Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാം... ശബ്ദത്തെ അിതജീവിക്കുന്ന വേഗത.. 5300 കിലോ വഹിച്ചു പറക്കും... പദ്ധതി ചെലവ് 55,000 കോടി; ഇന്ത്യയുടെ തേജസ് വാങ്ങാൻ വിദേശ ശക്തികൾ ക്യൂ നിൽക്കുമോ..?

ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാം... ശബ്ദത്തെ അിതജീവിക്കുന്ന വേഗത.. 5300 കിലോ വഹിച്ചു പറക്കും... പദ്ധതി ചെലവ് 55,000 കോടി; ഇന്ത്യയുടെ തേജസ് വാങ്ങാൻ വിദേശ ശക്തികൾ ക്യൂ നിൽക്കുമോ..?

തേജസ് എവിടെ? വ്യോമസേനയ്ക്കും ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിനും മുന്നിൽ ഈ ചോദ്യം ഉയരാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇതാ നമ്മുടെ സ്വന്തം തേജസ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്ന മികവോടെയാണ് ഇന്നലെ ഈ ശബ്ദാതിവേഗ ലഘു യുദ്ധവിമാനം വ്യോമസേനയുടെ ഭാഗമായത്.

കാലപ്പഴക്കം കൊണ്ടും ഘടകങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടും പതിവായ അപകടങ്ങൾ കൊണ്ടും 'പറക്കുന്ന ശവപ്പെട്ടികൾ' എന്ന ദുഷ്‌പേരു വീണ മിഗ്21 വിമാനസ്‌ക്വാഡ്രണുകൾക്ക് മികവുറ്റ പകരക്കാരനാകാൻ തേജസിനു കഴിയും.

ഫ്രഞ്ച് നിർമ്മിത മിറാഷ്2000 ആയിരുന്നു തേജസ് നിർമ്മാണത്തിൽ എച്ച്.എ.എല്ലിന്റെ മാതൃക. പുറത്തിറങ്ങിയപ്പോൾ മിറാഷ്2000 വിമാനങ്ങളേക്കാൾ മികവ് എന്ന് പഴയ ആകാശപ്പോരാളികളുടെ സാക്ഷ്യം. തദ്ദേശനിർമ്മിതം എന്ന് അവകാശപ്പെടുമ്പോഴും തേജസിൽ 35 ശതമാനവും വിദേശ ഉപകരണങ്ങളാണ്. ഇസ്രയേൽ നിർമ്മിത മൾട്ടി മോഡ് റഡാർ എറ്റ്‌ല 2032, ഇസ്രേലി ഡെർബി വ്യോമവേധ മിസൈൽ, അമേരിക്കൻ എൻജിൻ, ബ്രിട്ടീഷ് ഇജക്ഷൻ സംവിധാനം... തേജസ് ഇന്ത്യനല്ലെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, സ്വന്തമായ നിരവധി അത്യാധുനിക ഘടകങ്ങളും കൂടിച്ചേർന്നപ്പോൾ മികവിനു നേരേ കണ്ണടയ്ക്കാനാകില്ലെന്നു നേർസാക്ഷ്യം. ശ്രീലങ്കയും ഈജിപ്തും തേജസിൽ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. പക്ഷേ, ഇന്ത്യൻ വ്യോമസേനയോടുള്ള പ്രതിബദ്ധത നിറവേറ്റാനാണ് എച്ച്.എ.എല്ലിന്റെ തീരുമാനം.

റഷ്യൻ, ബ്രിട്ടീഷ്, ഫ്രഞ്ച് വിമാനങ്ങളാണ് ഇപ്പോൾ നമ്മുടെ വ്യോമസേനയിലുള്ളത്. പാക്കിസ്ഥാനെയും ചൈനയെയും ഒരേ സമയം അഭിമുഖീകരിക്കേണ്ടിവന്നാൽ 45 പോർവിമാന സ്‌ക്വാഡ്രണുകൾ വേണമെന്ന് വ്യോമസേന പറയുന്നിടത്ത് ഇപ്പോഴുള്ളത് 33 മാത്രം. ഫ്രഞ്ച് നിർമ്മിത റഫേൽ ജെറ്റ് കരാറിനുള്ള ചർച്ചയും തർക്കവും കാലതാമസവുമെല്ലാം കണക്കാക്കുമ്പോൾ തേജസ് വ്യോമസേനയ്ക്ക് അവശ്യം വേണ്ട യുദ്ധശക്തി കൂടി നൽകും. 1970ൽ വിഭാവനം ചെയ്ത ലഘു യുദ്ധവിമാന പദ്ധതി. വ്യക്തമായ രൂപരേഖ 1982ൽ. അനുമതി കിട്ടിയപ്പോൾ എട്ടു വർഷം കൂടി കഴിഞ്ഞു. നിർമ്മാണം തുടങ്ങിയപ്പോൾ പതിറ്റാണ്ടു പിന്നിട്ടു. ആദ്യത്തെ പരീക്ഷണപ്പറക്കൽ 2001 ജനുവരിയിൽ. ആണവസ്‌ഫോടന പരീക്ഷണത്തെത്തുടർന്ന് സാങ്കേതികവിദ്യയുടെ ലഭ്യതയിലുണ്ടായ രാജ്യാന്തര പ്രശ്‌നങ്ങളുമെല്ലാം അതിജീവിച്ചാണ് ഇപ്പോഴത്തെ വിജയം.

ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്(എച്ച്.എ. എൽ) നിര്മിച്ച തേജസ് യുദ്ധവിമാനം 33 വർഷത്തെ നിർമ്മാണ, പരീക്ഷണ കടമ്പകൾ കടന്നാണ് സേനയുടെ ഭാഗമായത്. മിഗ്21 ന് പൂർണമായും പകരംവെക്കണമെങ്കിൽ 120 തേജസ്സുകൾ നിർമ്മിക്കണം. വിമാനത്തിന് 275 മുതൽ 300 കോടി രൂപവരെയാണ് ചെലവ്. 10 ടണ്ണാണ് ഭാരം. രണ്ടു തേജസ് വിമാനങ്ങളാണ് വെള്ളിയാഴ്ചനടന്ന ചടങ്ങിൽ സേനയ്ക്ക് കൈമാറിയത്. ഒരു സ്‌ക്വാഡ്രണിൽ 20 യുദ്ധവിമാനങ്ങൾ ഉൾപ്പെടുത്തും. ബാക്കിവരുന്ന 18 തേജസ് വിമാനങ്ങളും നാല് പരിശീലന വിമാനങ്ങളും 2018ഓടെ വ്യോമസേനയ്ക്ക് കൈമാറും. ഇതോടെ സ്‌ക്വാഡ്രൺ സജ്ജമാകും. ഇതുവരെ വിമാനം 2500 മണിക്കൂർ പറക്കൽ പൂർത്തിയാക്കി.

വ്യോമസേനയുടെ ഭാഗമാക്കിയതിനെത്തുടർന്ന് സ്‌ക്വാഡ്രൺ ആദ്യ കമാൻഡിങ് ഓഫീസർ കൂടിയായ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി തേജസ് പറത്തി. ലോകത്തിനുമുകളിലെത്തിയ അനുഭവമായിരുന്നു. ബഹുമാനവും ആദരവും തോന്നുന്നു മാധവ് രംഗാചാരി പറഞ്ഞു. തേജസ് സ്‌ക്വാഡ്രണിൽ ഏഴ് ഓഫീസർമാർ, 42 സേനാംഗങ്ങൾ, 20 നോൺ കമ്മിഷണർ ഓഫീസർമാർ എന്നിവരാണ് ഉൾപ്പെടുന്നത്. ഒക്ടോബർ എട്ടിനുനടക്കുന്ന വ്യോമസേനാ ദിനത്തിൽ തേജസ് പറത്തുമെന്ന് എയർ മാർഷൽ ജസ്ബീർ വാലിയ പറഞ്ഞു.

2001ലാണ് തേജസ് ആദ്യമായി പറന്നുയർന്നത്. തുടർന്ന് 15 വർഷം വിവിധപരീക്ഷണങ്ങളുടെ കാലമായിരുന്നു. വ്യോമസേന 80 തേജസ് വിമാനങ്ങൾക്കാണ് ഓർഡർ നൽകിയത്. നിർമ്മാണത്തിന് 7965 കോടി രൂപയാണ് കേന്ദ്രമനുവദിച്ചത്. തേജസ്സിന്റെ നേവിപതിപ്പിന് 2500 കോടി രൂപയും അനവദിച്ചിട്ടുണ്ട്. തേജസ് സ്‌ക്വാഡ്രണ് വിഭാഗത്തിന്റെ ആസ്ഥാനം ആദ്യ രണ്ടുവർഷം ബെംഗളൂരുവിലായിരിക്കും. പിന്നീട് തമിഴ്‌നാട്ടിലെ സൂലൂരിലേക്ക് മാറ്റും.

1985ലാണ് തേജസ് ലഘുയുദ്ധവിമാനത്തിനുള്ള പദ്ധതിക്ക് തുടക്കംകുറിക്കുന്നത്. 1994ൽ സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതി. എന്നാൽ പദ്ധതി പലകാരണങ്ങളാൽ നീണ്ടുപോയി. തേജസ് യാഥാർഥ്യമാക്കിയ ശാസ്ത്രജ്ഞരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. പ്രതിരോധരംഗത്ത് ഇന്ത്യയുടെ സ്വയംപാര്യാപ്തതയും കരുത്തുമാണ് തേജസ്സെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എല്ലാവർക്കും അഭിന്ദനങ്ങളെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കറും പ്രതികരിച്ചു.

ഏറെ വൈകിയിട്ടും നിറഞ്ഞ ശൗര്യത്തോടെ തേജസ് ലഘു യുദ്ധവിമാനം (എൽ.സി.എ) ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ശത്രുവിന്റെ തലയ്ക്കു മേലെ കത്തിമുനയായി ഇനി 'ഫ്‌ളൈയിങ് ഡാഗേഴ്‌സ് 45' സ്‌ക്വാഡ്രൺ രാജ്യത്തിന്റെ ആകാശത്തു കാവലാകും.
33 വർഷം മുമ്പു വിഭാവനം ചെയ്ത എൽ.സി.എ. പദ്ധതിയാണ് നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിൽ നിന്നു പുറത്തിറങ്ങിയത്.

ബംഗളുരുവിലെ എയർക്രാഫ്റ്റ് സിസ്റ്റം ടെസ്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റിൽ നാളികേരമുടച്ച്, സർവമത പ്രാർത്ഥനകളുടെ പശ്ചാത്തലത്തിൽ തേജസ് പറന്നുയർന്നു. രണ്ടു വിമാനങ്ങളുമായി തുടങ്ങുന്ന ഫ്‌ളൈയിങ് ഡാഗേഴ്‌സ് സ്‌ക്വാഡ്രന്റെ പ്രഥമ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ മാധവ് രംഗാചാരി എട്ടു മിനിറ്റ് പറക്കലിനു ശേഷം നിലംതൊട്ടപ്പോൾ ജലപീരങ്കികൾ ജല സല്യൂട്ടോടെ വരവേറ്റു. ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവിനും കരുത്തിനും ഒരു ഉദാഹരണം കൂടി. സമാനതകളില്ലാത്ത അഭിമാനം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. തേജസ് രാജ്യത്തിന്റെ കരുത്ത് പുതിയ തലത്തിലെത്തിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ ട്വിറ്ററിൽ പറഞ്ഞു. ഇക്കൊല്ലം തന്നെ ആറു തേജസുകൾ കൂടി പുതിയ സ്‌ക്വാഡ്രന്റെ ഭാഗമാകും. അടുത്ത വർഷം എട്ടെണ്ണവും. രണ്ടു വർഷത്തേക്ക് ബംഗളുരുവായിരിക്കും ആസ്ഥാനം. പിന്നീട് തമിഴ്‌നാട്ടിലെ സുലൂരിലേക്കു മാറ്റും.

ആക്ടീവ് ഇലക്ട്രിക്കലി സ്‌കാൻഡ് അറേ റഡാർ, യൂണിഫൈഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി, ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ആകാശത്തെയും ഭൂമിയിലെയും ലക്ഷ്യം ഭേദിക്കാനുള്ള പ്രാപ്തി, റഡാറുകളുടെ കണ്ണിൽ എളുപ്പം പതിയാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ടുള്ള നിർമ്മാണം തുടങ്ങി കരുത്തുറ്റ തേജസുകളാകും ഇനിയുള്ള വർഷങ്ങളിൽ പറന്നുയരുക.

പേരിട്ടത് വാജ്‌പേയി

പ്രധാനമന്ത്രിയായിരിക്കെ അടൽ ബിഹാരി വാജ്‌പേയിയാണ് തേജസ് എന്നു വിമാനത്തിന് നാമകരണം ചെയ്തത്

ഇന്ത്യൻ നിർമ്മിത സൂപ്പർസോണിക് യുദ്ധവിമാനം തേജസിന്റെ പ്രത്യേകതകൾ

ആദ്യത്തെ തദ്ദേശനിർമ്മിത യുദ്ധവിമാനം; 65 ശതമാനം ഘടകങ്ങളും ഇന്ത്യൻ നിർമ്മിതം
പരമാവധി വേഗം മണിക്കൂറിൽ 2,025 കി.മീറ്റർ. 15 കി.മീ. ഉയരെ പറക്കാൻ ശേഷി
13.2 മീറ്റർ നീളം. ചിറക് അഗ്രങ്ങൾ വരെ 2.2 മീറ്റർ വീതി
12 ടൺ ഭാരം
വിങ്‌സ്പാൻ: 8.2 മീറ്റർ
റേഞ്ച്്: 3000 കി.മീറ്റർ
ഉയരം: 6.36 മീറ്റർ
വേഗം: മണിക്കൂറിൽ 2200 കിലോമീറ്റർ
വഹിക്കാവുന്ന ഭാരം: 5,300 കിലോഗ്രാം
ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ശേഷി
ഒറ്റ എൻജിൻ, ഒറ്റ സീറ്റ് വിമാനം
ഏത് ഉയരത്തിലും ശബ്ദാതിവേഗം
വികസനവും നിർമ്മാണവുമടക്കം 55,000 കോടി രൂപ പദ്ധതിച്ചെലവ്
ഒരു വിമാനത്തിനു ചെലവ് 220250 കോടി രൂപ
ശത്രുവിമാനങ്ങളുടെ സാന്നിധ്യമറിയാൻ തദ്ദേശനിർമ്മിത റഡാർ വാണിങ് റഡാർ തരംഗ്
സ്വന്തമായി പരിഷ്‌കരിക്കാവുന്ന സ്വന്തം കംപ്യുട്ടർ സംവിധാനം
വ്യോമവേധ മിസൈൽ, ലേസർ ബോംബ് വാഹകശേഷി
നിർമ്മാണം: ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ)
ആയുധങ്ങൾ: കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, ലേസർ അധിഷ്ഠിത ബോംബുകൾ.

മറ്റു പ്രത്യേകതകൾ: അത്യാധുനീക ഉപഗ്രഹാധിഷ്ഠിത ദിശാ സൂചക സംവിധാനം ഡിജിറ്റൽ കംപ്യൂട്ടർ നിയന്ത്രിത ആക്രമണശേഷി, ഓട്ടോ പൈലറ്റ് സംവിധാനം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP