Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരിച്ചടിക്കുമോ എന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് ഇന്ത്യൻ സേന; തക്ക സമയത്തും തക്ക സ്ഥലത്തും തിരിച്ചടി; ഏത് ആക്രമണവും നേരിടാൻ സജ്ജമെന്ന് പാക് സൈന്യവും; രാഷ്ട്രപതിയെ കണ്ട പ്രധാനമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു; ഏത് നിമിഷവും യൂദ്ധത്തിന് സാധ്യതയെന്ന് വിലയിരുത്തി ലോകം

തിരിച്ചടിക്കുമോ എന്ന കാര്യത്തിൽ സംശയം വേണ്ടെന്ന് ഇന്ത്യൻ സേന; തക്ക സമയത്തും തക്ക സ്ഥലത്തും തിരിച്ചടി; ഏത് ആക്രമണവും നേരിടാൻ സജ്ജമെന്ന് പാക് സൈന്യവും; രാഷ്ട്രപതിയെ കണ്ട പ്രധാനമന്ത്രി വിവരങ്ങൾ ധരിപ്പിച്ചു; ഏത് നിമിഷവും യൂദ്ധത്തിന് സാധ്യതയെന്ന് വിലയിരുത്തി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : ഐക്യരാഷ്ട്രസഭയേയും ലോക രാഷ്ട്രങ്ങളേയും ഒപ്പം നിർത്തിയുള്ള പാക്കിസ്ഥാനെതിരായ ആക്രമണ പദ്ധതിയാണ് ഇന്ത്യ തരിച്ചടിക്കായി ഉയർത്തുന്നത്. ഐക്യരാഷ്ട്ര സഭയിൽ പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ പ്‌സംഗം ഉടൻ ഉണ്ടാകും. ഇതിന് ശേഷം ഉറിയിലെ ആക്രമണത്തിന് തിരിച്ചടി നൽകാനാന കണക്ക് കൂട്ടലിലാണ് ഇന്ത്യ. കാശ്‌നീർ മുഴുവൻ ഇന്ത്യയുടെ ഭാഗമാണ്. പാക്കിസ്ഥാൻ കൈയേറിയ കാശ്മീരിലെ താവളങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് ഭീകരരെ അയക്കുന്നതും ആക്രമണത്തിന് നേതൃത്വം നൽകുന്നതും. ഈ സാഹചര്യത്തിൽ ഈ 34 കേന്ദ്രങ്ങളും തകർക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര നയതന്ത്ര് ബന്ധങ്ങൾ നിലനിർത്തദാൻ കരുതലോടെ നീങ്ങണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട്. വിഷയം ചർച്ചചെയ്യാൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ഡൽഹിയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ഭീകരതയുടെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെ രാജ്യാന്തരവേദികളിൽനിന്ന് ഒറ്റപ്പെടുത്തുന്നതിന് നയതന്ത്രനീക്കങ്ങൾ ഉൾപ്പടെയുള്ള ബഹുതലനടപടികളാണ് യോഗത്തിൽ ആലോചിച്ചത്.

കശ്മീരിലെ ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികമായും നയതന്ത്രപരമായും പാക്കിസ്ഥാനു തിരിച്ചടി നൽകാൻ മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിൽ തീരുമാനം എടുത്തിട്ടുണ്ട്. യോഗത്തിന് ശേഷമാണ് രാഷ്ട്രപതി പ്രണബ് മുഖർജിയെ സന്ദർശിച്ച പ്രധാനമന്ത്രി, അടിയന്തര സാഹചര്യം നേരിടുന്നതിനു സർക്കാരിനു മുന്നിലുള്ള മാർഗങ്ങൾ വിശദീകരിച്ചു. തിരിച്ചടി നൽകുന്നെങ്കിൽ എപ്പോൾ, എങ്ങനെ, രാജ്യത്തിനു മുന്നിലുള്ള പോംവഴികളെന്ത് തുടങ്ങിയ കാര്യങ്ങളാണു രാഷ്ട്രപതിയോട് പ്രധാനമന്ത്രി ചർച്ച ചെയ്തതെന്നു പറയപ്പെടുന്നു. വികാരപരമായ തിരിച്ചടിക്കു പകരം തയ്യാറെടുപ്പോടെയുള്ള പ്രതികരണത്തിനാണു സാധ്യത. പാക്ക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ആക്രമിക്കുക, നുഴഞ്ഞുകയറാൻ അതിർത്തിക്കുസമീപം തമ്പടിക്കുന്ന ഭീകരരെ കടന്നാക്രമിക്കുക എന്നിവയാണു പ്രധാന സൈനിക മാർഗങ്ങൾ. ഇന്ത്യ-പാക് യുദ്ധത്തിന് ഏറെ സാധ്യതയുള്ളതായി അമേരിക്ക അടക്കമുള്ള രാജ്യങ്ങളും തിരിച്ചറിയുന്നുണ്ട്.

അതിനിടെ ഉറി ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരു സൈനികൻ കൂടി മരണത്തിനു കീഴടങ്ങിയതോടെ മരിച്ച സൈനികരുടെ എണ്ണം പതിനെട്ടായി. ജവാൻ കെ. വികാസ് ജനാർദനാണു തലസ്ഥാനത്തെ സൈനികാശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച 17 സൈനികരിൽ എട്ടുപേർ ബ്രിഗേഡിലെ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽനിന്നുള്ളവരാണ്. ഗുരുതരമായി പരുക്കേറ്റ രണ്ടുപേരെ കൂടി ഇന്നലെ ഡൽഹിയിലെത്തിച്ചു. ആകെ 23 സൈനികർക്കാണു പരുക്കേറ്റത്. ഈ സാഹചര്യത്തിൽ ഉറി സൈനിക ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നൽകണമെന്ന ആവശ്യം സൈന്യത്തിലും ഉയർന്നിരുന്നു. നിയന്ത്രിതവും ശക്തവുമായ രീതിയിൽ അതിർത്തി കടന്ന് ആക്രമണം നടത്തണമെന്നാണ് സൈന്യത്തിന്റെ ആവശ്യം. ഇതിന് പ്രധാനമന്ത്രിയും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

പാക് അധിനിവേശ കാശ്മീൽ പാക് സൈന്യത്തിന് തിരിച്ചടി നൽകാനാണ് തീരുമാനം. അതിനിടെ ഉറി ഭീകരാക്രമണത്തിനു തക്ക സമയത്ത് മറുപടി നൽകുമെന്ന് ഇന്ത്യൻ സൈന്യം. നാം നിശ്ചയിച്ച സമയത്തും സ്ഥലത്തും വച്ച് ഉചിതമായ തിരിച്ചടി നൽകും. തിരിച്ചടിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും സൈനിക ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ലഫ്.ജനറൽ രൺബീർ സിങ് പറഞ്ഞു. ഭീകരരിൽനിന്നും പാക്ക് നിർമ്മിത ഭക്ഷണ പാക്കയ്റ്റുകളും മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ ആയുധശേഖരവും കൊല്ലപ്പെട്ട ഭീകരരിൽനിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സേനയുടെ ലക്ഷ്യം യുക്തിസഹമായ തിരിച്ചടി

ആക്രമണങ്ങളോട് യുക്തമായസമയത്ത് പ്രതികരിക്കാൻ സൈന്യത്തിന് ശേഷിയുണ്ടെന്ന് മിലിട്ടറി ഓപ്പറേഷൻസ് മേധാവി (ഡി.ജി.എം.ഒ.) രൺബീർ സിങ് പറഞ്ഞു. തങ്ങൾ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും പ്രതികരിക്കാനുള്ള അവകാശം കരുതിവച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കശ്മീരിലെ മനുഷ്യാവകാശപ്രശ്‌നങ്ങളിൽനിന്ന് ലോകശ്രദ്ധ തിരിച്ചുവിടാനുള്ള ലജ്ജാരഹിതമായ ശ്രമമാണ് ഇന്ത്യ നടത്തുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. ഉറിയിൽ ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻകൂടി തിങ്കളാഴ്ച രക്തസാക്ഷിയായി. കെ. വികാസ് ജനാർദനനാണ് സൈനിക ആസ്?പത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഇതോടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം പതിനെട്ടായി. മരിച്ചവർ ജമ്മുകശ്മീർ (2), ഉത്തർപ്രദേശ് (4), ബിഹാർ (3), മഹാരാഷ്ട്ര (4), ബംഗാൾ (2), ജാർഖണ്ഡ് (2), രാജസ്ഥാൻ (1) സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. പരിക്കേറ്റ 19 ജവാന്മാർ ശ്രീനഗറിലെ 92സൈനികാസ്?പത്രിയിൽ ചികിത്സയിലാണ്.

നിയന്ത്രണരേഖയിൽ 17 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. സൈന്യം ഈ ശ്രമങ്ങളെയെല്ലാം നിഷ്ഫലമാക്കി. രാജ്യത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് നുഴഞ്ഞുകയറ്റശ്രമങ്ങൾക്ക് പിന്നിലുള്ളത്. ഈ വർഷം സൈന്യം നടത്തിയ വിവിധ ഓപ്പറേഷനുകളിലായി 110 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ 31 പേർ അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമത്തിനിടെ കൊല്ലപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. ഉറി ആക്രമണത്തിൽ ലോക രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണ് നിലകൊണ്ടത്. പാക്കിസ്ഥാനെ രാജ്യാന്തരവേദികളിൽ ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ലോകരാജ്യങ്ങളോട് ആവശ്യപ്പെടും. ഇതിനായി പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനങ്ങളുടെ തെളിവുകൾ ലോകരാജ്യങ്ങൾക്ക് കൈമാറും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലും വിഷയം ഉന്നയിക്കും.

'ആഴംകുറഞ്ഞ നുഴഞ്ഞുകയറ്റം' പ്രതിരോധിക്കും

ന്യൂയോർക്കിൽ ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഈ വിഷയം ഇന്ത്യ ഉന്നയിക്കും. ഇന്ത്യൻ സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നിലപാട് ശക്തമായി യോഗത്തിൽ ഉയർത്തും. ഉറി സംഭവത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഡി.ജി.എം.ഒ. പാക്കിസ്ഥാന് കൈമാറും. ഉറി ആക്രമണത്തിന് മറുപടിയായി പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാന്പുകൾ ആക്രമിക്കണമെന്ന നിർദ്ദേശം പലകോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതംകൂടി കണക്കിലെടുക്കണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) സംഘം ഉറി സന്ദർശിക്കും.

അതിനിടെ ആക്രമണത്തെക്കുറിച്ച് സൈന്യം തിങ്കളാഴ്ച അന്വേഷണം തുടങ്ങി. ആക്രമണത്തിന് ഒരു ദിവസം മുമ്പെങ്കിലും ഭീകരർ പ്രദേശത്ത് എത്തിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ഭീകരർക്ക് ഒരു ദിവസത്തിലധികം പഴക്കമുള്ള താടിയുണ്ടായിരുന്നു. ആക്രമണത്തിനെത്തുന്ന ജെ.ഇ.എം. ചാവേറുകൾ സാധാരണ താടി പൂർണമായും വടിച്ചാണ് കാണാറുള്ളത്. നിയന്ത്രണരേഖ ഭേദിച്ചത് ഒരു ദിവസം മുമ്പാണെന്ന നിഗമനത്തിലെത്താൻ കാരണം ഇതാണ്. അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാനാണ് തീരുമാനം.

അന്വേഷണത്തിൽനിന്നുള്ള നിഗമനങ്ങൾകൂടി കണക്കിലെടുത്ത് ഭാവിയിൽ ഇത്തരം നുഴഞ്ഞുകയറ്റങ്ങൾ (ആഴം കുറഞ്ഞ നുഴഞ്ഞുകയറ്റം) പ്രതിരോധിക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കും. നിയന്ത്രണരേഖ ഭേദിച്ചെത്തുന്ന ഭീകരർ ഏറ്റവും അടുത്തുള്ള സൈനികകേന്ദ്രങ്ങളിൽ നടത്തുന്ന ആക്രമണമാണ് 'ആഴംകുറഞ്ഞ നുഴഞ്ഞുകയറ്റം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യയ്ക്കുപുറമേ പാക്കിസ്ഥാനും സൈനികരുടെ റോന്തുചുറ്റൽ ശക്തിപ്പെടുത്തിയതോടെ അതിർത്തി സംഘർഷ ഭരിതമാണ്. ഏതു സ്ഥിതി നേരിടാനും തയാറായിരിക്കാൻ പാക്ക് സൈനിക നേതൃത്വവും നിർദ്ദേശം നൽകി. ഇന്നലെ രാത്രി വൈകി കശ്മീരിലെ ഹന്ദ്വാര പൊലീസ് പോസ്റ്റിനു നേർക്കു ഭീകരർ വെടിവയ്പ് നടത്തി. പൊലീസ് തിരികെ വെടിവച്ചതിനെ തുടർന്നു ഭീകരർ ഇരുളിൽ മറയുകയായിരുന്നു. ആക്രമണത്തിൽ ആർക്കും പരുക്കില്ല. പൊലീസും സൈന്യവും ഭീകരർക്കായി തിരച്ചിൽ തുടങ്ങി.

തയ്യാറെടുപ്പുകളുമായി പാക്കിസ്ഥാനും

അതിനിടെ എല്ലാവിധ ഭീഷണികളും നേരിടാൻ പാക്കിസ്ഥാൻ സൈന്യം സുസജ്ജമാണെന്ന് പാക്ക് സൈനിക മേധാവി ജനറൽ റഹീൽ ഷരീഫ്. റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് സൈനിക കമാൻഡർമാരുടെ ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉറി സൈനിക കേന്ദ്രത്തിലെ ഭീകരാക്രമണം കശ്മീർ വിഷയത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ നടപടിയാണെന്ന പാക്ക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പാക്ക് സൈനിക മേധാവിയും ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തിയത്.

ഭീകരാക്രമണത്തിനുശേഷമുള്ള മേഖലയിലെ സ്ഥിതിഗതികളും അത് പാക്കിസ്ഥാന്റെ സുരക്ഷയെ എപ്രകാരം ബാധിക്കുന്നുവെന്നും സൈന്യം നിരീക്ഷിച്ച് വരികയാണെന്ന് ജനറൽ ഷരീഫ് വ്യക്തമാക്കി. രാജ്യത്തെ സുരക്ഷാ സ്ഥിതിഗതികളും ഇന്ത്യയിൽനിന്ന് ആക്രമണമുണ്ടാകുന്ന പക്ഷം തിരിച്ചടിക്കുന്നതിനുള്ള സൈന്യത്തിന്റെ തയ്യാറെടുപ്പുകളും യോഗത്തിൽ അവലോകനം ചെയ്തു. പാക്കിസ്ഥാനുനേരെ ഉയർന്നിട്ടുള്ള എല്ലാവിധ വെല്ലുവിളികളും ഇവിടുത്തെ ജനങ്ങളും സൈന്യവും ചേർന്ന് എക്കാലവും ചെറുത്തുനിന്നിട്ടുള്ളതാണെന്ന് ജനറൽ ഷരീഫ് ഓർമിപ്പിച്ചു. പാക്കിസ്ഥാന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരെ ഉയരുന്ന എല്ലാവിധ ഭീഷണികളും ഭാവിയിലും ഒത്തൊരുമിച്ചുതന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP