Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലേക്കുള്ള മാടുകളെ തമിഴ്‌നാട്-ആന്ധ്ര അതിർത്തിയിൽ തടഞ്ഞ് ലക്ഷങ്ങൾ കുത്തിപ്പിടിച്ചുവാങ്ങുന്നു; കിട്ടിയില്ലെങ്കിൽ ഗോശാലയിലേക്കു വിട്ടു കൊല്ലാക്കൊല; കേരളത്തിൽ മാട്ടിറച്ചിവില ഓരോ ദിനവും കൂടുന്നു

കേരളത്തിലേക്കുള്ള മാടുകളെ തമിഴ്‌നാട്-ആന്ധ്ര അതിർത്തിയിൽ തടഞ്ഞ് ലക്ഷങ്ങൾ കുത്തിപ്പിടിച്ചുവാങ്ങുന്നു; കിട്ടിയില്ലെങ്കിൽ ഗോശാലയിലേക്കു വിട്ടു കൊല്ലാക്കൊല; കേരളത്തിൽ മാട്ടിറച്ചിവില ഓരോ ദിനവും കൂടുന്നു

കൊച്ചി: ''ഒന്നുകിൽ ഒന്നര ലക്ഷം തന്ന് ലോറി എടുത്ത് പോ, അല്ലെങ്കിൽ മാടുകളെ ഞങ്ങൾ ഗോശാലയിലേക്ക് തുറന്നുവിടും''... മാടുകളെ കയറ്റി കേരളത്തിലേക്കു വരുന്ന മിക്ക ലോറിക്കാരെയും തമിഴ്‌നാട്- ആന്ധ്ര അതിർത്തിയിൽ തടഞ്ഞ് വൻതുക പിടുങ്ങുന്നു. ഗോവധനിരോധനത്തിന്റെ മറവിൽ കന്നുകാലികളെ കടത്തുന്നതു തടയുന്നതിന്റെ ഭാഗമായാണു പണം പിടുങ്ങുന്നത്.

കഴിഞ്ഞ ആഴ്ച 200 രൂപയുണ്ടായിരുന്ന ഒരു കിലോ ബീഫിന് ഇന്നത്തെ മാർക്കറ്റ് വില രൂപ 250. പലേടത്തും 260 രൂപ. ആഴ്ചക്കണക്കിലല്ല ദിവസംതോറുമാണ് പോത്തിറച്ചി(മാട്ടിറച്ചി)യുടെ വില കുതിച്ചുയരുന്നത്. വാളയാർ വഴി കേരളത്തിലെ പ്രമുഖമായ കന്നുകാലിച്ചന്തയായ വാണിയംകുളം കാലിച്ചന്തയിലെത്തുന്ന ഒരോ കന്നുകച്ചവടക്കാരനും പറയാനുള്ളത് തങ്ങളുടെ ദുരിതകഥ തന്നെയാണ്, ''അവർ ചോദിക്കും, വിലപേശലൊന്നുമില്ല. ലക്ഷങ്ങൾ കൊടുക്കാതെ സാധനം കേരളത്തിലെത്തില്ല.''

നാൽപതു വർഷത്തിലേറെയായി കേരളത്തിലേക്ക് മാടുകളെ കയറ്റിക്കൊണ്ടുവരുന്ന മുരുകേശനും സെൽവനും ഇനി തങ്ങൾ എത്രനാൾ ഈ പണികൊണ്ട് ജീവിക്കുമെന്ന് ഒരുറപ്പുമില്ല. ആന്ധ്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് കേരളത്തിലെ ചന്തകളിലേക്ക് കന്നുകാലികളെ കയറ്റിക്കൊണ്ടുവരുന്നത്. മഹാരാഷ്ട്രയിലെ ഗോവധനിരോധനത്തിന്റെ മറപിടിച്ച് ആന്ധ്ര അതിർത്തിയിൽ ഹിന്ദുമഹാസഭക്കാരും അവരുടെ ആത്മീയ വിഭാഗമായ സന്യാസി സഭക്കാരുമാണ് മാടുകളെ കയറ്റി വരുന്ന വാഹനങ്ങൾ തടയുന്നത്.

രാവും പകലും ഭേദമില്ലാതെ തമിഴ്‌നാട് അതിർത്തിയിലേക്ക് വരുന്ന ഒട്ടുമിക്ക ലോറികളും ചെക്‌പോസ്റ്റ് എത്തുന്നതിന് കിലോമീറ്ററുകൾ മുൻപു തന്നെ തടയപ്പെടുകയാണ്. ബലം പ്രയോഗിച്ച് പോകാനാണു ഭാവമെങ്കിൽ ആക്രമിക്കുമെന്നത് കട്ടായം. തടയപ്പെടുന്ന ലോറികളിലെ മാടുകൾക്കായി പിന്നീടാണ് വില പേശൽ നടത്തുന്നത്. ഹിന്ദുമഹാസഭയുടെ നേതാക്കൾ ലക്ഷങ്ങളാണ് ഓരോ വാഹനത്തിനും ചോദിക്കുന്നതെന്ന് കച്ചവടക്കാർ വേദനയോടെ പറയുന്നു.

കന്നുകാലികളുടെ എണ്ണം കൂടുന്നൂതിനനുസരിച്ച് ഇവരുടെ തുകയും കൂടുമെന്ന് മുരുകേശൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ലോഡ് ഒന്നിന് ഒന്നരലക്ഷം വരെ കൊടുത്ത കച്ചവടക്കാരുമുണ്ടത്രെ. ഇതു കഴിച്ച് നിങ്ങൾക്കെന്താണ് ലാഭമെന്ന് ചോദിച്ചാൽ മൗനമായിരിക്കും കച്ചവടക്കാരുടെ ഉത്തരം. ഗോവധ നിരോധനം രാജ്യവ്യാപകമായി ഉടൻ തന്നെ വരുമെന്നാണ് ഹിന്ദുമഹാസഭക്കാർ പ്രചരിപ്പിക്കുന്നത്. പണം നൽകാനില്ലാത്ത കച്ചവടക്കാർക്ക് മാടുകളെ തിരിച്ചു കൊണ്ടുപോകാനും ഇവർ അനുവദിക്കില്ല. പിടിച്ചെടുത്ത കാലികളെ സമീപത്തെ അമ്പലങ്ങൾക്ക് പരിസരമുള്ള ഗോശാലകൾ എന്ന് പേരിട്ട (പേരിൽ മാത്രം ഗോശാല, അവിടെ മാടുകൾക്ക് വേണ്ട വെള്ളം പോലുമില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്) ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഈ സ്ഥലത്തു കിടന്ന് മാടുകൾ പലതും നരകിച്ച് ചാവുകയാണെന്നാണ് കന്നുകാലി വ്യാപാരികൾ പറയുന്നത്.

ഗോമാതാവിനെ സ്‌നേഹിക്കുന്നവർ തന്നെ ഗോശാലകളിൽ നിന്നും രാത്രികാലങ്ങളിൽ ഏജന്റുമാരെ വച്ച് കച്ചവടം നടത്തുന്നുണ്ടെന്നും പറയപ്പെടുന്നു. ആത്മീയതയുടെ മറവിലുള്ള കൊള്ളയായതിനാൽ ആന്ധ്രയിലെ ഭരണകൂടവും പൊലീസും വിഷയത്തിൽ ഇടപെടുന്നുമില്ല. വരും നാളുകളിൽ ഈ സമരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഹിന്ദുമഹാസഭക്കാരുടെ തീരുമാനമെന്നും സൂചനയുണ്ട്.

എന്നാൽ ഹിന്ദുമഹാസഭയുടെ ഈ നീക്കത്തിന് തങ്ങളുടെ പിന്തുണയില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. റംസാൻ അടുക്കാറായതോടെ പ്രതിഷേധം വ്യാപകമായാൽ പോത്തിറച്ചി സാധാരണാക്കാരന് അപ്രാപ്യമാകും. ഇപ്പോൾ തന്നെ കേരളത്തിലേക്ക് കൊണ്ടുവരുന്ന കാലികളെ, വില കൂടിയതുകൊണ്ട് ആളുകൾ വാങ്ങാത്ത അവസ്ഥയുമുണ്ട്. വ്യാഴാഴ്ചകളിൽ കേരളത്തിലെത്തുന്ന കന്നുകൾ പലതും വെള്ളിയാഴ്‌ച്ച കച്ചവടം നടക്കാതെ തിരിച്ച് അതിർത്തി കടക്കുന്ന കാഴ്‌ച്ചയും പതിവായിരിക്കുകയാണ്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന മോദി സർക്കാരാകട്ടെ ഈ വിഷയങ്ങളിലൊന്നും നിലപാട് പറയാതെ ഒളിച്ചുകളിക്കുകയാണ്.സംസ്ഥാന സർക്കാരുകൾ തന്നെ ഇടപെട്ട് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP