായി രോഗലക്ഷണം കണ്ടു തുടങ്ങുന്നത് തനിച്ച് സംസാരിക്കുന്നതായി ശ്രദ്ധയിൽ പെട്ടപ്പോഴാണ്. പ്രായത്തിൽ മുതിർന്ന ആളുകളുമായിട്ടായിരുന്നു ചങ്ങാത്തം. തനിയെ ചിരിയും പാട്ടും പിന്നെ ഉറക്കവുമില്ലായിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു രോഗം വന്നതെന്ന് അറിയില്ല. മകന് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചു പോയിരുന്നു. അന്നു മുതൽ ഞാൻ കൂലിവേലയ്ക്ക് പോയിട്ടാണ് കുടുംബം പോറ്റിയിരുന്നത്. രാവിലെ ജോലിക്ക് പോയാൽ അവൻ പിന്നെ ഒറ്റയ്ക്കായിരിക്കും. ആ സമയം എവിടെയെങ്കിലും തല ഇടിച്ചു വീണതാണോ എന്ന് സംശയമുണ്ട്. ജോലി സ്ഥലത്തേക്ക് കുഞ്ഞായിരുന്നപ്പോൾ അടുത്ത വീട്ടിലെ കുട്ടികൾ ആഹാരം കൊടുക്കാനായി എടുത്തുകൊണ്ട് വരുമായിരുന്നു. അന്ന് അവരുടെ കൈയിൽ നിന്നെങ്ങാനും താഴെ വീണതാണോ എന്നും അറിയില്ല ഗോമതി
പറയുന്നു.

ഒരു കിടക്കാടം പോലുമില്ല. കിടക്കുന്ന സ്ഥലത്ത തന്നെയാണ് മലമൂത്ര വിസ്സർജ്ജനം നടത്തുന്നത്. ദേഷ്യം വരുമ്പോൾ മലം വാരി എറിയുകയും ചെയ്യും. വഴിയിൽകൂടി പോകുന്നവരെ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് പൂട്ടിയിടാൻ തുടങ്ങിയത്. വീടിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതിനാൽ സമാധാനമായിട്ട് എവിടെയെങ്കിലും പോകാൻ കഴിയും. പണ്ടൊന്നും മരണത്തെക്കുറിച്ചൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. എന്നാൽ ഇന്ന് എനിക്കാ ചിന്ത മാത്രമേയുള്ളൂ. ഗോമതി പറയുന്നു.

വീട്ടുവേല ചെയ്തിട്ടാണ് ഗോമതി മകനെ ഒരു കുറവുമില്ലാതെ നോക്കിവരുന്നത്. വീട്ടുവേലയ്ക്ക് നിൽക്കുന്ന വീട്ടിൽ നിന്നും മകനുള്ള ഭക്ഷണം അവർ കൊടുത്തു വിടും. ഇരുമ്പഴിക്കപ്പുറത്ത് നിന്നും അത് വാരിക്കൊടുക്കും. ചിലപ്പോൾ ദേഷ്യം വന്നാൽ മുഖത്തേക്ക് തുപ്പും. എന്നാലും ഒരു പരിഭവവുമില്ലാതെ മകനെ ജീവനെ പോലെ പരിപാലിക്കുകയാണീ അമ്മ. ഉള്ള കിടപ്പാടെ വിറ്റ് ചികിത്സ നടത്തിയതിനാൽ വാടക വീട്ടിലാണ് താമസം. ഈ വീട്ടിനുള്ളിൽ നാട്ടുകാരുടെ സഹായത്തോടെ നിർമ്മിച്ച് ഇരുമ്പഴിക്കുള്ളിലാണ് വിനോദിനെ പാർപ്പിച്ചിരിക്കുന്നത്. വഴിയിൽ കൂടി പോകുന്നവരെ അക്രമിക്കുകയും ഉടുതുണിപോലുമില്ലാതെ വീട്ടിൽ നിന്നും ഇറങ്ങിയോടുകയും ചെയ്തതിനാലാണ് ഇങ്ങനെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

അമ്മ കൊണ്ടു വരുന്ന ചോറും ചമ്മന്തിയും തൈരുമാണ് തനിക്ക് ഏറെ പ്രിയപ്പെട്ടതെന്ന് വിനോദ് മറുനാടൻ മലയാളിയോട് പറഞ്ഞു. അസ്വസ്ഥതകളൊന്നുമില്ലാത്ത സമയം അമ്മയോട് ഏറെ സ്നേഹമാണ് വിനോദിന്. അമ്മ കരയുന്നത് കാണുമ്പോൾ ഏറെ വിഷമമാണ്. ദുൽഖർ സൽമാന്റെ സിനിമ കാണാൻ ഏറെ ഇഷ്ടമാണ്. അക്രമാസക്തനാകുമ്പോൾ ഇരുമ്പഴികൾ തകർക്കാൻ ശ്രമിക്കും. ഒരു ദിവസം കമ്പി വളച്ച് പുറത്തേക്ക് ചാടിയിരുന്നു. അന്ന് നാട്ടുകാർ പിടികൂടി കൂട്ടിക്കൊണ്ട് വന്നതിനാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ല.

പുറത്തിറങ്ങിയാൽ ആക്രമിക്കും എന്നതിനാൽ മലമൂത്ര വിസ്സർജ്ജനത്തിന് പോലും കൊണ്ടു പോകാൻ കഴിയില്ല. ഇരുമ്പഴിക്കുള്ളിൽ തന്നെയാണ്  നിർവ്വഹിക്കുന്നത്. പുറത്തേക്കുള്ള ഓവ് വഴി ഇത് കഴുകി കളയുകയാണ് പതിവ്. ഗോമതിയുടെ ദുരവസ്ഥ മനസ്സിലാക്കി അടുത്തു തന്നെയുള്ള ഒരു വീട്ടുകാർ വീട് നിസാര തുകയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. മകന്റെ ഒപ്പം സ്വന്തമായി ഒരു വീട്ടിൽ കഴിയണമെന്നാണ് ഇവരുടെ ആഗ്രഹം. നിരവധി തവണ ജന പ്രതിനിധികളുടെ മുൻപിൽ പോയി കരഞ്ഞു പറഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിട്ടില്ല.

ഗോമതിയെയും മകൻ വിനോദിനെയും സഹായിക്കാൻ മറുനാടൻ മലയാളി വായനക്കാരോട് അഭ്യർത്ഥിക്കുകയാണ്. നിങ്ങളുടെ സഹായം എത്ര ചെറുതായാലും അവർക്ക് അത് വലിയൊരനുഗ്രഹമാണ്. നിസ്സാര തുകയാണെങ്കിലും അത് അവരുടെ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ട് നമ്പരിലേക്ക് അയക്കാവുന്നതാണ്.

GOMATHY K
AC\NO: 67352827249
STATE BANK OF INDIA , ENIKKARA BRANCH, TVM
IFSC: SBIN0070861
MOB: 9744944812

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP