Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധന്യയെയും ഭർത്താവിനെയും പൊലീസ് പൊക്കിയത് നാഗർകോവിലിൽ സാംസണുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനിടെ; സാമുവൽ ജേക്കബിന്റെ ഫോൺവിളി ട്രേസ് ചെയ്ത പൊലീസ് പിന്നാലെയെത്തി; പണം വാങ്ങിയവരുമായി അഭിഭാഷകരെ മുൻനിർത്തി നടത്തിയ അനുനയ ചർച്ചകളും പ്രതിസന്ധിയിൽ

ധന്യയെയും ഭർത്താവിനെയും പൊലീസ് പൊക്കിയത് നാഗർകോവിലിൽ സാംസണുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനിടെ; സാമുവൽ ജേക്കബിന്റെ ഫോൺവിളി ട്രേസ് ചെയ്ത പൊലീസ് പിന്നാലെയെത്തി; പണം വാങ്ങിയവരുമായി അഭിഭാഷകരെ മുൻനിർത്തി നടത്തിയ അനുനയ ചർച്ചകളും പ്രതിസന്ധിയിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: സെലബ്രിറ്റികൾ വിവാദങ്ങളിൽ പെടുന്നതും അറസ്റ്റും പൊലീസ് കേസുമെന്നും പുതിയ സംഭവമല്ല. മലയാളത്തിലെ സിനിമാ താരങ്ങളിൽ ചിലരും കേസുകളിൽ പെട്ടിട്ടുണ്ട്. ഇപ്പോൾ സിനിമാ നടി ധന്യാ മേരി വർഗീസും ഭർത്താവ് ജോൺ ജേക്കബുമാണ് വിവാദത്തിൽ ചാടിയിരിക്കുന്നത്. ഫ്‌ലാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ധന്യയ്ക്ക് വലിയ പങ്കില്ലെങ്കിലും സെലബ്രിറ്റി ഇമേജ് ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എംഡി സാംസൺ ജേക്കബ് ഇപ്പോൾ ജാമ്യത്തിലാണ്. പ്രതിഷേധങ്ങളും മറ്റും ഭയന്ന് നാഗകർകോവിലിലാണ് സാംസൺ ഇപ്പോൾ താമസിക്കുന്നത്. ഇങ്ങനെ പിതാവിനെ കാണാൻ വേണ്ടി പോയ വേളയിലാണ് ധന്യയും ഭർത്താവ് ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

അമ്പതിലേറെ പേരുടെ പരാതി ലഭിച്ചെങ്കിലും പൊലീസ് നടപടി കൈക്കൊണ്ടില്ലെന്ന ആക്ഷേപം കേസിന്റെ തുടക്കത്തിൽ ഉയർന്നിരുന്നു. എന്നാൽ, ഈ ആക്ഷേപങ്ങളെയെല്ലാം കവച്ചു വച്ചുകൊണ്ടാണ് പൊലീസ് സാംസൺ ആൻഡ് സൺസ് ബിൽഡേഴ്‌സ് ആൻഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗങ്ങളെ അറസ്റ്റു ചെയ്തത്. സാംസൺ അറസ്റ്റിലായ ശേഷം ധന്യ മേരി വർഗീയും ഭർത്താവ് ജോൺ ജേക്കബും സഹോദരൻ സാമുവൽ ജേക്കബും ഒളിവിലായിരുന്നു. നാഗർകോവിലിൽ വച്ച് ഇവർ ഒത്തുചേരുന്നുണ്ട് എന്നറിഞ്ഞതോടെ പൊലീസ് എത്തുകയും ധന്യയെയും മറ്റ് രണ്ട് പേരെയും അറസ്റ്റു ചെയ്യുകയുമായിരുന്നു.

പൊലീസ് അന്വേഷിക്കാൻ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്. ധന്യയ്ക്കും സാംസന്റെ ഭാര്യയ്ക്കും മുൻകൂർ ജാമ്യത്തിന് വേണ്ടി ശ്രമിച്ചു വരികയായിരുന്നു. ഇതിനിടെ അഭിഭാഷകർ മുഖേന പരാതി നൽകിയവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തി. ഇക്കാര്യങ്ങൾ അടക്കം ചർച്ച ചെയ്യാൻ വേണ്ടി ധന്യയും ഭർത്താവും സഹോദരനുമാണ് നാഗർകോവിലിൽ എത്തിയത്. ഇവിടെ എത്തുന്നത് മുമ്പ് സാമുവൽ ജേക്കബ് ചിലരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ ഫോൺകോൾ ട്രേസ് ചെയ്താണ് പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്.

ഇപ്പോഴത്തെ അറസ്‌റ്റോടെ തട്ടിപ്പു കേസ് ഇനിയും മുറുകാനാണ് സാധ്യത. പണം നൽകിയിട്ടും ഫ്‌ലാറ്റ് ലഭിക്കാത്തവരുമായി നടത്തിയ ചർച്ചകളും ഇനി അവതാളത്തിലായേക്കും. നേരത്തെ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിന്റെ അനാസ്ഥയുണ്ടെന്ന് തട്ടിപ്പിന് ഇരയായ നിക്ഷേപകർ ആക്ഷേപിച്ചിരുന്നു. എന്നാൽ പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ച പൊലീസ് ഒരാഴ്ചയോളം സമയമെടുത്ത് നിരീക്ഷിച്ചാണ് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂർ ഉണ്ടെന്നും അവിടെ നിന്നും മുംബൈയിലേക്ക് പോയെന്നും പിന്നെയാണ് നാഗർ കോവിലിലേക്ക് എത്തിച്ചേരുമെന്ന വിവരം ലഭിച്ചത്. തുടർന്നാണ് ഇനന് പുലർച്ചെ രണ്ട് മണിയോടെയാണ് ഇവരെ പൊലീസ് പിടികൂടിയത്.

ധന്യയെയും ഭർത്താവിനെയും അറസ്റ്റു ചെയ്യുമ്പോൾ കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷക ദമ്പതികളും ഒപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറുയന്നത്. ഇവർ പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ചുവെന്ന ആരോപണങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ എസ്എസ് സന്തോഷ്, പേരൂർക്കട സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ് ബാബു, എഎസ്‌ഐ യശോധരൻ, സിപിഒമാരായ സാബു, വിനോദ്,ബിനു,വനിതാ പൊലീസ് ഓഫീസർ ബിന്ദു, സൈബർ പൊലീസ് സിപിഒമാരായ പ്രശാന്ത്, മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരത്ത് സ്റ്റേഷനിൽ എത്തിച്ച ധന്യ മേരി വർഗീസിനെ പർദ്ദ അണിയിച്ചാണ് സറ്റേഷനിൽ എത്തിച്ചതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP