Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വളയം മറ്റൊരു ഒഞ്ചിയമാവുവോ? ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരത്തിൽ തിളച്ചു മറിഞ്ഞ് പാർട്ടി ഗ്രാമം; മഹിജയെ തള്ളിപ്പറയുന്ന പാർട്ടി നിലപാടിനെതിരെ അണികൾക്ക് രോഷം; തള്ളാനും കൊള്ളാനുവാതെ സിപി.എം; നേട്ടമാക്കാൻ കോൺഗ്രസും ബിജെപിയും

വളയം മറ്റൊരു ഒഞ്ചിയമാവുവോ? ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരസമരത്തിൽ തിളച്ചു മറിഞ്ഞ് പാർട്ടി ഗ്രാമം; മഹിജയെ തള്ളിപ്പറയുന്ന പാർട്ടി നിലപാടിനെതിരെ അണികൾക്ക് രോഷം; തള്ളാനും കൊള്ളാനുവാതെ സിപി.എം; നേട്ടമാക്കാൻ കോൺഗ്രസും ബിജെപിയും

കെ വി നിരഞ്ജൻ

നാദാപുരം: ഒഞ്ചിയം എന്ന കോഴിക്കോട് ജില്ലയിലെ ഗ്രാമത്തിൽ ഒരുകാലത്ത് സിപിഎമ്മിന് എതിര് ആരുമുണ്ടായിരുന്നില്ല. പാർട്ടിക്കാരാരുമില്ലാത്ത ഈ ഗ്രാമത്തിൽ ടി.പി ചന്ദ്രശേഖരനെ പുറത്താക്കിയതോടെയാണ് സിപിഎമ്മിന് തരിച്ചടിയുണ്ടാവുന്നത്. ഒടുവിൽ ടി.പി വധം ഉണ്ടാവുകയും കൂടി ചെയ്തതോടെ ഈ ഗ്രാത്തിൽ സി.പി.എം ഒറ്റപ്പെട്ടു.അതേ അവസ്ഥയിലേക്ക് നീങ്ങുകയാണ് കോഴിക്കോട്ടെ മറ്റൊരു പാർട്ടി ഗ്രാമമായ വളയവും.

ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെയും ബന്ധുക്കളുടെയും നിരാഹാരസമരം സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരക്കയാണ്. പാർട്ടി കുടുംബത്തിൽനിന്നുള്ളവരുടെ സമരം എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് സി.പി.എം ആശയക്കുഴപ്പത്തിലാണ്. ജിഷ്ണുവിന്റെ മരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന ആവശ്യം പ്രാദേശിക നേതാക്കൾ ഉയർത്തുന്നുണ്ടെങ്കിലും വീട്ടുകാർ നടത്തുന്ന സമരത്തിന് പ്രത്യക്ഷമായി പിന്തുണ നൽകാൻ പാർട്ടി തയാറായിട്ടില്ല. ജിഷ്ണുവിന്റെ കുടുംബത്തെ തള്ളാനും ഉൾക്കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സി.പി.എം നേതൃത്വം.

രണ്ടുദിവസമായി തുടരുന്ന സമരഗൃഹത്തിലേക്ക് നിരവധി സി.പി.എം നേതാക്കളുമെത്തുന്നുണ്ട്. പക്ഷേ, സർക്കാറിനെ ന്യായീകരിച്ച് ജിഷ്ണുവിന്റെ അമ്മക്കുനേരെ നടന്ന പൊലീസ് അതിക്രമത്തെ ഒഴുക്കന്മട്ടിലാണ് അവർ കൈകാര്യം ചെയ്തത്. പാർട്ടി കുടുബാംഗത്തിനുണ്ടായ ദുരന്തത്തിൽ താങ്ങായി മാറേണ്ട നേതൃത്വം പുറംതിരിഞ്ഞ് നിൽക്കുന്നതിനെതിരെ വൻതോതിലുള്ള വിമർശനമാണ് വിവിധ കോണുകളിൽനിന്നുയരുന്നത്. സി.പി.എം ഏറ്റെടുത്ത് നടത്തേണ്ട സമരപരിപാടികൾ കോൺഗ്രസ്, ബിജെപി കക്ഷികൾ ഏറ്റെടുത്ത് സർക്കാറിനെതിരെയുള്ള പ്രക്ഷോഭമാക്കി മാറ്റിയത് പാർട്ടിക്കുള്ളിലെ ചേരിതിരിവിന്റെ ഭാഗമാണെന്ന വിലയിരുത്തലാണുള്ളത്.

ആക്ഷൻ കമ്മിറ്റിയുടെ അറിവോടെയല്ല ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും സമരത്തിനിറങ്ങിപ്പുറപ്പെട്ടതെന്ന സി.പി.എം പ്രസ്താവനക്കെതിരെയും രൂക്ഷവിമർശനമാണ് അണികളിൽനിന്നുയരുന്നത്. പാർട്ടി അനുഭാവികളും നാട്ടുകാരും ബന്ധുക്കളുമടങ്ങുന്നവരുടെ സമരത്തിന് പിന്തുണയുമായി വിവിധ ഭാഗങ്ങളിൽനിന്ന് അണികൾ കൂട്ടത്തോടെയെത്തിയത് തലവേദനയായിട്ടുണ്ട്. വീട്ടുകാരുടെ നേതൃത്വത്തിൽ നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന് ജനകീയ പിന്തുണ ലഭിച്ചത് സിപിഎമ്മിൽ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. അതിനിടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണയുടെ ആരോഗ്യനില അതിഗുരുതരമായി. ആശുപത്രിയിലേക്ക് മാറ്റാനുള്ള പൊലീസ് ശ്രമം പാളി.

നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും ഏട്ടനുവേണ്ടി മരിക്കാനും തയാറാണെന്ന് അവിഷ്ണ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ മുതൽ ഡോക്ടർമാരുടെ വിദഗ്ധസംഘം വീട്ടിലെത്തി മണിക്കൂറുകൾ ഇടപെട്ട് പരിശോധന നടത്തുകയാണ്. ഡ്രിപ് നൽകിയാണ് അവിഷ്ണയുടെ ജീവൻ നിലനിർത്തുന്നത്. വൃക്കയുടെയും കരളിന്റെയും പ്രവർത്തനങ്ങൾക്ക് തകരാർ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ വിലയിരുത്തി. അവിഷ്ണ ജലപാനം ഉപേക്ഷിച്ചാണ് വീട്ടിൽ സമരം നടത്തുന്നത്. ഇതേതുടർന്നാണ് ശാരീരികസ്ഥിതി അതി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത്.

പിന്തുണയുമായി നാട്ടുകാരും ബന്ധുക്കളും വെള്ളിയാഴ്ചയും വൈകുവോളം ഐക്യദാർഢ്യ നിരാഹാരം നടത്തി. സമരത്തിൽനിന്ന് പിന്മാറാൻ നിരവധിതവണ അധികൃതർ വീട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വിഫലമായി. വൈകീട്ട് റൂറൽ എസ്‌പി എം.കെ. പുഷ്‌കരൻ, എ.ഡി.എം ജനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈ.എസ്‌പി കെ. ഇസ്മായിൽ, കോഴിക്കോട് തഹസിൽദാർ ഇ. അനിതകുമാരി, വടകര തഹസിൽദാർ പി.കെ. സതീഷ്‌കുമാർ എന്നിവർ അവിഷ്ണയുടെ ബന്ധുക്കളുമായി ഏറെനേരം ചർച്ച നടത്തിയെങ്കിലും ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ തയാറായില്ല. അവിഷ്ണയുമായി സംസാരിച്ച് തീരുമാനമെടുക്കാമെന്ന് ബന്ധുക്കൾ എസ്‌പിയെ അറിയിച്ചു.

ഇതേതുടർന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട ആവശ്യകത എസ്‌പി അവിഷ്ണയോട് പറഞ്ഞെങ്കിലും ഇവർ തയാറായില്ല. ഡോക്ടർമാരെ വീട്ടിലെത്തിച്ച് ചികിത്സ നൽകിയാൽ മതിയെന്നായിരുന്നു കുട്ടിയുടെ നിലപാട്. രാത്രി വൈകിയും വൻ പൊലീസ് സന്നാഹം വീടിനടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ആധുനിക സജ്ജീകരണങ്ങളോടുകൂടിയുള്ള ആംബുലൻസും ഒരുക്കിനിർത്തിയിട്ടുണ്ട്. ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്. നിരാഹാരസമരം ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടിട്ടും അവിഷ്ണ തയാറായില്ലെന്ന് റൂറൽ എസ്‌പി വ്യക്തമാക്കി.

ഇ.കെ. വിജയൻ എംഎ‍ൽഎ കലക്ടറുമായി ബന്ധപ്പെട്ടതിനെ തുടർന്ന് വൈകുന്നേരം ആറുമണിയോടെ മെഡിക്കൽ കോളജ് സൂപ്രണ്ട് കെ.സി. സോമൻ, മെഡിസിൻ വിഭാഗം അസി. പ്രഫ. ലക്ഷ്മി എന്നിവരടങ്ങുന്ന പ്രത്യേക മെഡിക്കൽസംഘം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നെത്തി പരിശോധന നടത്തി. നിരാഹാരസമരം നടത്തുന്ന അവിഷ്ണയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റില്ലെന്ന് ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാൻ പറയുന്നത്. ബന്ധുക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ ആശുപത്രിയിലേക്ക് മാറ്റൂ. ശനിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഡി.ജി.പി വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വൈകുന്നേരത്തോടെതന്നെ റൂറൽ ജില്ലയിലെ മിക്ക സ്‌റ്റേഷനുകളിൽനിന്നും സി.ഐ, എസ്.ഐ, വനിത പൊലീസുകാർ ഉൾപ്പെടെയുള്ള പൊലീസ് സംഘം വളയം പൂവംവയലിലെ വീട്ടുപരിസരത്ത് എത്തിയിരുന്നു.

ബലം പ്രയോഗിച്ച് അവിഷ്ണയെ മാറ്റാൻ സാധ്യതയുണ്ടെന്നറിഞ്ഞ് സ്ത്രീകളുൾപ്പെടെ ആയിരങ്ങളാണ് പ്രതിരോധം തീർക്കാൻ വീട്ടിലെത്തിയത്. ഡി.ജി.പി ഒഴികെ മറ്റാരെയും നാട്ടുകാർ അകത്തേക്ക് വിട്ടില്ല. അവിഷ്ണയുമായും ബന്ധുക്കളുമായും മാറിമാറി ഡി.ജി.പി ചർച്ച നടത്തി. 15 മിനിറ്റോളം അവിഷ്ണയുമായി മാത്രം ചർച്ച നടത്തിയെങ്കിലും വിസമ്മതിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായി വരുകയാണ്. ചേട്ടന് നീതികിട്ടാതെ ആശുപത്രിയിലേക്കില്ലെന്നും മരിക്കാൻ തയാറാണെന്നും അവിഷ്ണ ആവർത്തിച്ചു. രാത്രി വൈകിയും വൻ ജനാവലി വീട്ടിലുണ്ട്.

വീട്ടുകാർ നടത്തുന്ന സമരത്തിന് ദിവസം കഴിയുന്തോറും ജനപിന്തുണ വർധിക്കുകയാണ്. നാടിന്റെ നാനാഭാഗങ്ങളിൽനിന്നും ആളുകൾ ഐക്യദാർഢ്യവുമായി വളയം പൂവ്വംവയലിലെ ജിഷ്ണു പ്രണോയിയുടെ വീട്ടിലെത്തുന്നു. അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്നാണ് കർമസമിതിയുടെയും നാട്ടുകാരുടെയും അഭിപ്രായം എന്ന തരത്തിൽ സി.പി.എം നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത് വാക്കേറ്റനിടയാക്കി.

ബിജെപി, കോൺഗ്രസ് അംഗങ്ങൾ നേരത്തെതന്നെ കർമസമിതിയിൽനിന്ന് പിൻവാങ്ങിയിരുന്നു. വീട്ടുകാരുടെ തീരുമാനത്തിനൊപ്പമാണ് തങ്ങളെന്ന നിലപാടായിരുന്നു ബിജെപിക്കും കോൺഗ്രസിനും ഉണ്ടായിരുന്നത്. റൂറൽ എസ്‌പി പുഷ്‌കരനടക്കമുള്ളവർ വീട്ടുകാരുമായി അവിഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ച നടത്തുമ്പോഴാണ് കോൺഗ്രസ്, ബിജെപി, സി.പി.എം പ്രവർത്തകർ തമ്മിൽ വാക്കേറ്റം നടത്തിയത്. പക്ഷേ പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP