Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാംഗ്ലൂരിൽ നിന്നും സൗരോർജ്ജ പാളികളാൽ നിർമ്മിച്ച പെട്ടി ഓട്ടോയിൽ ഓട്ടം തുടങ്ങിയ നവീൻ ലണ്ടനിൽ എത്തി; 10,000 കിലോമീറ്റർ താണ്ടി ഒരു ഇന്ത്യൻ യുവാവിന്റെ സാഹസിക യാത്രയ്ക്ക് സമാപനം

ബാംഗ്ലൂരിൽ നിന്നും സൗരോർജ്ജ പാളികളാൽ നിർമ്മിച്ച പെട്ടി ഓട്ടോയിൽ ഓട്ടം തുടങ്ങിയ നവീൻ ലണ്ടനിൽ എത്തി; 10,000 കിലോമീറ്റർ  താണ്ടി ഒരു ഇന്ത്യൻ യുവാവിന്റെ സാഹസിക യാത്രയ്ക്ക് സമാപനം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകത്തെ അറിയാൻ വേണ്ടിയുള്ള യാത്രകളാണ് ഇന്നത്തെ നിലയിലേക്ക് ലോകത്തെ എത്തിച്ചത്. വേണ്ടത്ര സൗകര്യങ്ങളൊന്നുമില്ലാതെ പായ് വഞ്ചിയിൽ കടൽമാർഗ്ഗം ഉലകം ചുറ്റിയ പ്രമുഖർ മനുഷ്യവംശത്തിന് കുടിയേറി പാർക്കാൻ പുതിയ ഭൂഖണ്ഡങ്ങൾ കണ്ടെത്തി. പിന്നീട് കാലാകാലങ്ങളായി ഇത്തരം യാത്രകളുണ്ടായി. കടലിലൂടെയും കരയിലൂടെയും വായുമാർഗ്ഗത്തിലൂടെയും സഞ്ചരിക്കുക എന്നത് ഇന്ന് ലോകത്തിന്റെ ഹോബിയായി മാറിയിട്ടുണ്ട്. നിരവധി ഇന്ത്യക്കാരാണ് ഇത്തരം യാത്രകളിലൂടെ ലോകത്തെ അറിയാൻ ഇറങ്ങിത്തിരിച്ചത്. ഇന്ത്യയിൽ നിന്നും പുറപ്പെട്ട് ലണ്ടനിൽ എത്തിയവരുടെ കഥകൾ നാം വായിച്ചറിഞ്ഞതുമാണ്. മലയാളം സംവിധായകൻ ലാൽജോസും സംഘവും കാറിൽ ലണ്ടൻ വരെ യാത്ര ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സൗരോർജ്ജ ഓട്ടോറിക്ഷയിൽ ലോകം ചുറ്റിയ ഇന്ത്യക്കാരൻ യുവ എൻജിനീയർ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

സൗരോർജ്ജത്താൽ ലോകം ചുറ്റിയ സോളാർ ഇംപൾസ് വിമാനം ചരിത്രം സൃഷ്ടിച്ചിടത്താണ് സൗര ഓട്ടോയിൽ ലോകം ചുറ്റിയ യുവ എൻജിനീയർ പുതുമാതൃക തീർത്തത്. സൗരോർജ ഓട്ടോറിക്ഷ ഏഴുമാസം കൊണ്ട് 9978 കിലോമീറ്റർ ഓടിച്ചാണ് ഓസ്ട്രിലേയൻ പൗരത്വമുള്ള ഇന്ത്യൻ വംശജൻ വാർത്തകളിൽ നിറഞ്ഞത്. ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട് ലണ്ടൻ വരെയായിരുന്നു നവീന് റബേലി എന്ന മുപ്പത്തഞ്ചുകാരന്റെ സാഹസികമായ യാത്ര.

ഫെബ്രുവരിയിൽ ബെംഗളൂരുവിൽ നിന്നും യാത്രതിരിച്ച നവീൻ റബേലി ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ലണ്ടനിലെത്തിയത്. ഊർജസംരക്ഷണവും സൗരോർജത്തിന്റെ പ്രാധാന്യവും ജനങ്ങളിലെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യത്തോടെയാിരുന്നു നവീന്റെ യാത്രകൾ. ലോകം മുഴുവൻ സോളാർ എനർജിയിലേക്ക് തിരിയുന്ന വേളയിലാണ് ഇത്തരമൊരു യാത്രയ്ക്ക് നവീൻ തുടക്കമിട്ടത്. ബാംഗ്ലൂർ നഗരത്തിൽ അടുത്തിടെ പരീക്ഷണിടാസ്ഥാനത്തിൽ സൗരോർജ്ജ ഓട്ടോറിക്ഷകൾ സർവീസ് നടത്തിയിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൂടിയായിരുന്നു നവീന്റെ യാത്ര.

ഓട്ടോറിക്ഷയിൽ ലോകത്തിന്റെ വൈവിധ്യങ്ങൾ ഈ യാത്രയിൽ അറിയാൻ സാധിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് നവീൻ പറയുന്നു. സാധാരണ പെട്ടി ഓട്ടോറിക്ഷയിൽ സോളാർ പാനലുകൾ ഘടിപ്പിച്ചു കൊണ്ടായിരുന്നു നവീൻ യാത്ര നടത്തിയത്. ഫ്രാൻസിൽ വച്ച് പാസ്‌പോർട്ടും അത്യാവശ്യവസ്തുക്കളും മോഷണം പോയതൊഴിച്ചാൽ യാത്ര ഒട്ടേറെ അനുഭവങ്ങൾ സമ്മാനിച്ചു. യാത്രയിലുടനീളം സൗരോർജറിക്ഷയ്ക്ക് വൻവരവേൽപ്പാണ് ലഭിച്ചതെന്നും നവീൻ പറഞ്ഞു. ഇന്ത്യൻ സ്‌റ്റൈലിലുള്ള ഓട്ടോ യൂറോപ്യൻ നിരത്തിൽ ഇറങ്ങിയപ്പോൾ പലർക്കും കൗകുതമായിരുന്നു. അടിയന്തര പാസ്‌പോർട്ട് സംഘടിപ്പിച്ചായിരുന്നു യാത്ര.

ഓട്ടോറിക്ഷയുമായി ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി യാത്ര അവസാനിപ്പിക്കണമെന്നാണ് നവീന്റെ ആഗ്രഹം. സ്വന്തമായി രൂപകല്പന ചെയ്ത ഓട്ടോറിക്ഷയിൽ കിടക്ക, സഹയാത്രികനുള്ള ഇരിപ്പിടം, സാധനങ്ങൾ സൂക്ഷിക്കാനുള്ള അലമാര, ആഹാരം പാകം ചെയ്യാനുള്ള സൗരോർജ കുക്കർ എന്നിവ ഒരുക്കിയിരുന്നു. ഓട്ടോയുടെ മുകളിലും സൈഡിലുമായാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. സാധാരണ ഡീസൽ എൻജിൻ ഓട്ടോറിക്ഷ 1500 ഡോളറിന വാങ്ങി 11,500 ഡോളർ കൂടി മുടക്കിയാണ് നവീൻ ഈ യാത്രയ്ക്ക് വാഹനം ഒരുക്കിയത്. മിൽബ്രൂക്കിൽ നടക്കുന്ന ലോ കാർബൺ വെഹിക്കിൾ ഇവെന്റിൽ പങ്കെടുക്കുക എന് ആഗ്രഹവും ഈ യുവാവിനുണ്ട്.

ഇറാൻ, തുർക്കി, ബൾഗേറിയ, സെർബിയ, ഓസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലൂടെയായിരുന്നു യാത്ര. റോഡില്ലാത്ത സ്ഥലങ്ങളിൽ ഓട്ടോറിക്ഷ ഫെറികളിലാണ് എത്തിച്ചത്. ഓസ്‌ട്രേലിയൻ പൗരത്വമുള്ള നവീൻ അവിടെ ഓട്ടോമൊബൈൽ എൻജിനീയറാണ്. തന്റെ ഓട്ടോയാത്രയ്ക്ക് പണം സ്വരൂപിക്കാനും മറ്റുമായി ഒരു വെബ്‌സൈറ്റും നവീൻ തുടങ്ങിയിരുന്നു. ഗ്രീൻ ട്രാൻസ്‌പോർട്ട് എന്ന ആശയത്തിന്റെ പ്രചരണം കൂടിയാണ് ഇതിലൂടെ നവീൻ ലക്ഷ്യമിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP