Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; കോടിക്കണക്കിന് ലിറ്റർ വെള്ളം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കിയിലെ ജലനിരപ്പ് 2401 അടി കടന്ന് മുകളിലേക്ക് കുതിക്കുന്നു; ട്രയൽ റൺ ഷട്ടർ തുറക്കലായി മാറിയപ്പോൾ സെക്കന്റിൽ ഒഴുകുന്നത് ഒന്നര ലക്ഷത്തിന് അടുത്ത് ലിറ്റർ വെള്ളം; ഏഴ് മണി മുതൽ ജലമൊഴുക്കുന്ന നിരക്ക് ഇരട്ടിയിൽ അധികമാക്കിയതോടെ പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്ക ഭീഷണി; കേരളത്തിലെ 24 ഡാമുകൾ തുറന്നതോടെ നദികളിൽ എല്ലാം വെള്ളപ്പൊക്കം; കേരളം മഴയെ നേരിട്ട് അതീവ ജാഗ്രതയിൽ

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; കോടിക്കണക്കിന് ലിറ്റർ വെള്ളം ഒഴുക്കി കളഞ്ഞിട്ടും ഇടുക്കിയിലെ ജലനിരപ്പ് 2401 അടി കടന്ന് മുകളിലേക്ക് കുതിക്കുന്നു; ട്രയൽ റൺ ഷട്ടർ തുറക്കലായി മാറിയപ്പോൾ സെക്കന്റിൽ ഒഴുകുന്നത് ഒന്നര ലക്ഷത്തിന് അടുത്ത് ലിറ്റർ വെള്ളം; ഏഴ് മണി മുതൽ ജലമൊഴുക്കുന്ന നിരക്ക് ഇരട്ടിയിൽ അധികമാക്കിയതോടെ പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്ക ഭീഷണി; കേരളത്തിലെ 24 ഡാമുകൾ തുറന്നതോടെ നദികളിൽ എല്ലാം വെള്ളപ്പൊക്കം; കേരളം മഴയെ നേരിട്ട് അതീവ ജാഗ്രതയിൽ

മറുനാടൻ മലയാളി ബ്യൂറോ

പൈനാവ്: കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി ഡാമിൽ നിന്നും വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതൽ 100 ക്യുമെക്സ് വെള്ളം കൂടി തുറന്നുവിടാൻ തുടങ്ങി. വ്യാഴാഴ്ച തുറന്നുവിട്ടതിന്റെ ഇരട്ടിയാണിത്. ഡാമിന്റെ താഴ്ഭാഗത്തും ചെറുതോണി പുഴയുടെയും പെരിയാറിന്റെയും ഇരുകരകളിലുമുള്ളവർക്ക് ഇതോടെ ആശങ്കകളും കൂടി. ഇന്നലെ നാല് മണിക്കൂർ ട്രയൽ റണ്ണിനാണ് ഇടുക്കി ഡാം തുറന്നത്. എന്നാൽ ജലനിരപ്പ് കുറയാതെ വന്നതോടെ ട്രയൽ റൺ എന്നത് ഡാം തുറക്കലായി മാറി. ഇടുക്കി അണക്കെട്ടിലെ ജലനിലരപ്പ് 2400.88 അടിയെത്തി. വെള്ളിയാഴ്ച പുലർച്ച 5 മണിയോടെയാണ് ജലനിരപ്പ് 2400.88 അടിയിലെത്തിയത്. ഇപ്പോഴത് 2401 അടി കഴിഞ്ഞു. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്.

ഇടുക്കി ചെറുതോണി അണക്കെട്ടിൽനിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ സെക്കന്റിൽ ഒരു ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽ നിന്നു പുറത്തെത്തുന്നത്. അതായത് ഇന്നത്തേതിന്റെ ഇരട്ടി അളവ്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നേരത്തേ, വൈകിട്ട് 4.30ന് ട്രയൽ റൺ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരൊഴുക്കു തുടരുന്നതിനാൽ രാത്രിയിലും ട്രയൽ റൺ തുടരുകയായിരുന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ട്രയൽ റൺ ആരംഭിച്ചത്.

മൂന്നാമത്തെ ഷട്ടർ 50 സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 50 ഘനമീറ്റർ ജലം വീതമാണ് തുടക്കത്തിൽ ഒഴുക്കിവിട്ടത്. ഇന്ന് രാവിലെ രണ്ടാത്തെ ഷട്ടറും തുറന്നു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വർഷങ്ങൾക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്. ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രമാണ്.

ഇടുക്കി ഡാം തുറക്കുമ്പോൾ ആലുവയിലും കൊച്ചിയിലും ജീവിതം ദുരിതപൂർണ്ണമാകും. ഈ മേഖലയിൽ കടൽ ക്ഷോഭവും കൂടും. ആലുവ ക്ഷേത്രം ഉൾപ്പെടെ കൂടുതൽ വെള്ളത്തിൽ മുങ്ങും. വാവുബലി ചടങ്ങും പ്രതിസന്ധിയിലാകും. ഇടുക്കി അടക്കം സംസ്ഥാനത്താകെ 24 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പാലക്കാട് ജില്ലയിൽ അഞ്ചും ഇടുക്കി, തൃശൂർ ജില്ലകളിൽ നാലു വീതവും അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. തുറന്ന അണക്കെട്ടുകൾ: മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, ശിരുവാണി (പാലക്കാട് ജില്ല), ഇടുക്കി, മലങ്കര, കല്ലാർകുട്ടി, ലോവർപെരിയാർ (ഇടുക്കി ജില്ല), പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി (തൃശൂർ ജില്ല), പേപ്പാറ, അരുവിക്കര, നെയ്യാർ (തിരുവനന്തപുരം ജില്ല), ഇടമലയാർ, ഭൂതത്താൻകെട്ട് (എറണാകുളം ജില്ല), ബാണാസുരസാഗർ, കാരാപ്പുഴ (വയനാട് ജില്ല), തെന്മല (കൊല്ലം), കക്കി (പത്തനംതിട്ട), കക്കയം (കോഴിക്കോട്), പഴശ്ശി (കണ്ണൂർ).

ഇടമലയാർ അണക്കെട്ടു തുറന്നത് അഞ്ചുവർഷത്തിനുശേഷമാണ്. ഇന്നലെ ജലനിരപ്പ് 169.86 മീറ്റർ. പരമാവധി ശേഷി 170. ഇടുക്കിവെള്ളം കൂടി എത്തുന്നതോടെ ജലനിരപ്പ് ഓരോ അരമണിക്കൂറിലും 12 സെന്റിമീറ്റർ വീതം ഉയരും. 2013ൽ ഇടമലയാർ ഡാം ഒന്നരമാസം തുറന്നിട്ടിരുന്നു. മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ 150 സെന്റിമീറ്ററാണ് ഉയർത്തിയത്. തൃശൂർ പൂമല അണക്കെട്ടിൽ മൂന്നു ഷട്ടറുകളും ഉയർത്തി. ചിമ്മിനി ഡാമും നിറഞ്ഞു കവിഞ്ഞു. വാഴാനി ഡാം നാലു ഷട്ടറുകൾ 15.24 സെന്റിമീറ്റർ വീതം കഴിഞ്ഞദിവസം ഉയർത്തിയത് ഇന്നലെ രാത്രിയോടെ അഞ്ചു സെന്റിമീറ്റർ ആക്കി കുറച്ചു. പീച്ചിയിൽ നാലു ഷട്ടറുകളും 43.18 സെന്റിമീറ്റർ തുറന്നതു നീരൊഴുക്കു കുറഞ്ഞതോടെ ഇന്നലെ 30.48 സെന്റിമീറ്ററാക്കി കുറച്ചു. പെരിങ്ങൽകുത്ത്, ഷോളയാർ, അപ്പർ ഷോളയാർ അണക്കെട്ടുകളിൽ നീരൊഴുക്കു കുറഞ്ഞു. തെന്മല പരപ്പാർ അണക്കെട്ടിൽ ജലനിരപ്പ് 388.86 മീറ്റർ ആയി ഉയർന്നതോടെ ഇന്നലെ വൈകിട്ട് ഷട്ടർ 60 സെന്റിമീറ്റർ ഉയർത്തി.

ഡാമുകൾ എല്ലാം തുറന്നതോടെ കേരളത്തിലെ നദികളെല്ലാം നിറഞ്ഞൊഴുകുകയാണ്. ഡാമുകൾ തുറന്നതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെ സർവീസ് നിർത്തിവയ്ക്കേണ്ട സാഹചര്യം പോലുമുണ്ടായി. കണ്ണൂർ, വയനാട്, ഇടുക്കി, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വടക്കൻ ജില്ലകളിൽ ഏറ്റവുമധികം നാശനഷ്ടമുണ്ടായത് വയനാട്ടിലാണ്. ജില്ല ഒറ്റപ്പെട്ട നിലയിലാണ്. വയനാട്ടിൽ രണ്ട് ദിവസങ്ങളിലായി 398.71 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തു. 52 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

എറണാകുളം ജില്ലയിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജനവാസ മേഖലകൾ വെള്ളത്തിനടയിലായി. നെടുമ്പാശേരി വിമാനത്താവളത്തിലെ നിർത്തിവച്ച സർവീസ് വൈകുന്നേരം പുനരാരംഭിച്ചു. ഒക്കൽ തുരുത്തിലെ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. സാധാരണ വെള്ളപ്പൊക്ക ഭീഷണിയില്ലാത്ത പാലക്കാട് ജില്ലയിലും പല മേഖലകളും വെള്ളത്തിനടിയിലാണ്. കനത്ത മഴയും മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകൾ തുറന്നുവിട്ടതാണ് പാലക്കാട് വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. കഞ്ചിക്കോട് വനമേഖലയിൽ ഉരുൾപൊട്ടി.

വെള്ളപ്പാച്ചിലിൽ റെയിൽവേ ട്രാക്ക് ഒഴുകിപ്പോയി. കണ്ണൂരിൽ 12 ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. നാല് വീടുകൾ പൂർണമായും തകർന്നു. ബാവലി പുഴയും ചീങ്കണ്ണി പുഴയും കരകവിഞ്ഞൊഴുകയാണ്. കണ്ണൂരിൽ നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP