Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആറാം വയസ്സിൽ കാഴ്‌ച്ച ശക്തി നഷ്ടമായെങ്കിലും അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാർഢ്യത്തിന്റെ കരുത്തും കൈപിടിച്ച് നടത്തിയത് സിവിൽ സർവീസിന്റെ അധികാര സോപാനങ്ങളിലേക്ക്; നാളെ പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം ജില്ലയിലെ സബ്കളക്ടറായി ചുമതല ഏൽക്കുമ്പോൾ കുറിക്കുന്നത് ഒരു പുതുചരിത്രം

ആറാം വയസ്സിൽ കാഴ്‌ച്ച ശക്തി നഷ്ടമായെങ്കിലും അകക്കണ്ണിന്റെ വെളിച്ചവും നിശ്ചയദാർഢ്യത്തിന്റെ കരുത്തും കൈപിടിച്ച് നടത്തിയത് സിവിൽ സർവീസിന്റെ അധികാര സോപാനങ്ങളിലേക്ക്; നാളെ പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം ജില്ലയിലെ സബ്കളക്ടറായി ചുമതല ഏൽക്കുമ്പോൾ കുറിക്കുന്നത് ഒരു പുതുചരിത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിങ്കളാഴ്‌ച്ച പ്രഞ്ജിൽ പട്ടീൽ തിരുവനന്തപുരം ജില്ലയിലെ സബ്കളക്ടറായി ചുമതല ഏൽക്കുമ്പോൾ കുറിക്കുന്നത് ഒരു പുതുചരിത്രം. കേരള കേഡറിൽ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജിൽ. അകക്കണ്ണിന്റെ വെളിച്ചത്തിന് നിശ്ചയദാർഢ്യം കൂട്ടായതോടെ കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശിയായ പ്രഞ്ജിൽ പട്ടീൽ.

നാളെയാണ് തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി പ്രഞ്ജിൽ പട്ടീൽ ചുമതലയേൽക്കുന്നത്. സബ് കലക്ടറും തിരുവനന്തപുരം ആർഡിഒയുമായി തിങ്കളാഴ്ച ചുമതലയേൽക്കുന്ന പ്രഞ്ജിലിനെ ആർഡിഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് ടി എസ് അനിൽകുമാറിന്റെ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും.

ആറാം വയസിൽ നഷ്ടപ്പെട്ട കാഴ്ചശക്തിയെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൈമുതലാക്കി ചെറുത്തുതോൽപ്പിച്ച മഹാരാഷ്ട്ര ഉല്ലാസ് നഗർ സ്വദേശി സബ് കലക്ടറാകുന്നത് സർവീസിലെത്തിയിട്ട് രണ്ടുവർഷം പൂർത്തിയായ ഉടനെയാണ്. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജിൽനിന്നു പൊളിറ്റിക്കൽ സയൻസിൽ ബിരുദം, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം എന്നിവ നേടിയശേഷമാണ് സിവിൽ സർവീസിനായുള്ള പ്രഞ്ജിലിന്റെ ശ്രമം.

2016ൽ തന്റെ 26-ാം വയസിൽ പ്രഞ്ജിൽ സിവിൽ സർവീസ് നേടണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്നിക്കുകയുമായിരുന്നു. ആ പ്രയത്നം വെറുതെ ആയില്ല. തന്റെ ആദ്യ ശ്രമത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ 773--ാം റാങ്ക് സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യൻ റെയിൽവേ അക്കൗണ്ട്‌സ് സർവീസ് വിഭാഗത്തിൽ അവസരവും ലഭിച്ചു.

തുടർന്ന് റെയിൽവേ പരിശീലനത്തിനു ക്ഷണിച്ചെങ്കിലും കാഴ്ചയില്ലെന്ന കാരണത്താൽ തഴഞ്ഞു. തിരിച്ചടികളിൽ തളരാതെ തുടർന്നും പോരാടിയ പ്രഞ്ജിൽ അടുത്ത തവണ തിളക്കമാർന്ന നേട്ടം കൈവരിക്കുകയായിരുന്നു. 2017 ൽ 124 -ാം റാങ്ക് നേടിയാണ് പ്രഞ്ജിൽ എല്ലാവരേയും ഞെട്ടിച്ച് സർവീസിലെത്തിയത്. വ്യവസായിയായ കോമൾ സിങ് പട്ടീലാണ് ഭർത്താവ്. അമ്മ ജ്യോതി പട്ടീൽ, അച്ഛൻ എൽ ബി പാട്ടീൽ, സഹോദരൻ നിഖിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP