Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഴയ പേരുദോഷം മായ്ക്കാൻ ഉത്തരവാദിത്തത്തോടെ ഡ്യൂട്ടി ചെയ്യുന്ന തച്ചങ്കരിയെ ലക്ഷ്യമിട്ട് രാജചിഹ്നങ്ങൾ നഷ്ടപ്പെട്ട ഐഎഎസ് ലോബി: പിണറായിയുടെ പൂച്ചകളുടെ ചിത്രങ്ങൾ ഉള്ള സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്ക് പിന്നിലും ചില യുവ ഐഎഎസുകാർ തന്നെ

പഴയ പേരുദോഷം മായ്ക്കാൻ ഉത്തരവാദിത്തത്തോടെ ഡ്യൂട്ടി ചെയ്യുന്ന തച്ചങ്കരിയെ ലക്ഷ്യമിട്ട് രാജചിഹ്നങ്ങൾ നഷ്ടപ്പെട്ട ഐഎഎസ് ലോബി: പിണറായിയുടെ പൂച്ചകളുടെ ചിത്രങ്ങൾ ഉള്ള സോഷ്യൽ മീഡിയാ പ്രചരണങ്ങൾക്ക് പിന്നിലും ചില യുവ ഐഎഎസുകാർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂന്നാർ ഓപ്പറേഷനിലൂടെ കേരളത്തിന് വി എസ് അച്യുതാനന്ദൻ സമ്മാനിച്ചത് മൂന്ന് പൂച്ചക്കുട്ടികളെയാണ്. മൂന്നാർ ഓപ്പറേഷന് നേതൃത്വം നൽകിയ സുരേഷ് കുമാർ ഐഎഎസ്, ഇടുക്കി കളക്ടറായിരുന്ന രാജു നാരായണ സ്വാമി, പിന്നെ ഋഷിരാജ് സിങ് ഐപിഎസ് എന്ന പൊലീസ് ഓഫീസറും. മൂന്നാർ ദൗത്യം പാളിയതോടെ ഇവരെ എലിക്കുട്ടികളെന്ന് വിളിച്ച് കളിയാക്കലും ഉണ്ടായി. ഈ പൂച്ചക്കുട്ടികളെന്ന ആക്ഷേപം വീണ്ടും അവതരിക്കുകയാണ്. അതിന് പിന്നിൽ ചില ഐഎഎസ് ഉദ്യോഗസ്ഥർ ആണെന്നാണ് ലഭിക്കുന്ന സൂചന. ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മകളിലാണ് പിണറായിയുടെ പൂച്ചകളെ ഐഎഎസുകാർ അവരിപ്പിക്കുന്നത്. വിജിലൻസ് ഡിജിപി ജേക്കബ് തോമസ്, എക്‌സൈസ് കമ്മീഷണർ ഋഷി രാജ് സിങ്, ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി എന്നിവരെയാണ് ഇങ്ങനെ കളിയാക്കുന്നത്.

മൂന്നു പേരെയും കൊണ്ട് പൊറുതി മുട്ടിയെന്നാണ് ഐഎഎസ് ലോബിയുടെ കളിയാക്കൽ. ഒരാൾ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കി. മറ്റൊരാൾ മദ്യപാനം നിർത്തിച്ചു. ഇപ്പോൾ മൂന്നാമൻ കാർ യാത്രയും അലങ്കോലപ്പെടുത്തുന്നുവെന്നാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതി. ഈ മൂന്ന് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെ ഐഎഎസുകാർക്കിടയിൽ അതൃപ്തി ശക്തമാണ്. എന്നാൽ ആഭ്യന്തര സെക്രട്ടറിയും മുഖ്യന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ നളിനി നെറ്റോയുടെ പിന്തുണ ഈ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഏതായാലും ഗതാഗത കമ്മീഷണർ ടോമൻ തച്ചങ്കരി നടത്തുന്ന നീക്കമാണ് പ്രകോപനം രൂക്ഷമാക്കുന്നതെന്ന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ തന്നെ മറുനാടനോട് പറഞ്ഞു. കാറിന്റെ ബീക്കൺ ലൈറ്റ് അഴിപ്പിക്കാനും ഐഎഎസുകാരുടെ സ്ഥാന ചിഹ്നമായ കൊടി കാറുകളിൽ പാടില്ലെന്നതുമുൾപ്പെടെയുള്ള തച്ചങ്കരിയുടെ നീക്കമാണ് ഇതിന് കാരണമെന്ന് വിശദീകരിക്കുന്നു.

ചീഫ് സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ളവരുടെയും കലക്ടർമാരുടെയും കാറിലെ നീല ബീക്കൺ ലൈറ്റ് നിയമപ്രകാരമാണെങ്കിലും നീലക്കൊടിയുടെ കാര്യം ഒരു നിയമത്തിലും പറയുന്നില്ല. ഐഎഎസ് അസോസിയേഷൻ യോഗം ചേർന്നാണു കൊടിവയ്ക്കാൻ തീരുമാനിച്ചത്. ഉത്തരാഖണ്ഡിലെ മസൂറി ഐഎഎസ് അക്കാദമിയുടെ ചിഹ്നമാണു കൊടിയിലുള്ളത്. ചിലരുടെ കാറിൽ കേരള സ്റ്റേറ്റ് നമ്പർ മാത്രം പ്രദർശിപ്പിച്ചിരിക്കുന്നതു നിയമവിരുദ്ധമാണെന്നും ഗതാഗത കമ്മീഷണർ ചൂണ്ടിക്കാട്ടി. ഇതോടെ യുവ ഐഎഎസുകാർക്കെല്ലാം ബീക്കൺ ലൈറ്റ് നഷ്ടമാകുമെന്ന സ്ഥിതി വന്നു. വെറും കേരളാ സർക്കാർ ബോർഡ് വച്ച കാറിൽ യാത്ര ചെയ്യണം. ഇത് അപമാനകരമാണമെന്നാണ് ജൂനിയർ ഓഫീസർമാരുടെ നിലപാട്. അനുഭവിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെ പരസ്യമായി തന്നെ പ്രതികരണങ്ങൾ വന്നു. ഇതാണ് ഐഎഎസുകാരുടെ ഗ്രൂപ്പിലെ ചർച്ചകളിൽ പ്രതിഫലിക്കുന്നത്.

നിയമം ലംഘിച്ച് കേരള സർക്കാർ ബോർഡ് വച്ച് നിരത്തിലൂടെ വിലസുന്ന 51 വാഹനങ്ങളുടെ ഉടമകൾക്കു കൂടി ടോമിൻ ജെ. തച്ചങ്കരി നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചവരിൽ സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, സർക്കാർ വകുപ്പുകളുടെ ഡയറക്ടർമാർ, ഐ.പി.എസുകാർ, ഐ.എ.എസുകാർ എന്നിവരുൾപ്പെട്ടു. ചില ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡ് വച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ നടപടി കടുപ്പിക്കാൻ തച്ചങ്കരി നിലപാടുകൾ എടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ പിന്തുണ ഇതിനുള്ളതായി ഐഎഎസുകാർ തിരിച്ചറിഞ്ഞു. അതിനിടെ ചില ഐഎഎസുകാർ പരാതിയുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ മുന്നിലെത്തി. എന്നാൽ അനുകൂല തീരുമാനം എടുക്കാതെ ഫയൽ തിരിച്ചയച്ചു. ഈ സാഹചര്യത്തിൽ ഏകോപനമുറപ്പാക്കി മന്ത്രിയെ കാണാനാണ് നീക്കം. നിലവിലെ ആനുകൂല്യങ്ങളെല്ലാം യാത്രയിൽ കൂടിയേ തീരൂവെന്നാണ് ഐഎഎസുകാരുടെ നിലപാട്.

ഐപിഎസുകാർക്ക് കൊടിവയ്ക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ഐഎഎസുകാർക്ക് കഴിയുന്നില്ലെന്നതാണ് ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ ഐഎഎസുകാരും കൊടി ഉപയോഗിക്കും. എന്നാൽ ഐപിഎസുകാർക്ക് കൊടി വയ്ക്കാൻ നിയമപ്രകാരം തന്നെ കഴിയുമെന്നതാണ് വസ്തുത. മിലിറ്ററി സർവ്വീസിന്റെ ഭാഗമാണ് ഐപിഎസുകാർ. അവരുടെ കൊടിയിൽ മിലിറ്ററി ചിഹ്നമാണ് വച്ചിരിക്കുന്നത്. അതുകൊണ്ട് ഐപിഎസുകാർ കൊടി വച്ച കാറിൽ യാത്ര ചെയ്താൽ തടയാൻ കഴിയില്ല. എന്നാൽ ഐഎഎസുകാരുടെ തീരുമാനം നിയമത്തിന്റെ പിൻബലത്തിൽ അല്ല. കൊടി വയ്ക്കുകയെന്നത് സംഘടനയുടെ തീരുമാനമാണ്. അതെങ്ങനെ അംഗീകരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ബീക്കൺ ലൈറ്റിന്റെ കാര്യത്തിൽ നിയമപരമായ ഒന്നും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് ഗതാഗത മന്ത്രിയേയും ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ഇതോടെ പ്രശ്‌നം മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിടാനുള്ള നീക്കത്തിലാണ് ഗതാഗത മന്ത്രി.

ഐപിഎസുകാരിൽ ഭൂരിഭാഗത്തിനും ബീക്കൺ ലൈറ്റും ഉപയോഗിക്കാം. ക്രമസമാധാന പാലനത്തിന്റെ പേരിലാണ് ഇത്. യുവ ഐപിഎസുകാർക്ക് പോലും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നു. ഇതിനൊപ്പം ഡിജിപിക്ക് മൂന്ന് സ്റ്റാറുള്ള കാർ. അതിന് താഴെയുള്ളവർക്ക് രണ്ട് സ്റ്റാർ. കമ്മീഷണർക്ക് ഒരു സ്റ്റാർ. എന്നാൽ ഐപിഎസിന് മുകളിൽ പ്രോട്ടോകോൾ പ്രകാരം സ്ഥാനമുള്ള ഐഎഎസുകാരിൽ സെക്രട്ടറി പദവിക്ക് താഴെയുള്ളവർ സാധാരണ കാറിൽ യാത്ര ചെയ്യണം. ഇത് അനുവദിക്കുന്നതെങ്ങനെയെന്നതാണ് യുവ ഐഎഎസുകാരുയർത്തുന്ന ചോദ്യം. അതിനാൽ നിയമനിർമ്മാണത്തിലൂടെ പ്രശ്‌ന പരിഹാരം ഉടൻ വേണമെന്നാണ് നിർദ്ദേശം. എന്നാൽ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാറുകളിലെ ബീക്കണും കൊടിയും നിയന്ത്രിക്കുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ സംസ്ഥാനം നിയമനിർമ്മാണം നടത്തുമെന്ന ചോദ്യവും സർക്കാർ ഉയർത്തിക്കഴിഞ്ഞു.

ഇതോടെയാണ് സോഷ്യൽ മീഡിയിയിൽ ഐപിഎസിലെ പൂച്ചക്കുട്ടികൾക്കെതിരെ വിമർശനം ശക്തമാക്കുന്നത്. മൂന്നാറിലെ പൂച്ചക്കുട്ടികളെ എലിയാക്കി മാറ്റിയത് തന്നെ ഇവിടേയും സംഭവിക്കുമെന്നാണ് ഐഎഎസുകാരുടെ പക്ഷം. അതിനിടെ ടോമിൻ തച്ചങ്കരിയുടെ വീഴ്ചകൾ കണ്ടെത്താനും ഐഎഎസുകാർ രംഗത്തുണ്ട്. ഇത്രയും വേഗം തച്ചങ്കരിയെ മോശക്കാനാക്കാനാണ് രഹസ്യ നീക്കങ്ങൾ. ഇതിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറും കരുതലുകൾ എടുക്കുന്നുണ്ടെന്നാണ് സൂചന. നിരവധി ആരോപണങ്ങൾ ഉയർന്ന ഉദ്യോഗസ്ഥനാണ് തച്ചങ്കരി. പലപ്പോഴും സസ്‌പെൻഷൻ പോലും നേരിട്ട ഉദ്യോഗസ്ഥൻ. ഇതിൽ നിന്ന് പ്രതിച്ഛായ മെച്ചമാണ് തച്ചങ്കരി ആഗ്രഹിക്കുന്നത്. അതിനുള്ള നീക്കമാണ് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടത്തുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയും പ്രതിഷേധം ശക്തമാണ്. എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗും വാർത്തകളിൽ ഇടം നേടുന്നത് ഐഎഎസുകാർക്ക് പിടിക്കുന്നില്ല. ഈ മൂന്ന് ഉദ്യോഗസ്ഥരും പിണറായിയുടെ പൂച്ചക്കുട്ടികളെന്ന നിലയിൽ വാർത്താ പ്രാധാന്യം നേടുന്നു. ഇത് ഐഎഎസുകാരുടെ പ്രതാപകാലത്തിന് മങ്ങലുണ്ടാക്കുന്നുവെന്നാണ് ഐഎഎസ് ഗ്രൂപ്പുകളിൽ യുവ ഉദ്യോഗസ്ഥർ ഉയർത്തുന്ന പ്രതിഷേധം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP