Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആദ്യ ലോക്പാലായി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായതിന് പിന്നാലെ സമിതിയിൽ 8 അംഗങ്ങളെയും ഉൾപ്പെടുത്തി; നടപടി നിയമന സമിതിയുടെ നിർദ്ദേശം രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചതോടെ; ബില്ല് യാഥാർത്ഥ്യമായത് അഞ്ചു ദശാബ്ദത്തിനിടയിലെ പരാജയപ്പെട്ട 11 ശ്രമങ്ങൾക്കു ശേഷം; ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ലോക്പാൽ നിയമനം വൈകിപ്പിച്ചത് അഞ്ചുവർഷം

ആദ്യ ലോക്പാലായി മുൻ ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് നിയമിതനായതിന് പിന്നാലെ സമിതിയിൽ 8 അംഗങ്ങളെയും ഉൾപ്പെടുത്തി; നടപടി നിയമന സമിതിയുടെ നിർദ്ദേശം രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചതോടെ; ബില്ല് യാഥാർത്ഥ്യമായത് അഞ്ചു ദശാബ്ദത്തിനിടയിലെ പരാജയപ്പെട്ട 11 ശ്രമങ്ങൾക്കു ശേഷം; ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ലോക്പാൽ നിയമനം വൈകിപ്പിച്ചത് അഞ്ചുവർഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; അഞ്ചു ദശാബ്ദത്തിനിടയിലെ പരാജയപ്പെട്ട 11 ശ്രമങ്ങൾക്കു ശേഷമാണ് ലോക്പാൽ ബില്ല് ഇന്ത്യൻ പാർലമെന്റ് പാസാക്കിയത്. രാജ്യസഭയ്ക്കു പിന്നാലെ ലോക്‌സഭയും ലോക്പാലിനു അനുമതി നൽകിയതോടെ സ്വതന്ത്ര ഇന്ത്യയിലെ അഴിമതി നിറഞ്ഞ ഭരണക്രമത്തിൽ മാറ്റങ്ങൾ അനിവാര്യമായി. നിയമന സമിതിയുടെ നിർദ്ദേശം രാഷ്ട്രപതി റാം നാഥ് കോവിന്ദ് അംഗീകരിച്ചതോടെ, ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിന്റെ നേതൃത്വത്തിലുള്ള ലോക്പാൽ നിലവിൽവന്നു. ജുഡീഷ്യൽ, നോൺ ജുഡീഷ്യൽ വിഭാഗങ്ങളിലായി 8 അംഗങ്ങളെയും ലോക്പാൽ സമിതിയിൽ ഉൾപ്പെടുത്തി.

സമാജ് വാദി പാർട്ടി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ ചർച്ച കൂടാതെയാണ് ലോക്‌സഭ ബില്ല് പാസാക്കിയത്. 2011 ഡിസംബറിൽ ലോക്പാൽ ബിൽ ലോക്‌സഭ പാസാക്കിയതാണ്. എന്നാൽ രാജ്യസഭ പാസാക്കിയ ബില്ലിൽ വന്ന ഭേദഗതികൾ അംഗീകരിക്കുന്നതിനായാണ് ലോക്പാൽ കഴിഞ്ഞ ദിവസം വീണ്ടും ലോക്‌സഭയിൽ അവതരിപ്പിച്ചത്.

മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായ അഭിലാഷ കുമാരി, ദിലിപ് ബാബസാഹബ് ഭോസലെ, പ്രദീപ്കുമാർ മൊഹന്തി, അജയ്കുമാർ ത്രിപാഠി എന്നിവരാണു ജുഡീഷ്യൽ അംഗങ്ങൾ. അർച്ചന രാമസുന്ദരം, ഡി.കെ. ജെയിൻ, മഹേന്ദർ സിങ്, ഇന്ദ്രജിത് പ്രസാദ് ഗൗതം എന്നിവരാണു നോൺ ജുഡീഷ്യൽ അംഗങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ സുമിത്ര മഹാജൻ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ, നിയമജ്ഞൻ മുകുൾ രോഹത്ഗി എന്നിവർ ഉൾപ്പെട്ട നിയമന സമിതിയാണു ലോക്പാലിനെയും അംഗങ്ങളെയും നിശ്ചയിച്ചത്. പ്രത്യേക ക്ഷണിതാവായ കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ യോഗം ബഹിഷ്‌കരിച്ചിരുന്നു.അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാനായ ലോക്പാലിനെ നിയമിക്കാൻ, അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് എൻഡിഎ സർക്കാർ തയാറായത്.

ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ലോക്പാൽ നിയമനം വൈകിപ്പിച്ചത് അഞ്ചുവർഷം. 2014-ൽ ലോക്പാൽ നിയമം നിലവിൽവന്നെങ്കിലും നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു സർക്കാർ. പ്രതിപക്ഷനേതാവിന്റെ അഭാവം ലോക്പാൽ നിയമനത്തിന് തടസ്സമാകരുതെന്ന് ഒടുവിൽ സുപ്രീംകോടതിക്ക് പറയേണ്ടിവന്നു. ഈ കർശനനിലപാടാണ് അഞ്ചുവർഷത്തിനുശേഷമെങ്കിലും ലോക്പാലിനെ കണ്ടെത്താൻ കേന്ദ്രസർക്കാരിനെ നിർബന്ധിതരാക്കിയത്.

അണ്ണ ഹസാരെയുടെ നേതൃത്വത്തിൽനടന്ന പ്രക്ഷോഭങ്ങളാണ് ലോക്പാൽ ബിൽ കൊണ്ടുവരാൻ കഴിഞ്ഞ യു.പി.എ. സർക്കാരിനെ പ്രേരിപ്പിച്ചത്. വർഷങ്ങൾനീണ്ട സമരങ്ങൾക്കും സമ്മർദങ്ങൾക്കുമൊടുവിൽ ലോക്പാൽ ബിൽ 2103-ൽ പാർലമെന്റ് പാസാക്കി. 2014-ൽ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി. എന്നാൽ, 2014 മേയിൽ പുതിയ സർക്കാർ അധികാരമേറിയപ്പോൾ ലോക്സഭയിൽ പ്രതിപക്ഷനേതാവില്ലാതായി. പ്രതിപക്ഷനേതൃസ്ഥാനം ലഭിക്കാൻ ആവശ്യമായ പത്തുശതമാനം അംഗബലം കോൺഗ്രസിനുണ്ടായിരുന്നില്ല.

2013-ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം ലോക്പാലിനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽ പ്രതിപക്ഷനേതാവും അംഗമായിരിക്കണം. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടി നിയമനം സർക്കാർ നീട്ടിക്കൊണ്ടുപോയതോടെ സുപ്രീംകോടതി ഇടപെട്ടു. പ്രതിപക്ഷനേതാവിന്റെ നിർവചനം മാറ്റുന്നതിന് നിയമഭേദഗതി ആവശ്യമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

തെലുങ്കാന രൂപീകരണത്തിനെതിരായ സീമാന്ധ്ര എംപിമാരുടെ ബഹളത്തിനിടെ കേന്ദ്ര നിയമമന്ത്രി കപിൽ സിബലാണ് ലോക്പാൽ ബില്ല് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ അംഗീകരിച്ചതോടെ ശബ്ദവോട്ടോടെ സ്പീക്കർ മീരാകുമാർ ലോക്പാൽ പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. ലോക്പാൽ അപകടകരമായ ബില്ലാണെന്ന് പറഞ്ഞുകൊണ്ടാണ് സമാജ് വാദി പാർട്ടി നേതാവ് മുലായംസിങ് യാദവും കൂട്ടരും സഭ ബഹിഷ്‌ക്കരിച്ചത്. ലോക്പാൽ ബില്ല് പാസാക്കിയതിന്റെ അവകാശത്തിനായി കോൺഗ്രസ് നേതൃത്വം നടത്തിയ ശ്രമങ്ങൾക്ക് ശക്തമായ തിരുത്തുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ലോക്പാൽ പാസായതിന് ആരോടെങ്കിലും നന്ദി പറയണമെങ്കിൽ അതു അണ്ണാ ഹസാരെയോടും രാജ്യത്തെ ജനങ്ങളോടുമാണെന്ന് പറഞ്ഞു.

ലോക്പാൽ?

രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ ഉന്നയിക്കപ്പെടുന്ന അഴിമതി ആരോപണങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ നിയോഗിക്കപ്പെട്ടതാണ് ലോക്പാൽ. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, എംപിമാർ എന്നിവരും മുൻപ് ഈ പദവികളിലുണ്ടായിരുന്നവരും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും ലോക്പാലിന്റെ പരിധിയിൽ വരും.

സർക്കാർ സഹായം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, പ്രതിവർഷം 10 ലക്ഷം രൂപയിലധികം വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾ എന്നിവയും പരിധിയിൽ വരും. മത, ധർമ സ്ഥാപനങ്ങൾ നിയമപരിധിയിലില്ല. സംസ്ഥാനങ്ങളിൽ ലോക്പാലിന്റെ സ്ഥാനത്തു ലോകായുക്തയാണ്. ലോക (ജനങ്ങൾ), പാല (പാലകൻ, സംരക്ഷകൻ) എന്നീ സംസ്‌കൃത പദങ്ങളിൽ നിന്നാണു ജനങ്ങളുടെ സംരക്ഷകൻ എന്ന അർഥത്തിൽ ലോക്പാൽ എന്ന പേരുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP