Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊടും ചൂടിൽ വെന്തുരുകി കേരളം; രണ്ടു പേർ മരിച്ചതിന് പിന്നിൽ സൂര്യാഘാതമെന്നുസംശയം; മുൻവർഷമുണ്ടായ ഇക്വിനോക്‌സ് പ്രതിഭാസം ആവർത്തിക്കുമോ എന്ന ആശങ്കയിൽ സംസ്ഥാനം; ചൊവ്വാഴ്‌ച്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന് ആരോഗ്യ വകുപ്പ്

കൊടും ചൂടിൽ വെന്തുരുകി കേരളം; രണ്ടു പേർ മരിച്ചതിന് പിന്നിൽ സൂര്യാഘാതമെന്നുസംശയം; മുൻവർഷമുണ്ടായ ഇക്വിനോക്‌സ് പ്രതിഭാസം ആവർത്തിക്കുമോ എന്ന ആശങ്കയിൽ സംസ്ഥാനം; ചൊവ്വാഴ്‌ച്ച വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; താപനില നാലു ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ; ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന് ആരോഗ്യ വകുപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: താപനില അതിശക്തിയായി ഉയരുന്നതിന് പിന്നാലെ സംസ്ഥാനത്ത് രണ്ടു പേരുടെ മരണം സൂര്യാഘാതം മൂലമാണെന്ന റിപ്പോർട്ട് ഇപ്പോൾ ഏവരേയും ആശങ്കപ്പെടുത്തുകയാണ്. ഇതിനിടെ സംസ്ഥാനത്ത് ഇക്വിനോക്‌സ് പ്രതിഭാസത്തിനുള്ള സാധ്യത വർധിച്ചതും ഈ ആശങ്ക വർധിപ്പിക്കുന്നു. തിരുവനന്തപുരത്ത് പാറശാലയിലും കണ്ണൂർ വെള്ളോറയിലുമാണ് മധ്യവയസ്‌കർ മരിച്ചത്. ശനിയാഴ്ച രാത്രി മുതൽ കാണാതായ കണ്ണൂർ പെരിങ്ങോം സ്വദേശി കാടൻ വീട്ടിൽ നാരായണനെ ഞായറാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണന്റെ ശരീരത്ത് പൊള്ളലേറ്റ പാടുകൾ കണ്ടതാണ് സൂര്യാഘാതമാകാം മരണകാരണമെന്ന സംശയത്തിൽ എത്തിയിരക്കുന്നത്.

മാത്രമല്ല കാൽ മുട്ടുകൾക്ക് താഴെയാണ് പൊള്ളലേറ്റിരിക്കുന്നത്. അതും മരണ കാരണം സൂര്യാഘാതം തന്നെയാണോ എന്ന കാര്യത്തിൽ സംശയമുയർത്തുന്നുണ്ട്. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമാവൂ. തിരുവനന്തപുരം പാറശാലയിൽ അയിര സ്വദേശി കരുണാകരനാണ് ഞായറാഴ്ച വയലിൽ കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ കഴുത്തിലും മറ്റുഭാഗങ്ങളിലും പൊള്ളലേറ്റ പാടുകളുണ്ട്. ഇതാണ് സൂര്യഘാതമാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ സൂര്യാഘാതമേറ്റത് 118 പേർക്കെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടും ആശങ്ക വർധിപ്പിക്കുന്നുണ്ട്.

മാർച്ച് 21ന് സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിൽ പ്രവേശിച്ചിരുന്നു. വിഷു സമയമാകുന്നതോടെ ഇത് കേരളത്തിന്റെ നേരെ മുകളിൽ സൂര്യനെത്തുമെന്നും അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. പാലക്കാടാണ് അടുത്തിടെ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയത്. 40 ഡിഗ്രിസെൽഷ്യസാണ് പാലക്കാട് രേഖപ്പെടുത്തിയത്. 25, 26 തീയതികളിൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മൂന്നുമുതൽ നാലുവരെ ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ടുമുതൽ മൂന്നുവരെ ഡിഗ്രി താപനില കൂടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പെത്തിയിട്ടുണ്ട്. 

ഇങ്ങിനെയാണെങ്കിൽ പലയിടങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിലെത്തും. ഇത് കേരളത്തിൽ ഉഷ്ണതരംഗത്തിലെത്തിക്കും. രണ്ടിലധികം പ്രദേശങ്ങളിൽ 40 ഡിഗ്രിയിലേറെ താപനില റിപ്പോർട്ട് ചെയ്യുകയും അത് രണ്ടിലേറെ ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണതരംഗം.

കാറ്റ് മുകളിലേക്കാണെങ്കിൽ അന്തരീക്ഷം പൊതുവേ തണുക്കാറുണ്ട്. എന്നാൽ നിലവിൽ കാറ്റ് താഴേക്കായത് ചൂടുവർധിക്കാൻ കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. മേഘങ്ങൾ പൊതുവേ സംസ്ഥാനത്ത് വളരെ കുറവാണ്. അതിനാൽ സൂര്യനിൽനിന്നുള്ള പ്രകാശം പ്രതിഫലിപ്പിക്കുന്നില്ല. തെളിഞ്ഞ ആകാശത്തിൽ സൂര്യനിൽ പ്രകാശം നേരിട്ടടിക്കുന്നതിനാലാണ് വലിയ ചൂട് അനുഭവപ്പെടുന്നത്.

വടക്ക്-കിഴക്ക് ഭാഗത്തുനിന്നാണ് നിലവിൽ കാറ്റ് വീശുന്നത്. തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ താപനില കൂടിയതിനാൽ ചൂടുകാറ്റാണ് കേരളത്തിലേക്കെത്തുന്നത്. പ്രളയത്തിന്റെ ഫലമായി മണ്ണിൽ ലവണങ്ങൾ സംഭരിച്ചിരുന്ന മേൽമണ്ണ് ഒഴുകിപ്പോയതും മണ്ണിന്റെ ഘടന മാറിയതിനാലും തന്നെ ഭൂഗർഭജലത്തിന്റെ സംഭരണവും വേണ്ടപോലെ നടന്നില്ല. കൂടെ അതിമർദം താങ്ങാനാകാതെ ഉറവകൾ പൊട്ടിപോയിട്ടുമുണ്ട്. കൂടെ ചൂട് കൂടിയാകുന്നതോടെ, വേനൽ മഴയെത്തിയില്ലെങ്കിൽ കേരളത്തിൽ പലഭാഗങ്ങളും വരൾച്ചയിലേക്ക് വീഴും.

ഇക്വിനോക്‌സ് പ്രതിഭാസത്തെ ഓർക്കണേ

കഴിഞ്ഞ വർഷം മാർച്ചിൽ ചൂട് അസഹനീയമായി തുടർന്നതിന് പിന്നാലെ ഇത് ഇക്വിനോക്സ് പ്രതിഭാസമാണെന്നാണ് കണ്ടെത്തൽ. ഭൂമധ്യരേഖയ്ക്കുനേരെ സൂര്യന് എത്തുമ്പോഴുണ്ടാകുന്ന അവസ്ഥായാണ് ഇക്വിനോക്സ്. ദക്ഷിണാർഥഗോളത്തിൽ നിന്ന് ഉത്തരാർഥഗോളത്തിലേക്കുള്ള സൂര്യന്റെ പ്രയാണത്തിലാണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേരെയെത്തുന്നത്. ഇതുകൊണ്ടാണ് ഉത്തരദിക്കിൽ ചൂട് കൂടുന്നതിന് കാരണം. സാധാരണയായി മാർച്ച് 21നും 26നും മധ്യേയുള്ള തീയതികളിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് കടുത്ത ചൂട് നിലനിൽക്കുന്നത്.

ഭൂമധ്യരേഖയ്ക്ക് നേരെ സൂര്യൻ എത്തുന്ന മറ്റു ദിവസങ്ങളാണ് സെപ്റ്റംബർ 22, 23 തിയതികൾ. ഈ ദിവസങ്ങളിലും ശക്തമായ ചൂട് അനുഭവപ്പെടാറുണ്ട്. അതേസമയം, സെപ്റ്റംബറിൽ ഉണ്ടാകുന്ന മഴ ചൂടിന് ശമനം നൽകുമെന്നാണ് ഡോ. മനോജ് പറയുന്നത്. എന്നാൽ, അസുഖങ്ങൾ പടരാൻ സാധ്യത കൂടുതലാണെന്നതിനാൽ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും വിദഗദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ ഈ സമയങ്ങളിൽ കൂടുതലായി ബാധിക്കുന്നു.

അൾട്രാ വയ്ലറ്റ് ബി രശ്മികളുടെ കാഠിന്യം ഈ സമയങ്ങളിൽ കൂടുതലായിരിക്കും. കൂടാതെ തൊലിപ്പുറത്തെ അർബുദം, കണ്ണിന് തിമിരം എന്നിവക്കും കാരണമാകുന്നു. മാത്രമല്ല, മനുഷ്യർ സാധാരണയിൽ കൂടുതലായി വിയർക്കുക, നിർജലീകരണം കൂടുക എന്നിവയും ഇക്വിനോക്സിന്റെ പ്രതിഫലനങ്ങളാണ്.

ആഗോളതലത്തിൽ ഭീഷണിയായി എൽനിനോ

2019ൽ ലോകത്തിന്റെ കാലവസ്ഥയിൽ വലിയ വ്യതിയാനം ഉണ്ടാക്കി എൽനിനോ പ്രതിഭാസം വീണ്ടും എത്തുമെന്ന് ഇക്കഴിഞ്ഞ ഡിസംബറിൽ മുന്നറിയിപ്പുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഏജൻസിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുന്നത്. 2019 ഫെബ്രുവരി മാസം മുതൽ ഈ പ്രതിഭാസം ആരംഭിക്കുമെന്നും. ഇത് ലോകത്തിന്റെ ചിലഭാഗങ്ങളിൽ പേമാരിക്കും പ്രളയത്തിനും കാരണമാകുമെന്നും, ചില സ്ഥലങ്ങളിൽ കടുത്ത വരൾച്ചയുണ്ടാക്കുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്. പെസഫിക്ക് സമുദ്രത്തിലുണ്ടാകുന്ന താപവ്യതിയാനങ്ങളെയാണ് എൽനിനോ എന്ന് പറയാറ് വർഷങ്ങൾക്കിടയിലാണ് ഈ കാലാവസ്ഥ പ്രതിഭാസം സംഭവിക്കാറ്.

ഇതിന് മുൻപ് 2015-2016 കാലത്ത് എൽനിനോ അനുഭവപ്പെട്ടിരുന്നു. ഇന്ത്യയിൽ ഏറ്റവും കുറവ് മൺസൂൺ രേഖപ്പെടുത്തിയ വർഷങ്ങളിൽ ഒന്നായിരുന്നു ഇത്. അതേ സമയം ഗൾഫ് മേഖല പോലുള്ള വരണ്ടുണങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയും ഈ പ്രതിഭാസം സൃഷ്ടിച്ചിരുന്നു. കാർബൺ വാതകങ്ങളുടെ ബഹിർഗമനം കുറയാത്തതു മൂലം ഭൂമിയുടെ ശരാശരി താപനില സ്വാഭാവികമായി തന്നെ വർധിക്കുന്നത് തുടരുകയാണ്. ഈ സഹചര്യത്തിൽ എൽനിനോ വർഷങ്ങൾ എത്തുന്നത് ഈ താപനില വർധനവിന് കൂടുതൽ ഊർജ്ജം നൽകും. മനുഷ്യരുടെ ഇടപെടൽ മൂലമുണ്ടായ കാലാവസ്ഥാ വർധനവാണ് എൽനിനോ പ്രതിഭാസം വർധിക്കുന്നതിനു കാരണമായതെന്നാണ് പൊതുവിൽ ശാസ്ത്രലോകം വിലയിരുത്തുന്നത്.

2019 ലെ എൽനിനോ മുൻപ് ഉണ്ടായതിനേക്കാൾ രൂക്ഷമായിരിക്കും എന്ന ഗവേഷകർ പറയുന്നില്ല. എങ്കിലും ഇന്ത്യയിലെ മൺസൂണിന് 20 മുതൽ 80 ശതമാനം വരെ മഴക്കുറവ് ഇന്ത്യയിൽ പല സ്ഥലങ്ങളിലും അനുഭവപ്പെട്ടേക്കാം.ഉത്തരേന്ത്യയിൽ കടുത്ത ചൂടു കാറ്റിനും ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊടും വരൾച്ചയ്ക്കും എൽനിനോ കാരണമായേക്കാം എന്നുമായിരുന്നു മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഞായറാഴ്‌ച്ച സൂര്യതാപത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ചൂട് കൂടാനിടയുണ്ടെന്നുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദ്ദേശം നൽകി. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാദ്ധ്യതയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP