Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഭീമയ്ക്ക് പിന്നാലെ ഹീരയെ സഹായിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥരെയും കൈയോടെ പിടികൂടി ഐസക്; റിയൽ എസ്റ്റേറ്റ് മുതലാളിക്ക് കിട്ടിയത് 50 കോടിയുടെ നികുതി ലാഭം; കൈക്കൂലി വീരന്മാരുടെ സമ്പാദ്യവും പരിശോധിച്ചു തുടങ്ങി; ജപ്തിയിൽ മുങ്ങിയ ഹീര ബാബുവിനെ കൈയൊഴിഞ്ഞ് പിണറായി സർക്കാരും

ഭീമയ്ക്ക് പിന്നാലെ ഹീരയെ സഹായിച്ച വാണിജ്യനികുതി ഉദ്യോഗസ്ഥരെയും കൈയോടെ പിടികൂടി ഐസക്; റിയൽ എസ്റ്റേറ്റ് മുതലാളിക്ക് കിട്ടിയത് 50 കോടിയുടെ നികുതി ലാഭം; കൈക്കൂലി വീരന്മാരുടെ സമ്പാദ്യവും പരിശോധിച്ചു തുടങ്ങി; ജപ്തിയിൽ മുങ്ങിയ ഹീര ബാബുവിനെ കൈയൊഴിഞ്ഞ് പിണറായി സർക്കാരും

തിരുവനന്തപുരം: ഭീമയ്ക്ക് വൻതുകയുടെ നികുതി വെട്ടിപ്പിന് അവസരമൊരുക്കിയ നികുതി വകുപ്പ് ഹീരയ്ക്കും നൽകി സഹായം. ധനമന്ത്രി തോമസ് ഐസക് നിലപാട് കടുപ്പിച്ചതോടെ ഉദ്യോഗസ്ഥരുടെ കള്ളക്കളികൾ ഓരോന്നായി പൊളിയുകയാണ്. പ്രമുഖ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഹീരയ്ക്ക് അനധികൃതമായി നികുതി ഇളവ് നൽകിയതിന് വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ ചെറിയ കൈക്കൂലി വാർത്തകൾ പോലും ആഘോഷിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ ഇക്കര്യം കണ്ടില്ലെന്ന് നടിക്കുകയാണ്.

തിരുവനന്തപുരം സ്‌പെഷൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീബിന്ദു, കൊല്ലം സ്‌പെഷൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണർ സി. ശശികുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അടുത്തിടെ ഭീമ ജൂവൽസിന് നികുതിയിളവ് നൽകിയ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് വാണിജ്യ നികുതി വകുപ്പിലെ പുതിയ നടപടി. ഉപകരാർ നൽകിയ കെട്ട നിർമ്മാണത്തിന് നികുതി അടച്ചെന്ന് തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ യഥാർഥ കരാറുകാരന്റെ നികുതി കുറയ്ക്കുകയും ചെയ്തതിനാണ് നടപടി. ഇത്തരത്തിൽ 50 കോടിയോളം രൂപയുടെ നികുതിയളവ് ഹീര ഗ്രൂപ്പിന് ലഭിച്ചെന്നാണ് കണ്ടെത്തൽ.

മുൻ വർഷങ്ങളിലെ രേഖകൾ വകുപ്പ് തലത്തിൽ പരിശോധിപ്പിച്ചപ്പോഴാണ് നികുതിയിൽ വൻഇളവ് നൽകിയതായി കണ്ടെത്തിയത്. നികുതിയിളവ് നൽകിയ ഉദ്യോഗസ്ഥർ കെട്ടിട നിർമ്മാതാവിൽ നിന്ന് പ്രതിഫലം പറ്റിയിട്ടുണ്ടോയെന്നും അന്വേഷിക്കും. ഇതിന്റെ ഭാഗമായി ഈ ഉദ്യോഗസ്ഥരുടെ സമ്പാദ്യം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. അനധികൃതമായി നൽകിയ ഫോറം 20 എച്ച് ന്റെ പിൻബലത്തിലാണ് വേണ്ടത്ര പരിശോധന നടത്താതെ കോടിക്കണക്കിന് വിറ്റുവരവ് വെട്ടിക്കുന്നതിന് ഈ ഉദ്യോഗസ്ഥർ ഒത്താശ നൽകിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മാരപാണ്ഡ്യനാണ് രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.

ഇത്തരത്തിൽ മറ്റാർക്കെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ടോയെന്ന് സംസ്ഥാനതലത്തിൽ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനതലത്തിലും ചെക്ക്‌പോസ്റ്റുകളിലും അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ പരിശോധിച്ചു തുടങ്ങിയതോടെ വാണിജ്യനികുതി വകുപ്പിലെ തീവെട്ടികൾ നെട്ടോട്ടം തുടങ്ങിയെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം എക്കാലത്തും രാഷ്ട്രീയ നേതാക്കളുടെയും പ്രമുഖമാധ്യമങ്ങളുടെ അടുപ്പകാരനായിരുന്ന ഹീരാ കൺസ്ട്രക്ഷൻസ് ഉടമ ഹീര ബാബുവിനെ സർക്കാരും കൈയൊഴിഞ്ഞെന്ന സന്ദേശമാണ് വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ നടപടി നൽകുന്നത്. അടുത്തിടെ സാമ്പത്തികമായി പ്രതിസന്ധിയിലായ ഹീര ബാബുവിന്റെ ഫ്‌ളാറ്റുകളും വ്യാപാര സമുച്ചയങ്ങളും വിവിധ ബാങ്കുൾ ജപ്തി ചെയ്തിരുന്നു.

ഇതോടെ ബിസിനസ് പൂർണമായും തകർന്ന് കടക്കെണിയിലകപ്പെട്ട ഹീര ബാബുവിനെ രാഷ്ട്രീയ നേതാക്കൾ ഒന്നൊന്നായി കൈയൊഴിയുകയായിരുന്നു. പണക്കൊഴുപ്പിന്റെ ബലത്തിൽ ഹീര ബാബു നടത്തിയ കൈയേറ്റങ്ങൾക്ക് കുടപിടിച്ച ഭരണസംവിധാനങ്ങൾ തന്നെ അദ്ദേഹത്തിനെതിരെ ഇപ്പോൽ നീങ്ങുന്നതും ശ്രദ്ധേയമാണ്. കേരളത്തിന് അകത്തും പുറത്തുമായി അനേകം സ്ഥലങ്ങളിൽ ഒട്ടേറെ ഫ്ളാറ്റുകളും വില്ലകളും പണിപൂർത്തിയാക്കുകയും അനേകം പ്രോജക്ടുകൾ ഒരേസമയം നടപ്പിലാക്കുകയും ചെയ്യുന്ന വൻകിട ഫ്‌ളാറ്റ് നിർമ്മാതാക്കളായിരുന്നു ഹീര ഗ്രൂപ്പ്. കവടിയാറിൽ നിയമം ലംഘിച്ച് പണിതുയർത്തിയ 13 നില കെട്ടിടത്തിന് അനുമതി നൽകാൻ അനധികൃതമായി ഇടപെട്ടതിന് അന്നത്തെ സി.പി.എം മേയർ ആയിരുന്ന കെ ചന്ദ്ര അടക്കമുള്ളവരെ പ്രതികളാക്കി വിജിലൻസ് നേരത്തെ കേസെടുത്തിരുന്നു. എന്നാൽ ഇതിൽ പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. ജേക്കബ് തോമസ് ഫയർ ഫോഴ്സ് തലവനായെത്തിയതോടെ പല പദ്ധതികൾക്കും അനുമതി ലഭിക്കാത്തതാണ് ഹീര ഗ്രൂപ്പിനെ കടുത്ത പ്രതിസന്ധിയിലാക്കിയതെന്നാണ് സൂചന.

വൈദ്യുതി മോഷണം, പൈപ്പ് ലൈനിന് മുകളിലൂടെ വീട് നിർമ്മാണം, കിള്ളിയാറിനു മുകളിലൂടെ പാലം നിർമ്മാണം തുടങ്ങിയ പലവിധ ആരോപണങ്ങളും ബാബുവിനെതിരെ ഉയർന്നിരുന്നു. എന്നാൽ ഉന്നത സ്വാധീനത്തിന്റെ ഫലമായി ഈ പരാതികളിലുള്ള അന്വേഷണങ്ങൽ എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കി ബാങ്കുകൾ ജപ്തി നടപടി തുടങ്ങിയത്. ഇതോടെ ഹീരാ ബാബു തലസ്ഥാനത്തുനിന്ന് അപ്രത്യക്ഷനുമായി. ഇതോടെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്ന ഹീര കൺസ്ട്രക്ഷൻ നിലയില്ലാ കയത്തിലേക്ക് വീഴുകയായിരുന്നു. വായ്പാ കുടിശികയെത്തുടർന്ന് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ(കെ.എഫ്.സി) ജപ്തി ചെയ്ത തൃപ്പൂണിത്തുറയിലുള്ള ഹീര ലൈഫ് സ്‌റ്റൈൽ എന്ന ബഹുനില വ്യാപാര സമുച്ചയം അടുത്തിടെയാണ് ലേലത്തിന് വച്ചത്. 160000 ചതുരശ്ര അടി വിസ്തൃതിയുള്ള മൂന്നുനില ഷോപ്പിങ് കോംപ്ലക്സിന് ഇരുപത്തി ഒൻപത് കോടി രൂപയാണ് കെ.എഫ്.സി വിലയിട്ടത്.

ഹീര ബാബു എന്ന അബ്ദുൾ റഷീദ് ചുരുങ്ങിയ കാലം കൊണ്ടാണ് നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സംസ്ഥാനത്തുടനീളം ഫ്ളാറ്റുകൾ പടുത്തുയർത്തിയതും കോടീശ്വരനായി വളർന്നതും. നോട്ട് നിരോധിച്ചതും ബിനാമി ഇടപാടുകൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ കർശന നടപടിയെടുത്തതുമാണ് ഹീര ഗ്രൂപ്പിനെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. ഇതിനിടെ പല പദ്ധകൾക്കും അനുമതി ലഭിക്കാത്തതും പ്രതിസന്ധി ഇരട്ടിയാക്കി. വായ്പാതിരിച്ചടവ് മുങ്ങിയതിനെത്തുടർന്ന് ഹീരയുടെ നാല് സ്ഥലങ്ങൾ പഞ്ചാബ് നാഷണൽ ബാങ്കും ജപ്തി ചെയ്തിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് ഹീരാ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട് താലൂക്കിലെ 2 സ്ഥലങ്ങൾ, ഹീരാ ഗ്രൂപ്പിന്റെ ഉടമ ഹീരാ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 2 സ്ഥലങ്ങൾ എന്നിവയാണ് ജപ്തി ചെയ്തത്. നെടുമങ്ങാട് താലൂക്കിലെ പനവൂർ വില്ലേജിലാണ് ഈ സ്ഥലങ്ങൾ. ഹീര ലൈഫ് സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ കവടിയാറിലുള്ള സ്ഥലവും ബാങ്ക് കൈവശപ്പെടുത്തി. 14 കോടി 11 ലക്ഷം രൂപയും 16 കോടി 2 ലക്ഷം രൂപയുമാണ് ഹീര ഗ്രൂപ്പ് വായ്പയെടുത്തിരുന്നത്. കുടിശിഖ പിടിക്കാൻ പഞ്ചാബ് നാഷണൽ ബാങ്കും പത്രപരസ്യം നൽകിയിരുന്നു. മാതൃഭൂമി ദിനപത്രത്തിൽ ഒക്ടോബർ 26 നാണു പരസ്യം നൽകിയത്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ പാൽക്കളങ്ങര ശാഖയിൽ നിന്നാണ് ഹീര വായ്പയെടുത്തത്. രണ്ട് തവണയായി 30 കോടി രൂപയാണ് കടമെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP