Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

50 വയസുകാരന് കാൻസറെന്ന് ആർസിസി; അങ്ങനെയൊരു സംഭവമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ്; ഒരുരോഗിക്ക് രണ്ടുതരം ബയോപ്‌സി റിപ്പോർട്ട് വന്നത് എങ്ങനെയെന്ന് അമ്പരന്ന് ഡോക്ടർമാർ; ഒടുവിൽ മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാൻ തീരുമാനം; കാൻസറില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിന്റെ ചൂടാറും മുമ്പേ പുതിയ വിവാദം; ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിൽ വരുന്ന പിഴവ് കുട്ടിച്ചോറാക്കുന്നത് പാവം 'രോഗികളുടെ' ജീവിതവും

50 വയസുകാരന് കാൻസറെന്ന് ആർസിസി; അങ്ങനെയൊരു സംഭവമില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ്; ഒരുരോഗിക്ക് രണ്ടുതരം ബയോപ്‌സി റിപ്പോർട്ട് വന്നത് എങ്ങനെയെന്ന് അമ്പരന്ന് ഡോക്ടർമാർ; ഒടുവിൽ മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാൻ തീരുമാനം; കാൻസറില്ലാത്ത യുവതിക്ക് കീമോ നൽകിയ സംഭവത്തിന്റെ ചൂടാറും മുമ്പേ പുതിയ വിവാദം; ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നതിൽ വരുന്ന പിഴവ് കുട്ടിച്ചോറാക്കുന്നത് പാവം 'രോഗികളുടെ' ജീവിതവും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ആരോഗ്യരംഗത്ത് നേട്ടങ്ങളുടെ ഒരുപട്ടിക തന്നെ നിരത്താനുണ്ട് കേരളത്തിന്. ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണനിരക്ക്, കുറഞ്ഞ മാതൃമരണ നിരക്ക് -ഈ നേട്ടങ്ങളെല്ലാം അവകാശപ്പെടാമെങ്കിലും, കോട്ടങ്ങളുടെ പട്ടികയും ഏറെയാണ്. മലയാളികളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ട് നിപ പോലുള്ള പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങൾ മൂലം കാൻസർ രോഗികളുടെ എണ്ണവുമേറുന്നു. കാൻസറിന്റെ ആധുനിക ചികിത്സയിൽ മറ്റുസംസ്ഥാനങ്ങളെക്കാൾ ഏറെ മുമ്പിലാണെങ്കിലും അടുത്തിടെ കാൻസറില്ലാത്ത യുവതിക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കീമോ ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതായിരുന്നു. മറ്റൊരുകേസിൽ, തിരുവനന്തപുരം ആർസിസിയിൽ കാൻസർ സ്ഥിരീകരിച്ച രോഗിക്ക് അത് ബാധിച്ചിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജിലെ പാത്തോളജി ലാബിന്റെ ബയോപ്‌സി റിപ്പോർട്ട്. ഇതുണ്ടാക്കിയ പുകിലെന്തെന്ന് പറയേണ്ടതില്ലല്ലോ!

മണിമല ഇടയിരിക്കപ്പുഴ സ്വദേശിയായ 50കാരൻ കോട്ടയം മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയപ്പോഴാണ് ആശയക്കുഴപ്പമുണ്ടാക്കുന്ന പരിശോധനാഫലം വന്നത്. ആർസിസിയിലെ പരിശോധനയിൽ ആമാശയത്തിൽ കാൻസർ ബാധിച്ചു തുടങ്ങിയെന്നായിരുന്നു ഫലം. നാട്ടിൽ തന്നെ ചികിത്സ തുടരാനുള്ള സൗകര്യം കണക്കിലെടുത്ത് ചികിത്സ കോട്ടയത്താക്കാനായിരുന്നു തീരുമാനം. മെഡിക്കൽ കോളേജിലെ ഓങ്കോളജി യൂണിറ്റ് മേധാവി ഡോ. സുരേഷ് കുമാറിനെ കൺസൾട്ട് ചെയ്ത ലാബിൽ പരിശോധിച്ചപ്പോൾ ടെസ്റ്റ് നെഗറ്റീവ്. കാൻസറില്ല. ഇതോടെ ആർസിസിയിലെ ഫലം എങ്ങനെ തെറ്റാകുമെന്ന സംശയമായി. കാൻസറില്ലാത്ത യുവതിക്ക് കീമോ എടുത്തെന്ന വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ റിസ്‌ക് എടുക്കേണ്ടെന്നായിരുന്നു കേസിൽ പെട്ട ഡോ.സുരേഷ് കുമാറിന്റെ തീരുമാനം. ആർസിസിയിൽ തന്നെ ചികിത്സ തുടരാൻ നിർദ്ദേശിച്ചെങ്കിലും, കോട്ടയത്ത് തന്നെ മതിയെന്നായിരുന്നു രോഗിയുടെയും ബന്ധുക്കളുടെയും തീരുമാനം. ഈ സാഹചര്യത്തിൽ, ചികിത്സ തുടരാൻ തീരുമാനിച്ചു. മെഡിക്കൽ ബോർഡ് ചേർന്ന് കീമോ നൽകാനും തീരുമാനിച്ചു. ആർ.സി.സിയിലെ പരിശോധനാ സാമ്പിൾ വീണ്ടും പരിശോധിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. സർജറി ചെയ്യാനുള്ള ആരോഗ്യസ്ഥിതി രോഗിക്ക് ഇല്ലാത്തതുകൊണ്ടാണ്് കീമോ എടുക്കാൻ തീരുമാനിച്ചത്. ഒരുരോഗിക്ക് രണ്ടുതരം ബയോപ്‌സി റിപ്പോർട്ട് വന്നതെങ്ങനെയെന്നാണ് ചോദ്യം ഉയരുന്നത്. ഇക്കാര്യത്തിൽ ഡോക്ടർമാർക്ക് ഒന്നും പറയാനില്ല. ലാബുകളെ പഴിക്കുകയേ നിവൃത്തിയുള്ളു.

കാൻസറില്ലാത്ത യുവതിക്ക് കീമോ

കാൻസറില്ലാത്ത യുവതിക്ക് കീമോതെറാപ്പി ചെയ്‌തെന്ന പരാതിയിൽ കോട്ടയം മെഡിക്കൽ കോളേജിലെ രണ്ടു ഡോക്ടർമാർക്കും ലാബിന്റെ ചുമതലക്കാർക്കുമെതിരേ ഗാന്ധിനഗർ പൊലീസ് കേസെടുത്തിരിക്കുകയാണ്. ചാരുംമൂട് സ്വദേശിനി രജനിക്കാണു തെറ്റായ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജിൽ കീമോ ചെയ്തത്. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ യുവതിക്ക് മെഡിക്കൽ കോളജിൽ ചികിൽസ നടത്തിയെങ്കിലും പിന്നീട് തിരുവനന്തപുരം ആർസിസിയിൽ നടത്തിയ പരിശോധനയിൽ കാൻസറില്ലെന്ന് കണ്ടെത്തുകയായിരുന്നു.

മാറിടത്തിൽ കണ്ടെത്തിയ മുഴ കാൻസറാണെന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയെട്ടിനായിരുന്നു രജനി കോട്ടയം മെഡിക്കൽ കോളെജിൽ ചികിൽസ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാംപിളുകളിൽ ഒരെണ്ണം മെഡിക്കൽ കോളജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലേക്കും നൽകി. ഒരാഴ്ചക്കുള്ളിൽ ലഭിച്ച, കാൻസറുണ്ടെന്ന, സ്വകാര്യലാബിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാർ ചികിൽസ ആരംഭിക്കുകയും കീമോതെറാപ്പിക്ക് നിർദ്ദേശിക്കുകയും ചെയ്തു. ആദ്യ കീമോതെറാപ്പിക്കുശേഷമാണ് കാൻസറില്ലെന്ന പതോളജി ലാബിലെ പരിശോധനാ ഫലം ലഭിച്ചത്.

വീഴ്ച ബോധ്യപ്പെട്ടതോടെ സ്വകാര്യലാബിൽ നൽകിയ സാംപിളും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം തിരികെ വാങ്ങി പതോളജി ലാബിൽ പരിശോധിച്ചെങ്കിലും കാൻസർ കണ്ടെത്താനായില്ല. ഇതോടെ സാംപിളുകൾ തിരുവനന്തപുരം ആർസിസിയിൽ എത്തിച്ചും പരിശോധന നടത്തി. കാൻസർ കണ്ടെത്താനാകാതിരുന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി മുഴ നീക്കം ചെയ്യുകയായിരുന്നു.

പരിശോധനാ ഫലങ്ങൾ നൽകിയ ഗാന്ധിനഗർ ഡയനോവ ലാബ്, സംക്രാന്തി കവലയിലുള്ള സി.എം.സി. ലാബ് എന്നിവിടങ്ങളിലെ പരിശോധകർ, കോട്ടയം മെഡിക്കൽ കോളേജിലെ സർജൻ ഡോ. രഞ്ചിൻ, കീമോ തെറാപ്പി ചെയ്ത കാൻസർ വിഭാഗത്തിലെ ഡോ. സുരേഷ് കുമാർ എന്നിവർക്കെതിരേയാണു രജനി പരാതി നൽകി മൊഴി കൊടുത്തത്. യുവതിയുടെ പരാതിയിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അതേസമയം പിഴവ് സ്വകാര്യ ലാബിലാണ് സംഭവിച്ചതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നു. ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചിട്ടില്ലെന്ന റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകുകയും ചെയ്തു.

എങ്ങനെ സംഭവിച്ചു: ഐഎംഎ സ്‌റ്റേറ്റ് സെക്രട്ടറി ഡോ.സുൾഫി നൂഹുവിന്റെ വിലയിരുത്ത

'കീമോ തെറാപ്പി ..ഒരു കള്ളം ആയിരം വട്ടം പറഞ്ഞാൽ അത് സത്യം ആകില്ല .അത് ഇവിടെയും അങ്ങനെ തന്നെ. രോഗിക്ക് കീമോതെറാപ്പിനൽകിയത് തെറ്റ് എന്ന് പറയുന്ന ഒരു ഡോക്ടർ പോലും ഉണ്ടാകും എന്ന് കരുതാൻ നിവൃത്തിയില്ല.ലോകത്ത് ഒരിടത്തും കാരണം രോഗലക്ഷണങ്ങൾ ക്യാൻസറിനു സമാനം. മാമോഗ്രാം അതി ശക്തമായി കാൻസറിലേക്ക് വിരൽചൂണ്ടുന്നു.മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച സീനിയർ പാത്തോളജി വിഭാഗം ഡോക്ടർ ക്യാൻസർ എന്ന ബയോപ്‌സി റിസൾട്ട് നൽകുന്നു .മാറിലെ കാൻസർ രണ്ടാഴ്ചയ്ക്കകം ഒരു സ്റ്റേജിൽ നിന്നും അടുത്ത സ്റ്റേജിലേക്ക് പോകാം എന്നുള്ളതിനാൽ ചികിത്സ വൈകിപ്പിക്കുന്നത് പെട്ടെന്ന് മരണത്തിലേക്ക് നയിക്കും എന്നുള്ളത് നാം അറിഞ്ഞിരിക്കേണ്ട കാര്യമാണ്.

അതിനാൽ തന്നെ കീമോതെറാപ്പി ,ഈ മൂന്നു നിഗമനങ്ങളുടേയും അടിസ്ഥാനത്തിൽ രോഗലക്ഷണം ,മാമോഗ്രാം , ബയോപ്‌സി ഫലം എന്നിവയുടെ അടിസ്ഥാനത്തിൽ ഡോക്ടർ എടുത്ത തീരുമാനത്തെ ഒരു ശാസ്ത്രവും ഒരു ഡോക്ടർമാരും തള്ളി പറയില്ല എന്ന് നൂറു ശതമാനം ഉറപ്പ്. കേരളത്തിലെ ആശുപത്രിയിൽ മാത്രമല്ല ലോകത്തെ എല്ലാ ആശുപത്രികളിലും ഇതേ നിലപാട് സ്വീകരിക്കും.

കമ്മീഷൻ നേടാനുള്ള സംവിധാനമാണ് ഇത് എന്ന് തെറ്റിദ്ധരിപ്പിക്കുന്നത് അബദ്ധജടിലമാണ് .കുപ്രചരണം ആണ് ..കള്ളപ്രചാരണം ആണ്. ബാലിശമാണ് അനീതിയാണ് .ഒരു മാസത്തിൽ ഏറെ കഴിഞ്ഞ് പത്തോളജി വിഭാഗത്തിൽ നിന്നും കിട്ടിയ റിസൾട് നെഗറ്റീവ് ആയിരുന്നതിനാൽ സ്വാഭാവികമായും കീമോതെറാപ്പി ഡോക്ടർമാർ തമ്മിൽ ചർച്ച ചെയ്തതിനുശേഷം നിർത്തിവെച്ചു .ക്യാൻസറിന് ഏതാണ്ട് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗ്രാനുലോമറ്റസ് മാസ്റ്റേറ്റിസ് എന്ന് ബയോപ്‌സി ഫലമാണ് പത്തോളജി വിഭാഗത്തിൽ നിന്നും ലഭിച്ചത്.

രോഗി വീണ്ടും മാറിൽ പഴുപ്പു കെട്ടുമായി വന്നതിനാൽ വീണ്ടും ഓപ്പറേഷൻ ചെയ്തത് ബിയോപ്‌സിക്കു അയക്കുകയും ചെയ്തു . കീമോതെറാപ്പിക്ക് ശേഷമുള്ള ഉള്ള ബയോപ്‌സി റിസൾട്ട് വീണ്ടും കാൻസർ തന്നെ ആയിക്കൊള്ളണമെന്നില്ല.അതു നെഗറ്റീവ് ആയി തന്നെ വന്നു.

രോഗി പൊലീസ് പരാതി നൽകി എന്ന് അറിയാൻ കഴിഞ്ഞു .വിദഗ്ധസമിതിയുടെ ആദ്യ നിഗമനവും ചികിത്സാപിഴവ് നടന്നില്ല എന്നുള്ളത് തന്നെയാണ് .പൊലീസിന് തുടർനടപടികൾ സ്വീകരിക്കണം എങ്കിലും നിയമപ്രകാരമുള്ള വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി മാത്രമേ ചെയ്യുവാൻ കഴിയുകയുള്ളൂ .ചികിത്സാ പിഴവ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കേണ്ടത് രോഗിയോ രോഗിയുടെ കൂട്ടിരിപ്പുകാരോ മാധ്യമങ്ങളോ അല്ല . അത് തീരുമാനിക്കേണ്ടത് വിദഗ്ധസമിതി തന്നെയാണ്. ഈ നിയമപ്രകാരം ഫോം ചെയ്യുന്ന വിദഗ്ധസമിതി പലപ്പോഴും പല ചികിത്സ പിഴവുകളും ചൂണ്ടിക്കാണിച്ച് പൊലീസിലും കോടതിയിലും റിപ്പോർട്ട് നൽകിയിട്ടുണ്ട് .

ഇവിടെയും ഒരു വിദഗ്ധ സമിതി ഡോക്ടർ ചെയ്ത തെറ്റ് എന്നു പറയുന്നു എങ്കിൽ മാത്രം,എങ്കിൽ മാത്രം, തുടർ നടപടികളിലേക്ക് പോകാൻ കഴിയും. ഈ രോഗി ,തീർച്ചയായും അനുതാപം അർഹിക്കുന്നു . വൈദ്യശാസ്ത്രത്തിന് പരിമിതികളിൽ പെട്ടുപോയ ഒരു പാവം രോഗിയാണ് അവർ. മേൽപ്പറഞ്ഞ കീമോതെറാപ്പിക്ക് വിധേയയായ സ്ത്രീക്ക് ,അവർക്ക് വേണ്ടുന്ന സഹായം ചെയ്യുവാൻ എല്ലാവരും ബാധ്യസ്ഥരാണ് .അവരോട് സ്‌നേഹപൂർവ്വം ഒരു വാക്ക് മാത്രം. ചികിത്സ നിർത്തരുത് ഡോക്ടറുടെ നിർദ്ദേശപ്രകാരം തുടർ ചികിത്സയിൽ തുടരണം .ഈ പറഞ്ഞതിൽ പ്രത്യേക കാരണങ്ങൾ ഉണ്ട് എന്ന് മാത്രം കരുതുക.'

പിഴവുകൾ സംഭവിക്കുമ്പോൾ സ്വകാര്യ ആശുപത്രികളുടെ മേൽ പഴി ചാരുന്നതിൽ കഴമ്പില്ലെന്നാണ് ഡോ.സുൾഫി നൂഹു പറയുന്നത്.

'കേരളത്തിലെ 70 ശതമാനം രോഗികളും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെ തന്നെയാണ് .കേരളത്തിന്റെ ഉയർന്ന ആരോഗ്യ നിലവാരത്തിന് കാരണങ്ങളിലൊന്നു സ്വകാര്യ ആശുപത്രികൾ തന്നെയാണ് .പ്രളയം വന്നപ്പോഴും ,ഓക്കി വന്നപ്പോഴും മറ്റെല്ലാ സാംക്രമിക രോഗ പരമ്പരകളിലും കേരള ജനതയെ സംരക്ഷിച്ച് നിർത്തിയതിൽ ഒരു വലിയ പങ്ക് വഹിച്ചത് മേൽപ്പറഞ്ഞിരിക്കുന്ന സ്വകാര്യ ആശുപത്രികൾ തന്നെയാണ്.

എന്തിനേറെ നിപ്പാ രോഗം ആദ്യമേ കണ്ടുപിടിച്ചതും ഈ സ്വകാര്യ ആശുപത്രികൾ തന്നെ. രണ്ടു തവണയും.രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിൽ അപ്പോൾ സ്വകാര്യ ആശുപത്രികളെപ്പറ്റി അയിത്തം കാണിക്കേണ്ട കാര്യമില്ല .മെഡിക്കൽ കോളജിലെ പാത്തോളജി ലാബിൽ മൂന്നുദിവസംകൊണ്ട് എല്ലാ റിസൾട്ട് കളും നൽകാൻ കഴിയുമെങ്കിൽ ഈ സ്വകാര്യ ആശുപത്രികൾ ആവശ്യമേ ഉണ്ടാകില്ലല്ലോ.'

രണ്ട് ആശുപത്രികളിലെ ബയോപ്‌സി റിപ്പോർട്ടിൽ വ്യത്യസ്ത ഫലങ്ങൾ. കാൻസറില്ലാത്ത രോഗിക്ക് ഉണ്ടെന്ന ഡയഗണോസിസ്. രണ്ടുസംഭവങ്ങളും വെറും വാർത്തകൾ മാത്രമായി തള്ളാതെ സമഗ്രമായ അന്വേഷണം ആവശ്യമായി വിഷയങ്ങളാണ്. മോഡേൺ മെഡിസിനിലെ ഏതുപരിശോധനയിലും തെറ്റ് വരാനുള്ള സാധ്യതകളുണ്ട്. ബയോപ്‌സിയിൽ പല സൂചകങ്ങൾ നോക്കിയാണ് പാതോളജിസ്റ്റ് നിഗമനത്തിൽ എത്തുന്നത്. ആണ് എന്നും അല്ല എന്നും നിശ്ചയിക്കുന്നതിൽ ചിലപ്പോൾ അശ്രദ്ധയും ഘടകമാവാം. ഏതാായാലും കാൻസറില്ലാത്ത രോഗിക്ക കാൻസറാണെന്ന് റിപ്പോർട്ട് നൽകുന്ന ഭീകരമായ സിറ്റ്‌വേഷൻ തന്നെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP