Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് പാക്കിസ്ഥാൻ; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള സർവ്വീസുകൾക്ക് നിയന്ത്രണവുമായി പ്രമുഖ വിമാനകമ്പനികൾ; അതിർത്തിയിൽ 14,000 ബങ്കറുകൾ സ്ഥാപിച്ച് ഇന്ത്യ; ഇരു രാജ്യങ്ങളിലും വമ്പൻ സേന വിന്യാസം; ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാണ്ടറെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നതിനാൽ മുഖം നോക്കാതെ അടിക്കാൻ ഉറച്ച് ഇന്ത്യ; ആക്രമണം പ്രതീക്ഷിച്ച് പാക്കിസ്ഥാൻ; സംയമനം പാലിക്കാണമെന്ന് അമേരിക്ക; ഇന്ത്യാ-പാക് യുദ്ധം ഉറപ്പെന്ന് സൂചിപ്പിച്ച് ലോക മാധ്യമങ്ങൾ

സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് പാക്കിസ്ഥാൻ; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള സർവ്വീസുകൾക്ക് നിയന്ത്രണവുമായി പ്രമുഖ വിമാനകമ്പനികൾ; അതിർത്തിയിൽ 14,000 ബങ്കറുകൾ സ്ഥാപിച്ച് ഇന്ത്യ; ഇരു രാജ്യങ്ങളിലും വമ്പൻ സേന വിന്യാസം; ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാണ്ടറെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നതിനാൽ മുഖം നോക്കാതെ അടിക്കാൻ ഉറച്ച് ഇന്ത്യ; ആക്രമണം പ്രതീക്ഷിച്ച് പാക്കിസ്ഥാൻ; സംയമനം പാലിക്കാണമെന്ന് അമേരിക്ക; ഇന്ത്യാ-പാക് യുദ്ധം ഉറപ്പെന്ന് സൂചിപ്പിച്ച് ലോക മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യാ-പാക്കിസ്ഥാൻ അതിർത്തിയിൽ യുദ്ധം അനിവാര്യതയെന്ന വിലയിരുത്തലിലേക്ക് ലോക മാധ്യമങ്ങൾ. പകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേനയിലെ വിങ്കമാൻഡർ അഭിനന്ദ് വർത്തമാന് ലഭിക്കേണ്ടത് യുദ്ധത്തടവുകാരൻ എന്ന നിലയിലുള്ള സുരക്ഷയും പരിഗണനയുമാണെന്ന് ഇന്ത്യ പാക്കിസ്ഥാനാട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിനന്ദ് പാക് കസ്റ്റഡിയിൽ ആണെങ്കിലും ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകില്ലെന്നാണ് പാക് വിലയിരുത്തൽ. നിയന്ത്രണരേഖയ്ക്ക് അടുത്ത് ഇന്ത്യ ബങ്കറുകൾ നിർമ്മിക്കുന്നുണ്ട്. യുദ്ധത്തിന്റെ അനിവാര്യതയിൽ നാട്ടുകാരെ രക്ഷിക്കാനാണ് ഇതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അതിർത്തിയിൽ 14,000 ബങ്കറുകളാണ് ഇന്ത്യ നിർമ്മിക്കുന്നത്. ഇതെല്ലാം പാക്കിസ്ഥാനും നിരീക്ഷിക്കുന്നുണ്ട്. യുദ്ധത്തിലേക്ക് ഇന്ത്യ കടക്കുമെന്നുള്ളതു കൊണ്ടാണ് പാക്കിസ്ഥാൻ അവരുടെ വ്യോമ മേഖല അടച്ചതെന്നാണ് വിലയിരുത്തൽ.

പുൽവാമ ആക്രമണത്തിനുശേഷം ജമ്മുകശ്മീരിൽ സാമൂഹികമാധ്യമങ്ങൾക്ക് വിലക്കായിരുന്നു. കഴിഞ്ഞദിവസം അത് നീക്കി. ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽനിറയെ പാക്കിസ്ഥാനുള്ള ഇന്ത്യയുടെ തിരിച്ചടിയാണ് വിഷയം. സൈന്യത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് മിക്കതും. ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളിൽ യുദ്ധം ഉണ്ടായാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കുക, മരുന്ന്, കുട്ടികൾക്കുള്ള ഭക്ഷണം തുടങ്ങി അത്യാവശ്യ സാധനങ്ങൾ കരുതുക, പണം കരുതുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ. വീടുകളോടുചേർന്ന് പത്തടി ആഴത്തിൽ ഒരു ബങ്കർ നിർമ്മിക്കുന്നുണ്ട്. അതിൽ പത്തു ദിവസങ്ങളിലേക്കുള്ള ഭക്ഷണസാധനങ്ങളും കുടിവെള്ളവും കരുതാനും നിർദ്ദേശിക്കുന്നു. കാര്യങ്ങളറിയാൻ റേഡിയോ കരുതണമെന്നും സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളിലുണ്ട്. ഇതെല്ലാം ഇന്ത്യ യുദ്ധത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനയാണ്.

പാക്കിസ്ഥാൻ പിടികൂടിയ പൂർണ സൈനിക യൂണിഫോമിലുള്ള അഭിനന്ദനെ യുദ്ധത്തടവുകാരനായി മാത്രമേ പരിഗണിക്കാനാവൂവെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ അഭിനന്ദിനോട് പാക് സൈന്യം ക്രൂരത കാട്ടിയെന്ന് തന്നെയാണ് ഇന്ത്യൻ വിലയിരുത്തൽ. എത്രയും വേഗം അഭിനന്ദിനെ മടക്കികൊണ്ടു വരാനാണ് ശ്രമം. അഭിനന്ദിനെ മുന്നിൽ നിർത്തി വിലപേശലിനാണ് പാക് ശ്രമം. ഇതിലൂടെ ഇന്ത്യയെ സംഘർഷത്തിൽ നിന്ന് പിന്നോട്ട് കൊണ്ടു പോകാനും. എന്നാൽ ഇത് നടക്കില്ലെന്ന് ഇന്ത്യ വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. അതിനിടെ പ്രശ്‌ന പരിഹാരത്തിന് അമേരിക്ക ഉൾപ്പെടെ രംഗത്തു വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഇപ്പോഴത്തെ സംഘർഷത്തിൽ ആശങ്കയുണ്ടെന്നും സൈനിക നടപടികൾ നിർത്തിവയ്ക്കണമെന്നും പെന്റഗൺ അറിയിച്ചു.

യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന സൈനികരുടെ സുരക്ഷയ്ക്കായി വിപുലമായ നിയമങ്ങളാണ് അന്താരാഷ്ട്രതലത്തിലുള്ളത്. 1929-ലെ മൂന്നാം ജനീവ കൺവെൻഷനിലാണ് ഇതുസംബന്ധിച്ച വിപുലമായ നിയമങ്ങൾ തയ്യാറാക്കപ്പെട്ടത്. യുദ്ധത്തടവുകാരുടെ അവകാശങ്ങൾ, ചികിത്സ, വിട്ടയയ്ക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് പരിരക്ഷയുള്ളത്. 1949-ൽ നടന്ന മൂന്നാം ജനീവ കൺവെൻഷനിലും രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നും ഇത് കൂടുതൽ വിപുലീകരിച്ചു. 1977-ലെ അഡീഷണൽ പ്രോട്ടോകോൾ-ഒന്ന് പ്രകാരവും യുദ്ധത്തടവുകാർക്ക് കൂടുതൽ അവകാശങ്ങളും സുരക്ഷയും ഒരുക്കി. അഭിനന്ദനെ അറസ്റ്റുചെയ്ത പാക്കിസ്ഥാന്റെ നടപടി യുദ്ധത്തടവുകാരൻ എന്ന നിലയിലുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സമൂഹത്തെ ഒപ്പം നിർത്തി തിരിച്ചടിക്കാണ് ഇന്ത്യ പദ്ധതിയിടുന്നതെന്നാണ് സൂചന.

കൂടുതൽ സൈനിക നടപടികൾ ഉണ്ടാകാതിരിക്കാൻ ഇരുരാജ്യങ്ങളും ശ്രമം നടത്തണമെന്നാണ് യുഎസ് ആക്ടിങ് ഡിഫൻസ് സെക്രട്ടറി പാട്രിക് ഷാൻഹാൻ ആവശ്യപ്പെടുന്നത്. ഇതിനിടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയും രംഗത്തെത്തി. സൈനിക നടപടികൾ നിർത്തവയ്ക്കണമെന്നും സംയമനം പാലിക്കണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോ കഴിഞ്ഞ ദിവസം പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയോട് ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. മേഖലയിൽ സമാധാനവും സുരക്ഷയും നിലനിർത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും പോംപിയോ ആവശ്യപ്പെട്ടു. അമേരിക്കയുടെ നിലപാട് തന്നെയാണ് മറ്റ് ലോക രാജ്യങ്ങളും എടുക്കുന്നത്. എങ്കിലും ഇന്ത്യ വിട്ടുവീഴ്ച ചെയ്യുമെന്ന് ആരും കരുതുന്നില്ല. അതിനാൽ യുദ്ധത്തിന്റെ അനിവാര്യത സൂചിപ്പിച്ച് വിവിധ ലോകരാജ്യങ്ങൾ പൗരന്മാരോട് പാക്കിസ്ഥാനും ഇന്ത്യയും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ഇന്ത്യ തിരിച്ചടിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പും ഷെല്ലാക്രമണവും ഇന്നലെയും തുടർന്നു. രാജ്യാന്തര അതിർത്തിയായ ജമ്മുവിലെ സാംബ, ആർഎസ് പുര സെക്ടറുകളിൽ ബിഎസ്എഫും അഖ്‌നൂർ, നൗഷേര, രജൗറി, പൂഞ്ച് ഉൾപ്പെട്ട നിയന്ത്രണ രേഖയിൽ കരസേനയുമാണു നിലയുറപ്പിച്ചിട്ടുള്ളത്. അതിർത്തിമേഖലയിൽ സ്‌കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു രാപകൽ ആക്രമണം തുടരുകയാണ്. ഇന്ത്യയുടെ 5 സൈനികർക്കു പരുക്കേറ്റു. പ്രത്യാക്രമണത്തിൽ 5 പാക്ക് സേനാ പോസ്റ്റുകൾ ഇന്ത്യ തകർത്തു. ഷെല്ലാക്രമണത്തിൽ നിന്നു ഗ്രാമവാസികളെ രക്ഷിക്കാൻ അതിർത്തി മേഖലകളിൽ ഭൂഗർഭ ബങ്കറുകൾ സേന നിർമ്മിച്ചിട്ടുണ്ട്. പരമാവധി ആളുകളെ ബങ്കറുകളിലേക്കു മാറ്റുമെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. ബങ്കറിലുള്ളത് 2 മുറികൾ. 40 പേർക്ക് ഒരേ സമയം ഇതിനുള്ളിൽ കഴിയാം. ഫാനും ലൈറ്റും ഉൾപ്പെടെ സൗകര്യങ്ങൾ. ബങ്കറിനോടു ചേർന്ന് ശുചിമുറിയുമുണ്ട്.

അതിനിടെ എയർ കാനഡ ഇന്ത്യയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. പാക്കിസ്ഥാൻ അവരുടെ വ്യോമമേഖല അടച്ചതോടെയാണ് എയർ കാനഡ സർവീസ് നിർത്തിയത്. എയർ കാനഡ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവീസാണ് റദ്ദാക്കിയത്. ഡൽഹിയിലേക്കുള്ള മറ്റൊരു വിമാനം ടോറോണ്ടോയിലേക്ക് വഴിതിരിച്ചുവിട്ടു. ടോറോണ്ടോയിൽനിന്നും വാൻകൂവറിൽനിന്നും ഡൽഹിക്ക് ദിനേനയുള്ള സർവീസുകളും ആഴ്ചയിൽ നാലു ദിവസമുള്ള ടോറോണ്ടോ-മുംബൈ സർവീസുമാണ് താൽക്കാലികമായി നിർത്തിലാക്കിയിരിക്കുന്നതെന്ന് എയർ കാനഡ വക്താവ് ഇസബല്ലെ ആർഥർ അറിയിച്ചു.

നിയന്ത്രണ രേഖയിൽ ഏറ്റുമുട്ടൽ തുടങ്ങിയതിന് പിന്നാലെ അഞ്ച് വിമാനത്താവളങ്ങളുടെ പ്രവർത്തനം പാക്കിസ്ഥാൻ നിർത്തിവച്ചിരുന്നു. ലാഹോർ, മുൾട്ടാൻ, ഫൈസലാബാദ്, സിയാൽകോട്ട്, ഇസ്ലാമാബാദ് എന്നീ വിമാനത്താവളങ്ങളാണ് പാക്കിസ്ഥാൻ അടച്ചത്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളെല്ലാം റദ്ദാക്കി. ആളുകളെയും പൂർണമായി ഒഴിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ ഒമാനും നിർത്തിവച്ചു. ഒമാൻ ദേശീയ വിമാന കന്പനിയായ ഒമാൻ എയറും, ബജറ്റ് വിമാന കന്പനിയായ സലാം എയറുമാണ് സർവീസുകൾ താത്കാലികമായി നിർത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് പാക്കിസ്ഥാനിലേയ്ക്കുള്ള ചില വിമാനങ്ങളും റദ്ദാക്കി. പാക്കിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചതാണ് യുഎഇയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. അതിർത്തി സംഘർഷം കണക്കിലെടുത്ത് ഇന്ത്യയും വ്യോമ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെയോടെ വ്യോമാതിർത്തി കടന്നു വന്ന പാക് പോർവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടയിലാണ് ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം അതിർത്തിയിൽ തകർന്നു വീണത്. അപകടത്തിൽ നിന്ന് പൈലറ്റ് അഭിനന്ദൻ വർധൻ രക്ഷപ്പെട്ടെങ്കിലും അദ്ദേഹവും വിമാനവും ചെന്നു പതിച്ചത് പാക് അധീന കശ്മീരിലാണ്. ഇദ്ദേഹത്തെ പ്രദേശവാസികളും പക് സൈനികരും പിടികൂടി പിന്നീട് സുരക്ഷാ ഏജൻസികൾക്ക് കൈമാറി. കണ്ടെത്തിയ ഘട്ടത്തിൽ പ്രദേശവാസികളിൽ നിന്ന് ക്രൂരമായ മർദ്ദനമാണ് അഭിനന്ദിന് ഏൽക്കേണ്ടി വന്നത്. അതേസമയം പാക്കിസ്ഥാൻ കസ്റ്റഡിയിൽ രണ്ടാമതൊരു ഇന്ത്യൻ പൈലറ്റുണ്ടെന്ന മുൻനിലപാട് പാക്കിസ്ഥാൻ തള്ളി.

ഒരാൾ മാത്രമേ കസ്റ്റഡിയിൽ ഉള്ളൂ എന്നും. അന്താരാഷ്ട്ര ചട്ടങ്ങൾ പാലിച്ചു കൊണ്ട് ഇയാൾക്ക് വേണ്ട ചികിത്സയും സംരക്ഷണവും നൽകുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്. പാക് പ്രകോപനത്തെ എത് രീതിയിലും തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യമാണ് കേന്ദ്രം സൈന്യത്തിന് നൽകിയിരിക്കുന്നത്. ശ്രീനഗറിലെ തീവ്രവാദ വിരുദ്ധ പോരാട്ടവും തുടരുകയാണ്. കാശ്മീരിൽ പരിശോധനകളും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP