Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർക്കാർ പ്രളയ ബാധിതരെ മറന്നപ്പോൾ പ്രവാസികൾ അവരെ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ന്യൂകാസിൽ ഹിന്ദു ക്ഷേത്രം കേരളത്തിൽ നിർമ്മിക്കുന്നത് എട്ടു വീടുകൾ; ആദ്യ വീടിന്റെ താക്കോൽ ദാനം നടത്തി; 51 ലക്ഷം സമാഹരിച്ച പുനഃനിർമ്മാണത്തിന് നേതൃത്വം നൽകുന്നത് മലയാളി ദമ്പതികളായ ഡോ. പിള്ളയും ഗീത പിള്ളയും

സർക്കാർ പ്രളയ ബാധിതരെ മറന്നപ്പോൾ പ്രവാസികൾ അവരെ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ന്യൂകാസിൽ ഹിന്ദു ക്ഷേത്രം കേരളത്തിൽ നിർമ്മിക്കുന്നത് എട്ടു വീടുകൾ; ആദ്യ വീടിന്റെ താക്കോൽ ദാനം നടത്തി; 51 ലക്ഷം സമാഹരിച്ച പുനഃനിർമ്മാണത്തിന് നേതൃത്വം നൽകുന്നത് മലയാളി ദമ്പതികളായ ഡോ. പിള്ളയും ഗീത പിള്ളയും

കെ ആർ ഷൈജുമോൻ, ലണ്ടൻ

തിരുവനന്തപുരം: ഒരേ മനസോടെ ഒരേ വികാരത്തോടെ മലയാളികൾ കൈകോർത്ത നാളുകളാണ് ഇക്കഴിഞ്ഞ സ്വതന്ത്ര പുലരിയിൽ ഇരച്ചെത്തിയ പ്രളയത്തിനൊപ്പം ലോകം കണ്ടത്. എന്നാൽ വെള്ളമിറങ്ങിയപ്പോൾ ആ ഒരുമ എവിടെയൊക്കെയോ നഷ്ടമായതായാണ് കേരളം ഇപ്പോൾ ലോകത്തിനു നൽകുന്ന കാഴ്ചകൾ. പ്രളയത്തെ തുടർന്ന് ഒന്നിച്ചു നിർത്തേണ്ട ജനത്തെ സർക്കാർ തന്നെ മറന്നു തുടങ്ങിയ കാലമാണ് പിന്നീടുണ്ടായത്. പ്രളയത്തെ തുടർന്നുള്ള നവകേരള നിർമ്മാണമാണ് മുഖ്യ അജണ്ടയെന്നു ലോകത്തോട് വിളിച്ചു പറഞ്ഞ സർക്കാരിന് മുന്നിൽ അതിനേക്കാൾ പ്രധാനമായി പലതും വന്നു. ഇതോടെ നവകേരളവും പുനഃ നിർമ്മിതിയും ഒക്കെ വെറും രാഷ്ട്രീയ കസർത്തായി.

കിടപ്പാടവും മണ്ണും വെള്ളം കൊണ്ട് പോയ പതിനായിരങ്ങൾക്ക് പ്രഖ്യാപിച്ച അടിയന്തിര ആശ്വാസമായ 10000 രൂപ പോലും കിട്ടാതെ ഇപ്പോഴും നൂറു കണക്കിനാളുകൾ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുന്ന ദൃശ്യങ്ങളാണ് കേരളത്തിലെ വാർത്ത ചാനലുകൾ ദിനം പ്രതി സംപ്രേഷണം ചെയ്യുന്നത്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കേരള സർക്കാർ നീങ്ങിത്തുടങ്ങിയപ്പോൾ സർക്കാരിന് നൽകാനായി രൂപം നൽകിയ പ്രളയ ദുരിതാശ്വാസ ഫണ്ടുകൾ പ്രവാസി സമൂഹങ്ങൾ ഇപ്പോൾ നേരിട്ട് അര്ഹരായവരിൽ എത്തിക്കുകയാണ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം എത്തുന്നത് യുകെയിലെ വടക്കൻ പട്ടണമായ ന്യുകാസിൽ നിന്നുമാണ്. ന്യുകാസിൽ ഹിന്ദു ക്ഷേത്രം സ്വരൂപിച്ച 51 ലക്ഷം രൂപ ഉപയോഗിച്ച് എട്ടു വീടുകളും സ്‌കൂളുകളൂം അടക്കം അനേകം പേരിലേക്കാണ് ഈ പണം എത്തുന്നത്. പ്രധാനമായും പഞ്ചാബി ഹിന്ദു സമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള ഈ ക്ഷേത്രത്തിൽ കാര്യമായി മലയാളികൾ സഹകരിക്കുന്നില്ല എന്നതാണ് സത്യം.

വിവിധ ഇന്ത്യൻ സംസ്ഥാനക്കാരും ഏഷ്യൻ ആഫ്രിക്കൻ സമൂഹവും നൽകിയ സംഭവനകൾക്കൊപ്പം പാക് വംശജരും സന്മനസോടെ സഹകരിച്ചപ്പോൾ മലയാളി സമൂഹത്തിന്റെ സംഭാവനകൾ വെറും നാമമാത്രമായിരുന്നു എന്നതാണ് നന്മ നിറഞ്ഞ മനസുകൾക്ക് മുന്നിൽ നിന്നും ഇക്കാര്യം പറയവേ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ന്യൂകാസിലിലെ മലയാളി ദമ്പതികളായ ഡോ. വി പി ആർ പിള്ളയും ഭാര്യ ഗീത പിള്ളയും പറയുന്നത്.

ഏറെ വർഷങ്ങൾക്കു മുൻപ് ന്യുകാസിലിൽ എത്തിയ ഡോ. പിള്ള വടക്കേ ഇന്ത്യൻ വംശജരായ ബ്രിട്ടീഷുകാരുമായി ദീർഘകാലമായി പുലർത്തുന്ന ബന്ധമാണ് കേരളത്തിലെ എട്ടു നിർധന കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഉള്ള കൂരകൾക്കു അടിത്തറ പണിയാൻ കാരണമായത്. ആലുവയിലെ കുന്നത്തുകരയിലാണ് പല വീടുകളും പാവങ്ങളെ തേടി എത്തുന്നത്.

പ്രളയ നാളുകളിൽ അനേകായിരങ്ങളെ ജീവിതത്തിലേക്ക് എത്തിക്കാൻ മത്സ്യ തൊഴിലാളികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിയർപ്പൊഴുക്കിയ സേവാ ഭാരതിയുടെ കീഴിലാണ് വീടുകളുടെ പുനർനിർമ്മാണം. മനുഷ്യ അധ്വാനം സേവാ ഭാരതി ഏറ്റെടുക്കുന്നതിനാൽ അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരാവുന്ന വീടുകളാണ് കുറഞ്ഞ ചെലവിൽ ഇപ്പോൾ നിർമ്മാണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. ഇതിൽ ആദ്യ വീടിന്റെ താക്കോൽ ദാനം ഇക്കഴിഞ്ഞ ഞായറാഴ്ച ആലുവയിൽ എത്തിയ ഡോ. പിള്ള നിർവ്വഹിക്കുകയും ചെയ്തു.

കുന്ന്കരയിലും പരിസരത്തുമായി പൂർത്തിയാവുന്ന എട്ടുവീടുകളിൽ ബാക്കിയുള്ളവയുടെ നിർമ്മാണം അതിവേഗം പൂർത്തിയാവുകയാണ്. ഇതോടൊപ്പം സമാഹരിച്ച പണം ഉപയോഗിച്ച് ആയിരം വീടുകൾക്കായി ആവശ്യപയോഗ ഉപകരണങ്ങളും പാത്രങ്ങളും മരുന്നുകളും നൽകാൻ കഴിഞ്ഞതായും വിപിആർ പിള്ള അറിയിച്ചു. ഇതോടൊപ്പം പറവൂരിലെ വേൽമുരുകൻ സ്‌കൂളിൽ കുട്ടികൾക്കായി ഒരു ഡസനിലേറെ കംപ്യൂട്ടറുകളും സംഭാവനയായി നൽകി. മുഴുവൻ പ്രവർത്തനങ്ങളും സേവാഭാരതി പ്രവർത്തകരുടെ നിർദേശങ്ങളും മേൽനോട്ടത്തിലുമാണ് നടക്കുന്നത്.

പണം കൈമാറുന്നതിന് മുൻപ് സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനായി ന്യൂകാസിൽ ഹിന്ദു ടെമ്പിൾ അധികൃതർ കുന്നുകരയിലും പറവൂരിലും ഒക്കെ സന്ദർശനം നടത്തിയിരുന്നു. കഴിഞ്ഞ പ്രളയ കാലത്തു ഏറ്റവും അധികം നാശനഷ്ടം നേരിട്ട പ്രദേശങ്ങളിൽ ഒന്നുകൂടിയാണ് കുന്നുകരയും പറവൂരുമൊക്കെ. പെരിയാറിൽ ഒഴുകിയെത്തിയ പ്രളയ ജലം നക്കിത്തുടച്ച ജീവിതങ്ങൾക്ക് പുതുനാമ്പു നൽകാൻ ന്യൂകാസിൽ ഹിന്ദു ക്ഷേത്രത്തിനു കഴിഞ്ഞതിലും അതിൽ ഭാഗഭാക്കാകുവാൻ സാധിച്ചതിലും അതിയായ സന്തോഷം തോന്നുന്നതായി ഇപ്പോൾ നാട്ടിൽ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എത്തിയ പിള്ള ദമ്പതികൾ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ഈ പ്രദേശത്തെ ജനങ്ങളുടെ ജീവിതം വീണ്ടും പച്ചപിടിക്കുന്നതിനായി തയ്യൽ മെഷീൻ ഉൾപ്പെടെയുള്ള തൊഴിൽ ഉപകരണങ്ങൾ കൂടി വിതരണം ചെയ്യാൻ സേവാഭാരതിക്കു കഴിഞ്ഞിട്ടുണ്ടെന്ന് സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായ സാരഥികളിൽ ഒരാളായ കേണൽ രാമചന്ദ്രൻ കെ ജി വ്യക്തമാക്കി. സേവാഭാരതി ഏറ്റെടുത്തിരിക്കുന്ന പുനർജ്ജനി പദ്ധതി വഴിയാണ് ഈ സേവന പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. അനേകം കുടുംബങ്ങൾക്കാണ് സേവാഭാരതിയുടെ കൈതാങ്ങ് എത്തികൊണ്ടിരിക്കുന്നത്.

സർക്കാർ ഏറെക്കുറെ നിശ്ചലമായ സാഹചര്യത്തിൽ പ്രളയം ഏറ്റവും നാശമുണ്ടാക്കിയ എറണാകുളം ജില്ലയിലെ മൂന്നു എംഎൽഎ മാരായ റോജി ജോൺ, വി ഡി സതീശൻ, ഹൈബി ഈഡൻ എന്നിവരുടെ നേതൃത്വത്തിലും അനേകം വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ പലതിന്റെയും കൈമാറ്റ ചടങ്ങുകളും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇച്ഛാശക്തിയിൽ നഷ്ടമായത് എന്തും തിരികെ പിടിക്കാൻ കഴിയും എന്നത് കൂടിയാണ് ഈ പ്രവർത്തനങ്ങൾ തെളിയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP