Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒറ്റസെക്കന്റിൽ ഉതിർക്കുക പത്തു ബുള്ളറ്റുകൾ; ലക്ഷ്യം തെറ്റാതെ 400 മീറ്റർ അകലെയുള്ള ശത്രുവിനെ ക്ഷണനേരത്തിൽ കൊന്നുവീഴ്‌ത്തും; ഇപ്പോൾ ഇന്ത്യൻ സൈന ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകളേക്കാൾ ഭാരക്കുറവും ഉയർന്ന കാര്യശേഷിയും; ഇന്ത്യൻ സേനയുടെ കയ്യിൽ എത്തുന്നത് കലാഷ് നിക്കോവ് നിർമ്മിച്ച എകെ-47ന്റെ പരിഷ്‌കരിച്ച പതിപ്പായ എകെ-203; കോൺഗ്രസിന്റെ തറവാട് സീറ്റായ അമേഠിയിൽ മോദി തറക്കല്ലിട്ട ഫാക്ടറിയിൽ പുതിയ മെഷിൻഗൺ ഇന്ത്യ നിർമ്മിക്കുന്നത് റഷ്യൻ സാങ്കേതിക സഹായത്തോടെ

ഒറ്റസെക്കന്റിൽ ഉതിർക്കുക പത്തു ബുള്ളറ്റുകൾ; ലക്ഷ്യം തെറ്റാതെ 400 മീറ്റർ അകലെയുള്ള ശത്രുവിനെ ക്ഷണനേരത്തിൽ കൊന്നുവീഴ്‌ത്തും; ഇപ്പോൾ ഇന്ത്യൻ സൈന ഉപയോഗിക്കുന്ന ഇൻസാസ് റൈഫിളുകളേക്കാൾ ഭാരക്കുറവും ഉയർന്ന കാര്യശേഷിയും; ഇന്ത്യൻ സേനയുടെ കയ്യിൽ എത്തുന്നത് കലാഷ് നിക്കോവ് നിർമ്മിച്ച എകെ-47ന്റെ പരിഷ്‌കരിച്ച പതിപ്പായ എകെ-203; കോൺഗ്രസിന്റെ തറവാട് സീറ്റായ അമേഠിയിൽ മോദി തറക്കല്ലിട്ട ഫാക്ടറിയിൽ പുതിയ മെഷിൻഗൺ ഇന്ത്യ നിർമ്മിക്കുന്നത് റഷ്യൻ സാങ്കേതിക സഹായത്തോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ കൈവശമുള്ള ആയുധങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി ഇനി എത്തുന്നത് അത്യാധുനിക റൈഫിളുകൾ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെ അമേഠിയിൽ തറക്കല്ലിട്ട ഫാക്ടറിയിൽ നിർമ്മിക്കുന്നത് എകെ-47 തോക്കുകളുടെ പരമ്പരയിൽപെട്ട എകെ-203 റെഫിളുകളാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ ആധുനിക ആയുധങ്ങൾ വേണമെന്ന ഇന്ത്യൻ സേനയുടെ ഏറെക്കാലത്തെ ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്.

ലോകത്തെ തന്നെ ഏറ്റവും വലിയ അഞ്ചാമത്തെ സേനയാണ് ഇന്ത്യയുടേത്. ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമെല്ലാം ഭീഷണി അനുദിനം ശക്തമാകുന്ന സാഹചര്യത്തിലാണ് സേനയുടെ റൈഫിളുകളും പരിഷ്‌കരിക്കുന്നത്. ഇന്ത്യൻ സ്മാൾ ആം സിസ്റ്റം എന്നറിയപ്പെടുന്ന ഇൻസാസ് റൈഫിളുകളും എകെ-47 പതിപ്പുകളുമാണ് നിലവിൽ സേനയ്ക്ക് ഉപയോഗിക്കാൻ നൽകിയിട്ടുള്ളത്.

എന്നാൽ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് പുതിയ എകെ-203 റൈഫിളുകൾ സേനയ്ക്കായി നൽകാൻ തീരുമാനിക്കുന്നത്. ഇത് ഇന്ത്യയിൽ തന്നെ നിർമ്മിക്കും. ഇതിനുള്ള ഫാക്ടറിയാണ് കോൺഗ്രസിന്റെ തറവാട് മണ്ഡലം കൂടിയായ യുപിയിലെ അമേഠിയിൽ തന്നെ സ്ഥാപിക്കുന്നത്.

ഏല്ലാ കാലാവസ്ഥയിലും സാഹചര്യങ്ങളിലും നല്ല രീതിയിൽ പ്രവർത്തിക്കുന്ന അസോൾട്ട് റൈഫിളാണ് എകെ-203. കുറച്ചുകാലമായി ഈ റൈഫിൾ വേണമെന്ന് സേന ആവശ്യപ്പെടുന്നുണ്ട്. ഇൻസാസിന് ചില പ്രശ്‌നങ്ങളുണ്ടെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതോടെയാണ് ഇന്ത്യൻ ആർമിയും പാരാമിലിട്ടറി സേനയും പുതിയ ആയുധത്തിനായി ആവശ്യം ഉന്നയിച്ചത്. തോക്ക് ജാമാകുക, റൈഫിൾ ചിലപ്പോൾ ഓട്ടോമാറ്റിക് മോദിലേക്ക് മാറുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ട് ഇൻസാസിന്.

മാത്രമല്ല, വെടിയുതിർക്കുമ്പോൾ ഓയിൽ ചീറ്റി കണ്ണിന് കേടുണ്ടാകാനും സാധ്യതയുണ്ടെന്നും ആരോപണം ഉയർന്നു. ഈ പ്രശ്‌നം 1999ലെ കാർഗിൽ യുദ്ധകാലത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും പുതിയ റൈഫിളുകൾ ലഭ്യമാക്കാൻ നടപടി ഉണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

ഇൻസാസിൽ മാഗസിനുകൾ ജാമാകുന്ന പ്രശ്‌നമാണ് ആദ്യം ഉന്നയിക്കപ്പെട്ടത്. കാർഗിൽ യുദ്ധവേളയിൽ കടുത്ത തണുത്ത അന്തരീക്ഷത്തിൽ ശത്രുക്കൾക്ക എതിരെ ആക്രമണം നടത്തുമ്പോൾ ഇൻസാസ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു. തമിഴ്‌നാട്ടിൽ തിരുച്ചിറപ്പള്ളിയിലെ ഓർഡ്‌നൻസ് ഫാക്ടറിയിലും കാൺപൂരിലെ ചെറുകിട ആയുധ നിർമ്മാണ ശാലയിലും ബംഗാളിലെ ഇച്ചാപ്പുർ ഫാക്ടറിയിലുമാണ് ഇൻസാസ് നിർമ്മിക്കുന്നത്. ശത്രുവിനെ കൊല്ലുന്നതിനല്ല, മറിച്ച് പ്രതിരോധിക്കുന്നതിന് എന്ന നിലയിലാണ് ഇതിന്റെ രൂപകൽപനയെന്ന് പ്രതിരോധ വിദഗ്ധരും വിശദീകരിച്ചിട്ടുണ്ട്.

എന്നാൽ കാശ്മീർ മേഖലയിലുൾപ്പെടെ ശത്രുക്കളെ വകവരുത്തേണ്ട സന്ദർഭം കൂടി വരികയാണ്. വടക്കുകിഴക്കൻ മേഖലകളിലെ ഭീകരഭീഷണിയും അതുപോലെ നക്‌സൽ ഭീഷണിയും എല്ലാം ശക്തമാകുന്നു. എന്നാൽ മികച്ച ആയുധം ഇല്ലാത്തത് ഇത്തരം ഏറ്റുമുട്ടലുകളിൽ സൈനികരുടെ ജീവൻ നഷ്ടപ്പെടാൻ സാധ്യത കൂട്ടുന്നു എന്ന ആക്ഷേപമാണുള്ളത്.

ഇൻസാസിൽ ഒരു മാഗസിൻ ഉപയോഗിച്ച് 20 റൗണ്ട് വെടിയുതിർക്കാം. 400 മീറ്ററാണ് പരിധി. പക്ഷേ, ഒന്ന് താഴെ വീണാൽ ഇത് പിന്നെ ശരിയാവിധത്തിൽ പ്രവർത്തിക്കില്ല. മാത്രമല്ല, ഭാരവും കൂടുതലാണ് ഇൻസാസിന്. മാഗസിൻ ഇല്ലാതെ തന്നെ 4.15 കിലോയാണ് ഭാരം. അതിനാൽ ഇതുകൊണ്ടുപോകുന്നത് പോലും വിഷമകരമാണ്. അതേസമയം, എകെ-203 ഏറെ പുതുമകളും സൗകര്യങ്ങളും ഉള്ള ആയുധമാണ്. റഷ്യൻ സാങ്കേതിക സഹായത്തോടെയാണ് ഇന്ത്യ അമേഠിയിലെ ഫാക്ടറിയിൽ എകെ-203 നിർമ്മിക്കുക. കലാഷ് നിക്കോവിന്റെ സാങ്കേതികതയിൽ ഏറ്റവും നവീനമായ ആയുധമാണ് ഇത്. എകെ-47ന്റെ ഏറ്റവും ആധുനികമായ ഈ തോക്ക് വരുന്നതോടെ സൈന്യത്തിന്റെ ആത്മവിശ്വാസവും കൂടും.

30 ബുള്ളറ്റുകളാണ് ഒരേസമയം ഇതിൽ ഉണ്ടാവുക. 400 മീറ്റർ തന്നെയാണ് ഇതിന്റെയും പരിധിയെങ്കിലും നൂറുശതമാനം കൃത്യതയോടെ വെടിയുതിർക്കാനാകും. ഇൻസാസിനെ അപേക്ഷിച്ച് ഭാരം കുറവാണ്. മാത്രമല്ല വലുപ്പവും കുറവാണ്. ബാരലിന് കീഴെ ഗ്രനേഡ് ലോഞ്ചർ വയ്ക്കാം. അല്ലെങ്കിൽ ബയണറ്റ് ഘടിപ്പിക്കാം.

വളരെ വേഗം ഭാഗങ്ങൾ വേർപെടുത്താനും ഘടിപ്പിക്കാനും കഴിയും. ഇതെല്ലാമാണ് എകെ-203ന്റെ പ്രധാന മേന്മകൾ. 7.62 മില്ലീമീറ്റർ വെടിയുണ്ടകളാണ് ഉപയോഗിക്കുക. നാറ്റോ ഗ്രെയ്ഡായ എകെ-203 റൈഫിൾ ഈ ശ്രേണിയിലെ ഏറ്റവും ആധുനികമായ തോക്കാണ്. ഒരു മിനിറ്റിൽ 600 വെടിയുണ്ടകൾ വരെ ഉതിർക്കാൻ ശേഷിയുള്ളതിനാൽ മാരക പ്രഹരശേഷിയാണ് ഇതിനുള്ളതെന്ന് പ്രതിരോധ വിദഗ്ധരും വ്യക്തമാക്കുന്നു.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് എകെ-203 ഇന്ത്യയിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ സന്ദർശന വേളയിലാണ് മോദി റഷ്യൻ പ്രസിഡന്റ് പുടിനുമായി ചേർന്ന് ഈ തോക്ക് നിർമ്മാണത്തിന് കരാർ ഉണ്ടാക്കിയത്. കലാഷ് നിക്കോവ് കമ്പനിക്ക് 49.5 ശതമാനവും ഇന്ത്യൻ ഓർഡനൻസ് ഫാക്ടറി ബോർഡിന് 50.5 ശതമാനവും ഓഹരിയുള്ള നിർമ്മാണ സംരംഭമാണ് ഇത്. നിലവിൽ അമ്പത് രാജ്യങ്ങളാണ് സൈനിക ആവശ്യങ്ങൾക്ക് എകെ-47 ഉപയോഗിക്കുന്നത്. 30 രാജ്യങ്ങളിൽ ഈ സീരീസിലെ ആയുധങ്ങൾ നിർമ്മിക്കുന്നു. റഷ്യൻ സ്‌പെഷ്യൽ ഫോഴ്‌സും ഉപയോഗിക്കുന്നത് എകെ-203 ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP