Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ കൊടിയ മനുഷ്യാവകാശ ലംഘനം; ജീർണിച്ച ലയങ്ങളിൽ തൊഴിലാളികളുടെ നരക ജീവിതം; കുട്ടികൾ തിരുപ്പൂരിലെ ബനിയൻ കമ്പനികളിലേക്ക്; തൊഴിലാളികളുടെ കുടിശിക തീർക്കാനെന്ന പേരിൽ ഭൂമി മുറിച്ചുവിറ്റ് ഉടമകൾ കൈക്കലാക്കിയത് കോടികൾ

പീരുമേട്ടിലെ തേയിലത്തോട്ടങ്ങളിൽ കൊടിയ മനുഷ്യാവകാശ ലംഘനം; ജീർണിച്ച ലയങ്ങളിൽ തൊഴിലാളികളുടെ നരക ജീവിതം; കുട്ടികൾ തിരുപ്പൂരിലെ ബനിയൻ കമ്പനികളിലേക്ക്; തൊഴിലാളികളുടെ കുടിശിക തീർക്കാനെന്ന പേരിൽ ഭൂമി മുറിച്ചുവിറ്റ് ഉടമകൾ കൈക്കലാക്കിയത് കോടികൾ

പീരുമേട്: പീരുമേട് താലൂക്കിലെ തേയില തോട്ടം തൊഴിലാളികൾ കടുത്ത മനുഷ്യാവകാശ ധ്വംസനത്തിന് ഇരയാകുന്നതായി കോട്ടയം പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെതുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഭക്ഷണം, തൊഴിൽ, ചികിത്സ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊക്കെ ഇവിടെ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിലാളികളുടെ പേരുപറഞ്ഞ് തൊഴിലുടമകൾ തന്നെ തോട്ടം ഭൂമി തുണ്ടുകളായി വിറ്റും സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റിയും നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനവും പാവങ്ങളോടുള്ള ക്രൂരതയും പുറംലോകമറിയാൻ ഇടയാക്കിയത് പൊതുപ്രവർത്തകനും ഇന്റർനാഷണൽ പീസ് ബ്യൂറോ അംഗവുമായ ഡോ. ഗിന്നസ് മാടസ്വാമി പ്രധാനമന്ത്രിക്ക് നൽകിയ പരാതിയാണ്.

2000 മുതൽ ഒരു വ്യാഴവട്ടക്കാലത്തോളം പൂട്ടിയിട്ടശേഷം തുറന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ അവസ്ഥ പരിതാപകരമായി തുടരുകയാണ്. ഇതുവരെ സർക്കാർ പലവിധ സഹായങ്ങളും തൊഴിലാളികൾക്കായി നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ തോട്ടം മാനേജുമെന്റുകൾ ചൂഷണത്തിലൂടെയും വഞ്ചനയിലൂടെയും തങ്ങളുടെ സാമ്പത്തിക വളർച്ചയ്ക്ക് മാത്രം ഉപയോഗിക്കുകയായിരുന്നു. ഇതിന് ഏറ്റവും പ്രകടമായ ഉദാഹരണമാണ് തോട്ടം ഭൂമി മുറിച്ചു വിറ്റത്. ശമ്പളക്കുടിശികയും മറ്റാനുകൂല്യങ്ങളും ലഭിക്കാനുള്ള തൊഴിലാളികൾക്ക്, പണത്തിനു പകരമായി തോട്ടം ഭൂമി മുറിച്ചു നൽകാനാണ് ഉടമകൾക്ക് അനുവാദം നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ നൂറുകണക്കിന് ഏക്കർ ഭൂമി റിസോർട്ട് മാഫിയയ്ക്കും റിയൽ എസ്റ്റേറ്റ് ലോബിക്കും ഉടമകൾ വിറ്റ് കോടികളാണ് സമ്പാദിച്ചത്. ചികിത്സ കിട്ടാതെ തോട്ടങ്ങളിൽ മരിച്ചവരുടെ എണ്ണം നിരവധിയാണ്. കാൻസർ അടക്കമുള്ള മാരക രോഗങ്ങൾ പിടിപെട്ട് അത്യാസന്ന നിലയിൽ കഴിയുന്ന തൊഴിലാളികളുടെ എണ്ണവും നൂറുകണക്കിനുണ്ട്. 2007-ൽ ഇടുക്കി കലക്ട്രേറ്റിൽ നടത്തിയ ചർച്ചയിലാണ് തോട്ടങ്ങൾ മുറിച്ചു നൽകാൻ ധാരണയുണ്ടാക്കിയത്. ബോണാമി, വാഗമൺ എസ്‌റ്റേറ്റുകളിലെ അഞ്ച് ഏക്കർ ഭൂമി വീതം ഇങ്ങനെ അനുമതി നൽകി. ഇതിന്റെ മറവിൽ ബോണാമിയിൽ 60 ഏക്കറും വാഗമണ്ണിൽ 70 ഏക്കറും ഭൂമി വൻകിടക്കാർക്ക് വിറ്റതായി വ്യക്തമായിട്ടുണ്ട്. മുറിച്ചു നൽകുന്ന ഭൂമിയിൽ നിലവിലുള്ള അവസ്ഥ തുടരണമെന്നും തേയില കൃഷി ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത് ലംഘിച്ച് റിസോർട്ട് നിർമ്മാണത്തിനും മറ്റുമുള്ള നടപടികളാണ് വിറ്റ ഭൂമികളിൽ പുരോഗമിക്കുന്നത്.

പീരുമേട് താലൂക്കിൽ ഇപ്പോഴും 4 തോട്ടങ്ങൾ പൂർണമായും അടഞ്ഞു കിടക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതുമൂലം ആയിരത്തോളം തൊഴിലാളികൾക്കാണ് പണി ഇല്ലാതെ പട്ടിണിയിലായിരിക്കുന്നത്. ശേഷിക്കുന്ന തോട്ടങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും തൊഴിലാളികൾക്ക് നിയമപരമായി ലഭ്യമാക്കേണ്ട ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുന്നില്ല. കുട്ടികൾക്കായി പിള്ളപ്പുര സംവിധാനം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. എസ്റ്റേറ്റ് മേഖലയിലെ ഡിസ്പെൻസറികളും ആശുപത്രികളും പ്രവർത്തനരഹിതമാണ്. അഥവാ ഉണ്ടെങ്കിൽതന്നെ അവയിൽ ഡോക്ടർമാരും ജീവനക്കാരും ഇല്ല. രോഗികൾക്ക് മരുന്നു എടുത്തുകൊടുക്കുന്ന ചിലരാണ് ഇവിടെ ചികിത്സയും നിശ്ചയിക്കുന്നത്. തൊഴിലാളികൾക്ക് അസുഖം വന്നാൽ പ്രധാനമായും ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ ആശുപത്രികളെയാണ്. തേനി മെഡിക്കൽ കോളേജിനെയാണ് ഭൂരിപക്ഷം തൊഴിലാളികളും വിദഗ്ദ്ധ ചികിൽസക്ക് ആശ്രയിച്ചുവരുന്നത്. ഇവർക്ക് വണ്ടിക്കൂലി ഇനത്തിലും മറ്റു ആശുപത്രി ചെലവിനുമായി ഭാരിച്ച തുക ഖണ്ടെത്തേണ്ട ദുരവസ്ഥയാണുള്ളത്. മറ്റ് അടിസ്ഥാന സൗകര്യങ്ങളായ ലയങ്ങൾ, ശൗചാലയങ്ങൾ, കുടിവെള്ളം, പരിസരപ്രദേശങ്ങൾ എന്നിവ വൃത്തിഹീനമായ അവസ്ഥയിലായതിനാൽ പെട്ടെന്ന് സാംക്രമിക രോഗങ്ങൾ പിടിപെടുന്നു. വൈദ്യുതി പലയിടത്തുമില്ല. തൊഴിലാളി ലയങ്ങൾ അതീവ അപായ സാധ്യതയിലാണ്. മിക്ക ലയങ്ങളും ഭാഗീകമായി തകർന്നവയാണ്. പല ലയങ്ങളും മേൽക്കുരയടക്കം തകർന്ന് ഏതു നിമിഷവും നിലം പൊത്താവുന്ന സ്ഥിതിയിലും. ജീർണിച്ച കെട്ടിടത്തിനുള്ളിൽ പ്രാണഭയത്തോടെയല്ലാതെ തൊഴിലാളികൾക്ക് പ്രവേശിക്കാനാകില്ല. പകൽ സമയങ്ങളിലും ശക്തമായ കാറ്റിലും മഴയിലും ലയങ്ങൾക്കു പുറത്താണ് തൊഴിലാളി കുടുംബങ്ങൾ കഴിച്ചുകൂട്ടുന്നത്.

ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ലയങ്ങളിലുള്ള മറ്റ് തൊഴിലാളികൾക്ക് കൂടുതൽ ദുരിതം അനുഭവിക്കേണ്ടിയും വരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ ഒരു ലയത്തിൽ തന്നെ 20 പേരെ വീതമാണ് പാർപ്പിക്കുന്നത്. ഇവർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്. ബീഹാർ, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ്, വെസ്റ്റ്ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തോട്ടങ്ങളിൽ പണിക്കെത്തുന്നുണ്ട്. ഈ തൊഴിലാളികളെ സംബന്ധിക്കുന്ന യാതൊരു രേഖകളും ഉടമകൾ സൂക്ഷിക്കുന്നില്ല. മാത്രമല്ല പൊലീസിനോ മറ്റ് അധികാരികൾക്കോ റിപ്പോർട്ട് ചെയ്യുന്നുമില്ല. മോഷണം, പിടിച്ചുപറി തുടങ്ങിയവ തോട്ടം മേഖലയിൽ വ്യാപകമാകുന്നതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു. തൊഴിലാളികൾക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതുകാരണം മിക്ക കുട്ടികളും സ്‌കൂളിൽ നിന്ന് പഠനം ഉപേക്ഷിക്കുന്നു. അവരിൽ പലരും ചെറുപ്രായത്തിൽ തന്നെ തമിഴ്‌നാട്ടിലെ തിരുപ്പൂർ മുതലായ സ്ഥലങ്ങളിലെ ബനിയൻ കമ്പനികളിൽ ജോലിക്കായി പോകേണ്ട നിർബന്ധിത സാഹചര്യമുണ്ടാകുന്നു. യൂണിഫോം വാങ്ങാൻ പണമില്ലാത്തതിനാൽ വണ്ടിപ്പെരിയാറ്റിൽ വേളാങ്കണ്ണിയെന്ന വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം ദുരിതങ്ങളുടെ ഭീകരത വെളിപ്പെടുത്തുന്നതാണ്.

പീരുമേട്ടിലെ ആർ.ബി.റ്റി. കമ്പനിവക തോട്ടങ്ങളെല്ലാം 2003-ൽ അടച്ചുപൂട്ടുകയും തൊഴിലാളികൾ പട്ടിണിയിലാകുകയും ചെയ്തു. എസ്റ്റേറ്റുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് തൊഴിലാളികൾക്ക് ജോലി ഇല്ലാതായി. പെൻഷൻ പറ്റി പിരിഞ്ഞുപോയ തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയോ, പി.എഫ്. തുകയോ ലഭിക്കാത്ത അവസ്ഥയുണ്ടായി. ഇത്തരം സാഹചര്യങ്ങൾ കൂടുതലായും ബാധിച്ചത് പീരുമേട്, വാഗമൺ, ബോണാമി, കോട്ടമല എന്നീ എസ്റ്റേറ്റുകളിലെ തൊഴിലാളികളെയാണ്. പല തൊഴിലാളികളും ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ മരണമടഞ്ഞു. പീരുമേട് ടീ കമ്പനിയിൽ 2014-ൽ 447 തൊഴിലാളികളെ യാതൊരു ആനുകൂല്യവും നൽകാതെ മാനേജ്മെന്റ് പെൻഷൻപ്രായം കഴിഞ്ഞു എന്ന കാരണത്താൽ പിരിച്ചുവിട്ടു. ഈ തൊഴിലാളികൾക്ക് പത്തുപൈസപോലും ആനുകൂല്യം നൽകിയിട്ടില്ല.

ഇതിന് പരിഹാരമായി സ്ഥിരമായി അടച്ചുപൂട്ടിയ എം.എം.ജെയുടെ കോട്ടമല, ബോണാമി, പീരുമേട് ടീ കമ്പനി എന്നീ എസ്റ്റേറ്റുകൾ സർക്കാർ ഏറ്റെടുത്ത് സർക്കാർ ഏജൻസികളായ പി.സി.കെ., ആർ.പി.എൽ, കെ.എഫ്.ഡി.സി. എന്നിവയിൽ ആരെയെങ്കിലും ഏൽപ്പിച്ച് തൊഴിലാളികൾക്ക് ജീവനോപാധിയും തൊഴിലും നൽകണമെന്നും നിയമലംഘനം നടത്തിയ തോട്ടം ഉടമകൾക്കെതിരെ പ്ലാന്റേഷൻ ലേബർ ആക്ടിൽ പറയുന്ന നിയമനടപടികൾ കർശനമായി സ്വികരിക്കണമെന്നും ഡോ. ഗിന്നസ് മാടസ്വാമി പരാതിയിൽ ഉന്നയിച്ചിരുന്നു. സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള തോട്ടങ്ങളിലെ ലയങ്ങളുടെ പുനരുദ്ധാരണത്തിനുള്ള 1250 കോടി രൂപ എത്രയും വേഗം അനുവദിച്ച് ലയങ്ങൾ നവീകരിക്കുന്നതിനുള്ള അടിയന്തിര നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരനെ വിലിച്ചുവരുത്തി തെളിവെടുപ്പും നടത്തിയശേഷമാണ് 25 പേജുള്ള റിപ്പോർട്ട് തയാറാക്കി സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾക്കുനേരെ പുറം തിരിഞ്ഞു നിൽക്കുന്ന അധികാരികളെയും രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളെയുമാണ് പീകുമേട് താലൂക്കിലുടനീളം കാണുന്നത്. വിവിധ ഘട്ടങ്ങളിലായി ടീ ബോർഡ് റീപ്ലിന്റിങ്ങിനും മറ്റുമായി കോടിക്കണക്കിന് രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ ഇവയൊക്കെ കീശയിലാക്കി തോട്ടമുടമകൾ സുഖജീവിതം തുടരുകയാണ്. ഇത്തരത്തിൽ മനുഷ്യാവകാശ ലംഘനത്തിന്റെ കുത്തൊഴുക്കാണ് പീരുമേട്ടിലെ തോട്ടം മേഖലയിലേതെന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ഇതിനൊരു അറുതി വരുത്താൻ റിപ്പോർട്ട് കാരണമാകുമോയെന്ന് കണ്ടറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP