Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിയും ശതകോടികൾ വിലവരുന്ന നാലേക്കറിലധികം ഭൂമിയും ഒഎസ്‌ജെ വൈദികർ തട്ടിയെടുത്തെന്ന് ആരോപണം; ഇടവക സംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരം തുടരുന്നു; ക്രിസ്ത്യാനികളുടെ പക്കൽ നിന്നും പണംപിരിച്ചു വാങ്ങിയതല്ല ഭൂമിയെന്ന് ഒഎസ്‌ജെ പ്രൊവിൻഷ്യൽ

കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിയും ശതകോടികൾ വിലവരുന്ന നാലേക്കറിലധികം ഭൂമിയും ഒഎസ്‌ജെ വൈദികർ തട്ടിയെടുത്തെന്ന് ആരോപണം; ഇടവക സംരക്ഷണ സമിതിയുടെ റിലേ നിരാഹാര സമരം തുടരുന്നു; ക്രിസ്ത്യാനികളുടെ പക്കൽ നിന്നും പണംപിരിച്ചു വാങ്ങിയതല്ല ഭൂമിയെന്ന് ഒഎസ്‌ജെ പ്രൊവിൻഷ്യൽ

തൃശൂർ: കൊടുങ്ങല്ലൂർ ബസ് സ്റ്റാന്റിനു സമീപം കൊടുങ്ങല്ലൂർ-ഗുരുവായൂർ ദേശീയപാതയോരത്തെ സെന്റ് തോമസ് പള്ളി ഉൾപ്പെടുന്ന നാലേക്കർ 24 സെന്റ് ഭൂമിക്ക് ശതകോടികൾ വിലമതിക്കും. ഈ ഭൂമിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുന്നത്. ഭൂമി ഒ.എസ്.ജെ വൈദികർക്ക് വരാപ്പുഴ മെത്രാപ്പൊലീത്ത ഫ്രാൻസീസ് കല്ലറക്കൽ പിതാവ കൈമാറിയത് ഇടവകക്കാർ അറിഞ്ഞില്ലെന്നാണ് പ്രധാന ആക്ഷേപം.

200 ഓളം കുടുംബങ്ങൾ ഉള്ള ഇടവകയിൽ പള്ളിയുടെ പാരീഷ് കൗൺസിലിനേയോ മറ്റു സംഘടന ഭാരവാഹികളെയോ അറിയിക്കാതെ,വരാപ്പുഴ അതിരൂപതാ മെത്രാപ്പൊലീത്ത ആയിരുന്ന ഫ്രാൻസീസ് കല്ലറക്കൽ, വിരമിക്കുന്നതിനു മാസങ്ങൾക്ക് മുൻപാണ് കൈമാറിയതെന്ന് സമരക്കാർ ആരോപിക്കുന്നു. 1938ൽ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്തയായിരുന്ന ജോസഫ് അട്ടിപ്പേറ്റി പിതാവാണ് ഇവിടെ ഭൂമി വാങ്ങിയത്. 1941ൽ കൊടുങ്ങല്ലൂർ സെന്റ് തോമസ് ലത്തീൻ പള്ളിയെ സ്വതന്ത്ര ഇടവകയായി പ്രഖ്യാപിക്കുകയും ചെയ്തു.

അന്യമതസ്ഥരുൾപ്പടെയുള്ളവരിൽ നിന്നും പിരിവെടുത്താണ് ഭൂമി വാങ്ങി പള്ളി നിർമ്മിച്ചതെന്ന് ഇടവകക്കാർ പറയുന്നു.എന്നാൽ ക്രിസ്ത്യാനികൾ ഉൾപ്പടെയുള്ള ആരിൽ നിന്നും പിരിവെടുക്കാതെ രൂപതയുടെ പണം എടുത്താണ് ഇതെല്ലാം നിർവഹിച്ചതെന്നാണ് ഒബ്ളേറ്റ് ഓഫ് സെന്റ്.ജോസഫ് എന്ന ഒ.എസ്.ജെ.സഭ വൈദികരുടെ പക്ഷം. കാനോനിയൻ നിയമപ്രകാരം പള്ളിയുമായി ബന്ധപ്പെട്ടവക്ക് പിൻതുടർച്ചാവകാശമാണെന്നും പള്ളിയും സ്വത്തുക്കളും അതാതുകാലത്തെ വൈദികരുടെയും ബിഷപ്പുമാരുടെയും പേരിലായിരിക്കുമെന്നുമാണ് വ്യവസ്ഥ.

1962 മുതൽ കൊടുങ്ങല്ലൂർ സെന്റ്തോമസ് ലത്തീൻ പള്ളിയുടെ വികാരിമാർ ഒ.എസ്.ജെ.വൈദികരായിരുന്നു.ഈ ഭുമിയിൽ അവരുടെ സെമിനാരിയും ബോയ്സ് ഹോമും
പ്രവർത്തിക്കുന്നുണ്ട്.കോട്ടപ്പുറം രൂപത നിലവിൽ വരുന്നതിനു മുൻപേ സ്ഥാപിതമായതിനാൽ പള്ളിയുടെ അധികാര-അവകാശങ്ങളെല്ലാം വരാപ്പുഴ മെത്രാപ്പൊലീത്തയിൽ നിക്ഷിപ്തമായിരുന്നു.ഈ അധികാരം ഉപയോഗിച്ചാണ് 2016 ജൂലായിൽ ഫ്രാൻസീസ് കല്ലറക്കൽ പിതാവ് സ്ഥാനമൊഴിയുന്നതിനുതൊട്ടുമുൻപ് ഭൂമി വൈദികർക്ക് തീറു നൽകിയതെന്ന് പറയുന്നു. ഇപ്പോൾ പള്ളി ഉൾപ്പെട്ട 77 സെന്റ് ഭൂമി മാത്രമാണ് പള്ളിയുടേതായി വികാരിയായ ഒ.എസ്.ജെ വൈദികൻ സജിതോമസ് കുന്നപ്പള്ളിയുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്.മറ്റു മൂന്നര ഏക്കർ ഭൂമി ഒ.എസ്.ജെ പ്രൊവിൻഷ്യൾ ആയ സുനിൽ കല്ലറക്കലിന്റെ പേരിലാണെന്നും ഇവർ പറയുന്നു.ഭൂമിയുടെ തീറുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടത്തുവാൻ രഹസ്യമായി ലോകമലേശ്വരം രജിസ്റ്റാറാപ്പിസീൽ അഭിഭാഷകൻ എത്തിയപ്പോഴാണത്രെ അവിടെയുണ്ടായിരുന്ന് ഇടവകക്കാരിലൊരാൾ വിവരം അറിഞ്ഞത്. തുടർന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയും രഹസ്യകൈമാറ്റത്തിനെതിരെ സമരം ആരംഭിക്കുകയുമായിരുന്നു.

77 സെന്റ് മാത്രമുള്ള പള്ളിയുടെ ഭുമിയിൽ നിന്നും ബോയ്സ്ഹോമിലേക്കുള്ള വഴിക്കായി 10 സെന്റ്ും ദേശീയപാത വികസനത്തിനായി ഏകദേശം 24 സെന്റ് ഭൂമിയും
വിട്ടുനൽകേണ്ടിവരും.ഈ സാഹചര്യത്തിൽ പാരീഷ് ഹാൾ, പാർക്കിങ് തുടങ്ങിയവക്ക് സ്ഥലമുണ്ടാകില്ലെന്നു മാത്രമല്ല,ദേശീയപാതയിൽ നിന്നും നേരിട്ട് പള്ളിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഇടവക സംരക്ഷണസമിതിക്കാർ പറയുന്നു.ഇപ്പോൾ സെന്റ് തോമസ് ഇടവക കോട്ടപ്പുറം രൂപതക്ക് കീഴിലാണെങ്കിലും ഇവിടത്തെ ബിഷപ്പായ ജോസഫ് കാര്യക്കശ്ശേരി പിതാവിന് വലിയ റോളില്ലെന്നും കാര്യങ്ങൾ തീരുമാനിക്കുന്നത് ഒ.എസ്.ജെയുടെ വികാരി ജനറാളായ സെബാസ്റ്റ്യൻ ജേക്കോബിയാണെന്നുമാണ് ആരോപണം.വരാപ്പുഴ മെത്രാപ്പൊലീത്തയുടെ ഈ തീരുമാനത്തെക്കുറിച്ച്,ആദ്യം പരാതിയുമായി ഇടവകക്കാർ സമീപിച്ചപ്പോൾ കാര്യക്കശ്ശേരി പിതാവ് പറഞ്ഞത,് പിതാക്കന്മാരും മനുഷ്യരാണ്,അവർക്കും തെറ്റുപറ്റാം എന്നാണ്.രണ്ടുതവണ ചർച്ച നടന്നെങ്കിലും ഗുണകരമായ ഫലമുണ്ടായില്ലെന്നു പറയുന്നു. ഭൂമി കുറവാണെങ്കിൽ ദേശീയപാതക്ക് സ്ഥലമെടുക്കുമ്പോൾ ലഭിക്കുന്ന വലിയ തുക ഉപയോഗിച്ച് സ്ഥലം വാങ്ങാമെന്ന നിലപാടാണ് വൈദികർ സ്വീകരിക്കുന്നത്.

ആഗോളസഭയായ ഒ.എസ്.ജെ,തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ച കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയവും ഭൂമിയും തിരിച്ചെടുക്കുന്നതിനും ഒ.എസ്.ജെ.വൈദികരെ
പുറത്താക്കുന്നതിനും വേണ്ടിയുള്ള ഇടവക സംരക്ഷണസമിതിയുടെ റിലേ നിരാഹാരം സമരം ക്രിസ്മസ് ദിനത്തിലുൾപ്പടെ പള്ളിക്കു മുൻപിൽ തുടരുകയാണ്.കോട്ടപ്പുറം ബിഷപ്പ് പ്രശ്നത്തിൽ ശക്തമായി ഇടപ്പെട്ടില്ലെങ്കിൽ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്താനാണ് ഇടവക സംരക്ഷണ സമിതി തീരുമാനിച്ചിട്ടുള്ളത്.എന്നാൽ സമരം നടത്തുന്നത് ചിലരുടെ തെറ്റിദ്ധാരണ മൂലമാണെന്നും വ്യക്തമായ ആധാരമോ രേഖകളൊ ഇല്ലാത്ത ഭൂമി,വരാപ്പുഴ മെത്രോപ്പൊലീത്തയുടെ അവകാശധികാരങ്ങൾ ഉപയോഗിച്ച് നിയമപ്രകാരമാണ ഉത്തരവാദപ്പെട്ടവർക്ക് തീറ് നൽകിയിട്ടുള്ളതെന്നുമാണ് മറുപക്ഷത്തിന്റെ വാദം.മാത്രമല്ല ക്രിസ്ത്യാനികൾ ഏറെയൊന്നും ഇല്ലാത്തപ്പോഴാണ് രൂപതയുടെ പണമെടുത്ത് ഭുമി വാങ്ങി പള്ളി നിർമ്മിച്ചതെന്നും ഒ.എസ്.ജെ. പ്രൊവിൻഷ്യൾ പറയുന്നു.ക്രിസ്ത്യാനികളില്ലെങ്കിൽ പിന്നെ ആർക്കുവേണ്ടിയാണ് പള്ളി നിർമ്മിച്ചതെന്നുള്ള ചോദ്യമാണ് സമരക്കാർ ഉയർത്തുന്നത്. ഭൂമിയുടെ ഒറിജിനൽ ആധാരം മറ്റൊരു കേസ്സുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ കോടതിയിൽ സമർപ്പിച്ചതിനാൽ,അതുപോലും കാണാതെയാണ് തിടുക്കപ്പെട്ട് ക്രയവിക്രയം നടത്തിയിരിക്കുന്നതെന്നും ഇവർ ആരോപിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP