Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ നിന്ന് രാജ്യം വിട്ടവരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോരാളികളാകാൻ വിളിച്ചത് കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ്; അഫ്ഗാനിലെ നങ്കർഹാർ പ്രവിശ്യയിൽ അബ്ദുൾ റാഷിദ് വിശുദ്ധ യുദ്ധത്തിന്റെ നായകൻ; കണ്ണൂരിൽ നിന്ന് തിരിച്ച പത്തംഗ സംഘം ഇറാനിലെത്തിയെന്ന് സൂചന

കണ്ണൂരിൽ നിന്ന് രാജ്യം വിട്ടവരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോരാളികളാകാൻ വിളിച്ചത് കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ്; അഫ്ഗാനിലെ നങ്കർഹാർ പ്രവിശ്യയിൽ അബ്ദുൾ റാഷിദ് വിശുദ്ധ യുദ്ധത്തിന്റെ നായകൻ; കണ്ണൂരിൽ നിന്ന് തിരിച്ച പത്തംഗ സംഘം ഇറാനിലെത്തിയെന്ന് സൂചന

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂരിൽ നിന്ന് രാജ്യം വിട്ടവരെ ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് വിശുദ്ധ യുദ്ധത്തിന് വിളിച്ചത് കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ്. അഫ്ഗാനിസ്ഥാനിലെ നങ്കർഹാർ പ്രവിശ്യയിൽ അബ്ദുൾ റാഷിദ് ഇപ്പോഴും ഐ.എസ്. പോരാളിയായി നേതൃരംഗത്തുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരം. കണ്ണൂർ പൂതപ്പാറയിൽ നിന്നുള്ള രണ്ട് കുടുംബങ്ങളും കുറുവ സ്വദേശിയായ ഒരാളുമാണ് ഇങ്ങിനെ രാജ്യം വിട്ടത്. സിറിയിലേക്ക് കടക്കാൻ കഴിയാത്ത സാഹചര്യമായതിനാൽ നങ്കർഹാറിലേക്കാണ് ഇവരുടെ ലക്ഷ്യം. യു.എ.ഇ. വഴി ഇറാനിലെത്തിയ ഈ സംഘം അവിടെ നിന്നും ഇതുവരെ അഫ്ഗാനിസ്ഥിനിലേക്ക് കടന്നതായി വിവരമില്ല. അല്പകാലത്തെ ഇടവേളക്കു ശേഷം വീണ്ടും തീവ്രവാദ സ്വഭാവമുള്ളവർ കണ്ണൂരിൽ നിന്നും ഉയർന്ന് വന്നത് ദേശീയ ഏജൻസികളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തപ്പെട്ടവരിൽ ഭൂരിഭാഗവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെങ്കിലും വീണ്ടും ഭീകരവാദ ആശയങ്ങൾ ഉയർന്നു വരുന്നതിന് പിറകിലെ കൈകളെക്കുറിച്ച് ഉള്ള അന്വേഷണവും സജീവമായിട്ടുണ്ട്. 


പൂതപ്പാറിയിലെ കെ.സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കൾ, ഇവരുമായി സൗഹൃദത്തിലുള്ള മറ്റൊരു കുടുംബത്തിലെ അൻവർ, ഭാര്യ അഫ്സീല, ഇവരുടെ മൂന്ന് മക്കൾ, കുറുവയിലെ ടി.പി. നിസാം, എന്നിവരാണ് കഴിഞ്ഞ നവംബർ 19 ന് നാടുവിട്ടത്. സിറിയയിൽ വെച്ച് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച ഷമീറിന്റെ ഭാര്യാ സഹോദരി അഫ്സീലയുടെ ഭർത്താവാണ് ഇപ്പോൾ നാടുവിട്ട അൻവർ. ഇവർക്കെല്ലാം ഇസ്ലാമിക് സ്റ്റേറ്റ്സിൽ ചേരാനുള്ള കൃത്യമായ ക്ലാസുകൾ നൽകപ്പെട്ടിരുന്നുവെന്ന് അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. തീവ്ര ആശയങ്ങൾ കുത്തിവെക്കുന്ന ക്ലാസുകൾ ലഭിച്ചവരിൽ വടക്കേ മലബാറിൽ നിന്നും നങ്കർഹാർ പ്രവിശ്യയിൽ നേരത്തെ തന്നെ എത്തിയിരുന്നു. തൃക്കരിപ്പൂരിലെ അബ്ദുൾ റാഷിദിന്റെ വീട്ടിൽ വെച്ച് ഇപ്പോൾ ഇന്ത്യ വിട്ട സംഘത്തിലെ പ്രധാനികൾക്ക് ക്ലാസുകൾ ലഭിച്ചിട്ടുണ്ടാകാം. ക്ലാസുകളിൽ പങ്കെടുത്തവരെ ഹിജ്റ 'പലായനം ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം. അതിന്റെ സൂചനകളാണ് യുദ്ധ മുഖത്തേക്ക് പോകാൻ വീണ്ടും ആളുകൾ തയ്യാറാവുന്നത്.

ദേശീയ അന്വേഷണ ഏജൻസികൾ ഈ സംഭവത്തോടെ കൂടുതൽ ശ്രദ്ധ മലബാർ പ്രദേശങ്ങളിൽ വ്യാപിപ്പിച്ചിരിക്കയാണ്. പോപ്പുലർ ഫ്രണ്ടുമായി ഈ രണ്ട് കുടുംബത്തിനും ബന്ധമുണ്ടെന്ന വിവരവും അവർക്ക് ലഭിച്ചിട്ടുണ്ട്. 2013 ഏപ്രിൽ 23 ന് നാറാത്ത് ആയുധ പരിശീന ക്യാമ്പ് മുതലുള്ള സാഹചര്യങ്ങൾ അവർ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്താദ്യമായി സംഘടിതമായി പോപ്പുലർ ഫ്രണ്ട് ആയുധ പരിശീലനം നടത്തുന്നുവെന്ന വിവരവും കണ്ണൂരിൽ നിന്നാണ് ഉണ്ടായത്. 22 പേരെയാണ് അന്ന് മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്യതത്. നിരവധി മഴു, വടിവാൾ, ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടപ്പെട്ടിരുന്നു. ഈ കേസ് എൻ.ഐ. എ ഏറ്റെടുത്തതോടെ കമ്പിൽ ടൗണിലെ ഒരു ബാങ്കിൽ വിദേശ പണം വരുന്നതായും വിവരം ലഭിച്ചിരുന്നു.

മതസ്പർദ്ധ വളർത്തിയതിനും തീവ്രവാദ പ്രവർത്തനവും ആയുധപരിശീലനം നടത്തിയതും എൻ.ഐ. എ. കണ്ടെത്തിയിരുന്നു. അന്വേഷണ ഏജൻസികൾ ഇപ്പോൾ നിരീക്ഷിക്കുന്നത് രാജ്യത്തിനകത്ത് ഇവരുടെ പ്രവർത്തനമാണ്. അല്പകാലത്തെ ഇടവേളക്കു ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സിൽ പോകാൻ തയ്യാറായ സാഹചര്യത്തിൽ ഇനിയും ഇത്തരം ആശയം പുലർത്തുന്നവർ ഇവിടെ കഴിയുന്നുണ്ടെന്നാണ് പത്ത് പേരുടെ തിരോധാനത്തോടെ ലഭിക്കുന്ന സൂചന. മുമ്പേ പോയവർ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടും ഇസ്ലാമിക രാജ്യം സ്ഥാപിക്കാനുള്ള ലക്ഷ്യം വെച്ച് വീണ്ടും ഒരു സംഘം പോയത് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം ആശയം വച്ചു പുലർത്തുന്നവർ ഇനിയും അവശേഷിക്കുന്നുണ്ടെന്ന വിലയിരുത്തലിൽ അടിത്തട്ടിലേക്ക് അന്വേഷണം എത്തിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഏജൻസികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP