Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടനിലെ മൂന്നു മലയാളി യുവതികൾ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു റയിൽവേ സ്റ്റേഷനിൽ സ്വതന്ത്ര ദിന സന്ദേശവുമായെത്തി; മൂവർണ പതാകയുടെ പശ്ചാത്തലത്തിൽ തിരുവാതിര നൃത്തം അരങ്ങേറിയപ്പോൾ കണ്ടു നിന്നവരും ആഹ്ലാദത്തിൽ; വ്യത്യസ്തമായ സ്വതന്ത്ര ദിന സന്ദേശം യുകെയിൽ അരങ്ങേറിയത് ഇങ്ങനെ

ലണ്ടനിലെ മൂന്നു മലയാളി യുവതികൾ ബ്രിട്ടീഷുകാരെ ഞെട്ടിച്ചു റയിൽവേ സ്റ്റേഷനിൽ സ്വതന്ത്ര ദിന സന്ദേശവുമായെത്തി; മൂവർണ പതാകയുടെ പശ്ചാത്തലത്തിൽ തിരുവാതിര നൃത്തം അരങ്ങേറിയപ്പോൾ കണ്ടു നിന്നവരും ആഹ്ലാദത്തിൽ; വ്യത്യസ്തമായ സ്വതന്ത്ര ദിന സന്ദേശം യുകെയിൽ അരങ്ങേറിയത് ഇങ്ങനെ

കെ ആർ ഷൈജുമോൻ

ലണ്ടൻ:  ദേശത്തുടിപ്പു കാത്തു സൂക്ഷിക്കുന്നവർക്കു അതെങ്ങനെയും പ്രകടിപ്പിക്കാം. ഇന്ത്യൻ ചോര ഞങ്ങളിലുണ്ട് എന്ന് അഭിമാനത്തോടെയും ആവേശത്തോടെയും ഓരോ ഭാരതീയനും പറയുന്ന ദിവസമാണ് ഇന്ന്. റിപ്പബ്ലിക് ദിനവും സ്വതന്ത്ര ദിനവും പതാക ഉയർത്തിയും ദേശ ഭക്തി ഗാനം പാടിയും ഒക്കെ ആഘോഷിക്കപ്പെടുമ്പോൾ സേവനത്തിന്റെ പാതയിൽ ദേശ ദിനങ്ങൾ ആഘോഷിക്കുവാനും തയ്യാറാകുന്നവർ ചുരുക്കമല്ല. എന്നാൽ നൂറ്റാണ്ടിലേറെ ഇന്ത്യയെ അടക്കി വാണ ബ്രിട്ടന്റെ മണ്ണിൽ, അവരുടെ മുന്നിൽ ഇന്ത്യൻ സ്വാതന്ത്രത്തിന്റെ പുലരി തുടിപ്പ് ആഘോഷിക്കാൻ തയ്യാറാകുന്ന ഇന്ത്യൻ തലമുറയുടെ ആവേശം ഒന്ന് വ്യത്യസ്തമാണ്.

ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായാണ് ഇത്തവണ ലണ്ടനിൽ ഒരു സംഘം ഇന്ത്യക്കാർ സ്വതന്ത്ര ദിന സന്ദേശം ഉയർത്തിയത്. മാതൃ രാജ്യം എഴുപതാം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ അത് ബ്രിട്ടീഷ് മണ്ണിൽ വ്യത്യസ്തമായി ആഘോഷിക്കാം എന്നുറപ്പിച്ചത് ലണ്ടനിലെ ഇൻസ്പയറിങ് ഇന്ത്യൻ വുമൺ എന്ന സംഘടനയാണ്. ഉത്തരേന്ത്യക്കാർക്കു നിർണായക സ്വാധീനമുള്ള ഈ സംഘടനയിൽ രണ്ടു മലയാളി വനിതകൾ സജീവം ആയതോടെ ഇന്ത്യ എന്ന് പറയുമ്പോൾ കേരളവും അതിലുണ്ട് എന്ന് തെളിയിക്കാൻ ഉള്ള അവസരമായി മാറി സംഘടനയുടെ ഇത്തവണത്തെ സ്വതന്ത്ര ദിന ആഘോഷം.

ഇക്കഴിഞ്ഞ ജൂലായ് 29നു ലണ്ടനിലെ കിങ് ക്രോസ്സ് റയിൽവേ സ്റ്റേഷനിൽ ഇന്ത്യയുടെ തനതു നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചാണ് സംഘടനാ സ്വതന്ത്ര ദിന സന്ദേശം എത്തിച്ചത്. ഇതോടെ കേരളത്തിൽ നിന്നും അവതരിപ്പിക്കേണ്ട ഇനം തിരുവാതിരയായി നിശ്ചയിച്ചു. ഐഐഡബ്ലിയുവിൽ പ്രവർത്തിക്കുന്ന നർത്തകി കൂടിയായ ആരതി മഹേഷും സംഘടനയുടെ സാരഥികളിൽ ഒരാളായ ക്രിസ്റ്റിന ഷിജുവും ചേർന്ന് ഈ ആശയം എങ്ങനെ നടപ്പാക്കാം എന്ന ചർച്ചയായി. ഒടുവിൽ ഒരു സംഗീത പാർട്ടിയിൽ പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിയായ സൗമ്യ കൃഷനെ കണ്ടെത്തി കാര്യം അവതരിപ്പിച്ചതോടെ തിരുവാതിര ബ്രിട്ടീഷ് മണ്ണിൽ ബ്രിട്ടീഷുകാർക്കായി അവതരിപ്പിക്കാം എന്ന് ഉറപ്പായി. മൂവരും ചേർന്നാൽ തിരുവാതിര ആകില്ലല്ലോ, ചുരുങ്ങിയത് ആറു പേരെങ്കിലും വേണമല്ലോ എന്നായപ്പോൾ സഹായത്തിനു എത്തിയത് മലയാളികളല്ല, മറുനാട്ടുകാരാണ്. അങ്ങനെ മലയാളിയും തെന്നിന്ത്യക്കാരും നോർത്ത് ഇന്ത്യക്കാരും ചേർന്ന തിരുവാതിര സംഘം റെഡിയായി. ആരുഷി, റാംഷി റാണെ, സ്വാതി പതരെ എന്നീ മറുനാട്ടുകാരാണ് തിരുവാതിരക്കു മലയാളികളെ ലഭിക്കാതായപ്പോൾ സഹായവുമായി മൂവർ സംഘത്തിനൊപ്പം ചേർന്നത്.

ഇന്ത്യൻ കലാരൂപങ്ങൾ ഓരോന്നായി വേദിയിൽ എത്തിയപ്പോൾ ഏറ്റവും ആകർഷകമായതു തിരുവാതിര ആയിരുന്നു എന്നത് ആരതിയും ക്രിസ്റ്റീനയും സൗമ്യയും ചേർന്ന സംഘത്തിന് അഭിമാന നിമിഷങ്ങളായി. തിരുവാതിര ബ്രിട്ടീഷുകാരെ പോലെ പല വടക്കേ ഇന്ത്യക്കാർക്കും ആദ്യ കാഴ്ച ആയിരുന്നു എന്നതാണ് കൗതുകം. അതിലേറെ, കേരളത്തിന്റെ തനതു കലാരൂപം ബ്രിട്ടീഷ് മണ്ണിൽ, ഇന്ത്യൻ സ്വാതന്ത്ര്യ ആഘോഷവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കാനായി എന്നതുകൊറിയോഗ്രാഫി നിർവഹിച്ച ആരതി മഹേഷിനും മറക്കാനാകാത്ത അനുഭവമാണ്.

മുംബൈയിൽ ജനിച്ചു വളർന്ന, കുട്ടനാട്ടിൽ അച്ഛനും അമ്മയ്ക്കും വേരുകളുള്ള ക്രിസ്റ്റീനയ്ക്കു മലയാളം നല്ല പോലെ വഴങ്ങില്ലെങ്കിലും തിരുവാതിര തനിക്കു നന്നായി വഴങ്ങും എന്ന് തെളിയിക്കാനായി. ആളെ കിട്ടാതെ കിങ് ക്രോസിൽ തിരുവാതിരക്കു അരങ്ങുണരില്ല എന്ന അവസ്ഥയിൽ ആളെ കൂട്ടിയ സൗമ്യക്കാകട്ടെ, കേരളവും ഈ കലാപ്രകടനം വഴി ആദരിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് മണ്ണിൽ ലഭിക്കുന്ന അപൂർവ ആദരവും സ്വന്തം പേരിൽ കുറിച്ചിടാനായി.

യുകെയിൽ മലയാളിക്കായി ഒട്ടേറെ സംഘടനകളും പ്രസ്ഥാനങ്ങളും അവയ്ക്കു നേതൃത്വം നൽകാനായി നേതൃ ഗുണം ഉള്ള ഒട്ടേറെ പേരും ഉള്ളപ്പോൾ ഈ മൂന്നു സാധാരണക്കാരായ വനിതകൾ ചേർന്ന് നടത്തിയ പ്രവർത്തനം യഥാർത്ഥ രാജ്യ സ്‌നേഹത്തിന്റെ അടയാളമായി മാറുകയാണ്. യുകെയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ശരിയാണോ എന്ന സംശയം ഉയർത്തുന്നവർക്കു, ഐ ഐ ഡബ്ല്യുവിനു നൽകാനായ ഉഗ്രൻ മറുപടിയായി കിങ് ക്രോസ്സിലെ ആഘോഷ വേദി.

എവിടെ പോയാലും മാതൃ രാജ്യത്തെ മറക്കാനാകില്ല, അതിനു മറ്റൊന്നും തടസ്സമായി മുന്നിൽ എത്തില്ല എന്ന ചിന്തയിലാണ് വ്യത്യസ്തമായ ആ ആഘോഷം സംഘടന പ്ലാൻ ചെയ്തതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ കൂടിയായ ക്രിസ്റ്റീന പറയുമ്പോൾ ആ വാക്കുകളിൽ നിറയുന്നത് ആത്മാർത്ഥ രാജ്യസ്‌നേഹമാണ്. തിരുവാതിര കണ്ട് ആകൃഷ്ടരായ സീ ലണ്ടൻ മേളയുടെ പ്രാമോട്ടർമാർ കിങ് ക്രോസിൽ വച്ച് തന്നെ കേരള നൃത്തം ബുക്ക് ചെയ്തത് അഭിമാനത്തോടെയാണ് മൂവരും വിവരിക്കുന്നത്. ഉത്രാട നാളിൽ ഗാംസ്ബറി പാർക്കിലാണ് പ്രശസ്തമായ സീ ലണ്ടൻ മേള അരങ്ങേറുന്നത്.

ലണ്ടനിലെ ഹാരോവിൽ താമസിക്കുന്ന ക്രിസ്റ്റീന ബിഎംഐ ആശുപത്രിയിൽ നഴ്‌സ് ആയാണ് സേവനം ചെയ്യുന്നത്. ഹോൺ ചർച്ചിൽ താമസിക്കുന്ന ആരതി മഹേഷ് സ്വന്തമായി ഡാൻസ് സ്‌കൂളും നടത്തുന്നുണ്ട്. ബോളിവൈബ്‌സ് എന്ന പേരിലുള്ള ഈ നൃത്ത സ്‌കൂളിൽ കൂടുതലും നോർത്ത് ഇന്ത്യൻ വംശജരായ കുട്ടികളായ അണ്ണാ മലൈ യൂണിവേഴ്സിറ്റിയിൽ നിന്നും എം ടെക്ക് നേടിയ ആരതി തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയാണ്. ലണ്ടനിലെ ഗ്രീൻ വിച്ചിൽ താമസിക്കുന്ന എംബിഎ ബിരുദധാരിണിയായ സൗമ്യ സ്വന്തം വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. പൊതു പ്രവർത്തനത്തിന് കിട്ടുന്ന സമയത്താണ് ഐ ഐ ഡബ്ലിയുമായി സഹകരിക്കുന്നത്.

ഇന്ത്യൻ ഡാൻസ് എന്നാൽ ബോളിവുഡ് എന്ന് കരുതുന്ന ബ്രിട്ടീഷുകാർക്ക് മുന്നിൽ വ്യത്യസ്തമായിരുന്നു ഐഐഡബ്ല്യുവിന്റെ പ്രകടനം. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നാടൻ നൃത്ത ഇനങ്ങൾ ഒന്നൊന്നായി മണിക്കൂറുകളായി വേദിയിൽ എത്തിക്കൊണ്ടിരുന്നപ്പോൾ എത്ര മഹത്തായതും വൈവിധ്യം ആയതുമായ രാജ്യമാണ് ഇന്ത്യയെന്ന് തദ്ദേശീയർക്കു ബോധ്യപ്പെടാൻ കൂടി അവസരം സൃഷ്ടിക്കുകയായിരുന്നു ഐഐഡബ്ല്യുവിന്റെ ഉദ്യമം. ഓരോ നൃത്തവും വേദിയിൽ എത്തിക്കൊണ്ടിരുന്നപ്പോൾ ഭാരത് മാതാ കീ, ജയ് ഹോ എന്നീ മന്ത്രങ്ങൾ ഉയരവെ കാഴ്ചക്കാരും ആവേശത്തോടെ ഇന്ത്യൻ ദേശത്തുടി മുഴക്കി കൊണ്ടിരുന്നു.

വിവിധ സംസ്ഥാനക്കാർ വേദിയിൽ ഒന്നൊന്നായി എത്തിയപ്പോൾ കാശ്മീർ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബംഗാൾ, ഒഡീഷാ, ആസാം, തമിഴ്‌നാട്, തെലുങ്കാന, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലെ നാടൻ കലാരൂപങ്ങൽ, ഭരതനാട്യം, ഒഡീസി, ബംഗളി, കുച്ചുപ്പുഡി, ഡാൻഡ്യ, കുമോണി, സെമി ക്ലാസിക്കൽ, പാട്രിയോടിക്, ഭംഗ്രാ, രാജസ്ഥാനി (രാജസ്ഥാനി പാവകളി, കൽബേലിയ ഫോക്ക്, ഗൂമർ, മക്തി ഡാൻസ്), ആസാം, തിരുവാതിര എന്നീ നൃത്ത അവതരണമാണ് കിങ് ക്രോസിൽ സാധ്യമായത്.

വിവിധ സംസ്ഥാനങ്ങൾക്കായി കാശ്മീരിനെ പ്രതിനിധീകരിച്ച് 14 വയസുകാരിയായ പെൺകുട്ടി ഭൂമ്രൂ നൃത്തവും ഹരിയാനയെ പ്രതിനിധീകരിച്ച് ശിൽപാ ചൗധരിയും മിനാൽ ശർമ്മയും ചേർന്ന് ദിതാൻ ദിതാൻ ബോലെയും ഉത്തരാഖണ്ഡിനെ പ്രതിനിധീകരിച്ച് രശ്മി ശർമ്മ, പൂർണ്ണിമ ഭാഗ് മലാനി, രൂപാലി ശേലാങ്കർ അളകനന്ദ മഹാപാത്ര എന്നിവരും ദേശഭക്തിഗാനങ്ങളുമായി നിരവധി കലാകാരികളും കുച്ചുപ്പുഡി, ഭരതനാട്യം എന്നിവയും ആരതി മഹേഷ്, സൗമ്യ ജെ കൃഷ്, ക്രിസ്റ്റീന ഷിജു ജോർജ്ജ്, സ്വാതി പാതാരെ, രശ്മി റെയ്ൻ, അരുഷി മേത്ത എന്നിവർ ചേർന്ന് തിരുവാതിരയും അവതരിപ്പിച്ചു. ഇന്ത്യൻ സ്വതന്ത്ര ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ലണ്ടനിലെ വിവിധ വേദികളിൽ അരങ്ങേറുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP