Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

തൊഴിലില്ലായ്മ വൻ രൂക്ഷം; രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകർ; ഉന്നത വിദ്യാഭ്യാസമുള്ള യുവ തലമുറ നേരിടുന്നത് ഭീകര പ്രതിസന്ധി; നരേന്ദ്ര മോദി മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ എവിടെയെന്ന് ഉദ്യോഗാർഥികൾ; എൻജിനീയറിങ് ഉദ്യാഗാർത്ഥികളുടെ നില പരുങ്ങലിൽ; റിപ്പോർട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്

തൊഴിലില്ലായ്മ വൻ രൂക്ഷം; രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകർ; ഉന്നത വിദ്യാഭ്യാസമുള്ള യുവ തലമുറ നേരിടുന്നത് ഭീകര പ്രതിസന്ധി; നരേന്ദ്ര മോദി മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ എവിടെയെന്ന് ഉദ്യോഗാർഥികൾ; എൻജിനീയറിങ് ഉദ്യാഗാർത്ഥികളുടെ നില പരുങ്ങലിൽ; റിപ്പോർട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്

മറുനാടൻ ഡെസ്‌ക്‌

മുംബൈ:രാജ്യത്ത് ഒരു വർഷം ഒരു കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നും അഞ്ചു വർഷം കൊണ്ട് രാജ്യത്തെ തൊഴിലവസരം ഇരട്ടിയാക്കുമെന്നും വാഗ്‌നാനം ചെയതുകൊണ്ട് ഭരണത്തിലേറിയ മോദി സർക്കാർ കാലാവധി പൂർത്തിയാക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ രാജ്യത്തെ തൊഴിലില്ലായ്മ വൻ രൂക്ഷം.

രാജ്യത്തെ യുവ തലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട്. ഉന്നത വിദ്യാഭ്യാസം നേടിയവരിൽ ഭൂരിഭാഗവും തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോർട്ടിൽ പറയുന്നു. വലിയ പ്രതീക്ഷയോടെ എൻജിറീയറിങ് കോഴ്സുകൾ ഉൾപ്പെടെ പഠിച്ചിറങ്ങുന്നവർക്ക് ചെറിയ ജോലികൾ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ചെറിയ ജോലികളിലേക്ക് പ്രവേശിക്കുന്ന എൻജിനീയർമാർക്ക് പലപ്പോഴും വിദ്യാഭ്യാസ ലോണുകൾ പോലും തിരിച്ചടയ്ക്കാൻ പറ്റാറില്ല. ഇലക്ട്രോണിക്, ഇലക്ട്രിക്കൽ മുതൽ കമ്പ്യൂട്ടർ കോഡ്, സിവിൽ ഉൾപ്പെടെയുള്ള കോഴ്സുകൾ പഠിച്ചിറങ്ങുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ 45 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുന്നതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷന്റെ റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു ഇതിന് പിന്നാലെയാണ് റോയിട്ടേഴ്‌സിന്റെ റിപ്പോർട്ടും പുറത്തുവരുന്നത്. രൂക്ഷമായ തൊഴില്ലായ്മയാണ് നിലനിൽക്കുന്നതെന്ന് കണക്കുസഹിതം കമ്മീഷൻ ജനുവരി മാസം തയ്യാറാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിക്കാതെ കേന്ദ്രസർക്കാർ പൂഴ്‌ത്തിവച്ചിരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കമ്മീഷനിലെ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ചെയർമാനടക്കം രണ്ടംഗങ്ങൾ രാജി വച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

മഹാരാഷ്ട്രയിലെ ചിഞ്ച്വാദിൽ ഫെബ്രുവരി ഏഴിന് നടന്ന തൊഴിൽമേളയിൽ പങ്കെടുക്കാനെത്തിയ ഉദ്യോഗാർഥികളിൽനിന്നും ശേഖരിച്ച വിവരങ്ങളും അഭിപ്രായങ്ങളും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2014-ൽ അധികാരത്തിലേറിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് വാഗ്ദാനം ചെയ്ത ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ എവിടെയെന്ന് ഉദ്യോഗാർഥികൾ ചോദിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

6.1 ശതമാനമാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ റിപ്പോർട്ടനുസരിച്ച് തൊഴിലില്ലായ്മാ നിരക്ക്. കഴിഞ്ഞ 45 വർഷവും ഇത്രയും രൂക്ഷമായ തൊഴില്ലായ്മാ നിരക്ക് രാജ്യത്തുണ്ടായിട്ടില്ല. 2016 നവംബറിൽ നരേന്ദ്ര മോദി സർക്കാർ നോട്ട് നിരോധനം നടപ്പാക്കിയ ശേഷം തൊഴിൽ മേഖലയെക്കുറിച്ച് ഒരു സർക്കാർ ഏജൻസി ആദ്യമായാണ് പഠനം നടത്തുന്നത്. ആ റിപ്പോർട്ടാണ് കേന്ദ്രസർക്കാർ പൂഴ്‌ത്തിവച്ചിരിക്കുന്നത്. ഇതുവരെയും റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ കേന്ദ്രധനമന്ത്രാലയം തയ്യാറായിട്ടില്ല.

മുൻ വർഷങ്ങളെ അപേക്ഷിച്ച് യുവാക്കൾക്കിടയിലുള്ള തൊഴിലില്ലായ്മാനിരക്ക് വളരെ ഉയർന്ന നിരക്കിലാണെന്നാണ് പഠനം പറയുന്നത്. ഗ്രാമീണമേഖലയിലുള്ള യുവാക്കളുടെ (പ്രായം 15-29) തൊഴിലില്ലായ്മ 17.4 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. 2011-12-ൽ ഇത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഗ്രാമീണമേഖലയിലുള്ള സ്ത്രീകൾക്കിടയിലുള്ള തൊഴിലില്ലായ്മ (പ്രായം 15-29) 13.6 ശതമാനമായി ഉയർന്നു. 2011-12 കാലയളവിൽ ഇത് 4.8 ശതമാനം മാത്രമായിരുന്നു.

നഗരമേഖലകളിലാകട്ടെ കണക്ക് ഭീകരമാണ്. യുവാക്കളുടെ തൊഴിലില്ലായ്മാ നിരക്ക് 18.7 ശതമാനമാണ്. സ്ത്രീകളുടേത് 27.2 ശതമാനവും. മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിലില്ലാത്ത യുവാക്കൾ 2004-05 കാലം വച്ചു നോക്കിയാൽ 2016-17-ൽ വളരെക്കൂടുതലാണ്. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 17.3 ശതമാനം സ്ത്രീകൾക്കും തൊഴിലില്ല. 2004-05-ൽ ഇത് 9.7 ശതമാനമായിരുന്നു. ഗ്രാമീണമേഖലയിലെ വിദ്യാഭ്യാസമുള്ള 10.5 ശതമാനം പുരുഷന്മാർക്കും തൊഴിലില്ല. 2004-05 കാലത്ത് ഇത് 3.5 മാത്രമായിരുന്നു.

ഇതിന് മുമ്പ് രണ്ടാം യുപിഎ സർക്കാരിന്റെ അവാസാന ഘട്ടത്തിലായിരുന്നു ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ അവസാനമായി തൊഴിലില്ലായ്മയുടെ ദേശീയ അടിസ്ഥാനത്തിലുള്ള കണക്കെടുത്തത്. അന്ന് 2.2% ആയിരുന്നു തൊഴിലില്ലായ്മയുടെ ദേശീയ നിരക്ക്. അതാണ് നാലുവർഷത്തിനു ശേഷം മോദി ഗവർമ്മെന്റിന്റെ അവസാന ഘട്ടമായപ്പോഴേക്കും 6.1 ശതമാനമായി കുത്തനെ വർദ്ധിച്ച് കഴിഞ്ഞ 45 വർഷത്തെ ഏറ്റവുമുയർന്ന നിരക്കിലേക്ക് വളർന്നത്. 1972-73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തെ തുടർന്ന് രാജ്യത്തുണ്ടായത്. രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തിൽ ബിജെപിക്ക് ഇത് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

2022-ഓടെ 100 ദശലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നായിരുന്നു 2014ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തത്. എന്നാൽ നാലര വഷത്തിനിപ്പുറവും തൊഴിലില്ലായ്മ നേരിടുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ കൂടിയതല്ലാതെ കുറവു വന്നിട്ടില്ല. കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ കൃത്യമായ പദ്ധതികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

2018 ഫെബ്രുവരിയിൽ 5.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഇപ്പോൾ 7.2 ശതമാനത്തിൽ എത്തിനിൽക്കുന്നു. 2019 ഫെബ്രുവരിയിൽ രാജ്യത്ത് 31.2 ദശലക്ഷം തൊഴിലന്വേഷകരാണുള്ളതെന്ന് സെന്റർ ഫോർ മോണിട്ടറിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിലില്ലായ്മ നിരക്ക് ഇനിയും കൂടിയാൽ അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP