Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒഡീഷ തീരത്ത് വീണ്ടും ന്യൂനമർദ്ദം; വരും ദിവസങ്ങളിലും കേരളത്തെ കാത്തിരിക്കുന്നത് ദുരിത മഴ; നീരൊഴുക്ക് കുറഞ്ഞിട്ടും ഷട്ടർ താഴ്‌ത്താതെ ഇടുക്കി ഡാം; കനത്ത മഴയിൽ മരണം മുപ്പത് പിന്നിട്ടു; എട്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; നീരൊഴുക്ക് കുറഞ്ഞ ആശ്വാസത്തിൽ പെരിയാറിന്റെ തീരം; താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം വിതച്ച് വെള്ളക്കെട്ട്; എല്ലാ സഹായവും പ്രഖ്യാപിച്ച് സർക്കാർ; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നാളെ എത്തും

ഒഡീഷ തീരത്ത് വീണ്ടും ന്യൂനമർദ്ദം; വരും ദിവസങ്ങളിലും കേരളത്തെ കാത്തിരിക്കുന്നത് ദുരിത മഴ; നീരൊഴുക്ക് കുറഞ്ഞിട്ടും ഷട്ടർ താഴ്‌ത്താതെ ഇടുക്കി ഡാം; കനത്ത മഴയിൽ മരണം മുപ്പത് പിന്നിട്ടു; എട്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട്; നീരൊഴുക്ക് കുറഞ്ഞ ആശ്വാസത്തിൽ പെരിയാറിന്റെ തീരം; താഴ്ന്ന പ്രദേശങ്ങളിൽ ദുരിതം വിതച്ച് വെള്ളക്കെട്ട്; എല്ലാ സഹായവും പ്രഖ്യാപിച്ച് സർക്കാർ; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് നാളെ എത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ നേരിയ തോതിൽ കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ വീണ്ടും ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഒഡീഷ തീരത്ത് വീണ്ടു ന്യൂനമർദ്ദം രൂപപ്പെട്ടതാണ് സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കാൻ സാധ്യത വർധിപ്പിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വീണ്ടും റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റെഡ് അലർട്ടിനു പുറമെ ഇവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്, ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് 14 വരെ റെഡ് അലർട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഓഗസ്റ്റ് 13 വരെ റെഡ് അലർട്ടും ഓഗസ്റ്റ് 15 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഓഗസ്റ്റ് 12 വരെ റെഡ് അലർട്ടും ഓഗസ്റ്റ് 14 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.രണ്ടു ദിവസമായി തുടരുന്ന മഴയിൽ സംസ്ഥാനത്തു മരണം 30 ആയി. നാലുപേരെ കാണാതായി.

ഒഡീഷയിൽ വീണ്ടും ന്യൂനമർദ്ദം

ഒഡിഷ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെടുന്നതാണ് മഴ കനക്കാൻ ഇടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ ന്യൂനമർദം മൂലം പരക്കെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 55 കിലോ മീറ്റർ വേഗത്തിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ വ്യക്തമാക്കി.ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു.

ചെറുതോണിയിൽ നീരൊഴുക്ക് കുറയുന്നു

നീരൊഴുക്കിൽ ചെറിയൊരു കുറവുമാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 4,78,000 ലിറ്റർ വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകൾ വഴി 7,50,000 ലിറ്റർ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലിറ്റർ വെള്ളം വൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. എന്നിട്ടും ജലനിരപ്പിൽ നേരിയ കുറവുമാത്രമാണുണ്ടാകുന്നത്. നീരൊഴുക്ക് 120 ക്യുമെക്‌സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കുന്നതിനാണ് നിലവിൽ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലങ്കിൽ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങൾ പൂർവ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന അളവായ 2401.76 അടിയിൽ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനെക്കാൾ കൂടുതൽ വെള്ളം പുറത്തേക്ക് കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ ഷട്ടർ അക്കുന്ന കാര്യം തീരുമാനിക്കൂ. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളുമില്ല. ശനിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം 2400.32 അടിയാണ് ഇപ്പോൾ ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കാനായില്ല. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിക്കാൻ മന്ത്രി എം.എം.മണിയും സംഘവും കട്ടപ്പനയിൽ കാത്തു നിൽക്കുന്നതിനിടെയാണു മൂടൽമഞ്ഞ് മൂലം ഇറങ്ങാനാവില്ലന്ന അറിയിപ്പെത്തിയത്.

സംസ്ഥാനത്ത് 457 ദുരിതാശ്വാസ ക്യാമ്പുകൾ

ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച് 57,000 ത്തിലധികം പേർ സംസ്ഥാനത്തെ 457 ക്യാംപുകളിൽ കഴിയുന്നുണ്ട്. എന്നാൽ രണ്ടുമൂന്നുദിവസം കൂടി മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ഗൗരവമായി കണക്കിലെടുത്തു നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതലുകളും സമയോചിതമായ ഇടപെടലുകളും എല്ലാ വകുപ്പുകളുടെയും ഏകോപിച്ചുള്ള പ്രവർത്തനവും കാരണം ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും മാതൃകാപരമായ രീതിയിലാണു നടക്കുന്നത്. ജനങ്ങൾ എല്ലാം മറന്ന് സർക്കാരുമായി സഹകരിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലെ പ്രവർത്തനവും മാതൃകാപരമാണ്.

ക്യാംപുകളിൽ കഴിയുന്നവർ സംതൃപ്തരാണ്. എല്ലാ ക്യാംപുകളിലും ഭക്ഷണവും ശുദ്ധജലവും വെള്ളവും ലഭ്യമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പകരം പുസ്തകം ലഭ്യമാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കാലവർഷക്കെടുതി ബാധിച്ച എട്ടു ജില്ലകളിലും ശനിയാഴ്ച മന്ത്രിമാർ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചു. ഈ ജില്ലകളിലെല്ലാം മന്ത്രിമാരുടെ സാന്നിധ്യത്തിൽ അവലോകന യോഗങ്ങളും നടന്നു.

സർക്കാർ സഹായം ഇങ്ങനെ

പ്രകൃതി ദുരനന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപയും നൽകും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വയനാട്ടിലെയും എറണാകുളത്തെയും ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചതിനെ തുടർന്നാണു തീരുമാനം. ദുരന്തം നേരിടാൻ കേരളം മാതൃകാപരമായി പ്രവർത്തിച്ചെന്നും ക്യാമ്പുകൾ സംതൃപ്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും സർക്കാർ സഹായമില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.

കൊച്ചിയിലെ കുന്നുകരയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ മുഖ്യമന്ത്രി ആരോടും സംസാരിച്ചില്ലെന്ന് ആക്ഷേപമുയർന്നു. ഒരു കാര്യവും മുഖ്യമന്ത്രിയെ അറിയിക്കാൻ കഴിഞ്ഞില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കാലവർഷക്കെടുതി വിലയിരുത്തുന്നതിന്റെ ഭാഗമായാണു മുഖ്യമന്ത്രി, റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയവരുടെ സംഘം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചത്.

രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച പ്രളയബാധിത മേഖലകൾ ഹെലികോപ്റ്ററിൽ സന്ദർശിക്കും. ഉച്ചയ്ക്ക് 12.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന ആഭ്യന്തര മന്ത്രി ഒരു മണിമുതൽ 2.30 വരെ ഹെലികോപ്റ്ററിൽ ഇടുക്കി, എറണാകുളം മേഖലകളിൽ പോകും. അതിനുശേഷം പറവൂർ താലൂക്കിലെ ചില ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിക്കും. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ എന്നിവരും ഒപ്പമുണ്ടാകും.സന്ദർശനത്തിനുശേഷം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP