Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിൽ പണിയെടുത്ത് കിട്ടിയ സമ്പാദ്യവും വീട് വിറ്റ് കിട്ടിയ പണവും ബാങ്കിൽ നിന്നുള്ള രണ്ടുകോടിയുടെ ലോണും ചേർത്ത് ഹോംസ്‌റ്റേ നിർമ്മിക്കുമ്പോൾ പ്രതീക്ഷകളേറെ; ബാങ്കിൽ മൂന്നുവർഷമായി മാസം തിരിച്ചടവ് രണ്ടുലക്ഷത്തോളം; ഒമ്പത് കോടി മുടക്കി പണി തൊണ്ണൂറു ശതമാനവും പൂർത്തിയായപ്പോൾ വെള്ളിടിയായി ശ്രീറാം വെങ്കിട്ടരാമന്റെ സ്റ്റോപ്പ് മെമോ; എൻഒസിയിൽ തട്ടി നഷ്ടമായത് കോടികൾ; ബൈസൺ വാലിയിൽ പ്രവാസി വ്യവസായി അനൂപ് പിള്ളയുടെ സ്വപ്‌നടൂറിസം പദ്ധതി സർക്കാർ തകർത്തത് ഇങ്ങനെ

അമേരിക്കയിൽ പണിയെടുത്ത് കിട്ടിയ സമ്പാദ്യവും വീട് വിറ്റ് കിട്ടിയ പണവും ബാങ്കിൽ നിന്നുള്ള രണ്ടുകോടിയുടെ ലോണും ചേർത്ത് ഹോംസ്‌റ്റേ നിർമ്മിക്കുമ്പോൾ പ്രതീക്ഷകളേറെ; ബാങ്കിൽ മൂന്നുവർഷമായി മാസം തിരിച്ചടവ് രണ്ടുലക്ഷത്തോളം; ഒമ്പത് കോടി മുടക്കി പണി തൊണ്ണൂറു ശതമാനവും പൂർത്തിയായപ്പോൾ വെള്ളിടിയായി ശ്രീറാം വെങ്കിട്ടരാമന്റെ സ്റ്റോപ്പ് മെമോ; എൻഒസിയിൽ തട്ടി നഷ്ടമായത് കോടികൾ; ബൈസൺ വാലിയിൽ പ്രവാസി വ്യവസായി അനൂപ് പിള്ളയുടെ സ്വപ്‌നടൂറിസം പദ്ധതി സർക്കാർ തകർത്തത് ഇങ്ങനെ

എം മനോജ് കുമാർ

 കൊച്ചി: കേരളം പ്രവാസികളുടെ ശ്മശാന ഭൂമിയാകുമോ? കേരളത്തിൽ ബിസിനസ് തുടങ്ങാൻ വന്ന് ആത്മഹത്യയുടെ നിഴലിലായിരിക്കുകയാണ് അമേരിക്കൻ വ്യവസായിയായ അനൂപ് പിള്ള. ആന്തൂരിൽ കൺവെൻഷൻ സെന്ററിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവം പുകയുമ്പോൾ തന്നെയാണ് അമേരിക്കൻ പ്രവാസി വ്യവസായിയും കുടുംബവും ടൂറിസം സംരംഭത്തിനുള്ള അനുമതി നിഷേധത്തെ തുടർന്ന് ആത്മഹത്യാ നിഴലിലേക്ക് നീങ്ങുന്നത്. ഇടുക്കി ബൈസൺ വാലിയിലുള്ള അനൂപ് പിള്ളയുടെ ഒൻപത് കോടി രൂപയുടെ ടൂറിസം സംരംഭം കേരള സർക്കാരിന്റെ ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിൽ തൂങ്ങി നിൽക്കുകയാണ്.

മൂന്നു വർഷമായി പ്രതിബന്ധം സൃഷ്ടിക്കുന്ന എൻഒസി കാരണം കോടികൾ ആണ് ഈ പ്രവാസി വ്യവസായിക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സ്വന്തം സ്ഥലത്ത് ഒമ്പത് കോടി മുടക്കി പണിയുന്ന ഹോം സ്റ്റേയ്ക്കാണ് മൂന്നു വർഷമായി റവന്യൂ അധികൃതർ അനുമതി നിഷേധിച്ചിരിക്കുന്നത്. അനധികൃത നിർമ്മാണങ്ങൾക്ക് മേൽ ചുമത്താനുള്ള വിധി നിയമാനുസൃതമായ നിർമ്മിതിക്ക് മേലും ചുമത്തിയപ്പോൾ അനൂപ് പിള്ളയുടെ ടൂറിസം സംരഭത്തിന് അകാല ചരമമടയേണ്ട ദുരവസ്ഥയാണ് വന്നിരിക്കുന്നത്.

ഹൈക്കോടതി വിധിയുടെ നഗ്നമായ ദുരുപയോഗമാണ് അനൂപ് പിള്ളയുടെ കാര്യത്തിൽ സംഭവിച്ചത്. അനധികൃത നിർമ്മാണം തടയാനുള്ള നിയമം ചട്ടം പാലിച്ചുള്ള നിർമ്മിതിക്ക് മേൽ ബുൾഡോസർ പോലെ റവന്യൂ ഉദ്യോഗസ്ഥർ ഇടിച്ചു കയറ്റുമ്പോൾ സാജനെ പോലെ ആത്മഹത്യയല്ലാതെ മറ്റു ഒരു വഴിയുമില്ലാത്ത അവസ്ഥയിലാകുകയാണ് പ്രവാസി സംരംഭകരും സ്വകാര്യ ബിസിനസ് സംരംഭകരും. കേരള സർക്കാരിന്റെ അനുമതി നിഷേധത്തെ തുടർന്ന് സംരംഭം തുടങ്ങിയിട്ടില്ലെങ്കിലും രണ്ടു കോടിയുടെ ലോൺ കാരണം ഒരു മാസം രണ്ടു ലക്ഷത്തോളം രൂപയാണ് വ്യവസായി ദേന ബാങ്കിൽ അടച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ ദേനാ ബാങ്ക് ലോൺ അടവ് തുടങ്ങിയിട്ട് മൂന്നു വർഷത്തിലേറെയായി. മുടക്കുമുതൽ മുഴുവൻ ഒലിച്ചുപോയ അനുഭവവും. അമേരിക്കയിൽ നിന്ന് ഇതുവരെ സമ്പാദിച്ച പണവും വീട് വിറ്റു ലഭിച്ച പണവും ദേനാ ബാങ്കിൽ നിന്നുള്ള രണ്ടു കോടിരൂപയുടെ ലോണും ഉപയോഗിച്ചാണ് ഇടുക്കി ബൈസൺ വാലിയിലെ മൂന്നു നിലയിൽ പതിനാറു മുറികൾ ഉള്ള ഹോം സ്റ്റേ നിർമ്മാണം അനൂപ് പിള്ള ആരംഭിച്ചത്.

ലോണും ഹോം സ്റ്റേയുടെ മറ്റു പരിപാലന ചിലവുകകളും ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയാണ് അനൂപ് പിള്ള പ്രതിമാസം ചെലവിടുന്നത്. കേരളത്തിൽ വ്യവസായം തുടങ്ങാൻ പോയിട്ട് ആത്മഹത്യാ നിഴലിൽ ആയിരിക്കുകയാണ് ഈ പ്രവാസി വ്യവസായിയുടെ ജീവിതം. ഹോം സ്റ്റേ കെട്ടിടം തൊണ്ണൂറ് ശതമാനം പണികൾ പൂർത്തീകരിച്ചിരിക്കവെയാണ് അനധികൃത നിർമ്മാണം തടഞ്ഞതിന്റെ പേരിൽ കേരളം പ്രകീർത്തിച്ച മൂന്നാർ ഡെപ്യൂട്ടി കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്. അനധികൃത നിർമ്മാണം തടയുവാനാണ് സ്റ്റോപ്പ് മെമോ. ഇത് എല്ലാ അനുമതികളും ലഭിച്ച ശേഷമുള്ള സ്റ്റോപ്പ് മെമോയാണ്.

അനധികൃത നിർമ്മാണം തടയാൻ ഹൈക്കോടതി ഉത്തരവ് പ്രകാരമുള്ള സ്റ്റോപ്പ് മെമോയാണ് നിയമപ്രകാരമുള്ള ബൈസൺ വാലിയിലെ ഹോം സ്റ്റേ നിർമ്മാണത്തിന് മേൽ അധികൃതർ അടിച്ചേൽപ്പിച്ചത്. നിയമം വ്യാഖ്യാനിക്കുമ്പോൾ പകപോക്കൽ നടത്തുന്ന ഉദ്യോഗസ്ഥ മേധാവികൾ കണ്ണും പൂട്ടി തീരുമാനമെടുക്കുമ്പോൾ വഴിമുട്ടി ആത്മഹത്യാ മുനമ്പിലേക്ക് എത്തിപ്പെടുന്നത് ഒരുപാട് ജീവിതങ്ങളാണെന്നു ആരും ഓർക്കുന്നില്ല. തൊണ്ണൂറു ശതമാനം പണിപൂർത്തിയായ ഹോം സ്റ്റേയ്ക്ക് ആണ് ഡെപ്യൂട്ടി കളക്ടർ എന്ന പോസ്റ്റിലിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയത്.

അനധികൃത നിർമ്മാണത്തിനു നൽകുന്ന സ്റ്റോപ്പ് മെമോയാണ് അംഗീകാരമുള്ള ടൂറിസം സംരംഭത്തിന് ശ്രീറാം വെങ്കിട്ടരാമൻ നൽകിയത്. ഇതോടെ ഹോം സ്റ്റേ നിർമ്മാണം അനിശ്ചിതത്വത്തിലേക്ക് നീങ്ങി. എന്ന് ഈ ഹോംസ്റ്റെയ്ക്കുള്ള എൻഒസി നൽകപ്പെടും എന്ന് അനൂപ് പിള്ളയ്ക്ക് അറിയില്ല. ശ്രീറാം വെങ്കിട്ടരാമൻ സ്റ്റോപ്പ് മെമോ നൽകിയപ്പോൾ തന്നെ സ്റ്റോപ്പ് മെമോ ഒഴിവാക്കാൻ അനൂപ് പിള്ള അദ്ദേഹത്തിന് നേരിട്ട് ഹർജി നൽകിയിരുന്നു. എന്നാൽ ഈ ഹർജി ശ്രീറാം തള്ളിക്കളഞ്ഞു. ഇതോടെ മുടക്കുമുതൽ മുഴുവൻ തുലഞ്ഞ അവസ്ഥയിലുമായി.

അമേരിക്കയിൽ ആയിരിക്കെ കേരളത്തിൽ വന്നു താമസിക്കുമായിരുന്നു അനൂപ് പിള്ള. തൊടുപുഴ സ്വദേശിയുമാണ്. മൂന്നാറിൽ ഒരു ഹോം സ്റ്റേ വന്നാൽ അത് നന്നായിരിക്കും എന്നും അത് ബിസിനസ് എന്ന രീതിയിൽ മുതൽ കൂട്ടായിരിക്കും എന്ന് കരുതിയുമായാണ് ഇടുക്കി ബൈസൺ വാലിയിൽ ഒരു ഹോംസ്റ്റേ സംരംഭത്തിനു തുടക്കമിടുന്നത്. നല്ല രീതിയിൽ തന്നെ തുടങ്ങാനാണ് തീരുമാനിച്ചത്. പക്ഷെ തീരുമാനവും പ്രോജക്ടും വന്നപ്പോൾ ഇതുവരെയുള്ള സമ്പാദ്യം മുഴുവൻ അതിലേക്ക് മുതലിറക്കേണ്ടി വന്നു. അങ്ങിനെയാണ് ഒമ്പത് കോടിയുടെ പ്രോജക്ട് ആരംഭിച്ചത്-അനൂപ് പിള്ള മറുനാടൻ മലയാളിയോട് പറഞ്ഞു.

പണം മുതലിറക്കാൻ നല്ലത് ടൂറിസം മേഖലയിൽ ആണെന്നാണ് കരുതിയത്. അങ്ങിനെയാണ് ബൈസൺ വാലി വില്ലേജിൽ ഭൂമി വാങ്ങിയത്. 2016 ലാണ് പ്രോജക്ട് തുടങ്ങിയത്. രണ്ടരയേക്കർ സ്ഥലം വാങ്ങിച്ചു. ആ സ്ഥലത്താണ് നിർമ്മാണം തുടങ്ങിയത്. എല്ലാ അനുമതിയും ആദ്യമേ വാങ്ങിച്ച് കയ്യിൽ വെച്ചിരുന്നു. പഞ്ചായത്ത് അനുമതി വാങ്ങിച്ചു. അഭിഭാഷകരെ വെച്ച് പട്ടയം പരിശോധിപ്പിച്ചു. ആധാരം എല്ലാം വരുത്തി നോക്കി. എല്ലാം ഔദ്യോഗികമായി തന്നെ വാങ്ങിച്ചു. അങ്ങിനെ മൂന്നു നില കെട്ടിടം പണിതുയർത്തി. 90 ശതമാനവും പണി പൂർത്തിയായിരിക്കെയാണ് സബ് കളക്ടറുടെ അനുമതിയില്ലാതെ പണി മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന് റവന്യൂ അധികൃതർ അറിയിക്കുന്നത്. അത് പ്രകാരം സ്റ്റോപ്പ് മെമോയും അവർ നൽകി.

എല്ലാ അനുമതിയും വാങ്ങി മുന്നോട്ട് പോയപ്പോൾ സ്റ്റോപ്പ് വന്നപ്പോൾ വലഞ്ഞുപോയി. സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. എൻഒസി നൽകാതിരുന്ന ശ്രീറാം സ്റ്റോപ്പ് മെമോ നീക്കാൻ നൽകിയ അപേക്ഷയും തള്ളിക്കളഞ്ഞു. 2010-ലെ ഒരു കോടതി വിധിയുണ്ട്. അനധികൃത നിർമ്മാണം തടയാൻ വേണ്ടിയുള്ള വിധിയാണിത്. പക്ഷെ അത് പ്രയോഗിച്ചത് നിയമവിധേയമായ അതും സ്വന്തം ഭൂമിയിൽ ഉള്ള നിർമ്മാണത്തിനു നേരെയാണ്. പക്ഷെ സ്റ്റോപ്പ് മെമോ വന്നപ്പോൾ കാര്യം കുഴഞ്ഞു. ഒരു രൂപ പോലും ബ്‌ളാക്ക് മണിയായിട്ടില്ലാത്ത പ്രോജക്ട് ആണിത്. സ്വന്തം കയ്യിൽ നിന്നും ബാങ്ക് ലോൺ ആയും സ്വരൂപിച്ച തുക. ഇതുവരെ സമ്പാദിച്ച മുഴുവൻ തുകയും പ്രൊജക്റ്റിനു വേണ്ടി മുടക്കി. ഇനി മുടക്കാൻ തുകയില്ല. എന്റെ പേരിലുള്ള സ്ഥലവും വിറ്റുകഴിഞ്ഞു. പക്ഷെ പ്രോജക്ട് ഒന്നും ആയില്ല. എല്ലാം സ്റ്റോപ്പ് മെമോയിൽ വീണു. ഇനി ഈ പ്രോജക്ട് എന്ന് പൂർത്തീകരിക്കാൻ കഴിയും എന്നും അറിയില്ല-അനൂപ് പിള്ള പറയുന്നു.

പ്രവാസി സംരംഭകരെ ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലും പോയി ക്ഷണിച്ചു കൊണ്ടുവരുകയും കേരളത്തിൽ വ്യവസായം നടത്താൻ അവർക്ക് അനുമതി നൽകുകയുമാണ് കേരളാ സർക്കാരുകൾ മുറപോലെ അനുവർത്തിക്കുന്ന ഒരു കാര്യം. സർക്കാരുകളുടെ വാക്ക് വിശ്വസിച്ച് വ്യവസായത്തിന് ഇറങ്ങിപ്പുറപ്പെട്ടവർക്ക് കേരളത്തിലെ ചുവപ്പ് നാട ഭീഷണിയാവുകയും ഇതേ നിയമക്കുരുക്ക് അവർക്ക് ശവക്കച്ച വിരിക്കുകയും ചെയ്യുകയാണ്. സാജന്റെ അനുഭവവും ആത്മഹത്യയും ഒടുക്കത്തെയാണ് എന്ന് വിശ്വസിക്കുന്നത് വിഡ്ഢിത്തമാണെന്നു തെളിയുകയാണ്. മറ്റു പ്രവാസി വ്യവസായികളുടെ ബിസിനസ് സംരംഭങ്ങൾക്ക് കേരളത്തിൽ അനുഭവിക്കേണ്ടി വരുന്നതും. ഇതിനൊരു ഉദാഹരണമാണ് അനൂപ് പിള്ളയുടെ അനുഭവവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP