Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യയിൽ 89,706 കോവിഡ് ബാധിതർ ചികിത്സയിൽ കഴിയുമ്പോൾ ഒറ്റ ദിവസം കൊണ്ട് രോ​ഗമുക്തി നേടിയത് 11,264 ആളുകൾ; 24 മണിക്കൂറിനിടെ 8,336 പേർക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിക്കുമ്പോഴും കൊവിഡ് ബാധ ഇരട്ടിക്കുന്നത് 13.3 ദിവസത്തിൽനിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടു; രാജ്യത്ത് രോ​ഗം പെരുകുമ്പോഴും പ്രതീക്ഷ ബാക്കിയാക്കി രോ​ഗവിമുക്തിയുടെയും രോ​ഗവ്യാപനത്തിന്റെയും ശുഭസൂചനകൾ പുറത്ത്

ഇന്ത്യയിൽ 89,706 കോവിഡ് ബാധിതർ ചികിത്സയിൽ കഴിയുമ്പോൾ ഒറ്റ ദിവസം കൊണ്ട് രോ​ഗമുക്തി നേടിയത് 11,264 ആളുകൾ; 24 മണിക്കൂറിനിടെ 8,336 പേർക്ക് കൂടി വൈറസ് ബാധ സ്ഥിതീകരിക്കുമ്പോഴും കൊവിഡ് ബാധ ഇരട്ടിക്കുന്നത് 13.3 ദിവസത്തിൽനിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടു; രാജ്യത്ത് രോ​ഗം പെരുകുമ്പോഴും പ്രതീക്ഷ ബാക്കിയാക്കി രോ​ഗവിമുക്തിയുടെയും രോ​ഗവ്യാപനത്തിന്റെയും ശുഭസൂചനകൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ‍ഡൽഹി: രാജ്യം അ‍ഞ്ചാം ഘട്ട ലോക് ഡൗണിലേക്ക് കടക്കുമ്പോൾ രോ​ഗികളുടെ എണ്ണത്തിൽ വർധവന് ഉണ്ടാകുമ്പോഴും ആശ്വാസമാകുന്ന ചില കണക്കുകളും പുറത്ത് വരുന്നു. രോ​ഗബാധികരുടെ എണ്ണം ഇരട്ടിയാകുന്ന സമയദൈർഘ്യത്തിൽ വന്ന വർധനവിനെ ശുഭസൂചനയായാണ് ആരോ​ഗ്യ പ്രവർത്തകർ കാണുന്നത്. ഒപ്പം രോ​ഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവും രാജ്യത്തിന് ആശ്വാസമാകുകയാണ്. രാജ്യത്തു കോവിഡ് ബാധ ഇരട്ടിക്കുന്നതിന്റെ സമയം 13.3 ദിവസത്തിൽനിന്ന് 15.4 ദിവസമായി മെച്ചപ്പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. രാജ്യത്ത് 1,81,827 പേരിൽ രോ​ഗം സ്ഥിരീകരിച്ചപ്പോൾ രോ​ഗമുക്തി നേടിയത് 86,936 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,264 പേർക്കു രോഗം ഭേദമായി. ഇതു ഏറ്റവും കൂടിയ നിരക്കാണ്. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 47.40 ശതമാനമായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8,336 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,185 ആയി. പ്രതിദിന മരണനിരക്കിലും രാജ്യം മുന്നിലാണ്. 265 പേരാണ് ഒറ്റ ദിവസം മരിച്ചത്. 7964 പേർക്കു രോഗം സ്ഥിരീകരിച്ചു. മഹാമാരി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒൻപതാം സ്ഥാനത്താണ്. 89,706 ആക്ടീവ് കേസുകളുള്ള രാജ്യത്ത് 86,936 പേർ രോഗമുക്തരായി. മഹാരാഷ്ട്ര തന്നെയാണ് സംസ്ഥാനങ്ങളിൽ മുന്നിൽ. 62,228 പേർ രോഗബാധിതരായി, 2098 പേർ മരിച്ചു. തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം 20,246 ആയി.

ന്യൂഡൽഹിയിൽ 17,386, ഗുജറാത്തിൽ 15,934, രാജസ്ഥാനിൽ 8365, മധ്യപ്രദേശിൽ 7645, ഉത്തർപ്രദേശിൽ 7284 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം. അസമിൽ ആക്ടീവ് കേസുകൾ 895 ആയി. ബംഗാൾ (4813), തെലങ്കാന (2425), പഞ്ചാബ് (2197), ജമ്മു കശ്മീർ (2164), ബിഹാർ (3376), ആന്ധ്രപ്രദേശ് (3436) എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടി. ജനുവരി 30നു കേരളത്തിലാണു രാജ്യത്താദ്യം കോവിഡ് റിപ്പോർട്ട് ചെയ്തത്. കേരളം ഒരു പരിധി വരെ പ്രതിരോധിച്ചെങ്കിലും പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുതിച്ചുയർന്നു. കോവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയുടെ ഇരട്ടിയിലേറെയാണ് ഇന്ത്യയിൽ രോഗികൾ.

അതിനിടെ, പുതിയ 145 ജില്ലകൾ വൈറസിന്റെ പ്രഭവ സ്ഥാനമായി മാറിയേക്കുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 145 ഗ്രാമീണ ജില്ലകളിലെ കോവിഡ് വ്യാപന നിരക്ക് വർധിച്ചിട്ടുണ്ട്. കൃത്യമായ കരുതൽ നടപടികൾ എടുത്തില്ലെങ്കിൽ ഇവ വൈറസിന്റെ പ്രഭവകേന്ദ്രമാകും. അതിഥി തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് തിരികെയെത്തുന്നതോടെ കിഴക്കൻ ഇന്ത്യ അടുത്ത വലിയ കോവിഡ് ഹോട്ട്സ്പോട്ടായേക്കുമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗുബ പറയുന്നു.

ബിഹാർ, ബംഗാൾ, ഒഡിഷ തുടങ്ങിയ 12 സംസ്ഥാനങ്ങളിൽ നേരത്തെ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇവിടുത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. ത്രിപുര, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വൻ വർധനയാണുള്ളത്. മെയ്‌ 13 വരെ 75000 കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ടു ചെയ്തിരുന്നത്. വലിയ സംസ്ഥാനങ്ങൾക്കു പുറമെ ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലും അടുത്തിടെ വൻ വർധനയാണ് കാണുന്നത്.

മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലേക്ക് അതിഥി തൊഴിലാളികൾ മടങ്ങിവരാൻ ആരംഭിച്ചതാണ് ഇവിടെ രോഗികൾ കൂടാൻ കാരണമെന്ന് അധികൃതർ പറയുന്നു. അതിഥി തൊഴിലാളികൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ റെയിൽവേ, ബസ് സ്റ്റേഷനുകളിൽ കൃത്യമായ പരിശോധന നടത്താൻ കഴിയാതായി. ഇതോടെയാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വൈറസ് പടരാൻ തുടങ്ങിയതെന്നും ഇവർ വ്യക്തമാക്കുന്നു. കോവിഡിന്റെ പ്രഭവകേന്ദ്രമായി മാറാതിരിക്കാൻ 145 ജില്ലകളിൽ സർക്കാർ എത്രയും പെട്ടെന്ന് നിയന്ത്രണമേറ്റെടുക്കണമെന്നും നിർദ്ദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP