Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പൊലീസ് കണ്ണു വെട്ടിച്ച് സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയപ്പോൾ ജോർജ് ഈഡന്റെ മകൻ താരമായി; ജയിലിലെ നിരാഹാരവും ചർച്ചയായി; എൻ എസ് യു അധ്യക്ഷനായപ്പോൾ നേതാവ് സമ്മാനിച്ചത് ബ്ലാക് ബെറി ഫോൺ; 2009ൽ ലോക്‌സഭയിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് തോമസിന്റെ ഡൽഹി മോഹം; പ്രളയകാലത്തെ ഓടി നടക്കലും തണലൊരുക്കലും തുണയായത് പാവങ്ങൾക്ക്; പെരിയയിലെ കണ്ണുനീർ തുടച്ച് പാർട്ടിക്കാരുടെ ഹീറോയായി; ഹൈബി ഈഡൻ ലോക്‌സഭാ മത്സരത്തിനെത്തുന്നത് രാഹുലിന്റെ സൗഹൃദ കരുത്തിൽ

പൊലീസ് കണ്ണു വെട്ടിച്ച് സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയപ്പോൾ ജോർജ് ഈഡന്റെ മകൻ താരമായി; ജയിലിലെ നിരാഹാരവും ചർച്ചയായി; എൻ എസ് യു അധ്യക്ഷനായപ്പോൾ നേതാവ് സമ്മാനിച്ചത് ബ്ലാക് ബെറി ഫോൺ; 2009ൽ ലോക്‌സഭയിലെത്തിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് തോമസിന്റെ ഡൽഹി മോഹം; പ്രളയകാലത്തെ ഓടി നടക്കലും തണലൊരുക്കലും തുണയായത് പാവങ്ങൾക്ക്; പെരിയയിലെ കണ്ണുനീർ തുടച്ച് പാർട്ടിക്കാരുടെ ഹീറോയായി; ഹൈബി ഈഡൻ ലോക്‌സഭാ മത്സരത്തിനെത്തുന്നത് രാഹുലിന്റെ സൗഹൃദ കരുത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോൺഗ്രസിന്റെ യുവമുഖമാണ് ഹൈബി ഈഡൻ. പ്രളയം എറണാകുളത്തെ നടുക്കിയപ്പോൾ ഓടി നടന്ന ജനപ്രതിനിധി. പ്രളയാനന്ത കേരള പുനനിർമ്മിതിക്ക് തണൽ മാതൃക അവതരിപ്പിച്ച എംഎൽഎ. കാസർഗോട്ടെ പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസുകാർ കൊല്ലപ്പെട്ടപ്പോൾ അവിടേയും ഹൈബി ഓടിയെത്തി. ഒറ്റമുറി കുടിലിലെ രക്തസാക്ഷി കുടുംബത്തിന്റെ വേദനയുടെ ഹൈബി ഒപ്പിയെടുത്തു. അവിടേയും വീട്ടിന് തണൽ കൂട്ടായ്മയിലൂടെ അസ്ഥിവാരമിട്ടു. അങ്ങനെ പെരിയയിലെ വേദനയും ഹൈബി ഈഡൻ നെഞ്ചോട് ചേർത്തു. എറണാകുളത്ത് ജയിക്കാൻ പാർട്ടിയുടേയും ലത്തീൻ കത്തോലിക്കരുടേയും പിന്തുണ അനിവാര്യമാണ്. തോമസ് മാഷിന് പാർട്ടിക്കാരുടെ മനസ്സ് എതിരായപ്പോൾ രണ്ടും ഹൈബി ഈഡന് തുണയായി.

മുൻ എംപി ജോർജ്ജ് ഈഡന്റെ മകനായ ഹൈബി തേവര സേക്രഡ് ഹാർട്ട് കോളേജിൽ യൂണിയൻ സെക്രട്ടറിയായാണ് വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. 2007 ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റും 2009ൽ എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റായും പ്രവർത്തിച്ച ഈ യുവ നേതാവ് ഈർജ്ജസ്വലനായ സംഘാടകനും മികച്ച പൊതു പ്രവർത്തകനുമാണ്. രാഹുൽ ഗാന്ധിയുടെ ഇടപെടലിലാണ് ഹൈബി എൻ എസ് യുവിന്റെ നേതാവായത്. 2009ലും എറണാകുളത്ത് ഹൈബിയെയാണ് രാഹുൽ സ്ഥാനാർത്ഥിയായി കണ്ടത്. എന്നാൽ സോണിയാ ഗാന്ധിയുടെ പിന്തുണയോടെ കെവി തോമസ് എംഎൽഎ സ്ഥാനം രാജിവച്ച് എംപിയാകാനെത്തി. ഇതോടെ ഹൈബിക്ക് കാത്തിരിക്കേണ്ടി വന്നു. നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചു. കോൺഗ്രസിന്റെ അധ്യക്ഷനായി രാഹുൽ എത്തുമ്പോൾ തന്റെ വിശ്വസ്തനായ ഹൈബിയെ രാഹുൽ ഡൽഹിക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.

എറണാകുളത്ത് നിന്നുള്ള എംഎൽഎമാർ കെ വി തോമസിന് ജയസാധ്യത ഇല്ലെന്ന് വാദിക്കുകയായിരുന്നു. കെ വി തോമസിന് വേണ്ടി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്ത് നൽകുകയും ചെയ്തു. സംസ്ഥാന നേതൃത്വം ഈ കത്ത് ഹൈക്കമാൻഡിന് കൈമാറുകയായിരുന്നു. ഇതോടെയാണ് കെ വി തോമസിനെ വെട്ടി ഹൈബി ഈഡൻ എറണാകുളത്ത് സ്ഥാനാർത്ഥിയാകുന്നത്. പി രാജീവിനെ നേരിടാൻ എറണാകുളത്ത് ഇടത് മുന്നണി സ്ഥാനാർത്ഥി പി രാജീവ് തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബഹുദൂരം മുന്നോട്ട് പോയി. മണ്ഡലത്തിൽ ഏറെ സ്വധീനമുള്ള നേതാവാണ് പി രാജീവ്. ഇതോടെയാണ് കൂടുതൽ വിജയസാധ്യതയുള്ള ഹൈബി ഈഡനെ ഇറക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്. ഐ ഗ്രൂപ്പാണ് കെ വി തോമസിനെതിരെ ആദ്യം നിലയുറപ്പിച്ചത്. അതിനൊപ്പം എ വിഭാഗവും ചേർന്നതോടെ സാധ്യതകൾ മങ്ങി. ഇതോടെ ഹൈബിയെ ലോക്‌സഭയിലേക്ക് എത്തിക്കാനുള്ള രാഹുലിന്റെ നീക്കങ്ങൾക്ക് കരുത്ത് കൂടി.

2011, 2016 ലും തുടർച്ചയായി എറണാകുളത്തു നിന്ന് നിയമസഭയിലെത്തിയ ഹൈബി നിയമസഭാ സാമാജികൻ എന്ന നിലയിൽ കേരളത്തിന് എന്നും മാതൃകയായിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈബി ഈഡൻ ആവിഷ്‌കരിച്ച തണൽ ഭവന പദ്ധതിക്ക് കേരളത്തിലെ പൊതു സമൂഹത്തിന്റെയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങളാണ് ഈ യുവ തുർക്കിയെ തേടിയെത്തിയത്. കോൺഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനത്തെ പ്രവർത്തകർ ഏറെ സന്തോഷത്തോടു കൂടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും ഹൈബി തന്നെയാണ് താരം. ജോർജ് ഈഡന്റെ മകനെന്ന പരിഗണനയ്ക്ക് അപ്പുറം കെ എസ് യുവിലെ പ്രവർത്തനങ്ങളിലൂടെയാണ് ഹൈബി താരമായത്.

കെ എസ് യു അധ്യക്ഷനായിരിക്കെ പാഠപുസ്തകത്തിലെ വിവാദ പാഠഭാഗം മതമൈത്രിക്ക് ചേരുന്നതല്ലെന്ന് ഉയർത്തി നടത്തിയ സമരമാണ് ഹൈബിയെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്. അന്ന് ഇടത് സർക്കാരിനെതിരെ സമരം ചെയ്ത ഹൈബി സെക്രട്ടറിയേറ്റിലേക്ക് ചാടി കയറിയിരുന്നു. പൊലീസിന്റെ അടികൊള്ളാൻ മടിച്ച് മാറി നിൽക്കുന്ന പതിവ് കോൺഗ്രസുകാരിൽ നിന്ന് ഭിന്നമായിരുന്നു ഹൈബിയുടെ ഇടപെടൽ. 16 ദിവസം ജയിലിലായി. ഇതിൽ 6 ദിവസം ജയിലിനുള്ളിൽ നിരാഹാരം കിടന്നു. ആരോഗ്യം മോശമായപ്പോൾ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ജയിലിൽ നിന്ന് ഹൈബി പുറത്തിറങ്ങും മുമ്പ് തന്നെ വിവാദ പാഠഭാഗം സർക്കാർ പിൻവലിച്ചു. ഈ സമരമാണ് ഹൈബിയെ എൻ എസ് യുവിന്റെ ദേശിയ പ്രസിഡന്റാക്കിയത്. അന്ന് വിദ്യാർത്ഥി സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു രാഹുൽ. അന്ന് ഹൈബിക്ക് ബ്ലാക് ബെറിയുടെ ഫോൺ രാഹുൽ വാങ്ങി നൽകിയത് ചർച്ചയായിരുന്നു. ഈ അടുപ്പമാണ് കെവി തോമസിനെ വെട്ടി ഹൈബിക്ക് ലോക്‌സഭയിലേക്ക് സീറ്റ് നേടി കൊടുക്കുന്നതും.

ജോർജ് ഈഡനും എറണാകുളത്തിന്റെ ലോക്‌സഭാ അംഗമായിരുന്നു. തേവര എസ് എച്ച് കോളേജിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായാണ് ഹൈബിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പ്രീഡിഗ്രി റെപ്രസെന്റേറ്റീവ് ആയി തെരഞ്ഞെടുക്കുന്നതാണ് ആദ്യ രാഷ്ട്രീയ വിജയം. 2001 ൽ എംജി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2002 ൽ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയായി, 2003 ൽ കോളേജ് യൂണിയൻ ചെയർമാനായി. 2004 ൽ കെഎസ് യു എറണാകുളം ജില്ല പ്രസിഡന്റായി നിയമിതനായി. 2007 ൽ കെ എസ് യു സംസ്ഥാന പ്രസിഡന്റായി. ഹൈബി സംസ്ഥാന പ്രസിഡന്റായിരിക്കുന്ന സമയത്താണ് പാഠപുസ്തക സമരവും ബസ് കൺസഷൻ സമരവും കെ എസ് യു നയിച്ചതും വിജയം നേടിയതും. 2008 ൽ ഹൈബി എൻ സ് യു പ്രസിഡന്റായി. 2003 ൽ ആണ് ഹൈബിയുടെ പിതാവും എറണാകുളത്തെ എംഎൽഎയുമായിരുന്ന ജോർജ് ഈഡന്റെ അകാലവിയോഗം.

പാർട്ടിയെ നയിക്കാൻ യുവതലമുറയെ കണ്ടെത്താനുള്ള രാഹുലിന്റെ വിജയിച്ച ശ്രമങ്ങളിൽ ഒന്നു തന്നെയായിരുന്നു ഹൈബി. കിച്ചൻ കാബിനറ്റുകാർക്ക് നിർബന്ധിത റിട്ടയർമെന്റ് വിധിച്ചു തുടങ്ങിയ രാഹുലിന്റെ ലക്ഷ്യബോധങ്ങളെ പ്രതിഫലിക്കുന്ന തീരുമാനമായിരുന്നു ഹൈബി ഈഡനെ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാതിലും ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP