Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത പേമാരിയിൽ 30ലേറെ മരണം; പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ ഒറ്റപ്പെട്ടു; 24 മണിക്കൂർ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി; ജലവൈദ്യുതി നിലയങ്ങൾ പ്രവർത്തനം നിർത്തിവച്ച്, അണക്കെട്ടുകളിൽനിന്നു കൂടുതൽ ജലം തുറന്നുവിട്ടത് പ്രളയത്തിന്റെ ആക്കം കൂട്ടി

ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത പേമാരിയിൽ 30ലേറെ മരണം; പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ ഒറ്റപ്പെട്ടു; 24 മണിക്കൂർ കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി; ജലവൈദ്യുതി നിലയങ്ങൾ പ്രവർത്തനം നിർത്തിവച്ച്, അണക്കെട്ടുകളിൽനിന്നു കൂടുതൽ ജലം തുറന്നുവിട്ടത് പ്രളയത്തിന്റെ ആക്കം കൂട്ടി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഉത്തരേന്ത്യയിൽ തുടരുന്ന കനത്ത പേമാരിയിൽ മുപ്പതിലേറെ മരണം. പ്രളയവും മണ്ണിടിച്ചിലും മൂലം അഞ്ഞൂറോളം പേർ കുടുങ്ങിക്കിടക്കുകയാണ്. 574 കോടി രൂപയുടെ നഷ്ടമുണ്ടായതായി സർക്കാർ വക്താവ് പറഞ്ഞു. 24 മണിക്കൂർ കൂടി മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പു പ്രവചനം. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിൽ മേഘവിസ്ഫോടനത്തേത്തുടർന്നുണ്ടായ പ്രളയത്തിൽ കനത്ത നാശനഷ്ടം.

മേഖലയിൽ കനത്തമഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. യമുന ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് അപകടകരമായി ഉയർന്നതിനേത്തുടർന്ന് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും പ്രളയമുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറാൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. യമുനയിൽ വെള്ളത്തിന്റെ അളവ് അപകടനിരപ്പായ 205.33 മീറ്ററിനുമേൽ ഉയർന്നു.

മഴയിൽ ഉത്തരാഖണ്ഡിൽ 10 പേർ മരിച്ചു. ഉത്തരകാശി ജില്ലയിൽ ഒട്ടേറെപ്പേരെ കാണാതായി. ഹരിദ്വാറിലും ഋഷികേശിലും ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തി. കശ്മീരിലെ താവി നദിയിൽ കുടുങ്ങിയ 4 മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷിച്ചു. നിർമ്മാണം പുരോഗമിക്കുന്ന പാലത്തിന്റെ കൽക്കെട്ടിൽ അഭയം തേടിയ 2 പേരെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്താണു രക്ഷിച്ചത്. മറ്റ് 2 പേരെ എയർലിഫ്റ്റ് ചെയ്യുന്നതിനിടെ കയർ പൊട്ടിയതു പരിഭ്രാന്തി പടർത്തി. കുത്തിയൊഴുകുന്ന നദിയിൽ വീണ ഇവർ നീന്തി കരയിലെത്തുമ്പോഴേക്കും സേന രക്ഷിച്ചു.

ഹരിയാനയിലെ ഹാഥിനി കുണ്ഡ് അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ നദിയിലെ ജലനിരപ്പ് 207 മീറ്ററിലെത്തുമെന്നാണു മുന്നറിയിപ്പ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് ഏറ്റവുമധികം പ്രളയദുരിതം നേരിടുന്നത്. മണ്ണിടിച്ചിലിൽ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനുപേർ കുടുങ്ങി. റോഡ് ഗതാഗതം ഏറെക്കുറെ പൂർണമായി തടസപ്പെട്ടു. ജലവൈദ്യുതി നിലയങ്ങൾ പ്രവർത്തനം നിർത്തിവച്ച്, അണക്കെട്ടുകളിൽനിന്നു കൂടുതൽ ജലം തുറന്നുവിട്ടത് പ്രളയത്തിന്റെ ആക്കം കൂട്ടി.

പ്രളയദുരന്തത്തിൽ ഹിമാചൽപ്രദേശിൽ 23 പേരും ഉത്തരാഖണ്ഡിൽ നാലുപേരും മരിച്ചു. പഞ്ചാബിലെ ആവോൾ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് മൂന്നുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണു മേഘവിസ്ഫോടനം ഏറെ നാശം വിതച്ചത്. ജില്ലയിൽ ഒട്ടേറെ വീടുകൾ തകർന്നു. 10 പേരെ കാണാതായി. ആരാകോട്ട് മേഖലയിൽ കുടുങ്ങിയ രണ്ടുപേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. നൂറുകണക്കിനുപേരെ ഉയർന്ന പ്രദേശങ്ങളിലെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി.

പഞ്ചാബിൽ സത്ലജ് നദി കരകവിഞ്ഞതിനേത്തുടർന്ന് ജലന്ധർ ജില്ലയിൽ സൈന്യവും ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനം ഊർജിതമാക്കി. 20 പേർ കുടുങ്ങിക്കിടക്കുന്ന നവാൻ ഖേര ഗ്രാമത്തിൽനിന്നു ദുരന്തനിവാരണസേന നാലുപേരെ രക്ഷപ്പെടുത്തി. ഫിലാവുർ ജില്ലയിലെ 13 ഗ്രാമങ്ങളിൽനിന്നു ജനങ്ങളെ ഒഴിപ്പിക്കാൻ ജലന്ധർ ഡെപ്യൂട്ടി കമ്മിഷണർ നിർദ്ദേശിച്ചു. ഉത്തർപ്രദേശിൽ ഗംഗ, യമുന, ഘാഗ്ര നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു. ഗംഗയിൽ അപകടനിരപ്പിനു മുകളിലാണ് ഒഴുക്ക്.

മഴയ്ക്കു പുറമേ കനത്ത മഞ്ഞുവീഴ്ചയേത്തുടർന്ന് ഹിമാചൽപ്രദേശിലെ ഗോത്രജില്ലകളായ ലഹാവുളിലും സ്പിതിയിലും നൂറുകണക്കിനു വിനോദസഞ്ചാരികൾ കുടുങ്ങി. 24 മണിക്കൂറിനിടയിലെ മഴയുടെ അളവിൽ സംസ്ഥാനത്ത് 70 വർഷത്തെ റെക്കോഡാണു ഞായറാഴ്ച ഭേദിച്ചതെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അധികൃതർ അറിയിച്ചു. 102.5 മില്ലീമീറ്റർ മഴയാണു ഞായറാഴ്ച പെയ്തത്. (സാധാരണയേക്കാൾ 1065% അധികം).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP