Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയ്ഡ്‌സ് പ്രതിരോധ മരുന്ന് കഴിച്ച പുരുഷനഴ്‌സ് പാർശ്വഫല ഭീതിയിൽ; യുവാവിന് എച്ച് ഐ വി പോസിറ്റീവ് വിധിച്ച സ്വകാര്യ ലാബിനെതിരെ കുടുംബം; സ്റ്റാഫിനെ പുറത്താക്കിയെന്നും തെറ്റുപറ്റിയെന്നും പറഞ്ഞ് തടിയൂരാൻ ആലിയ ലാബ് അധികൃതർ; ലാബ് തീ തീറ്റിച്ചത് 17 വർഷമായി ഹീമോഫീലിയ രോഗത്തിന് അടിമയായ കുടുംബത്തെയും ശുശ്രൂഷിച്ച നഴ്‌സിനെയും കുടുംബത്തെയും

എയ്ഡ്‌സ് പ്രതിരോധ മരുന്ന് കഴിച്ച പുരുഷനഴ്‌സ് പാർശ്വഫല ഭീതിയിൽ; യുവാവിന് എച്ച് ഐ വി പോസിറ്റീവ് വിധിച്ച സ്വകാര്യ ലാബിനെതിരെ കുടുംബം; സ്റ്റാഫിനെ പുറത്താക്കിയെന്നും തെറ്റുപറ്റിയെന്നും പറഞ്ഞ് തടിയൂരാൻ ആലിയ ലാബ് അധികൃതർ; ലാബ് തീ തീറ്റിച്ചത് 17 വർഷമായി ഹീമോഫീലിയ രോഗത്തിന് അടിമയായ കുടുംബത്തെയും ശുശ്രൂഷിച്ച നഴ്‌സിനെയും കുടുംബത്തെയും

കെ സി റിയാസ്

കോഴിക്കോട്: ഹീമോഫീലിയ ബാധിതനായ 21-കാരന്റെ രക്തം പരിശോധിച്ച് എച്ച് ഐ വി പോസിറ്റീവ് എന്ന് തെറ്റായ റിപ്പോർട്ട് നൽകിയ ലാബ് അധികൃതർക്കെതിരെ നിയമ നടപടിക്കൊരുങ്ങി കുടുംബം. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ യുവാവും കുടുംബവുമാണ് നടപടിക്കായി അധികൃതരെ സമീപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളെജിന് സമീപത്തെ ആലിയ ഡയഗ്നോസ്റ്റിക്‌സ് ആൻഡ് റിസർച്ച് സെന്റർ ലാബിൽ നിന്നാണ് യുവാവിന്റെ രക്തം പരിശോധിച്ച് തെറ്റായ റിപ്പോർട്ട് നൽകിയത്. ഹീമോഫീലിയ രോഗത്തെ തുടർന്ന് 17 വർഷമായി ചികിത്സ തുടരുന്ന കുടുംബത്തിന് ബുധനാഴ്ചയാണ് ഇത്തരമൊരു ദുരനുഭവമുണ്ടായത്.

ഹിമോഫീലിയ ചികിത്സയുടെ ഭാഗമായി രക്തം മാറാൻ ബുധനാഴ്ച വൈകിട്ടാണ് പിതാവിനൊപ്പം യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയത്. ഇയാളുടെ ദേഹത്ത് സിറിഞ്ച് കുത്തുന്നതിനിടയിൽ പുരുഷനഴ്‌സിന്റെ കൈയിൽ അബദ്ധത്തിൽ സൂചി കൊണ്ടു മുറിവുണ്ടായി. നഴ്‌സ് ഇക്കാര്യം ഡോക്ടറെ അറിയിച്ചപ്പോൾ യുവാവിന് എലിസ ടെസ്റ്റ് നിർദേശിക്കുകയായിരുന്നു. മെഡിക്കൽ കോളെജിലെ ലാബ് അടച്ചതിനാൽ സ്വകാര്യ ലാബായ ആലിയിലാണ് രക്തം പരിശോധിച്ചത്. എച്ച് ഐ വി പോസിറ്റീവ് എന്ന ഫലമാണ് അവർ നൽകിയത്. എച്ച് ഐ വിയുടെ കൂടിയ അളവായ 5.32 ആണ് രേഖപ്പെടുത്തിയിരുന്നത്.

ഫലം കണ്ട നഴ്‌സ് ആശങ്കയിലായി. ഇതോടെ ഡോക്ടർ വീണ്ടും യുവാവിന്റെ രക്തപരിശോധനയ്ക്ക് നിർദേശിച്ചു. രക്തഫല റിപ്പോർട്ടറിഞ്ഞ യുവാവും കുടുംബവും ഈ സമയം കടുത്ത മാനസിക സമ്മർദത്തിലായി. ശേഷം മറ്റൊരു സ്വകാര്യ ലാബിൽ രക്തം വീണ്ടും പരിശോധിച്ചപ്പോൾ എച്ച് ഐ വി നെഗറ്റീവാണെന്നായിരുന്നു ഫലം. വ്യാഴാഴ്ച വീണ്ടും മെഡിക്കൽ കോളെജിലെ തന്നെ ജ്യോതിസ് ലാബിൽ രക്തം പരിശോധിച്ച് എച്ച് ഐ വി ഇല്ലെന്ന് സ്ഥിരീകരിച്ചു. അതിനിടെ, യുവാവിന് സിറിഞ്ച് കുത്തുന്നതിനിടയിൽ അബദ്ധത്തിൽ സൂചിയേറ്റ് മുറിവുണ്ടായ പുരുഷ നഴ്‌സ് എച്ച് ഐ വി ബാധയേൽക്കുമോ എന്ന ഭയത്തിൽ കടുത്ത മാനസിക സംഘർഷത്തിലായി. ഇതേ തുടർന്ന് ആറു മണിക്കൂറിനകം കഴിക്കേണ്ട എച്ച് ഐ വി പ്രതിരോധ മരുന്നായ ആന്റി റിട്രോ എന്ന മരുന്ന് കോഴിക്കോട് ലഭ്യമല്ലാത്തതിനാൽ ഉടനെ പെരിന്തൽമണ്ണയിൽനിന്ന് സംഘടിപ്പിച്ച് കഴിക്കുകയുമുണ്ടായി. കഴിഞ്ഞദിവസം പരിശോധനാ റിപ്പോർട്ട് മാറിയെന്നു വ്യക്തമായതോടെയാണ് ഇരുവർക്കും കുടുംബങ്ങൾക്കും ആശ്വാസമായത്. അപ്പോഴും പ്രതിരോധ മരുന്ന് കഴിച്ചതിന്റെ പാർശ്വഫലവും മറ്റും ഇവരെ വേട്ടയാടുകയാണ്.

ലാബിനെതിരെ ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഉപഭോക്തൃ കോടതി എന്നിവയിൽ ഇന്നലെ രാത്രിയോടെ പരാതി നൽകിയതായി യുവാവിന്റെ പിതാവ് പറഞ്ഞു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കും പരാതി നൽകുമെന്ന് ഇദ്ദേഹം അറിയിച്ചു.
അതിനിടെ, തെറ്റായ ലാബ് റിപ്പോർട്ട് നൽകിയ സ്റ്റാഫിനെ സർവീസിൽനിന്ന് ഡിസ്മിസ് ചെയ്തതായി ആലിയ ലാബിന്റെ അഡ്‌മിനിസ്‌ട്രേറ്റർ സുജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇരകളുടെ മനോവിഷമത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. 38 ലക്ഷം രൂപ മുടക്കി വാങ്ങിയ മെഷീനിലെ സ്‌ക്രീനിൽ തെളിഞ്ഞ റിപ്പോർട്ടാണ് ടെക്‌നീഷ്യൻ നൽകിയത്. പക്ഷേ, എച്ച് ഐ വി പോസിറ്റീവ് ആണെന്നു തെളിഞ്ഞാൽ അത് ക്രോസ്‌ചെക്ക് ചെയ്യേണ്ട ഉത്തരവാദിത്തവും ബന്ധപ്പെട്ടവരെ റിപ്പോർട്ട് ചെയ്യേണ്ട ഉത്തരവാദിത്തവും ഞങ്ങൾക്കുണ്ടായിരുന്നു. അത് പാലിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും അദ്ദേഹം സമ്മതിച്ചു.

എയ്ഡ്‌സ് ഉണ്ടെന്ന തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ഡി എം ഒ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതി ലഭിച്ചാൽ കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ ദേവി പറഞ്ഞു. ലാബിനെതിരെ മറ്റ് നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അധികാരമില്ലെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP