Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മനുഷ്യാവകാശ കമ്മീഷൻ എസ്‌പിയുടെ വാഹനമിടിച്ചു പരിക്കേറ്റ വയോധിക മാസങ്ങൾ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ല; തിരിഞ്ഞു നോക്കാത്ത സി.എഫ്. റോബർട്ടിനെതിരേ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തം; ജീവനും സ്വത്തിനും സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറുന്നത് അതിക്രൂരത; ഇനി ഞാൻ ഈ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ലെന്നു പൊട്ടിക്കരഞ്ഞ് സരസ്വതി

മനുഷ്യാവകാശ കമ്മീഷൻ എസ്‌പിയുടെ വാഹനമിടിച്ചു പരിക്കേറ്റ വയോധിക മാസങ്ങൾ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ല; തിരിഞ്ഞു നോക്കാത്ത സി.എഫ്. റോബർട്ടിനെതിരേ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തം; ജീവനും സ്വത്തിനും സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറുന്നത് അതിക്രൂരത; ഇനി ഞാൻ ഈ കിടക്കയിൽനിന്ന് എഴുന്നേൽക്കില്ലെന്നു പൊട്ടിക്കരഞ്ഞ് സരസ്വതി

ആർ. പീയൂഷ്

കരുനാഗപ്പള്ളി: മനുഷ്യാവകാശ കമ്മീഷൻ എസ്‌പി സി.എഫ് റോബർട്ട് സഞ്ചരിച്ച വാഹനം ഇടിച്ചു തെറിപ്പിച്ച സരസ്വതി എന്ന അമ്പത്തെട്ടുകാരിക്ക് കിടക്കയിൽ നിന്നെഴുനേൽക്കാൻ ഇനി മാസങ്ങൾ വേണ്ടിവരും. അപകടത്തിൽ തകർന്ന ഇടുപ്പെല്ല് പൂർവ്വസ്ഥിതിയിലാകാൻ ഏറെ സമയമെടുക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സരസ്വതിയെ കഴിഞ്ഞ ദിവസം വീട്ടിലേക്ക് കൊണ്ടുവന്നു. കിടക്കയിൽ വെയ്റ്റിട്ട് കിടക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്.

'ഏപ്രിൽ ആറിന് നടന്ന അപകടത്തെപ്പറ്റി സരസ്വതി മറുനാടനോട് പറയുന്നു: വലിയകുളങ്ങര ക്ഷേത്രത്തിന് കിഴക്കു വശമുള്ള അമ്മയുടെ വീട്ടിൽ പോയതായിരുന്നു ഞാൻ. അമ്മയെ പരിചരിച്ച് ആഹാരവും നൽകി തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്...' സരസ്വതിയുടെ 90 വയസ്സുള്ള അമ്മ ലക്ഷ്മി പ്രായാധിക്യത്താലുള്ള അസുഖങ്ങളാൽ കിടപ്പിലാണ്.

'ഇരുട്ട് വീണു തുടങ്ങുന്നതേയുള്ളൂ. ക്ഷേത്രത്തിനു മുന്നിലെ ബസ് സ്റ്റോപ്പിനടുത്ത് റോഡ് മുറിച്ചു കടക്കാൻ നിൽക്കുകയായിരുന്നു. അൽപം മാറി വേറെയും ആളുകൾ കാത്തു നിൽപ്പുണ്ട് റോഡ് മറികടക്കാൻ. പെട്ടെന്ന് വലിയൊരു ശബ്ദത്തോടെ പാഞ്ഞെത്തിയ ഒരു വാഹനം എന്നെ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു. അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ പിന്നീടുള്ളതെല്ലാം ബന്ധുക്കൾ പറഞ്ഞാണ് അറിഞ്ഞത്...' സരസ്വതി പറഞ്ഞു.

കഴിഞ്ഞ ആറിന് വൈകിട്ട് 6.30 ന് ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വച്ചാണ് റോഡരികിൽ നിന്ന സരസ്വതി (58) യെ എസ്‌പി സഞ്ചരിച്ച കാർ ഇടിച്ചു തെറിപ്പിക്കുന്നത്. ഡ്രൈവർ വണ്ടി നിർത്തിയെങ്കിലും എസ്‌പി വാഹനത്തിൽ നിന്നും പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല. വാഹനമിടിച്ച സരസ്വതി ചോര വാർന്ന് റോഡിൽ കിടക്കുമ്പോൾ നാട്ടുകാർ എസ്‌പിയോട് ഇവരെ ആശുപത്രിയിലാക്കാൻ പറഞ്ഞു.

എന്നാൽ താൻ മനുഷ്യാവകാശ കമ്മീഷനിലെ എസ്‌പിയാണെന്നും കാശ് തരാം, വേണേൽ ഹോസ്പിറ്റലിൽ കൊണ്ടുപോകു എന്ന് നിർേദ്ദശിക്കുകയാണ് ഉണ്ടായത്. രോഷാകുലരായ നാട്ടുകാർ എസ്‌പിയുടെ വാഹനം തടഞ്ഞിടുകയും പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവമറിഞ്ഞെത്തിയ ഓച്ചിറ പൊലീസ് എസ്‌പിയുടെ വാഹനം കസ്റ്റഡിയിലെടുക്കുകയും എസ്‌പിയെ മറ്റൊരു വാഹനത്തിൽ യാത്ര തുടരാൻ അനുവദിക്കുകയുമായിരുന്നു.

കശുവണ്ടി തൊഴിലാളിയാണ് സരസ്വതി. പ്രായം അറുപതിനടുത്തെങ്കിലും ചുറുചുറുക്കോടെ ഓടി നടന്ന് എല്ലാ ജോലികളും ചെയ്തിരുന്നു. കശുവണ്ടി ഫാക്ടറിയിൽ ജോലി ഇല്ലാത്ത സമയം തൊഴിലുറപ്പിനും പോയിരുന്നു. ഇതിനിടയിലാണ് വിധി വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയത്. മനുഷ്യാവകാശ കമ്മീഷൻ എസ്‌പിയായിരുന്നു വാഹനത്തിലെന്നും ഇയാൾ ആശുപത്രിയിൽ കൊണ്ടു പോകാൻ കൂട്ടാക്കാതിരുന്നതും മറ്റുള്ളവർ പറഞ്ഞാണ് സരസ്വതി അറിഞ്ഞത്.

' മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവർ സഹജീവികളോട് ലവലേശം കാരുണ്യമില്ലാതെ പെരുമാറുന്നത് അതിക്രൂരമാണ്. ഇങ്ങനെയുള്ള പ്രവൃത്തികൾ മൂലം ജനങ്ങൾക്ക് ഇവരുടെ മേലുള്ള വിശ്വാസം നഷ്ടപ്പെടുകയാണ്. എനിക്കറിയാം ഇനി ശിഷ്ടകാലം ഈ കിടക്കയിൽ തന്നെയാണ് എന്റെ ജീവിതമെന്ന് ' പറഞ്ഞു നിർത്തിയപ്പോഴേക്കും സരസ്വതിക്ക് സങ്കടം അണപൊട്ടി ഒഴുകി.

മൂന്ന് ആൺമക്കളാണ് സരസ്വതിക്ക്. കൂലിപ്പണിയാണ് മൂവർക്കും. ഭർത്താവ് വാസു ഹൃദ്രോഗിയാണ്. ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. അപകടം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും എസ്‌പി യോ മറ്റുള്ളവരോ തിരിഞ്ഞു നോക്കാത്തതിൽ ഏറെ അമർഷത്തിലാണ് ബന്ധുക്കൾ.

മനുഷ്യാവകാശ കമ്മീഷന്റെ തലപ്പത്തിരിക്കുന്ന റോബർട്ടിനെതിരെ രൂക്ഷ വിമർശനവുമായി നാട്ടുകാരും സോഷ്യൽ മീഡിയയും രംഗത്തുവന്നിരിക്കുകയാണ്. യാതൊരു മനുഷ്യത്വവുമില്ലാത്ത ഇയാളെ മനുഷ്യാവകാശ കമ്മീഷനിൽ നിന്നും പുറത്താക്കി നടപടി സ്വീകരിക്കണമെന്നാവശ്യമാണ് നാട്ടുകാർക്കുള്ളത്.
അതേസമയം എസ്‌പി ചരുവിള ഫ്രാൻസിസ് റോബർട്ട് എന്ന സി.എഫ്. റോബർട്ടിനെതിരെ നടപടിക്കൊരുങ്ങുകയാണ് മനുഷ്യാവകാശ കമ്മീഷൻ. എസ്‌പിയോട് സംഭവത്തിൽ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാലുടൻ കുറ്റക്കാരനെന്ന് കണ്ടാൽ നടപടിയുണ്ടാകുമെന്നും മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ്ങ് ചെയർപേഴ്‌സൺ പി.മോഹൻദാസ് മറുനാടനോട് പറഞ്ഞിരുന്നു.

കേട്ടറിഞ്ഞ കാര്യങ്ങളിൽ നിന്നും എസ്‌പിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ ഉയർന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഇത്തരം വീഴ്ചകളുണ്ടാകുമ്പോൾ ജനങ്ങൾക്ക് കമ്മീഷനിൽ വിശ്വാസം ഇല്ലാതാകും. അതിനാൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ എസ്‌പിക്കെതിരെ ശക്തമായ നടപടിക്ക് ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മറുനാടൻ വാർത്തയെ തുടർന്നാണ് എസ്‌പിയോട് വിശദീകരണം ചോദിച്ചിരിക്കുന്നത്.

 

(വിഷുവും ദുഃഖവെള്ളിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14/04/2017) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും വിഷുവിന്റെ ആശംസകളും ദുഃഖവെള്ളിയുടെ പ്രാർത്ഥനകളും നേരുന്നു - എഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP