Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അലറിവിളിക്കുന്ന അർണാബുമാർ യുദ്ധത്തിന് വഴിമരുന്നിടുമോ? ഇൻഡോ-പാക് മാദ്ധ്യമ യുദ്ധവും മുറുകുന്നു; പക്ഷം പിടിക്കാൻ മത്സരിച്ച് ഉർദ്ദുഭാഷാ പത്രങ്ങൾ; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങിയാൽ ഒന്നാം പ്രതി മാദ്ധ്യമങ്ങളെന്ന് ബിബിസി; ഓർമ്മിപ്പിക്കുന്നത് ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ

അലറിവിളിക്കുന്ന അർണാബുമാർ യുദ്ധത്തിന് വഴിമരുന്നിടുമോ? ഇൻഡോ-പാക് മാദ്ധ്യമ യുദ്ധവും മുറുകുന്നു; പക്ഷം പിടിക്കാൻ മത്സരിച്ച് ഉർദ്ദുഭാഷാ പത്രങ്ങൾ; ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിലേക്ക് നീങ്ങിയാൽ ഒന്നാം പ്രതി മാദ്ധ്യമങ്ങളെന്ന് ബിബിസി; ഓർമ്മിപ്പിക്കുന്നത് ശീതയുദ്ധ കാലത്തെ അനുഭവങ്ങൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: മാദ്ധ്യമങ്ങളുടെ യുദ്ധം. കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന അപ്രഖ്യാപിത വെടി വയ്‌പ്പ് പൂർണ്ണ യുദ്ധമായി മാറിയാൽ അതിൽ മാദ്ധ്യമങ്ങളുടെ പങ്കു ചെറുതായിരിക്കില്ലെന്നു ബിബിസി. ശീത യുദ്ധ കാലത്തു റഷ്യൻ നേതാവ് നികിത ക്രൂഷ്‌ചേവ് പറഞ്ഞത് മാദ്ധ്യമങ്ങളാണ് ഞങ്ങളുടെ പ്രധാന ആയുധം എന്നാണ്, ഇതിനെ അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതാണ് ഇപ്പോൾ കശ്മീരിന്റെ പേരിൽ ഇന്ത്യ, പാക് അനുകൂല മാദ്ധ്യമങ്ങൾ എടുക്കുന്ന നിലപാട്. ജമ്മു കശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ഇരു ഭാഗത്തും സമ്മർദ്ദം കനത്തതും അതിനു ചുവടു പിടിച്ചു ഇരു പക്ഷത്തേയും ന്യായങ്ങൾ പുറം ലോകത്തു എത്തിക്കാൻ മാദ്ധ്യമങ്ങൾ മത്സരിക്കുന്നതും നിരീക്ഷിച്ചാൽ യുദ്ധം ഏറെക്കുറെ തുടങ്ങിയ പ്രതീതിയാണ് ലഭിക്കുന്നത്.

മാദ്ധ്യമ വാർത്തകളുടെ ചുവട് പിടിച്ചു സോഷ്യൽ മാദ്ധ്യമങ്ങൾ കൂടി രംഗത്ത് എത്തിയതോടെ സർക്കാരുകൾ എടുക്കുന്ന നിർണ്ണായക നിലപാടിന് പോലും പ്രസക്തി നഷ്ടപ്പെടുകയാണ്. ഓഹരി വിപണിയും മറ്റും മാദ്ധ്യമ വാർത്തകളോട് നിമിഷം പ്രതി പ്രതികരിക്കുന്നതിനാൽ യുദ്ധസമാന സാഹചര്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ അതിന്റെ അനുരണനങ്ങൾ ഏറെ വലുതാണ്. ഇക്കാരണം കൊണ്ട് കൂടിയാകാം, സർക്കാർ തലത്തിൽ നിന്ന് യുദ്ധത്തെ പറ്റി പൂർണ്ണ നിശബ്ദം ആയിരുന്നിട്ടും യുദ്ധ ഭീതിയിൽ ഇന്നലെ പാക്കിസ്ഥാൻ ഓഹരി കമ്പോളം വലിയ തകർച്ച നേരിട്ടത്.

ഇരു ഭാഗത്തും സമ്മർദ്ദം വളർത്തുന്നതിൽ പക്ഷം പിടിച്ചുള്ള മാദ്ധ്യമ റിപ്പോർട്ടിങ് വലിയ പങ്കു വഹിക്കുന്നുണ്ടെന്നാണ് ബിബിസി കണ്ടെത്തൽ. ഇന്ത്യൻ നിയന്ത്രണത്തിൽ ഉള്ള കാശ്മീരിൽ മാദ്ധ്യമ പ്രവർത്തകർ കൃത്യമായി പക്ഷം പിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗം ഇന്ത്യൻ അനുകൂല നിലപാട് എടുക്കുമ്പോൾ മറു വിഭാഗം വിരുദ്ധ നിലപാടുമായാണ് റിപ്പോർട്ട് ചെയ്യുന്നത്. കനത്ത കർഫ്യു നേരിട്ടാണ് മാദ്ധ്യമ പ്രവർത്തകർ ജോലി ചെയ്യുന്നതെന്നും സൈന്യത്തിന്റെ കർക്കശ നിലപാടിൽ സർക്കാർ വിരുദ്ധ റിപ്പോർട്ടിങ്ങിനു സാധ്യത കൂടുതലാണെന്നും ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതോടൊപ്പം ഭീകരരെ നേർക്ക് നേർ നേരിടേണ്ടി വരുന്ന മാദ്ധ്യമ പ്രവർത്തകർ ഒരു ദാക്ഷിണ്യവും കാട്ടാതെ സർക്കാർ അനുകൂല റിപ്പോർട്ടിങ്ങിനു തയ്യാറാകയും ചെയ്യും. ജനം നേരിടുന്ന കൊടിയ ദുരിതങ്ങൾ ആദ്യം കാണുന്നവരിൽ മാദ്ധ്യമ പ്രവർത്തകരും ഉൾപ്പെടുന്നതിനാൽ പുറം ലോകത്തു ഇത്തരം വാർത്തകൾ ആദ്യം എത്തുകയും അതിന്റെ ഗുണം സർക്കാർ നീക്കങ്ങളിൽ പ്രതിഫലിക്കുകയും ചെയ്യും എന്നാണ് ബിബിസി ടീമിന്റെ വിലയിരുത്തൽ. പ്രിന്റ് പത്രങ്ങളും ലോക്കൽ കേബിൾ ടിവി നെറ്റ്‌വർക്കും റേഡിയോയും ഒക്കെ ഇന്ത്യ സമർത്ഥമായി ഉപയോഗിക്കുന്നു എന്നും ഇവർ കണ്ടെത്തുന്നു.

പത്രങ്ങളിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ ശേഷിയുള്ള ഉറുദു ഭാഷയിലെ ഡെയിലി അഫ്താബ്, ഉറുദു പത്രമായ അൽ സഫ, ഇംഗ്ലീഷ് ഓൺലൈൻ പത്രം ഗ്രെയ്റ്റർ കശ്മീർ, മറ്റു ഇംഗ്ലീഷ് പത്രങ്ങളായ കാശ്മീർ ടൈംസ്, കാശ്മീർ മോണിറ്റർ, കാശ്മീർ റീഡർ, റൈസിങ് കാശ്മീർ, ഉറുദു പത്രം കാശ്മീർ ഉസ്മ, ശ്രീനഗർ ടൈംസ് എന്നിവ അതിർത്തി തർക്കവും സൈനിക ഭീകര ഏറ്റുമുട്ടലും നിമിഷം പ്രതി ജനങ്ങളിൽ എത്തിക്കുന്നു.

ചാനലുകളുടെ ഭാഗത്തു സെൻ ടി വി, ജെ കെ ചാനൽ, ടേക്ക് വൺ ടി വി, വാദി ടി വി, 9 ടി വി എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിങ് രംഗത്ത് ഉള്ളത്. ഉർദുവിലും കാശ്മീരിലും റിപ്പോർട്ട് ചെയ്തു ദേശീയ ചാനലായ ദൂരദർശൻ കാശ്മീർ ചാനൽ രാജ്യത്തിന്റെ ജിഹ്വയായി സാദാ സമയം ജനങ്ങളിൽ എത്താൻ ശ്രമിക്കുന്നു. ഇതോടൊപ്പം ന്യൂസ് ഏജൻസികളായ കാശ്മീർ ന്യൂസ് സർവീസ്, കറന്റ് ന്യൂസ് സർവീസ് എന്നിവയും സജീവമായി രംഗത്തുണ്ട്. ഇതിനു പുറമെയാണ് സ്വകാര്യ റേഡിയോ ആയ ബിഗ് എഫ് എം 92.7 ന്റെ പ്രവർത്തനം.

അതേ സമയം പാക്കിസ്ഥൻ ഭാഗത്തും സമാന തരത്തിൽ ഉള്ള നീക്കങ്ങൾ തന്നെയാണ് മാദ്ധ്യമ ഭാഗത്തും നിന്നുള്ളത്. പാക് നിയന്ത്രിത കാശ്മീരിൽ കടുത്ത നിയത്രണത്തിലാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളാണ് ഇവിടെ മാദ്ധ്യമങ്ങളുടെ ഇഷ്ട വിഷയം. അഥവാ അത്തരം വാർത്തകളെ റിപ്പോർട്ട് ചെയ്യാൻ കഴിയൂ. മാദ്ധ്യമങ്ങളെ കൃത്യമായി പ്രചാരണ ആയുധമാക്കാൻ പാക് നിയന്ത്രിത കാശ്മീരിൽ സർക്കാർ സംവിധാനങ്ങൾക്കു കഴിയുന്നു എന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനത്തിന് കനത്ത വിലക്ക് നേരിടുന്നത് 2006 മുതൽ ഹ്യൂമൻ റൈറ്റ് വാച്ച് ഗ്രൂപ് പരാതിപ്പെടുന്ന കാര്യവും ബിബിസി എടുത്തു കാട്ടുന്നു. ഏക സ്വകാര്യ നിയന്ത്രിത മാദ്ധ്യമ വിഭാഗം എഫ്എം റേഡിയോ മാത്രമാണ്. അതും വിനോദ പരിപാടികൾ മാത്രം പ്രേക്ഷേപണം ചെയ്യാൻ ഉള്ള അനുമതിയോടെ പ്രവർത്തിക്കുന്നവ. വാർത്തകളും വാർത്ത അധിഷ്ഠിത പരിപാടികളും സർക്കാർ നിയന്ത്രിത റേഡിയോ വഴി മാത്രമേ അവതരിപ്പിക്കാൻ കഴിയൂ. ഇന്റർനെറ്റ് ഉപയോഗത്തിനും പരിമിതിയുണ്ട്. ഇപ്പോഴും പാക് നിയന്ത്രിത കാശ്മീരിൽ ടെലികോം വികസനം പ്രാരംഭ ദിശയിലാണ്.

മിക്ക പത്രങ്ങളും ഇന്റർനെറ്റ് സൗകര്യം ഇല്ലാതെയാണ് ഇവിടെ പ്രവർത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതിനാൽ പുറം ലോകത്തെ വിവരങ്ങൾ ഏറെ പരിമിതമായാണ് ഇവിടെ ലഭ്യമാകുന്നത്. ഒരു കാരണവശാലും വിദേശ മാദ്ധ്യമ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ ഉള്ള അവസരവും ഇവിടെയില്ല. പാക് അധീന കാശ്മീരിൽ സർക്കാർ മുൻകൂട്ടിയുള്ള അനുമതി ലഭിക്കാതെ പുറത്തു നിന്നുള്ള മാദ്ധ്യമ പ്രവർത്തകർക്ക് കടക്കാനും കഴിയില്ല.

ഉർദുവിൽ മാത്രമാണ് മിക്ക പത്രങ്ങളും പുറത്തു വരുന്നത്. സിയാസ്ത്, മഹാസീബ്, കബറാമ, കശ്മീർ എക്സ്‌പ്രസ് എന്നിവയാണ് പ്രധാന പത്രങ്ങൾ. പാക്കിസ്ഥാൻ ടി വിയുടെ നിയന്ത്രണത്തിലുള്ള പിടിവി ആസാദ് ജമ്മു കാശ്മീർ ആണ് ഏക ടെലിവിഷൻ ചാനൽ. ഉറുദു, പഹാരി, ഗോജിറി ഭാഷകളിൽ ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്. മുസാഫറാബാദിൽ നിന്നും മിർപൂരിൽ നിന്നും പാക് സർക്കാർ അധീനതയിൽ പ്രേക്ഷപണം നടത്തുന്ന ആസാദ് കശ്മീർ റേഡിയോയും ജനങ്ങൾ പ്രധാനമായും വിവര ശേഖരണത്തിന് ആശ്രയിക്കുന്നത്. സ്വകാര്യ നിയത്രണത്തിൽ ഉള്ള റേഡിയോ വോയ്‌സ് ഓഫ് കശ്മീർ വിനോദ പരിപാടികൾ പ്രേക്ഷേപണം ചെയ്തും രംഗത്തുണ്ട്.

ഇരു ഭാഗത്തു നിന്നുമുള്ള റിപ്പോർട്ടിങ് ശൈലി വ്യക്തമാക്കുന്ന ഇന്നലത്തെ തലക്കെട്ടുകൾ

ഡെയിലി അഫ്താബ്: അതിർത്തി രേഖയിലെ ഏറ്റുമുട്ടലിൽ 12 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു
ഗ്രെയ്റ്റർ കശ്മീർ: കാശ്മീരിൽ പരിഹാരം കാണാതെ സമാധാനം ഉണ്ടാകില്ല, യു എന്നിൽ നവാസ് ഷെരീഫ്
കശ്മീർ ടൈംസ്: താഴ്‌വരയിൽ ജനജീവിതം നിശ്ചലം
കശ്മീർ മോണിറ്റർ: ഗിൽജിത്, ബലൂചിസ്ഥാൻ മേഖലയിലേക്ക് പാക് വിമാനങ്ങൾ റദ്ദാക്കി
കശ്മീർ റീഡർ: 75 ദിവസവും ജനജീവിതം ദുസ്സഹമായി തുടരുന്നു
റൈസിങ് കാശ്മീർ: പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് ഇന്ത്യയുടെ ഹോബി നവാസ് ഷെരീഫ്
ഡെയിലി കശ്മീർ: ഉസ്മാ ചെനാബ് വാലിയിൽ 75 ദിവസവും ജനജീവിതം ദുസ്സഹം, പ്രതിഷേധവും അറസ്റ്റും തുടരുന്നു
സിയാസത് - ഇന്ത്യൻ മാദ്ധ്യമങ്ങൾ പാക് വിരുദ്ധ പ്രചാരം നടത്തുന്നു
പാക് ടി വി: ന്യുയോർക് നവാസ് ഷെരീഫിനോടൊപ്പം (യുഎൻ അസെംബ്ലി നടക്കുന്ന പശ്ചാത്തലത്തിൽ)
പാക് റേഡിയോ: യു എന്നിൽ കശ്മീർ വിഷയം എത്തിച്ചതിനു നവാസിന് മസൂദിന്റെ നന്ദി (പാക് അധീന കാശ്മീർ പ്രസിഡന്റ് ആണ് മസൂദ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP