Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടിയുരിളിപ്പാറയിൽ ക്വാറി മാഫിയ സർക്കാർ ഭൂമിയും കയ്യേറി അനധികൃത ഖനനം തുടങ്ങി; ജനകീയ പ്രതിഷേധത്തിൽ സർവേ നടത്തിയപ്പോൾ തട്ടിപ്പ് പുറത്ത്; അമ്പാടി ഗ്രാനൈറ്റ്‌സ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്

തുടിയുരിളിപ്പാറയിൽ ക്വാറി മാഫിയ സർക്കാർ ഭൂമിയും കയ്യേറി അനധികൃത ഖനനം തുടങ്ങി; ജനകീയ പ്രതിഷേധത്തിൽ സർവേ നടത്തിയപ്പോൾ തട്ടിപ്പ് പുറത്ത്; അമ്പാടി ഗ്രാനൈറ്റ്‌സ് അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സർക്കാർ ഭൂമി കൈയേറി അനധികൃത ഖനനം നടത്തുന്ന ക്വാറി മാഫിയക്കെതിരെ വാർത്ത പുറത്തുവരുന്നത് കേരളത്തിൽ ആദ്യ സംഭവമല്ല. പത്തനംതിട്ട ജില്ലയിൽ തന്നെ നിരവധി ക്വാറികളിലാണ് അനധികൃത ഖനനം നടക്കുന്നത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുമ്പോൾ യഥേഷ്ടം ഇക്കൂട്ടർ മലയിടിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. ഏറെ പൈതൃക പ്രാധാന്യമുള്ള കോന്നി താലൂക്കിലെ തുടിയുരുളിപ്പാറയിലും ക്വാറി മാഫിയ പിടിമുറുക്കിയിട്ട് കാലം കുറച്ചായി. എന്നാൽ, ജനവാസ കേന്ദ്രങ്ങളിലേക്കും ക്വാറിപ്രവർത്തനം വിപുലപ്പെടുത്തിയതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഗ്രാമരക്ഷാ സമിതി രൂപീകരിച്ചായിരുന്നു ക്വാറിക്കെതിരെ നാട്ടുകാരുടെ പോരാട്ടം. നാട്ടുകാരുടെ പോരാട്ടത്തിന് ഒടുവിൽ റവന്യൂ സംഘം നടത്തിയ ക്വാറി മാഫിയ സർക്കാർ ഭൂമിയും കൈയേറിയതായി വ്യക്തമായി. രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ക്വാറി അനധികൃതമായി ഖനനം നടത്തിയത്.

അടൂർ സ്വദേശിയായ സദാനന്ദൻ എന്നയാളുടെ ഉടമസ്ഥതയിലാണ് അമ്പാടി ഗ്രാനൈറ്റ്‌സ് എന്ന പേരിൽ ക്വാറി പ്രവർത്തിക്കുന്നത്. കോന്നി താലൂക്ക് സർവേയർ ആർ.രമേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അരുൺകുമാർ, ജിയാസ്, സുദർശനൻ, ഉണ്ണിപ്പിള്ള എന്നിവരടങ്ങുന്ന ടീം നടത്തിയ സർവേയിലാണ് ക്വാറി സർക്കാർ ഭൂമിയിലും കൈയേറ്റം നടത്തിയെന്ന് വ്യക്തമായത്. തുടിയുരിളിപ്പാറയിരൽ 1.77 ഏക്കർ സ്ഥലത്താണ് അനധികൃത ക്വാറിയിങ് നടന്നത്. ഇതിൽ 93.25 സെന്റ് സർക്കാർ ഭൂമിയും കൈയേറിയിട്ടുണ്ട്. ബാക്കി സ്ഥലത്ത് ഖനനത്തിന് അനുമതിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ജിയോളജിക്കൽ സർവേ നൽകിയ അനുമതി ലംഘിക്കുകയാണ് ക്വാറി ഉടമകൾ ചെയ്തത്. സർക്കാർ പുറമ്പോക്ക് കൈയേറിയെന്ന് ഗ്രാമരക്ഷാ സമിതിയുടെ പരാതിയെ തുടർന്നായിരുന്നു തഹസിൽദാർ സർവേ നടത്താൻ ഉത്തരവിട്ടത്.

ജിയോളജിക്കൽ സർവേ നൽകിയ നിർദേശങ്ങളെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു ഇവിടെ ക്വാറി പ്രവർത്തിച്ചത്. തൊട്ടടുത്തുള്ള സ്ഥലത്തിൽ നിന്നും 30 മീറ്റർ അകലത്തിൽ മാത്രമേ പാറപൊട്ടിക്കാവൂ എന്ന നിർദേശത്തെ അനുസരിക്കാൻ ഉടമകൾ തയ്യാറായില്ല. ഇത് കൂടാതെ സർക്കാർ പുറമ്പോക്ക് കൈയേറി നിർമ്മാണം നടത്തുകയും ചെയത്ു. ഇങ്ങനെ ചട്ടങ്ങൾ ലംഘിച്ചും സർക്കാർ സ്ഥലം കൈയേറുകയും ചെയ്ത ക്വാറി ഉടൻ അടച്ചുപൂട്ടണമെന്നാണ് ഗ്രാമ രക്ഷാ സമിതി നിർദ്ദേശം നൽകിയിരിക്കയാണ്.

20 വർഷത്തിലേറെയായി പ്രവർത്തിക്കുന്നതാണ് ഈ ക്വാറി. ചെറിയ രീതിയിൽ പ്രവർത്തനം തുടങ്ങിയ ക്വാറി ഈ പ്രദേശം മുഴുവൻ വിഴുങ്ങുന്ന വിധത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 25 ഏക്കർ സ്ഥലത്ത് നടക്കുന്ന ഖനനം ജനവാസ മേഖലയ്ക്ക് അടുത്തേക്ക് നീങ്ങുന്ന വിധത്തിലേക്ക് മാറിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇപ്പോൾ ക്വാറിയുടെ പ്രവർത്തനം തൊട്ടടുത്ത് എൻഎസ്എസ് ഹൈസ്‌കൂളിൽ നിന്നും 365 മീറ്ററും ഗവൺമെന്റ് എൽപി സ്‌കൂളിൽ നിന്നും 454 മീറ്റർ ദൂരത്തിലും മാത്രമാണ്. തുടിയുരുളിലെ ക്ഷേത്രത്തിൽ നിന്നും 110 മീറ്ററും മാത്രമാണ് ദൂരം. വിശദമായ സർവേയാണ് തുടിയുരുളിപ്പാറയിൽ നടത്തിയത്. സർവേ സംഘം ലേസർ ബീം ഉപയോഗിച്ച് സ്ഥലത്തിന്റെ പരിധി നിർണയിക്കാൻ അളവ് നടത്തിയിരുന്നു. ടോട്ടൽ സ്റ്റേഷൻ മാപ്പിങ് എന്ന സംവിധാനവും ഉപയോഗിച്ചാണ് സർവേ നടത്തിയത്.

ഏറെ പരിസ്ഥിതി പാരിസ്ഥിതികപ്രാധാന്യമുള്ള തുടിയുരുളിപ്പാറ തകർത്ത് പ്രദേശത്ത് കുടിവെള്ളത്തിനും മറ്റും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പാറയുടെ ഒരുപുറം മുഴുവൻ ക്വാറിയുടെ പ്രവർത്തനം മൂലം ഇല്ലാതായിട്ടുണ്ട്. മറുപുറത്താണ് ആരാധനാകേന്ദ്രം ഉള്ളത്. ഈ കുന്ന് ഇല്ലാതാകുന്നതോടെ വള്ളിക്കോട്, പ്രമാടം, കൊടുമൺ എന്നീ പ്രദേശങ്ങളുടെ കാലാവസ്ഥയിൽ വലിയ തകരാറുകൾ ഉണ്ടാകും എന്നാണ് വിലയിരുത്തൽ.

ശബരി മലയുമായി ബന്ധപ്പെട്ട പതിനെട്ട് മലകളിൽ ഒന്നു കൂടിയാണ് തുടിയുരുളിപ്പാറ. ക്വാറി മാഫിയയുടെ കയ്യിൽനിന്ന് നാടിനെ രക്ഷിക്കാൻ ഗ്രാമരക്ഷാ സമിതിയിലെ അംഗങ്ങൽ ശബരിമലയിൽ എത്തുകയും ചെയ്തിരുന്നു. ക്വാറിയിൽ തന്നെ പ്രവർത്തിക്കുന്ന ക്രഷർ അനുമതിയില്ലാതെയാണെന്ന പരാതിയും നാട്ടുകാർ ഉന്നയിച്ചിരുന്നു. പൊതുസ്ഥലം കൈയേറിയത് ഒഴിപ്പിക്കണമെന്നും പൊതുസ്വത്തായ പാറ നശിപ്പിക്കുന്നത് ഒഴിവാക്കാൻ റവന്യു നടപടി വേണമെന്നുമുള്ള അഭിപ്രായം സർവേ റിപ്പോർട്ട് പുറത്തുവന്നതോടെ ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ഒരുവർഷത്തിലേറെയായി നടത്തിവന്ന സമരം അന്തിമ വിജയത്തിൽ എത്തുമെന്നും നാട്ടുകാർ കണക്കുകൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP