Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ ഉറക്കം സമ്പൂർണമായി കെടുത്തി; ഡാമിലെ വെള്ളത്തിന്റെ കണക്കുമായി സർക്കാർ ഇരിക്കുമ്പോൾ നദികൾ കുത്തിയൊലിച്ചു ജീവനും സ്വത്തുക്കളും എടുത്തു കലിതുള്ളുന്നു; ഞായറാഴ്‌ച്ച വരെ മഴ തുടരുമെന്നും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തുടരുമെന്നും വിദഗ്ദ്ധർ; അതിശക്തമായ ന്യൂനമർദ്ദം മഴയുടെ തോത് വർദ്ധിപ്പിക്കും: കേരളം നേരിടുന്നത് മുൻ വർഷത്തേക്കാൾ വലിയ പ്രളയത്തിലെന്ന് റിപ്പോർട്ടുകൾ

രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴ കേരളത്തിന്റെ ഉറക്കം സമ്പൂർണമായി കെടുത്തി; ഡാമിലെ വെള്ളത്തിന്റെ കണക്കുമായി സർക്കാർ ഇരിക്കുമ്പോൾ നദികൾ കുത്തിയൊലിച്ചു ജീവനും സ്വത്തുക്കളും എടുത്തു കലിതുള്ളുന്നു; ഞായറാഴ്‌ച്ച വരെ മഴ തുടരുമെന്നും മണ്ണിടിച്ചിലും ഉരുൾ പൊട്ടലും തുടരുമെന്നും വിദഗ്ദ്ധർ; അതിശക്തമായ ന്യൂനമർദ്ദം മഴയുടെ തോത് വർദ്ധിപ്പിക്കും: കേരളം നേരിടുന്നത് മുൻ വർഷത്തേക്കാൾ വലിയ പ്രളയത്തിലെന്ന് റിപ്പോർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ദുരിതത്തിലാക്കി പ്രളയത്തിൽ കഴിഞ്ഞ തവണ ഡാം മാനേജ്‌മെന്റിന്റെ പരാജയം നിർണായകമായ കാര്യമായിരുന്നു. എന്നാൽ, ഇക്കുറി ഡാമുകളിൽ വെള്ളം കുറവായതിനാൽ കുത്തിയൊലിച്ച് മഴ പെയ്യുമ്പോൾ സർക്കാർ സംവിധാനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴ സംസ്ഥാനത്തിന്റെ ഉറക്കം കെടുക്കുന്ന അവസ്ഥയാണുള്ളത്. ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമാണ് ഭീതി വർദ്ധിപ്പിക്കുന്നത്.

പേമാരിയും ചുഴലിക്കാറ്റും മണ്ണിടിച്ചിലും മിന്നൽ പ്രളയവു ഒരുമിച്ചെത്തിയതോടെ മരണസംഖ്യയും ഉയരുകയാണ്. ഏഴു ജില്ലകളിൽ ഇന്നലെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലുമുണ്ടായി. 7 ജില്ലകളിലായി 11 പേർ മരിച്ചു. 12 പേർക്കു പരുക്കേറ്റു. ഇടുക്കി, വയനാട് ജില്ലകളിൽ 3 പേർ വീതവും കോഴിക്കോട്, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്. അതേസമയം മേപ്പാടി പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഒട്ടേറെപ്പേർ മണ്ണിനടിയിൽപ്പെട്ടതായി സംശയിക്കുന്നു. 40 പേർ മണ്ണിനടിയിൽപ്പെട്ടതായി വാർഡംഗം പി. ചന്ദ്രൻ പറഞ്ഞു. ഇതോടെ ഇവിടെ നിന്നും വലിയ ദുരന്തം വരുമെന്നെ ആശങ്കയിലാണ് കേരളം.

രണ്ട് എസ്റ്റേറ്റ് പാടികൾ, മൂന്നു വീടുകൾ, ഒരു മുസ്ലിം പള്ളി, ഒരു ക്ഷേത്രം, വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലായെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് പറഞ്ഞു. എഴുപതോളം വീടുകൾ തകർന്നതായി നാട്ടുകാർ പറയുന്നു. പരിക്കേറ്റ പത്തുപേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെയാണ് ദുരന്തം. സെന്റിനൽ റോക്ക് തേയില എസ്റ്റേറ്റിന് നടുവിലെ ചെരിഞ്ഞ പ്രദേശമാണിത്. പെട്ടെന്ന് വൻശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞുവരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകളുണ്ടായിരുന്നു. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.

രാവിലെ ആളുകളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോവാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഭൂരിഭാഗംപേരും പോയിട്ടില്ലെന്നാണ് കരുതുന്നത്. പ്രദേശത്തേക്ക് എത്തിപ്പെടാനാവാത്ത സാഹചര്യമാണ്. കള്ളാടി എന്ന സ്ഥലത്തുനിന്ന് അഞ്ചുകിലോമീറ്ററോളം നടന്നാൽ മാത്രമേ സ്ഥലത്തെത്താനാകൂ. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണിവിടം. തുടക്കത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് കളക്ടർ ഉൾപ്പെടെ ഉദ്യോഗസ്ഥരും പൊലീസും അഗ്‌നിരക്ഷാസേനയും കേന്ദ്രസേനയുടെ ഒരു യൂണിറ്റും രാത്രിയോടെ സ്ഥലത്തെത്തി. രാത്രി വൈകി 300-ഓളം പേരെ സമീപ പ്രദേശങ്ങളിൽനിന്ന് മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുത്തുമലയ്ക്കുസമീപം കാർയാത്രക്കാരായ നാലുപേരെ കാണാതായതായും സംശയമുണ്ട്.

ഇതിനുപുറമേ, വയനാട്ടിൽ മണ്ണിടിഞ്ഞ് മൂന്നുപേർകൂടി മരിച്ചു. മുട്ടിലിൽ മണ്ണിടിഞ്ഞ് ദമ്പതിമാരും പനമരത്ത് വെള്ളപ്പൊക്കത്തിൽ വീടൊഴിയുന്നതിനിടെ യുവതിയുമാണ് മരിച്ചത്. മാതോത്തുപൊയിൽ കാക്കത്തോട് കോളനിയിലെ ബാബുവിന്റെ ഭാര്യ മുത്തു (24), മുട്ടിൽ പഴശ്ശി കോളനിയിലെ ഉരുൾപൊട്ടലിൽ മഹേഷ് (23), ഭാര്യ പ്രീതു (19) എന്നിവരുമാണ് മരിച്ചത്. സംസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാഴാഴ്ച മാത്രം 11പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇടുക്കി (3), കണ്ണൂർ, തൃശ്ശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് മരിച്ചത്.

ഞായറാഴ്‌ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്

വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ പലഭാഗങ്ങളും ഉരുൾപൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടു. ഈ ജില്ലകളിൽ കനത്ത മഴതുടരുകയാണ്. ഇവിടെ തീവ്രമഴയ്ക്കുള്ള അതിജാഗ്രതാ നിർദ്ദേശമായ റെഡ് അലർട്ട് വെള്ളിയാഴ്ചത്തേക്ക് നീട്ടി.

പാലക്കാട് ന്മസംസ്ഥാനത്തു തിമിർക്കുന്ന ഇടിയോടുകൂടിയ പേമാരിക്കും കാറ്റിനും തീവ്രതകൂട്ടി ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തിനൊപ്പം ശാന്തസമുദ്രത്തിലെ രണ്ടു ന്യൂനമർദവും ചേർന്നതാണ് കേരളത്തെ കാലാവസ്ഥയെ പൊടുന്നനെ ബാധിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് മധ്യകേരളം കേന്ദ്രീകരിച്ചുണ്ടായ സ്ഥിതിക്ക് ഏതാണ്ട് സമാനമായ സാഹചര്യമാണ് ഇപ്പോൾ വടക്കന്മേഖലയിൽ അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതി തുടർന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്‌നങ്ങൾക്കു സാധ്യതയുണ്ട്. ഇടക്കാലത്ത് വഴിമാറിയ മഴ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തോടെയാണ് തിരിച്ചുവന്നത്. കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ സൂചനകൾ അനുസരിച്ച് മുൻകരുതൽ നടപടി ആരംഭിച്ചെങ്കിലും മഴയും കാറ്റും പ്രതീക്ഷിച്ചതിലും ശക്തമായതോടെ കാര്യങ്ങൾ കുഴഞ്ഞു.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിനു പിന്നാലെയുണ്ടായ ശാന്തസമുദ്രത്തിലെ രണ്ട് ചുഴലികളാണ് കാറ്റിന്റെയും മഴയുടെയും തീവ്രത ഇരട്ടിയാക്കിയതെന്നാണ് ഗവേഷകരുടെ നിരീക്ഷണം. തെക്കൻ ജില്ലകളിലും നല്ല മഴ ലഭിക്കുന്നുണ്ടെങ്കിലും താരതമ്യേന തീവ്രത കുറവാണ്. ഏതാണ്ട് മധ്യകേരളം മുതൽ വടക്കോട്ടാണ് ഇടിയോടുകൂടിയ കനത്തമഴയും കാറ്റും അനുഭവപ്പെടുന്നതെന്ന് കൊച്ചി റഡാർ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ പറഞ്ഞു.

ചിലയിടങ്ങളിൽ മിന്നൽ ചുഴലിക്കു സമാനരീതിയിലാണ് കാറ്റും മഴയും. പെരുമ്പാവൂരിൽ അഞ്ചു മണിയോടെ ഒൻപതു സെന്റിമീറ്റർ വരെ മഴ ലഭിച്ചത് ഇതിന് ഉദാഹരണമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി നാശത്തിന്റെ സ്വാധീനം അസാധാരണ മാറ്റത്തിനു പിന്നിലുണ്ടെന്നു പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു. ഊട്ടി, നീലഗിരി വനമേഖല കേന്ദ്രീകരിച്ച് അഞ്ചു ദിവസമായി കനത്തമഴയാണ്. അതോടെ അട്ടപ്പാടിയിലെ ഭവാനി, ശിരുവാണി പുഴ കരകവിഞ്ഞ് മേഖലയിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. പിന്നീട് നിലമ്പൂരിലും വയനാട്ടിലും ഇതിന്റെ ആഘാതമുണ്ടായി. കാലവർഷകാറ്റിന്റെ ഗതിമാറ്റമാണ് വടക്കുകേന്ദ്രീകരിച്ചുള്ള മഴയുടെ പിന്നിലെന്നാണു നിഗമനം. അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയുമെന്നാണ് നിരീക്ഷണം.

പ്രളയത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ തുടങ്ങി

കഴിഞ്ഞ വർഷവും ഓഗസ്റ്റ് 8 മുതലാണ് മലപ്പുറവും വയനാടും ഉൾപ്പെടെ വടക്കൻ ജില്ലകളിൽ അതിതീവ്രമഴയും ഉരുൾപൊട്ടലുമുണ്ടായത്. പിന്നീട് മഴയും പ്രളയവും തെക്കൻ കേരളത്തിലേക്കുമെത്തി. ഒഡീഷ തീരത്തു രൂപം കൊണ്ട ന്യൂനമർദവും അറബിക്കടലിൽ നിന്നു കേരളതീരത്തേക്കു വീശുന്ന മൺസൂൺ കാറ്റുമാണ് ഇത്തവണ അതിതീവ്ര മഴയ്ക്കു വഴിയൊരുക്കിയത്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത്തവണ പ്രളയത്തെനേരിടാനുള്ള മുന്നൊരുക്കങ്ങൾ അധികൃതർ തുടങ്ങിയിട്ടുണ്ട്.

ഹെൽപ് ലൈൻ - 1070, 1077

സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ: 9446 568 222. സംസ്ഥാന ടോൾഫ്രീ നമ്പർ: 1070. ജില്ലാ ടോൾഫ്രീ നമ്പർ: 1077. സംസ്ഥാന കൺട്രോൾ റൂം: 0471 2331639, 2333198.

പരീക്ഷകൾ മാറ്റി

പിഎസ്‌സി ഇന്നു രാവിലെ 7.30 മുതൽ 9.15 വരെ നടത്താനിരുന്ന ജയിൽ വകുപ്പിലെ വെൽഫെയർ ഓഫിസർ ഗ്രേഡ് 2 തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഈ മാസം 30 ലേക്കു മാറ്റി. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, ആരോഗ്യ സർവകലാശാലകൾ ഇന്നു നടത്താനിരുന്ന പരീക്ഷകൾ മാറ്റി. തിരുവനന്തപുരം , കൊല്ലം ഒഴികെയുള്ള ജില്ലകളിലെ ഇന്നത്തെ ഐടിഐ പരീക്ഷ മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP