Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്; സത്യം ജനങ്ങൾ അറിയട്ടെ; ബിജിബാൽ ഇപ്പോൾ പറയുന്ന കണക്കുകൾ നേരത്തെ ഇതിന്റെ സംഘാടകർ പൊതുസമൂഹത്തിന്റെ മുന്നിൽ വച്ചിരുന്നുമില്ല; ചുരുക്കി പറഞ്ഞാൽ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്: വിമർശനവുമായി ഹൈബി ഈഡനും; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കൂടുതൽ വെട്ടിലേക്ക്

ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്; സത്യം ജനങ്ങൾ അറിയട്ടെ; ബിജിബാൽ ഇപ്പോൾ പറയുന്ന കണക്കുകൾ നേരത്തെ ഇതിന്റെ സംഘാടകർ പൊതുസമൂഹത്തിന്റെ മുന്നിൽ വച്ചിരുന്നുമില്ല; ചുരുക്കി പറഞ്ഞാൽ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്: വിമർശനവുമായി ഹൈബി ഈഡനും; കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കൂടുതൽ വെട്ടിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനശേഖരണാർഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച 'കരുണ' സംഗീത പരിപാടി കൂടുതൽ വിവാദത്തിൽ. വേദിയായ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകുകയും കലാകാരന്മാരെല്ലാം പ്രതിഫലം കൂടാതെ പങ്കെടുക്കുകയും ചെയ്ത പരിപാടിയിൽ നിന്നുള്ള വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിട്ടില്ലെന്ന വിവാദത്തിൽ ആഷിഖ് അബു അടക്കമുള്ളവർ മൗനത്തിലാണ്. ഇക്കാര്യത്തിൽ നിലപാട് വിശദീകരിക്കണമെന്ന് എറണാകുളം എംപിയായ ഹൈബി ഈഡനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് രാജഗോപാൽ എംപിയും സർക്കാരിന് കത്ത് നൽകി. വലിയ തട്ടിപ്പ് നടന്നുവെന്ന് തന്നെയാണ് വിലയിരുത്തൽ.

'കരുണ' സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരാവകാശ രേഖയും പണം ദുരിതാശ്വാസ നിധിയിൽ എത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നു. തുടർന്നു വിശദീകരണവുമായി രംഗത്തെത്തിയ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അംഗങ്ങളായ ബിജിബാലും ഷഹ്ബാസ് അമനും പരിപാടി വൻ സാമ്പത്തിക നഷ്ടമായിരുന്നു എന്നു വ്യക്തമാക്കി. ടിക്കറ്റ് വിൽപനയിലൂടെ 6.22 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നും 23 ലക്ഷം രൂപ ചെലവായെന്നുമാണ് അവരുടെ വാദം. പരിപാടിയുടെ സംപ്രേഷണാവകാശം ചാനലുകൾക്ക് നൽകി അതിൽ നിന്നുള്ള വരുമാനം ഉൾപ്പെടെ നൽകാമെന്നു കരുതിയതു കൊണ്ടാണ് പണം ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ വൈകിയതെന്നും അതിനായി മാർച്ച് 31 വരെ സാവകാശം തേടി കലക്ടർക്കു കത്തു നൽകിയിരുന്നെന്നും അവർ വ്യക്തമാക്കി.

പരിപാടിയുടെ രക്ഷാധികാരിയായിരുന്ന കലക്ടർ വിശദീകരണം നൽകാൻ ആവശ്യപ്പെട്ട സാഹചര്യത്തിൽ ഫൗണ്ടേഷൻ അംഗങ്ങൾ കയ്യിൽ നിന്നെടുത്തു 6.22 ലക്ഷം രൂപ കഴിഞ്ഞ ദിവസം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായും വെള്ളിയാഴ്ച സാമൂഹ മാധ്യമ കുറിപ്പിലൂടെ അറിയിച്ചു. ഇതിന് പിന്നാലെ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വാദങ്ങൾക്ക് എതിരെ സന്ദീപ് വാരിയർ വീണ്ടും രംഗത്തെത്തി. സംഗീത പരിപാടിയുടെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരിപാടിക്കു ചുക്കാൻ പിടിച്ച സംവിധായകൻ ആഷിഖ് അബുവും ഭാര്യ നടി റിമ കല്ലിങ്കലും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പരിപാടി വൻ വിജയമായിരുന്നുവെന്നും താരങ്ങളെല്ലാം പ്രതിഫലം വാങ്ങാതെയാണ് പങ്കെടുത്തതെന്നും സംഘാടകർ നേരത്തെ അവകാശപ്പെട്ടിരുന്നു. അത്തരമൊരു പരിപാടിയാണ് നഷ്ടമെന്ന് വരുത്താനുള്ള ശ്രമം. ഇതോടെയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദങ്ങളിൽ കുരുങ്ങുന്നത്.

വിവാദത്തിൽ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും എത്തിയിരുന്നു. പരിപാടിക്ക് 23 ലക്ഷം ചെലവായപ്പോൾ 6.22 ലക്ഷം മാത്രമാണ് ടിക്കറ്റ് ഇനത്തിൽ തിരികെ കിട്ടിയത്. പരിപാടി നഷ്ടത്തിൽ കലാശിച്ചെങ്കിലും സംഘാടകർ കയ്യിൽ നിന്ന് പണമെടുത്ത് മാർച്ച് 31 നകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ഇരുവരും വ്യക്തമാക്കി. പരിപാടി നഷ്ടത്തിൽ കലാശിച്ചെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നല്ല തുക നൽകാൻ ഏതെങ്കിലും മാധ്യമങ്ങളുമായി ധാരണയിലെത്താൻ ശ്രമിച്ചിരുന്നു. പരിപാടി എഡിറ്റ് ചെയ്ത് സംപ്രേഷണത്തിനായി നൽകി അത്തരത്തിൽ പണം സ്വരൂപിക്കാനാകുമോയെന്നായിരുന്നു ലക്ഷ്യം. പക്ഷേ ശ്രമം തുടരുന്നെങ്കിലും എതെങ്കിലും മാധ്യമവുമായി ധാരണയിലെത്തിയിട്ടില്ല. അതിനുവേണ്ടി എഡിറ്റിങ് പുരോഗമിക്കുന്നതിനിടയിലാണ് സിഎഎ പ്രക്ഷോഭങ്ങളുണ്ടായത്.

ഇതോടെ സംഗീതജ്ഞർ ഉൾപ്പെടെയുള്ളവരുടെ ആദ്യ പരിഗണന ഭരണഘടനാ സംരക്ഷണ വിഷയങ്ങളിലായി. പണം നൽകാൻ മാർച്ച് 31 വരെ സാവകാശം നൽകണമെന്ന് ജില്ലാ കളക്ടറോട് നേരത്തേ ആവശ്യപ്പെട്ടതാണ്. അതിന് കളക്ടറേറ്റിൽ രേഖയുണ്ട്. അതിനാൽ മാർച്ച് 31 നകം പണം നൽകും. പേജിൽ പ്രത്യക്ഷപ്പെട്ട് ശല്യമുണ്ടാക്കുന്ന കൂട്ടർ ആരെന്നും അവരുടെ ലക്ഷ്യമെന്താണെന്നും ആരാണവരെ പറഞ്ഞുവിട്ടിരിക്കുന്നതെന്നും കെഎംഎഫിന് കൃത്യമായി അറിയാമെന്നും പോസ്റ്റിൽ വിശദീകരിക്കുന്നു. സംഘടനയുടെ കേവല ശ്രദ്ധപോലും അവർ അർഹിക്കുന്നില്ലെന്നും അവർ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് എറണാകുളം എംപിയായ ഹൈബി ഈഡൻ പ്രതികരണവുമായി എത്തിയത്.

ഹൈബി ഈഡന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

രണ്ടായിരത്തി പതിനെട്ടിന് ഉണ്ടായ പ്രളയത്തിന് ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ധനശേഖരണാർത്ഥം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ സംഗീത നിശയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ ഉയർന്നു വന്നിരുന്നു. നൂറ്റാണ്ട് കണ്ട മഹാപ്രളയത്തിൽ നാട് മുഴുവൻ വിറങ്ങലിച്ചു നിന്നപ്പോൾ, പ്രതിഫലം പോലും കൈപറ്റാതെ സദുദ്ദേശ്യത്തോടെ ഒട്ടേറെ കലാകാരന്മാർ ചെയ്ത ഒരു സദ്പ്രവർത്തിയെ, ആരോപണങ്ങൾക്ക് വ്യക്തത വരാതെ വിമർശിക്കരുത് എന്ന് കരുതിയാണ് രണ്ടു ദിവസം പ്രതികരിക്കാതിരുന്നത്. എന്നാൽ വിവരാവകാശ രേഖയുൾപ്പടെ ഈ ആരോപണം പുറത്തു വന്നു ദിവസങ്ങളായിട്ടും, ഉത്തരവാദിത്വപ്പെട്ടവരിൽ നിന്ന് ഇത് സംബന്ധിച്ച് ഒരു പ്രതികരണവും ഇല്ലായെന്നത് ആരോപണങ്ങൾക്ക് വിശ്വാസ്യത നൽകുന്നു.

പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബു ആണ് ഈ പരിപാടി സംവിധാനം ചെയ്തത്. ഈ പരിപാടിക്കായി കടവന്ത്രയിലെ റീജിയണൽ സ്‌പോർട്ട്‌സ് സെന്റർ നൽകിയത് സൗജന്യമായാണ്, പങ്കെടുത്ത കലാകാരന്മാർ പ്രതിഫലം മേടിച്ചിട്ടില്ല എന്നാണ് പറയപ്പെടുന്നത്. സംഗീത നിശയ്ക്കു ശേഷം ആഷിക് അബു ഈ പരിപാടി വൻവിജയമായിരുന്നു എന്നും അവകാശപ്പെട്ടിരുന്നു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ ശ്രീ. ബിജിബാൽ ഇപ്പോൾ പറയുന്ന കണക്കുകൾ നേരത്തെ ഇതിന്റെ സംഘാടകർ പൊതുസമൂഹത്തിന്റെ മുന്നിൽ വച്ചിരുന്നുമില്ല. ചുരുക്കി പറഞ്ഞാൽ കരുണ എന്ന് പേരിട്ടു നടത്തിയ ഈ സംഗീതനിശ ഒരു വലിയ തട്ടിപ്പായിരുന്നു എന്ന് വ്യക്തമാവുകയാണ്.

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഞാൻ എറണാകുളം എംഎ‍ൽഎ. യായിരുന്നു. തൊട്ടടുത്ത പറവൂർ, ആലുവ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ, എല്ലാം നഷ്ടപ്പെട്ട ഒരു ജനസമൂഹം അന്യന്റെ ദുരിതത്തോട് ഐക്യപ്പെട്ട് അവരിൽ ഒന്നായി മാറി നടത്തിയ കരുണയോടുള്ള പ്രവർത്തനം മനസ്സ് നിറഞ്ഞു കണ്ടു അനുഭവപ്പെട്ടവനാണ്. വീട്ടുവേല ചെയ്തു ജീവിക്കുന്നവർ, ലോട്ടറി വിൽപനക്കാർ എന്ന് വേണ്ട പിഞ്ചു കുഞ്ഞുങ്ങൾ പോലും അവരുടെ കുടുക്ക പൊട്ടിച്ച് നാണയത്തുട്ടുകൾ സംഭാവനയായി നൽകുന്ന കഥകൾ നമ്മുടെ കണ്ണുകളെ ഈറനണിയിച്ചിട്ടുണ്ട്. ആ

സമൂഹത്തിലാണ് ഒരു വരേണ്യ വർഗ്ഗം മനുഷ്യന്റെ സാഹോദര്യത്തെയും കരുണയയെയും ഒറ്റുകൊടുത്തിരിക്കുന്നത്. ആഷിക് അബു ഇത് സംബന്ധിച്ചു വ്യക്തമായ കണക്കുകൾ പൊതുസമൂഹത്തിനു മുന്നിൽ വയ്ക്കണം. അതല്ലെങ്കിൽ ആ പരിപാടിയിൽ ഒരു പൈസ പോലും പ്രതിഫലം മേടിക്കാതെ ആത്മാർത്ഥമായി പങ്കു ചേർന്ന കലാകാരന്മാരെല്ലാം പൊതുസമൂഹത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാവും. ആഷിക് അബു അതിന് തയ്യാറല്ലെങ്കിൽ സർക്കാർ ഈ സംഭവത്തിൽ അന്വേഷണം നടത്തണം.

ആഷിക് അബു തങ്ങളുടെ സഹയാത്രികനാണെന്നത് സിപിഎം. നേതൃത്വത്തിന് ഇത്തരം ഒരു അധമപ്രവർത്തിക്ക് കുടപിടിക്കാനുള്ള ന്യായം ആവരുത്. സത്യം ജനങ്ങൾ അറിയട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP