Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെ കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ; തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ 318 സെന്റീമീറ്റർ; വലുപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തെ ആനയെന്ന് കീർത്തി; മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ; മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണത്തികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ; ഇടയുന്നത് മനുഷ്യർ ഉണ്ടാക്കുന്ന കുഴപ്പം കൊണ്ടെന്ന് ആന പ്രേമികൾ; കൊലയാളിയെന്ന് ചിലർ വിളിക്കുമ്പോഴും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ അത്രമേൽ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?

കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെ കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ; തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ 318 സെന്റീമീറ്റർ; വലുപ്പത്തിൽ ഏഷ്യയിലെ രണ്ടാമത്തെ ആനയെന്ന് കീർത്തി; മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ; മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണത്തികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ; ഇടയുന്നത് മനുഷ്യർ ഉണ്ടാക്കുന്ന കുഴപ്പം കൊണ്ടെന്ന് ആന പ്രേമികൾ; കൊലയാളിയെന്ന്  ചിലർ വിളിക്കുമ്പോഴും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികൾ അത്രമേൽ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ്?

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും കീർത്തികേട്ട ആന. ഉയരത്തിൽ ഏഷ്യയിൽ തന്നെ രണ്ടാമനെന്ന് അനൗദ്യോഗിക റിപ്പോർട്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന നാട്ടാനകളിലെ സൂപ്പർസ്റ്റാറിനെ എഴുന്നെള്ളിക്കാൻ വേണ്ടി കാത്തിരിക്കയാണ് ഒരു നാടുമുഴുവൻ. കൊലയാളിയെന്ന് എതിരാളികൾ വിളിക്കുമ്പോഴും ആന പ്രേമികളും തൃശൂരുകാരും അതൊന്നും കണക്കിലെടുക്കുന്നില്ല. കാലിനിടയിലേക്ക് പടക്കമെറിഞ്ഞും ബഹളമുണ്ടാക്കിയും മനുഷ്യർ ഉണ്ടാക്കുന്ന കുഴപ്പം കൊണ്ടെന്ന് ആന ഇടയുന്നതെന്നും പൊതുവെ രാമചന്ദ്രൻ ശാന്തനാണെന്നും മദപ്പാടുകാലത്തുപോലും ആരെയും ഉപദ്രവിക്കാത്തവനാണെന്നുമാണ് ആനപ്രേമികൾ പറയുന്നത്. അവസാന നിമിഷമെങ്കിലും തൃശൂർ പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കേട്ട്കാവ് രാമചന്ദ്രൻ എത്തുമെന്നാണ് നാട്ടുകാർ കരുതുന്നത്.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരാധകർക്ക് കേവലം ഒരു ആനയല്ല, ആവേശത്തിന്റെ അടങ്ങാത്ത കടലാണ് .അതിന്റെ ഭാഗമായി അവർ രാമന് സമ്മാനിച്ച ബഹുമാനത്തിന്റെ ഊഷ്മളമായ പൂച്ചെണ്ടാണ് രാമ രാജാവ് എന്ന വിളിപ്പേർ. തലയെടുപ്പിന്റെ ഈ തമ്പുരാന് ആനപ്രേമികൾ നൽകുന്ന സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല ഈ ഭൂമിയിൽ. ഗജരാജ സൗന്ദര്യത്തിന്റെ ഓരോ അണുവും സ്വന്തം ശരീരത്തിലേക്ക് ആവാഹിച്ചെടുത്തിരിക്കുന്ന ഈ കരിവീരനെ ആരും രാജാവായി വാഴിച്ചു പോകും.

'കരിവീട്ടിയിൽ കടഞ്ഞെടുത്ത ശിൽപം, കാരിരുമ്പ് തോൽക്കുന്ന കരുത്തിനുടമ , ഉയരത്തിന്റെ കാര്യത്തിൽ ചക്രവർത്തി , സൂര്യഭഗവാന് വണക്കം ചൊല്ലി എന്നപോലെ മേലോട്ട് വളഞ്ഞ എടുത്ത കൊമ്പുകൾ , മണ്ണിനെ ചുംബിച്ച്, ഭൂമീ ദേവിക്ക് നമസ്‌കാരം ചൊല്ലി നിലത്തിഴയുന്ന തുമ്പിക്കൈ , മാതംഗശാസ്ത്രം അനുശാസിക്കുന്ന ലക്ഷണതികവായ 18 ചന്ദന വർണമുള്ള നഖങ്ങൾ , ഉയർന്ന വായുകുംഭം , ഉദയസൂര്യനെ വരവേൽക്കാൻ ഒരുങ്ങുന്ന ഗിരിപർവങ്ങൾക്ക് സമാനമായ മസ്തകം , ശില്പചാരുത ഒട്ടു ചോരാത്ത, തൂണിനോത്ത കാലുകൾ .

രോമ നിബിഢമായി നിലം തൊട്ടെന്ന പോലുള്ള വാൽ, നെറ്റിപ്പട്ടം കെട്ടി വന്നാൽ, കൂട്ടാനകൾ മുട്ടുമടക്കി തൊഴുത് പോകുന്ന നാട്ടാന ചന്തം. ഓരോ ആന പ്രേമിയുടെ മനസിലും സ്വകാര്യ അഹങ്കാരമായി നിറയുന്ന ഈ മൂർത്തീ ഭാവത്തിന് പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ,'- ഇങ്ങനെയാണ് പല ഉൽസവ പറമ്പുകളിലും രാമചന്ദ്രനെ വാഴ്‌ത്തുന്നത്. തലയൊന്ന് ഉയർത്തിപ്പിടിച്ചാൽ ഇരിക്ക സ്ഥാനത്തു നിന്നും 318 സെന്റീമീറ്റർ ആണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഉയരം. ഉത്സവ പറമ്പുകളിൽ രാമചന്ദ്രൻ തിടമ്പേറ്റി നിൽക്കുന്ന ആ ഒരൊറ്റ കാഴ്ചമതി , ഏതൊരു ആനപ്രേമിക്കും ജീവിതകാലം മുഴുവനും രാമനെ സ്നേഹിക്കാൻ.

മോട്ടി പ്രസാദ് രാമചന്ദ്രനായ കഥ

തൃശ്ശൂർ ജില്ലയിലെ കുന്ദംകുളം റൂട്ടിൽ പേരാമംഗലം തെച്ചിക്കോട്ട്കാവ് ദേവീക്ഷേത്രത്തിലെ രണ്ട് ആനകളിൽ ഒരുവനാണ് രാമചന്ദ്രൻ. ഇവൻ ജന്മം കൊണ്ട് ബീഹാറിയാണ്.1982ൽ തൃശ്ശൂരിലെ പ്രമുഖ ആന ഏജന്റായ വെങ്കിടാദ്രിമുഖേനയാണ് ബീഹാറിൽ നിന്നും മോട്ടിപ്രസാദ് എന്ന ആന കേരളത്തിൽ എത്തുന്നത്. പിന്നീട് തൃശ്ശൂരിലെ വെങ്കിടാദ്രിസ്വാമി, രാമചന്ദ്രനെ വാങ്ങി ഗണേശൻ എന്ന് പേരിട്ടു. 1984 ലാണ് പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങുന്നത്. അന്ന് ഭഗവതിയുടെ നടയ്ക്കിരുത്തി രാമചന്ദ്രൻ എന്ന പേര് നൽകി.

വികൃതിയായ രാമചന്ദ്രന്റെ ഒരു കണ്ണ് പാപ്പാന്മാരുടെ മർദ്ദനത്തെ തുടർന്നാണ് നഷ്ടപ്പെട്ടതെന്ന് പറയപ്പെടുന്നു. കേരളത്തിലെ പ്രമുഖ ആനപാപ്പാനായിരുന്ന കടുവ വേലായുധൻ ഇവന്റെ പാപ്പാനായിരുന്നു. മെരുക്കിയെടുക്കാനുള്ള സൗകര്യത്തിനായി പാപ്പാന്മാർ തന്നെ ആനയുടെ കണ്ണ് എടുക്കുകയാണെന്നാണ് ആരോപണം. പക്ഷേ ആന പ്രേമികൾ ഇത് നിഷേധിക്കയാണ്. ജന്മനായുള്ള കാഴ്ചക്കുറവാണെന്നാണ് അവർ പറയുക.

ഗജരാജകേസരി, ഗജസമ്രാട്ട്, ഗജചക്രവർത്തി തുടങ്ങി ഒട്ടേറെ പട്ടങ്ങൾക്ക് ഉടമയാണ് രാമൻ. പങ്കെടുത്ത തലപ്പൊക്ക മത്സരങ്ങളിൽ ഒക്കെ വിജയിയായ രാമന് , തലപൊക്കി നിക്കാൻ തോട്ടി കാണിച്ചു പേടിപ്പിക്കുകയോ താടിക്ക് തട്ടുകയോ ഒന്നും വേണ്ട..ഏറ്റവും കൂടുതൽ ഫാൻസ് അസോസിയേഷനുകൾ ഉള്ള ഗജരാജനാണ് രാമചന്ദ്രൻ. ആനകളുടെ കൂട്ടത്തിലെ സൂപ്പർസ്റ്റാർ. ഫേസ്‌ബുക്ക് പേജും, വാട്‌സ് അപ്പ് ഗ്രൂപ്പുമൊക്കെയുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണം എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

മദ്യപിച്ചെത്തിയ പാപ്പാന്റെ മുണ്ടുരിഞ്ഞോടി, പാപ്പാനെ ഒരു പാഠം പഠിപ്പിച്ചതിന്റെ ക്രെഡിറ്റും ഈ മാതംഗ ശ്രേഷ്ഠന്റെ പേരിൽ തന്നെയാണ്. ആനപ്രേമികളെ സംബന്ധിച്ച് രാമരാജാവ് എന്നത് ഒരു വികാരമാണ്.കാറ്റുപിടിക്കാത്ത തേക്കുമരം പോലെയാണ് തിടമ്പേറ്റിയാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ആ നിൽപ്പ് തന്നെയാണ് ഈ സഹ്യപുത്രനെ ആനപ്രേമികളുടെ ഉയിരാക്കുന്നതും. എത്ര മണിക്കൂർ നേരം വേണമെങ്കിലും തല ഉയർത്തിപ്പിടിച്ച് ഗാംഭീര്യത്തോടെ നിൽക്കാൻ രാമചന്ദ്രന് മാത്രമേ കഴിയൂ. കേരളത്തിലെ ഏറ്റവും വിലപടിപ്പുള്ള ആനയും ഇതുതന്നെ.

യഥാർഥ കൊലയാളി രാമചന്ദ്രനാണോ?

വിവിധ സ്ഥലങ്ങളിലുണ്ടായ ഇടച്ചിലിന്റെ പേരിൽ നിരവധിപേരെ കൊന്ന ആനയാണ് ഇത് എന്ന ആരോപണം ആനപ്രേമികൾ തള്ളുകയാണ്. ആനയുടെ വലത്തെ കണ്ണിനു അല്പം കാഴ്ചക്കുറവുണ്ട്. അതിനാൽ ഈ ഭാഗത്തു നിന്നുള്ള അപ്രതീക്ഷിതമായ അനക്കങ്ങൾ ആനക്ക് പരിഭ്രമം ഉണ്ടാക്കും. അങ്ങനെയാണ് ചില ഉത്സവങ്ങൾക്ക് ഇടക്ക് രാമൻ തന്റെ തന്റെ രൗദ്രഭാവം കാണിച്ചിട്ടുള്ളത്. മനുഷ്യരുടെ അപ്രതീക്ഷിതമായ പടക്കം പൊട്ടിക്കലുകളും ബഹളങ്ങളും തന്നെയാണ് രാമചന്ദ്രനെ വില്ലനാക്കുന്നതെന്നാണ് ആന പ്രേമികൾ പറയുന്നത്. സ്ഥിരമായ അക്രമ സ്വഭാവം മദപ്പാടു കാലത്തുപോലും ഈ ആന പ്രകടിപ്പിക്കാറില്ലെന്നാണ് പാപ്പാമ്മാർ പറയുന്നത്.

തിരുവമ്പാടി ചന്ദ്രശേഖരനെ കുത്തി പരിക്കേല്പിക്കുകയും പിന്നീട് ആ ആന ചരിയുകയും ചെയ്തതോടെ ആണ് രാമചന്ദ്രൻ വാർത്തകളിൽ പ്രധാനമായി ഇടം പിടിക്കുന്നത്. ചന്ദ്രശേഖരനു മുമ്പ് മറ്റൊരാനയേയും രാമചന്ദ്രൻ കുത്തി പരുക്കേൽപിച്ചിട്ടുണ്ട്. 1999ൽ മുളയം രുധിരമാല ക്ഷേത്രത്തിൽ വച്ച് ആണ് 70 വയസ്സിലധികം പ്രായമുള്ള തിരുവമ്പാടി ചന്ദ്രശേഖരനെ രാമചന്ദ്രൻ കുത്തുന്നത്.മുതിർന്ന ആനപാപ്പാനായിരുന്ന കടുവ വേലായുധേട്ടൻ സംഭവം നടക്കുമ്പോൾ ഉണ്ടായിരുന്നു!. അപ്രതീക്ഷിതമയി തന്റെ മുമ്പിലേക്ക് കടന്നു വന്ന ചന്ദ്രശേഖരന്റെ പള്ളക്ക് കുത്തി ഗുരുതരമായ പരിക്കേൽപിച്ചു. തുടർന്ന് ചന്ദ്രശേഖരൻ ദീർഘകാലത്തേക്ക് ചികിത്സയിൽ ആയിരുന്നു.

എന്നാൽ അതിനെ തുടർന്നായിരുന്നു ചന്ദ്രശേഖരന്റെ മരണം എന്ന് പറയുവാൻ ആകില്ല. 2000ലും 2001ലും ചന്ദ്രശേഖരനെ ഉത്സവങ്ങളിൽ എഴുന്നള്ളിച്ചിട്ടുണ്ട്. 2002ൽ ഈ ആന തൃശ്ശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിനു വേണ്ടി ഒരു മണിക്കൂർ നേരം തിടമ്പേറ്റിയിരുന്നു. പിന്നെ എങ്ങനെയാണ് രാമചന്ദ്രന്റെ കുത്തേറ്റാണ് മരിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്. പകരം വെക്കാനില്ലാത്ത ആനക്കേമനാണെങ്കിലും രാമചന്ദ്രനെ വേട്ടയാടുന്നത് അവൻ മൂലം നഷ്ടപ്പെട്ട ജീവനുകളുമായി ബന്ധപ്പെട്ടാണ്. കാട്ടക്കാമ്പൽ ഉത്സവത്തോടനുബന്ധിച്ച് രാമചന്ദ്രനു നൽകിയ സ്വീകരണ ഘോഷയാത്ര ഒരു ബസ്സിനു സമീപത്തുക്കൂടെ കടന്നു പോകുകയായിരുന്നു. ബസ്സിനും ആനയ്ക്കും ഇടയിൽ ആളുകൾ തിങ്ങി.

അതിനിടയിൽ ആരോ ആനയുടെ കാൽക്കൂട്ടിൽ പടക്കം പൊട്ടിച്ചു. പരിഭ്രാന്തനായ രാമചന്ദ്രൻ മുന്നോട്ട് ചാടി. ഇതിനിടയിൽ ആയിരുന്നു കൗമാരക്കാരന്റെ ജീവൻ പൊലിഞ്ഞ ദുരന്തം. ഇതേ തുടർന്ന് കുറച്ച് കാലത്തേക്ക് രാമചന്ദ്രനു വിലക്ക് വന്നു.പിന്നീട് എറണാകുളത്ത് ഒരു സ്ത്രീയുടെ മരണത്തിനിടയാക്കിയ സംഭവത്തിലും രാമചന്ദ്രന്റെ മദപ്പാടോ പാപ്പാന്മാരോടുള്ള അനുസരണക്കേടോ ആയിരുന്നില്ല. ഉത്സവം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തൊട്ടപ്പുറത്തുണ്ടായിരുന്ന ആനപ്പുറത്തിരുന്ന ആൾ കുടകൊണ്ട് ആനയുടെ കണ്ണിനും കന്നക്കുഴിക്കും ഇടയിൽ കുത്തി. ഇതേ തുടർന്ന് രാമചന്ദ്രൻ പരിഭ്രാന്തനായി. ഈ പരാക്രമത്തിനിടെ ഒരു സ്ത്രീ ആനയുടെ തുമ്പികൊണ്ടുള്ള അടിയേറ്റ് മരിച്ചു.

രാമചന്ദ്രൻ പരിഭ്രാന്തനാകുന്ന അവസരങ്ങളിൽ പാപ്പാൻ മണി അവന്റെ ഇരുകൊമ്പിലും ഞാന്ന് ശാന്തനാക്കുകയാണ് പതിവ്. മണിയെ ആക്രമിക്കുവാൻ മുതിരാറുമില്ല. പെട്ടെന്ന് തന്നെ വഴങ്ങുകയും ചെയ്യും. എന്നാൽ എറണാകുളം സംഭവങ്ങളെ തുടർന്ന് രാമചന്ദ്രനെ കുറച്ച് കാലത്തേക്ക് പൊതു പരിപാടികളിൽ നിന്ന് വിലക്കുകയും ചെയ്തു. ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. പിന്നീട് പരിശോധനകൾ നടത്തി ആനയ്ക്ക് പരിപാടികളിൽ പങ്കെടുക്കുവാനായി കർശന നിബന്ധനകളോടെ ഉള്ള അനുമതിയും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രൻ ഇപ്പോളും ഉത്സവ പരിപാടികളിൽ പങ്കെടുക്കുന്നത്.

പെരുമ്പാവൂരിലും രാമചന്ദ്രൻ ഇടഞ്ഞത് യാദൃശ്ചികമാണെന്നാണ് ആനപ്രേമികൾ പറയുന്നത്. ഉയരക്കൂടുതൽ ഉള്ള രാമചന്ദ്രൻ ഗോപുരം കടക്കുമ്പോൾ തിടമ്പ് തടയും എന്നതിനാൽ മറ്റൊരു ആനയുടെ പുറത്തേക്ക് മാറ്റുകയായിരുന്നു. പിന്നീട് ഇത് മാറ്റി വെക്കുന്നതിനിടെ സ്ഥലപരിമിതിയുള്ളയിടത്ത് വച്ച് രാമചന്ദ്രന്റെ മുഖത്ത് തൊട്ടടുത്ത് നിന്ന ആനയുടെ കൊമ്പ് അടിച്ചു കൊണ്ടു. ഇതേ തുടർന്നാണ് രാമചന്ദ്രൻ പരിഭ്രാന്തനായത്.രാമചന്ദ്രൻ മുന്നോട്ട് പോകുന്നതിനിടയിൽ കൊമ്പിനടിച്ചു. ക്ഷേത്രത്തിനകത്ത് ആന വട്ടം കറങ്ങി. സ്ത്രീകൾ ആനയുടെ കാലിനിടയിൽ പെട്ട് ദുരന്തം ഉണ്ടാകുകയും ചെയ്തു. അവനോടൊപ്പം മറ്റാനകളും വിരണ്ടു. ഈ ബഹളത്തിനിടെയാണ് നിരവധി പേർക്ക് പരിക്കേറ്റത്. വളരെ പെട്ടെന്ന് തന്നെ ശാന്തനായ രാമചന്ദ്രനെ പാപ്പാൻ മണിയും കടുക്കൻ എന്നറിപ്പെടുന്ന പാപ്പാനും സഹായികളും ചേർന്ന് തളക്കുകയും ചെയ്തു.

കാഴ്ചക്കുറവുള്ള, അക്രമകാരികളായ, പതിവായി പാപ്പാന്മാരിൽ നിന്നും തെറ്റുന്ന നിരവധി ആനകൾ കേരളത്തിൽ പൊതു പരിപാടികളിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ട് എന്നത് കാണാതെ പോകുന്നു. പ്രശസ്തർ അല്ലാത്തതിനാൽ അവരുടെ വാർത്തകൾ കാര്യമായി ശ്രദ്ധിക്കപ്പെടാറുമില്ല. സ്ഥിരം വികൃതിയോ അനുസരണക്കേട് കാണിക്കുന്നവനോ അല്ല രാമചന്ദ്രൻ എന്ന് 18 വർഷമായി അവനെ വഴിനടത്തുന്ന പാപ്പാൻ മണി പറയുന്നു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊ, സ്ഥലസൗകര്യമോ ഇല്ലാതെ ആനയെ എഴുന്നള്ളിച്ച അധികൃതരും ക്ഷേത്രഭാരവാഹികളും ആണ് രാമചന്ദ്രൻ എന്ന ആനയല്ല ഇവിടെ യഥാർത്ഥത്തിൽ കുഴപ്പക്കാർ എന്നാണ് ആരാധകർ പറയുന്നത്. ആനയെ പ്രകോപിപ്പിക്കുന്ന മനുഷ്യർക്കെതിരെ ശക്തമായ നടപടിവേണമെന്നും ഇവർ ആവശ്യപ്പെടുന്നു. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP