Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ പ്രവേശന പരീക്ഷയിൽത്തന്നെ മികച്ച റാങ്കു നേടിയ മിടുമിടുക്കൻ; സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങളില്ലാത്ത വിദ്യാർത്ഥി എന്തിന് ആത്മഹത്യ ചെയ്തു? വിരൽ നീളുന്നത് ഖരകപൂർ ഐ ഐ ടിയിൽ ചുമതലക്കാർക്ക് നേരെ; ആലപ്പുഴക്കാരൻ നിധിന്റെ മരണത്തിൽ ദുരൂഹത ഏറെ

ആദ്യ പ്രവേശന പരീക്ഷയിൽത്തന്നെ മികച്ച റാങ്കു നേടിയ മിടുമിടുക്കൻ; സാമ്പത്തിക-കുടുംബ പ്രശ്‌നങ്ങളില്ലാത്ത വിദ്യാർത്ഥി എന്തിന് ആത്മഹത്യ ചെയ്തു? വിരൽ നീളുന്നത് ഖരകപൂർ ഐ ഐ ടിയിൽ ചുമതലക്കാർക്ക് നേരെ; ആലപ്പുഴക്കാരൻ നിധിന്റെ മരണത്തിൽ ദുരൂഹത ഏറെ

ആലപ്പുഴ : ഖരഗ്പൂർ ഐ. ഐ.ടി. വിദ്യാർത്ഥി നിധിൻ നാസറിന്റെ ദുരുഹമരണം പീഡനത്തെത്തുടർന്നെന്നു സൂചന. അടിക്കടി ഐ ഐ ടിയിൽ ഉണ്ടാകുന്ന ആത്മഹത്യയെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ എം പി കെ സി വേണുഗോപാൽ മാനവവിഭവശേഷി മന്ത്രാലയത്തെ സമീപിച്ചു.

രണ്ടുമാസങ്ങൾക്കിടിയിൽ ഐ ഐ ടിയിലെ രണ്ടുവിദ്യാർത്ഥികളാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. നേരത്തെ ഇൻസ്റ്റിറ്റ്യൂട്ടിലെ തന്നെ മറ്റൊരു വിദ്യാർത്ഥി കോളജിന് സമീപത്തെ റെയിൽവേ ട്രാക്കിൽ ദൂരുഹസാഹചര്യത്തിൽ മരിച്ചിരുന്നു. കോളജ് അധികൃതർ പോലും തിരിഞ്ഞുനോക്കാതിരുന്ന മൃതദേഹം റെയിൽവേയിലെ ഇലക്ട്രിക്ക് വിഭാഗം ജീവനക്കാരാണ് തിരിച്ചറിഞ്ഞ് കോളജിൽ വിവരം അറിയിച്ചത്. എന്നാൽ വിദ്യാർത്ഥിയുടെ മരണം കണ്ടില്ലെന്ന് നടിച്ച കോളജ് അധികൃതർ ഒരു പരാതിപോലും നൽകാൻ തയ്യാറായില്ലെന്നാണ് അറിയുന്നത്.

രാജ്യത്തെ മികച്ച വിദ്യാർത്ഥികൾക്ക് മാത്രം പ്രാപ്യമായ കോളജിലെ മേൽനോട്ടക്കാർ പൊതുവെ ധാർഷ്ട്യസ്വഭാവമുള്ളവരാണെന്നാണ് സൂചന. കഠിനമായ നിയന്ത്രണവും ചിട്ടവട്ടങ്ങളും വിദ്യാർത്ഥികളിൽ മിക്കവരിലും ഭയവും അങ്കലാപ്പുമുണ്ടാക്കുന്നതായും സൂചനകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നിധിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യമില്ലെന്നിരിക്കെയാണ് ദുരൂഹത നിറച്ച വാർത്ത പുറത്തുവന്നത്.

മക്കളെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കുകയെന്ന ഏകലക്ഷ്യമായിരുന്നു മാതാപിതാക്കളായ നാസറിനും മാതാവ് നാദിയയ്ക്കും. അതിനുവേണ്ടി അവർ ഏറെ പാടുപെടുന്നുണ്ടായിരുന്നു. എസ് ബി ഐ ഓച്ചിറ ശാഖാ മാനേജരായ നാസറിനും സതേൺ റെയിൽവേയിൽ സ്ഥലമെടുപ്പ് വിഭാഗത്തിൽ ഉദ്യോഗസ്ഥയായ നാദിയയ്ക്കും രണ്ടു മക്കളാണുള്ളത്. ഒരാണും ഒരു പെണ്ണും. ഇവരുവരും പഠനത്തിൽ മിടുമിടുക്കർ. മകൾ നീതു തിരുവനന്തപുരം ഐ എസ് ആർ ഒ യിൽ ട്രെയിനിയാണ്. നിധിന്റെ മരണം നാട്ടുകാരും സുഹൃത്തുക്കളും ഞെട്ടലോടെയാണ് കേട്ടത്. ആത്മഹത്യയെന്ന സംഭവത്തിലേക്ക് കടക്കേണ്ട യാതൊരു സാഹചര്യവുമില്ലാത്ത നിധിൻ ഈ കൃത്യം ചെയ്യില്ലെന്നുതന്നെയാണ് അവർ ഇപ്പോഴും വിശ്വസിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് നിധിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. പുലർച്ചെ മറ്റ് സുഹൃത്തുക്കൾക്കൊപ്പം പഠനത്തിനായി പതിവായി എത്തുന്ന നിധിനെ കാണാതായതോടെയാണ് സുഹൃത്തുക്കൾ അന്വേഷിച്ചിറങ്ങിയത്. പഠനത്തിനായി പുലർച്ചെ എഴുന്നേൽക്കാൻ വാച്ചിൽ സമയം ക്ലിപ്തപ്പെടുത്തി വെക്കുന്ന നിധിൻ കഴിഞ്ഞ ദിവസം സുഹൃത്തുക്കൾ ഉണർന്ന് പഠനം തുടങ്ങിയെങ്കിലും എത്തിയില്ല. ഇതേതുടർന്ന് നിധിൻ താമസിക്കുന്ന മുറിക്കു മുന്നിൽ സുഹൃത്തുക്കൾ എത്തിയെങ്കിലും മുറി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ജനൽ ചില്ലകൾ തകർത്ത് നോക്കിയപ്പോൾ മുറിയുടെ സീലിംഗിൽ തൂങ്ങിമരിച്ച നിധിനെയാണ് കണ്ടത്. കോളജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി മുറിയുടെ വാതിൽ തകർത്ത് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെ നിധിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവരും. ഹരിപ്പാട് വസതിയിലെത്തിക്കുന്ന മൃതദേഹം വൈകിട്ട് അഞ്ചോടെ ഖബറടക്കും.

അതേസമയം ഐ ഐ ടിയിലെ നിലവിലെ സാഹചര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ നിധിന്റെ മരണത്തിനു പിന്നിലെ ദുരൂഹത അകറ്റാൻ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എം പി മാനവവിഭവശേഷി മന്ത്രാലയം അഡീഷനൽ സെകട്ടറി സുബ്ഹ്മണ്യനുമായി ചർച്ച നടത്തി. തുടർന്ന് മന്ത്രാലയത്തിലെ ഒരു ഡയറക്ടറുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകുകയായിരുന്നു. മറ്റ് ഐ. ഐ. ടി.കളിലെ അദ്ധ്യാപകർ ഉൾപ്പെടുന്ന സംഘമാകും അന്വേഷണം നടത്തുക. ആത്മഹത്യയെക്കുറിച്ച് ഐ. ഐ. ടി അധികൃതർ ഇന്റേണൽ റിപ്പോർട്ട് തയ്യാറാക്കി മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ ഖരഗ്പൂർ ഐ. ഐ ടിയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തുടരെയുണ്ടാകുന്ന സാഹചര്യത്തിൽ ഇതു പോരെന്നും സമഗ്രമായ അന്വേഷണം വേണമെന്നും എംപി.നിലപാടെടുക്കുകയായിരുന്നു. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർക്കും വിഷയത്തിൽ ഇടപടണമെന്നാവശ്യപ്പെട്ട് എംപി. കത്തു നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP