Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ആറു കേസുകളിൽ റിപ്പോർട്ട് നല്കാതെ കോട്ടയം എസ്‌പി; ജില്ലാ പൊലീസ് മേധാവി മാറിയോ എന്നു ചോദിച്ച് കമ്മീഷന്റെ നിശിത വിമർശനം; എസ്‌പി നടത്തുന്നത് പൊലീസിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമെന്ന് ആരോപണം

മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും ആറു കേസുകളിൽ റിപ്പോർട്ട് നല്കാതെ കോട്ടയം എസ്‌പി; ജില്ലാ പൊലീസ് മേധാവി മാറിയോ എന്നു ചോദിച്ച് കമ്മീഷന്റെ നിശിത വിമർശനം; എസ്‌പി നടത്തുന്നത് പൊലീസിന്റെ വീഴ്ചകൾ മറച്ചുവയ്ക്കാനുള്ള ശ്രമമെന്ന് ആരോപണം

കോട്ടയം: മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും യഥാസമയം സമർപ്പിക്കാതെ കോട്ടയം ജില്ലാ പൊലിസ് മേധാവി എൻ. രാമചന്ദ്രൻ. മറ്റു വകുപ്പുകൾ നിശ്ചിത സയത്തിനുള്ളിൽ റിപ്പോർട്ട് നൽകുമ്പോൾ ഇക്കാര്യത്തിൽ ജില്ലാ പൊലിസ് മേധാവി വീഴ്‌ച്ച വരുത്തുന്നതായി ആരോപണം. ഇന്ന് നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗിൽ പൊലിസ് മേധാവി നൽകേണ്ട റിപ്പോർട്ടുകൾ ഒന്നും തന്നെ സമർപ്പിച്ചിട്ടില്ലെന്ന് കമ്മിഷനംഗം കെ. മോഹൻ കുമാർ വ്യക്തമാക്കി. ഇത്തരത്തിൽ അന്വേഷണ റിപ്പോർട്ട് നൽകാത്തതിനാൽ പല കേസുകളും തീർപ്പു കൽപ്പിക്കാനാവാത്ത സ്ഥിതിയാണ് നിലവിൽ.

ഇന്ന് നടന്ന സിറ്റിംഗിൽ ജില്ലാ പൊലിസ് മേധാവി ആറു കേസുകളിൽ അന്വേഷണ റിപ്പോർട്ട് കമ്മിഷന് സമർപ്പിക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ എസ്‌പി ഓഫീസ് വീഴ്‌ച്ച വരുത്തി. അധികാരികളിൽ നിന്ന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുന്നവർക്കാണ് എസ്‌പിയുടെ അനാസ്ഥ മൂലം കാത്തിരിപ്പ് നീളുന്നത്. കോട്ടയം ജില്ലാ പൊലിസ് മേധാവി മാറിയോ എന്നു പോലും ചോദിക്കേണ്ട സ്ഥിതി കമ്മിഷനംഗത്തിനുണ്ടായി.

കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ഡി.എം.ഒ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും എസ്‌പിയോട് വിശദീകരണം ആരാഞ്ഞപ്പോൾ മറുപടി ഇതുവരെ ലഭിച്ചില്ലെന്ന് കമ്മിഷനംഗം വ്യക്തമാക്കി. മരണസമയത്ത് പ്രതിയുടെ കാലിൽ മുറിവേറ്റിരുന്നു. ഇക്കാര്യത്തെ കുറിച്ചും കൃത്യമായ ചികിത്സാ സൗകര്യം ഏർപ്പെടുത്താത്ത സാഹചര്യത്തെ കുറിച്ചുമായിരുന്നു വിശദീകരണം ചോദിച്ചത്. എന്നാൽ ഇന്നലെ എസ്‌പി റിപ്പോർട്ട് സമർപ്പിക്കാൻ വിമുഖത കാണിക്കുകയായിരുന്നു. പൊലിസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ മറച്ചുവെക്കാനുള്ള ശ്രമമാണ് എസ്‌പി നടത്തുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

തോമസ് ജോണിന്റെ കസ്റ്റഡി മരണത്തെ കൂടാതെ, തിടനാട് പൊലിസ് മർദ്ദിച്ചുവെന്ന പരാതി, കാപ്പ തടവുകാരൻ മരണപ്പെട്ട സംഭവം, ട്രാഫിക് പൊലിസ് മർദ്ദിച്ചെന്ന പാലാ സ്വദേശി ശ്രീജിത്തിന്റെ പരാതി തുടങ്ങിയവയിൽ ഒന്നും തന്നെ വിശദീകരണം നൽകാൻ ജില്ലാ പൊലിസ് തയാറായിട്ടില്ല. പൊലിസിന്റെ ക്രൂരതയ്‌ക്കെതിരെ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പരാതി ഉയരുമ്പോഴും തന്റെ കീഴിലുള്ള പൊലിസ് സേനയെ വെള്ള പൂശാനുള്ള ശ്രമമാണ് എസ്‌പി നടത്തുന്നത്. പ്രതികൾ കസ്റ്റഡിയിലിരിക്കെ മരിക്കുമ്പോൾ ഉത്തരവാദികളെ കണ്ടെത്താൻ അധികൃതർ യാതൊന്നും ചെയ്യുന്നില്ലെന്നതിന്റെ തെളിവാണ് ഇന്നലെ കമ്മിഷൻ പരിഗണിച്ച രണ്ടു കേസുകൾ. എന്നാൽ ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാത്ത എസ്‌പി ഓഫീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നും ആരോപണമുയരുന്നു. ഇതാദ്യമായാണ് ജില്ലാ പൊലിസ് കാര്യാലയത്തിൽ നിന്നും ഇത്തരത്തിൽ ഒരു വീഴ്‌ച്ച സംഭവിക്കുന്നതെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

ഇതിനോടകം തന്നെ വിവിധ പ്രശ്‌നങ്ങളിൽ എസ്‌പി ഓഫീസ് ഇപ്പോൾ പ്രതിക്കൂട്ടിലാണ്. കഴിഞ്ഞ ദിവസം പരാതി നൽകാനെത്തിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർത്ഥിനിയെ എസ്‌പി എൻ രാമചന്ദ്രൻ മനപ്പൂർവം അവഗണിച്ചതും അകാരണമായി അറസ്റ്റു ചെയ്തതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP