Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് രോഗികളുടെ എണ്ണത്തിൽ തുർക്കിയേയും മറികടന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി; ഇന്നലെ 269 പേർ മരിച്ചപ്പോൾ രോഗികളുടെ എണ്ണം 173,491 ആയി; ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,594 പേർക്ക്: ലോകത്തുകൊറോണ മരണം 3,66,372 ആയി

കോവിഡ് രോഗികളുടെ എണ്ണത്തിൽ തുർക്കിയേയും മറികടന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി; ഇന്നലെ 269 പേർ മരിച്ചപ്പോൾ രോഗികളുടെ എണ്ണം 173,491 ആയി; ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,594 പേർക്ക്:  ലോകത്തുകൊറോണ മരണം 3,66,372 ആയി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് രോഗികളുടെ എണ്ണത്തിൽ തുർക്കിയേയും മറികടന്ന് ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. വെള്ളിയാഴ്ച രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 173,491 ആയി ഉയർന്നു. ഇന്നലെയും പുതുതായി 8,594 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 9-ാം സ്ഥാനത്തേക്ക് എത്തി. 1,62,120 കേസുകളുള്ള തുർക്കിയായിരുന്നു ഒമ്പതാം സ്ഥാനത്ത്. എന്നാൽ ഇന്നലെയും പുതുതായി പതിനായിരത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചതോടെ തുർക്കിയെ ഇന്ത്യ മറികടക്കുക ആയിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 269 പേരാണ് ഇന്ത്യയിൽ മരിച്ചത്. വ്യാഴാഴ്ച വരെ 200ൽ താഴെ മരണം മാത്രമാണ് ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരുന്നതെങ്കിൽ ഇന്നലെ മരണ കണക്ക് പിടിവിട്ട് ഉയരുകയായിരുന്നു. പുതിയ രോഗികളുടെ എണ്ണവും മരണ കണക്കും ഉയരുമ്പോൾ ആശങ്കയുടെ നിഴലിലാണ് നമ്മുടെ രാജ്യം. ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങൾ 4,980 ആയി. 82,627 പേർക്കാണ് രോഗമോചനം ലഭിച്ചത്. 85,884 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. രാജ്യത്ത് കോവിഡ് ബാധിച്ച് 8,944 പേരാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്.

രോഗികളുടെ എണ്ണം 60,000 കടന്ന് മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ മാത്രം വെള്ളിയാഴ്ച 2,682 പേർക്കു പുതുതായി രോഗം ബാധിച്ചു. 116 പേർ മരിച്ചു. ഇതോടെ മഹാരാഷ്ട്രയിൽ രോഗം ബാധിച്ചവരുടെ എണ്ണം 62,228 ആയി ഉയർന്നു. മരണ സംഖ്യ 2,098. മുംബൈ നഗരത്തിൽ 36,932 കേസുകളും 1,173 മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലെ പുണെ ജില്ലയിൽ 24 മണിക്കൂറിനിടെ 302 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ പുതുതായി 298 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 275 ഉം ഹരിയാനയിൽ 217 ഉം കേസുകളാണു റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സന്തോഷ്‌കുമാർ മുംബൈയിലെത്തി. അന്ധേരിയിൽ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്‌പെഷൽ ആശുപത്രി സെവൻ ഹിൽസ് സന്ദർശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കേരളത്തിൽനിന്ന് 50 വിദഗ്ധ ഡോക്ടർമാരുടെയും പ്രവൃത്തി പരിചയമുള്ള 100 നഴ്‌സുമാരുടെയും സേവനമാണ് ആവശ്യപ്പെട്ടത്. നാളെ മുതൽ എത്തുന്ന കേരള സംഘം സെവൻ ഹിൽസ് ആശുപത്രി ഏറ്റെടുത്തേക്കും. അതിനിടെ, 8381 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ധാരാവിയിൽ 41 പേർക്കു കൂടി രോഗം
ധാരാവിയിൽ 41 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ 2 പൊലീസുകാർ കൂടി മരിച്ചു. ഇതോടെ മുംബൈയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 16. മുംബൈയിൽ അഗ്‌നിശമന സേനാംഗം കോവിഡിനെത്തുടർന്നു മരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായവർക്കും രോഗികളെ ശുശ്രൂഷിക്കുന്നവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തും.

തമിഴ്‌നാട്ടിൽ മൂന്നാം ദിവസവും 800ൽ അധികം പേർക്കു കോവിഡ്
തമിഴ്‌നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും 800ൽ അധികം പേർക്കു കോവിഡ്. ഒറ്റ ദിവസം ഇതാദ്യമായി 874 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 20246. ചെന്നൈയുടെ സമീപ ജില്ലയായ ചെങ്കൽപേട്ടിൽ രോഗികളുടെ എണ്ണം 1000 കടന്നു. ചെന്നൈയ്ക്കു ശേഷം രോഗികളുടെ എണ്ണം 1000 കടക്കുന്ന ആദ്യ ജില്ല. ചെന്നൈയിൽ 618 രോഗികൾ കൂടിയായതോടെ ആകെ രോഗബാധിതർ 13362. ദക്ഷിണ റെയിൽവേ ആസ്ഥാനം അടച്ചതിനു പിന്നാലെ മദ്രാസ് ഐഐടിയിൽ 2 പേർക്കു രോഗം സ്ഥിരീകരിച്ചു. രണ്ടു ദിവസം മുൻപ് ശ്വാസ തടസ്സത്തെ തുടർന്നു മരിച്ച ഐഐടി ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു. 9 പേർ കൂടി മരിച്ചതോടെ ആകെ മരണം 154.

ഡൽഹിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1106 പേർക്ക്
ഡൽഹിയിൽ 1106 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 17387. ഒറ്റദിവസം 82 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും 13 പേർ മാത്രമാണു മരിച്ചതെന്നും 69 മരണങ്ങൾ കഴിഞ്ഞ ഒരു മാസത്തിനിടെ സംഭവിച്ചതാണെന്നും അധികൃതർ. രോഗികളിൽ 80 ശതമാനം പേരും രോഗലക്ഷണങ്ങൾ ഇല്ലാത്തവരോ നേരിയ ലക്ഷണങ്ങളോ മാത്രമുള്ളവർ.

റെക്കോർഡ് വർധനയുമായി കർണാടക
രോഗികളിൽ റെക്കോർഡ് വർധനയുമായി കർണാടക. 248 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 210 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവർ. ആകെ രോഗികൾ 2781. ഒരാൾ കൂടി മരിച്ചതോടെ ആകെ മരണം 48. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവച്ചു. ജൂൺ- ഓഗസ്റ്റ് മാസങ്ങൾ വരെയാണ് ഭരണസമിതികളുടെ കാലാവധി.

ഗുരുതരാവസ്ഥയിലുള്ളവർ കൂടുതൽ ബംഗാളിൽ
രാജ്യത്തെ കോവിഡ് രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവർ ഏറ്റവുമധികം ബംഗാളിൽ. കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കേരളത്തിൽ 2.65% പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ബംഗാളിലാകട്ടെ രോഗികളിൽ 16.14% ഗുരുതരനിലയിലാണ്. മരണനിരക്കും ഇവിടെ കൂടുതലാണ്. 10.34% തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടുമ്പോൾ, 5.80% ശ്വസനസഹായി ആവശ്യമുള്ളവരാണ്. അതേസമയം, 0.006% പേർക്കു മാത്രമേ വെന്റിലേറ്ററിന്റെ സഹായം ആവശ്യമുള്ളൂ.

മധ്യപ്രദേശിലും സ്ഥിതി മോശമാണ്. ആകെ രോഗികളിൽ 14% പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ രോഗികളിൽ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. 4.16% പേരാണ് നിലവിൽ ഗുരുതരാവസ്ഥയിലുള്ളതെന്നും ആരോഗ്യമന്ത്രാലയം 27 വരെയുള്ള വിവരങ്ങൾ ചേർത്തു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ലോകത്ത് കോവിഡ് മരണം 3,66,372 ആയി ഉയർന്നു. ഇന്നലെ 4823 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. പതിവു പോലെ അമേരിക്കയിലാണ് ഇന്നലെയും ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്. 1,193 പേരാണ് ഇന്നലെ അമേരിക്കയിൽ മരിച്ചത്. ഇതോടെ അമേരിക്കയിൽ ഇഥുവരെ മരിച്ചവരുടെ എണ്ണം 1,04523 ആയി. ഇന്നലെയും പുതുതായി 24,362 പേരിൽ രോഗ ബാധ കണ്ടെത്തിയതോടെ അമേരിക്കയിലെ കൊറോണ രോഗികളുടെ എണ്ണം 17,92,822 ആയി. 17,203 പേരാണ് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്.

മരണ കണക്കിൽ അമേരിക്കയുടെ തൊട്ടു പിന്നിൽ തന്നെ ബ്രസീലുമുണ്ട്. കൊറോണയുടെ പുതിയ ശവപ്പറമ്പായി മാറിയ ബ്രസീലിൽ 1,159 പേരാണ് ഇന്നലെ മരിച്ചത്. അതോടെ മരണ നിരക്കിൽ സ്‌പെയിനിനെയും മറികടന്ന് 27,923 ആയി. 4,66,200 കൊറോണ രോഗികളാണ് ബ്രസീലിൽ ഉള്ളത്. 8,318 പേർ അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. രോഗവ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള റഷ്യയിൽ 3,87,623 രോഗികളാണുള്ളത്. ഇന്നലെ 232 പേർ റഷ്യയിൽ മരിച്ചു. ബ്രിട്ടനിൽ ഇ്‌നലെ 324 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ബ്രിട്ടനിലെ കൊറോണ മരണം 38,161 ആയി. സ്‌പെയിനിൽ ഇ്‌നലെ രണ്ട് പേരും ഇറ്റലിയിൽ 87 പേരും ഫ്രാൻസിൽ 52 പേരും ഇന്നലെ രോഗം ബാധിച്ച് മരിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ഇന്നലെ 131 പേരാണ് മരിച്ചത്. ഇതോടെ പെറുവിലെ മരണ കണക്ക് 4,230 ആി. കാനഡയിൽ 104 പേർ ഇന്നലെ മരണത്തിന് കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP