Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാദുരന്തം സംഭവിച്ചാലും വേണ്ടില്ല! ഫ്‌ലാറ്റ് മുതലാളിമാർക്ക് കുഴപ്പം സംഭവിക്കരുത്; അപകട സാധ്യത നിരത്തി നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളി; ജേക്കബ് തോമസിന്റെ സ്ഥാനചലനത്തിലെ കള്ളക്കളിക്ക് കാരണം ഇതു തന്നെ

മഹാദുരന്തം സംഭവിച്ചാലും വേണ്ടില്ല! ഫ്‌ലാറ്റ് മുതലാളിമാർക്ക് കുഴപ്പം സംഭവിക്കരുത്; അപകട സാധ്യത നിരത്തി നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തള്ളി; ജേക്കബ് തോമസിന്റെ സ്ഥാനചലനത്തിലെ കള്ളക്കളിക്ക് കാരണം ഇതു തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അപകമുണ്ടാകുമ്പോൾ മാത്രം ദുരന്തത്തെ പറ്റി ആലോചിക്കുന്നവരാണ് മലയാളികൾ. പണമുള്ളവന് എന്തു ചെയ്യാൻ അവസരമൊരുക്കാൻ മാത്രമാണ് ഈ കള്ളക്കളി. ബോട്ടു ദുരന്തമുതൽ, മഴക്കെടുതികൾ വരെയുള്ളവയിൽ ഭരണകൂടത്തിന്റെ ഈ നിലപാടുകൾ വ്യക്തവുമാണ്. ഒന്നും ആരും അറിയിച്ചില്ലെന്ന് പറഞ്ഞ് സർക്കാർ അപ്പോഴൊക്കം കൈകഴുകുകയും ചെയ്യും. വെറുതെ ഇരുത്താനാണ് മുതിർന്ന ഐപിഎസുകാരനായ ജേക്കബ് തോമസിനെ ഫയർഫോഴ്‌സിന്റെ തലപ്പത്തുകൊണ്ടുവന്നത്. എന്നാൽ ഇരിക്കുന്ന കസേരയുടെ പവർ തിരിച്ചറിയുന്ന ഡിജിപി റാങ്കിലുള്ള ഉദ്യാഗസ്ഥൻ ചിലതെല്ലാം മനസ്സിലാക്കി. എന്നാൽ അതിന് പുല്ലുവിലയാണ് ആഭ്യന്തര വകുപ്പ് നൽകിയത്. കാരണം ഫ്‌ലാറ്റ് മാഫിയയെ വെറുപ്പിച്ച് സാധാരണക്കാരുടെ സുരക്ഷയെന്നത് സർക്കാരിന് ചിന്തിക്കാൻ പോലൂം കഴയില്ല.

ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന് നാഷണൽ ബിൽഡിങ് കോഡ് (എൻബിസി) നിർബന്ധമാക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് ഫയർഫോഴ്‌സ് മേധാവിയായിരിക്കെ ഡോ. ജേക്കബ് തോമസ് ആഭ്യന്തരവകുപ്പിന് കൈമാറിയ റിപ്പോർട്ട് തള്ളി. എൻബിസി സർക്കുലർ വിവാദമായ സാഹചര്യത്തിൽ ജേക്കബ് തോമസിനോട് സർക്കാർ വിശദീകരണം തേടിയിരുന്നു. തുടർന്നാണ് അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്. ജേക്കബ് തോമസിനെ ഫയർഫോഴ്‌സിൽ നിന്ന് നീക്കിയതോടെ റിപ്പോർട്ട് ഇനി പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇതിന് വേണ്ടി മാത്രമാണ് പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ തലവനായി ജേക്കബ് തോമസിനെ മാറ്റിയത് എന്നതാണ് തെളിയുന്നത്. പൊലീസ് കൺസട്രക്ഷൻ കോർപ്പറേഷനിലെ അഴിമതികൾ ജേക്കബ് തോമസ് കണ്ടെത്തുന്നതിന് മുമ്പ് അവിടെ നിന്നും മാറ്റും. അതാണ് അവസ്ഥ.

നാഷണൽ ബിൽഡിങ് കോഡിൽ ചില വ്യവസ്ഥകളുണ്ട്. അതിൽ പ്രധാനം ഇവയാണ്. ലിഫ്റ്റ്, എക്‌സലേറ്റർ എന്നിവയ്ക്കു പുറമേ ബഹുനില കെട്ടിടങ്ങളിൽ രണ്ടു സുരക്ഷാ വാതിലുകൾ പ്രത്യേകമായി തയ്യാറാക്കണം., സ്‌മോക്, ഫയർ, അലാമുകൾ എല്ലാ നിലകളിലും ഒരുക്കുക, 15-30 മിറ്റർ ഉയരമുള്ള കെട്ടിടങ്ങളിലേക്കുള്ള വഴിക്ക് 18 മീറ്റർ വീതി വേണം., 60 മീറ്ററിൽ കൂടുതലുള്ളവയ്ക്ക് 30-15 മീറ്റർ വഴി ഉണ്ടാകണം, 10 കി. മീ ചുറ്റളവിൽ ഫയർ‌സ്റ്റേഷൻ ഉണ്ടായിരിക്കണം, എല്ലാ കെട്ടിടങ്ങൾക്കും ഫയർഫോഴ്‌സിന്റെ ക്ലിയറൻസ് നിർബന്ധമാക്കണം, അടിക്കടി മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. ജേക്ക്‌ബ് തോമസ് പറയുന്നത് പോലെ ഇതൊക്കെ നടപ്പാക്കിയാൽ ഫ്‌ലാറ്റ് നിർമ്മാണം നിലയ്ക്കും. കെട്ടിപ്പൊക്കിയ പലതും പൊളിച്ചു കളയേണ്ടിയും വരും. ഇത് മുതലാളിമാർക്ക് താങ്ങാൻ കഴയില്ല. അപ്പോൾ പിന്നെ ദുരന്തം ഉണ്ടായാലും കുഴപ്പമില്ലെന്നാണ് ചിലരുടെ നിലപാട്.

ഏതു സമയവും സംസ്ഥാനം നേരിട്ടേക്കാവുന്ന ദുരന്തങ്ങൾ അക്കമിട്ട് നിരത്തുന്ന റിപ്പോർട്ടാണ് ജേക്കബ് തോമസ് നൽകിയത്. എന്നാൽ ഫ്ളാറ്റ് നിർമ്മാതാക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി റിപ്പോർട്ട് സർക്കാർ അവഗണിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളിൽ അഗ്നിബാധമുണ്ടായാൽ വൻദുരന്തമുണ്ടാകുമെന്ന് റിപ്പോർട്ടിൽ ചാണ്ടിക്കാട്ടുന്നു. പത്തിൽ ഒരാളുടെ ജീവൻപോലും രക്ഷിക്കാനാവില്ല. ഇടുങ്ങിയ ഇടവഴികളും കൈയേറ്റങ്ങളുമാണ് പ്രതിസന്ധിക്ക് കാരണം. മിക്ക പാർപ്പിട പ്രദേശങ്ങളിലും ഫയർഫോഴ്‌സ് യൂണിറ്റുകൾക്ക് എത്താനാവില്ല. എത്തിയാലും 60 മീറ്ററിന് മുകളിലേക്ക് രക്ഷാപ്രവർത്തനം വ്യാപിപ്പിക്കാനാകില്ല.

വൻ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാൻ പത്തിൽ കൂടുതൽ ഫയർ എഞ്ചിനുകൾ വേണ്ടിവരും. ഇവയുടെ സുഗമമായ പോക്കുവരവിന് സ്ഥലസൗകര്യം മിക്കയിടങ്ങളിലുമില്ല. ഉള്ള സ്ഥലങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കുകയാണ്. മിക്ക ഫ്ളാറ്റുകളിലും അടിയന്തിരഘട്ടത്തിൽ രക്ഷപ്പെടാനുള്ള എമർജൻസി എക്‌സിറ്റുകൾ ഇല്ലാത്തത് ഗുരുതരമായ അവസ്ഥ സൃഷ്ടിക്കും. വയോധികരേയും അംഗപരിമിതരെയും താഴെയിറക്കാൻ ബദൽ സംവിധാനങ്ങളുമില്ല. 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ ആകാശമാർഗ്ഗമുള്ള രക്ഷാപ്രവർത്തനം മാത്രമാണ് സാധ്യമാവുക. കേരളത്തിലെ പരിമിതമായ സാഹചര്യത്തിൽ ഇത് എപ്പോഴും സാധ്യമാകണമെന്നില്ല. ഈ സാഹചര്യത്തിൽ എൻബിസി നിർബന്ധമാക്കിയാൽ ഒരു പരിധി വരെ പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപറത്തി ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തുന്ന ഫ്‌ളാറ്റ് കമ്പനികൾക്കും അനധികൃതമായി സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കുന്ന ക്വാറികൾക്കും മൂക്കുകയറിടാൻ ഫയർ ആൻഡ് റെസ്‌ക്യൂ സർവിസസ് നടപടി എടുക്കുന്നതിനെടെയാണ് ജേക്കബ് തോമസിന്റെ സ്ഥാന ചലനം. നാഷനൽ ബിൽഡിങ് കോഡ്(എൻ.ബി.സി)മറികടന്നുള്ള നിർമ്മാണങ്ങൾക്ക് എൻഒസി നൽകരുതെന്ന കർശനനിർദ്ദേശവുമായി ജേക്കബ് തോമസ് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നേരത്തെ എൻഒസി ലഭിച്ച കെട്ടിടങ്ങൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള പരിശോധനയും ഉടൻ ആരംഭിക്കുമെന്നും അറിയിച്ചു. വകുപ്പിലെ ഉന്നതരുടെ ഒത്താശയോടെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ പിൻവാതിലിലൂടെ എൻഒസി തരപ്പൈടുത്തുന്നെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് കമാൻഡന്റ് ജനറലിന്റെ ഇടപെടൽ വന്നത്. ഇത് മനസ്സിലാക്കിയ ലോബിയാണ് ജേക്കബ് തോമസിനെ മാറ്റാനായി ചരടു വലിച്ചത്.

എൻ.ബി.സി പ്രകാരം ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുംമുമ്പ് ഫയർഫോഴ്‌സിൽനിന്ന് സൈറ്റ് പ്‌ളാൻ അപ്രൂവൽ വാങ്ങണം. നിർമ്മാണം പൂർത്തിയായശേഷം പ്‌ളാനിൽപറഞ്ഞ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചോ എന്ന് അധികൃതർ പരിശോധിച്ച് ക്‌ളിയറൻസ് എൻഒസി നൽകും. എന്നാൽ, മിക്ക കെട്ടിടനിർമ്മാതാക്കളും സുരക്ഷാ കാര്യത്തിൽ വീഴ്ചവരുത്തുന്നത് പതിവാണ്. ഫയർഫോഴ്‌സ് അധികൃതർക്ക് കോഴ നൽകി എൻഒസി തരപ്പെടുത്തുന്ന ലോബി തന്നെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. തീയണക്കാൻ പ്രത്യേക വാട്ടർ ടാങ്ക്, ഫയർ, സ്‌മോക്, ഫ്യൂം അലാമുകൾ, ലിഫ്റ്റിന് സുരക്ഷാവാതിൽ എന്നിവ മിക്ക ഫ്‌ളാറ്റുകളിലും ഉണ്ടാകില്ല. എൻ.ബി.സി പ്രകാരം 60 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങളിൽ നിർബന്ധമായും ഹെലിപാഡ് ഉണ്ടാകണം. ഇതെല്ലാം മറികടന്ന് എൻഒസി തരപ്പെടുത്തുന്നതിന് ലക്ഷങ്ങളാണ് കോഴ നൽകുന്നത്.

പാറമടകളിൽ അനുവദനീയമായതിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിക്കുന്നതായും പരാതിയുണ്ട്. ഇവിടങ്ങളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കി എൻഒസി നൽകേണ്ടത് ഫയർഫോഴ്‌സ് അധികൃതരാണ്. എന്നാൽ, ഇവിടെയും പണം വാങ്ങി കാര്യങ്ങൾ അട്ടിമറിക്കുന്നത് പതിവാണ്. കേന്ദ്രസർക്കാറിന്റെ സിവിൽ ഡിഫൻസ് ആക്ട് 1968 പ്രകാരം ജനങ്ങളുടെ ജീവന് ഭീഷണിയായേക്കാവുന്ന മേഖലകളിൽ നിയന്ത്രണം കൊണ്ടുവരാൻ ഫയർ ആൻഡ് റസ്‌ക്യൂ സർവിസസിന് അധികാരമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാനും ജേക്കബ് തോമസ് നിർദ്ദേശം നൽകിയിരുന്നു. ഇത് അറിഞ്ഞു തന്നെയാണ് കള്ളക്കളികൾക്ക് സർക്കാരും കൂട്ടുനിന്നത്. അങ്ങനെ ജേക്കബ് തോമസ് ഫയർഫോഴ്‌സിൽ നിന്ന് പുറത്തായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP